This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാദിര്ജി, റിഫാത്ത് (1926 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാദിര്ജി, റിഫാത്ത് (1926 - )
Chadirji, Rifat
ഇറാക്കി വാസ്തുശിലിപി. 1926 ഡി.-ല്‍ ബാഗ്ദാദില്‍ ജനിച്ചു. ലണ്ടനിലെ ഹാമര്‍സ്മിത്ത് സ്കൂള്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ ആര്‍തര്‍ കോണിന്റെ ശിഷ്യനായി 1946 മുതല്‍ 56 വരെ പഠിച്ചു. 1952-ല്‍ ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ നേടി. 1954-ല്‍ ബള്‍ക്കീസ് ശരാരയെ വിവാഹം ചെയ്തു. ബാഗ്ദാദ് ആസ്ഥാനമായ 'ഇറാക്ക് കണ്‍സള്‍ട്ട്' എന്ന സ്ഥാപനം 1952-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ സ്ഥാപകനും, സീനിയര്‍ പാര്‍ട്ട്ണറും, ഡയറക്ടറും റിഫാത്ത് ചാദിര്ജിയാണ്. 1954-57 വരെ ഇദ്ദേഹം ബാഗ്ദാസ് വക്കഫ് സംഘടനയുടെ കെട്ടിടനിര്‍മാണ വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു. 1958 മുതല്‍ 65 വരെ ബാഗ്ദാദിലെ പ്ലാനിങ് മന്ത്രാലയത്തിലെ ഭവനനിര്‍മാണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. 'ഇറാക്ക് കണ്‍സള്‍ട്ടി'ല്‍ മുഴുവന്‍ സമയപ്രവര്‍ത്തനത്തിനായി 1965-ല്‍ മറ്റു ജോലികള്‍ ഉപേക്ഷിച്ചു. ബാഗ്ദാദ് മേയറുടെ കൗണ്‍സില്‍ ബാഗ്ദാദ് മേയറുടെ കൗണ്‍സില്‍ അംഗം, ഇറാഖ് ഗവണ്മെന്റ് ടൂറിസ്റ്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാസ്തുവിദ്യാസംബന്ധമായ ഒട്ടെറെ പുരസ്കാരങ്ങള്‍ക്ക് ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. ബാഗ്ദാദ് ഷോര്ട്ട്ഗേജ് ബാങ്ക് ബില്‍ഡിങ് മത്സരത്തിലെ ഒന്നാംസമ്മാനം (1956), ബാഗ്ദാദ് അല്പാഷാ അല്‍-സജീര്‍ കെട്ടിടമത്സരത്തിന്റെ ഒന്നാംസമ്മാനം (1961), ബാഗ്ദാദ് ടുബാക്കോ മോണോപോളി അഡ്മിനിസ്ട്രേഷന് ആന്‍ഡ് സ്റ്റോഴ്സ് ബില്‍ഡിങ് മത്സരത്തിന്റെ ഒന്നാംസമ്മാനം (1965), മാഡ്രിഡിലെ കെട്ടിടഡിസൈന്‍ മത്സരത്തിന്റെ ബ്രോണ്‍സ് മെഡല്‍ (1966), കുവൈറ്റ് പാര്‍ലമെന്റ് കോംപ്ലക്സ് മത്സരത്തിലെ ഒന്നാംസമ്മാനം (1971), അബുദാബി നാഷണല്‍ തിയെറ്റര്‍ മത്സരത്തിലെ ഒന്നാംസമ്മാനം (1977) എന്നിവ ഇദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളില്‍പ്പെടുന്നു.
പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയെ ആധുനിക വാസ്തുവിദ്യയുമായി സമന്വയിപ്പിക്കുന്നതില്‍ ഗണ്യമായ വിജയം കൈവരിച്ചു എന്നതാണ് റിഫാത്ത് ചാദിര്ജിയുടെ നേട്ടം. അനേകം ആധുനിക അറബിവാസ്തുശില്പികളെ സ്വാധീനിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.