This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാനൂട്ട്, ഒക്ടാവെ (1832 - 1910)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാനൂട്ട്, ഒക്ടാവെ (1832 - 1910)
Chanute, Octave
അമേരിക്കന്‍ എന്‍ജിനീയറും എഴുത്തുകാരനും. 1832 ഫെ. 18-ന് പാരിസില്‍ ജനിച്ചു. 1838-ല്‍ യു.എസ്സിലേക്ക് ഇദ്ദേഹത്തിന്റെ കുടുംബം താമസം മാറി. പില്ക്കാലത്ത് യു.എസ്സിലെ പ്രഗല്ഭരായ സിവില്‍ എന്ജിനീയര്മാരിലൊരാളായിത്തീര്ന്നു. റെയില്‍വേ ജോലികളില്‍ ഇദ്ദേഹം അതിവിദഗ്ധനായി. എന്നാല്‍, ആകാശസഞ്ചാരത്തിനു നല്കിയ സംഭാവനകളാണ് ഇദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്. അക്കാലത്ത് യു.എസ്സിലും യൂറോപ്പിലും നടന്നുകൊണ്ടിരുന്ന ആകാശസഞ്ചാരശ്രമങ്ങളെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതില്‍ ചാനൂട്ട് നിര്‍ണായകമായ പങ്കുവഹിച്ചു. 1894-ല്‍ ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ പ്രോഗ്രസ് ഇന്‍ ഫ്ലയിങ് മെഷീന്‍സ് ഈ രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു. ആകാശസഞ്ചാര ചരിത്രത്തിലെ ആദ്യത്തെ ശരിയായ സാങ്കേതിക വിലയിരുത്തലും ഈ ഗ്രന്ഥത്തിലായിരുന്നു.
വളരെയേറെ സാങ്കേതികമേന്മയുള്ക്കൊള്ളുന്ന റിഗ്ഗിങ്ങോടുകൂടിയ ഒരു 'ബൈപ്ലെയിന്‍ ഹാങ് ഗ്ലൈഡര്‍' 1896-ല്‍ ചാനൂട്ട് ഡിസൈന്‍ ചെയ്തു. ഇത് ഗ്ലൈഡര്‍ രൂപകല്പനയിലെ ഒരു വഴിത്തിരിവായിത്തീര്‍ന്നു. തുടര്‍ന്ന് ഇദ്ദേഹം റൈറ്റ് സഹോദരന്മാരുടെ ഉറ്റ സുഹൃത്തും അവരുടെ സഞ്ചാര ശ്രമങ്ങളുടെ പ്രോത്സാഹകനുമായിത്തീര്ന്നു. സാങ്കേതികമായി ചാനൂട്ടിന്റെ റിഗ്ഗിങ് സമ്പ്രദായം റൈറ്റ് സഹോദരന്മാര് സ്വായത്തമാക്കി യു.എസ്സിലെ ആകാശ സഞ്ചാര ശ്രമങ്ങളെ നിര്‍ണായകമായി ഉത്തേജിപ്പിക്കുകയുണ്ടായി. റൈറ്റ് സഹോദരന്മാരുടെ ആകാശ സഞ്ചാര വിജയത്തെ സംബന്ധിച്ച ഫോട്ടോകളും മറ്റു വിശദാംശങ്ങളും ചാനൂട്ട് പ്രദര്‍ശിപ്പിച്ചതോടെ മുന്നേറാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ആവേശമായി. 1910 ന. 23-ന് ചാനൂട്ട് ചിക്കാഗോയില്‍ അന്തരിച്ചു.