This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തിരാങ്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:21, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാത്തിരാങ്കം

കേരളത്തിലെ നമ്പൂതിരിമാരുടെ ഇടയില്‍ നിലനില്ക്കുന്ന ഒരു അനുഷ്ഠാനകല. ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വേളി, പന്ത്രണ്ടാം മാസം തുടങ്ങിയ ചടങ്ങുകളോടനുബന്ധിച്ചാണ് ഇതു നടത്താറുള്ളത്. കോഴിക്കോടിനു തെക്കും ആലപ്പുഴയ്ക്കു വടക്കുമുള്ള ഭാഗങ്ങളില്‍ ഇതു പ്രബലമായി നിലനിന്നിരുന്നു. തെക്കര്‍ 'യാത്രക്കളി' എന്നും വടക്കര്‍ 'പാനേങ്കളി' എന്നുമാണ് ഇതിനെ വിളിച്ചിരുന്നത്. തൃശൂര്‍ ഭാഗത്ത് 'സംഘക്കളി' എന്ന പേരിനായിരുന്നു പ്രാധാന്യം. 'ചാത്തിരക്കളി', 'ശാസ്ത്രക്കളി', 'സത്രക്കളി', 'ശാസ്ത്രാങ്കം', 'ക്ഷാത്രാങ്കം', 'പാനക്കളി', 'പാനയും കളിയും' എന്നീ പേരുകളും ഇതിനുണ്ട്. സംഘക്കളി ആണ് യഥാര്‍ഥ പേരെന്നും മറ്റു പേരുകള്‍ 'സംഘ'ത്തിന്റെ ആഗമം, ചരിത്രം, നടപടി, സ്വരൂപം കളിയുടെ ചടങ്ങ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനെ മാത്രം ദ്യോതിപ്പിക്കുന്നവയാണെന്നും രാമവര്‍മ അപ്പന്‍തമ്പുരാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (സംഘക്കളി, 1987). സി.കെ. നമ്പൂതിരിയുടെ അഭിപ്രായത്തില്‍ (ചാത്തിരാങ്കം, 1980) ചാത്തിരാങ്കമാണ് ആദ്യത്തെ പേര്. ആയുധവിദ്യയിലൂടെ ഗ്രാമരക്ഷ ചെയ്യാന്‍ അവകാശമുണ്ടായിരുന്ന ചാത്തിര നമ്പൂതിരിമാരാണ് ഇതിന്റെ പ്രധാന അവതാരകര്‍. അങ്ങനെ ചാത്തിരരുടെ കളി എന്ന അര്‍ഥത്തിലാണ് ചാത്തിരാങ്കം എന്ന പേരു വന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തെക്കരും വടക്കരും ഒരുപോലെയല്ല ഇതനുഷ്ഠിച്ചിരുന്നത്. വടക്കന്‍ സമ്പ്രദായത്തില്‍ കൊട്ടിച്ചകം പൂകല്‍, കാഴ്ചകൊട്ട് (കേളി), പാത്രം കൊട്ടിയാര്‍ക്കല്‍, നാലുപാദം, അത്താഴസ്സദ്യയും കറിശ്ലോകവും, തോണിപ്പാട്ട്, പാന, ആയുധമെടുക്കല്‍, പൂക്കുലമാല (വെളിച്ചപ്പാടടക്കം), വട്ടമിരിപ്പ്, മരത്തങ്കോടന്‍, ധനാശി എന്നിങ്ങനെ 12 ചടങ്ങുകളാണുള്ളത്. തെക്കന്‍ സമ്പ്രദായത്തില്‍ തോണിപ്പാട്ടു കഴിഞ്ഞാല്‍ വട്ടമിരിപ്പാണ്. അതിനുശേഷമാണ് പാന. രണ്ടു സമ്പ്രദായത്തിലും നാലുപാദം കഴിയുമ്പോള്‍ വച്ചുനമസ്കാരം ഉണ്ടാകും. കയ്മളുടെ വരവ്, മുറമെടുത്താട്ടം എന്നിവയും നിലവിലുണ്ടായിരുന്ന ചില ചടങ്ങുകളാണ്.

മുതുവന, കൈതയ്ക്കല്‍, പാലക്കീഴ് എന്നീ ഇല്ലങ്ങള്‍ വടക്കും; ഏഴാമതു തുരുത്തിന്മേല്‍, ഋഷി എന്നീ ഇല്ലങ്ങള്‍ തെക്കുമുള്ള പ്രസിദ്ധ ചാത്തിരാങ്കയോഗങ്ങളാണ്. എല്ലാ യോഗങ്ങള്‍ക്കും പൊതുവായ രക്ഷാപുരുഷന്‍ വീരകേരളന്‍ തന്നെ. എങ്കിലും ഓരോന്നിനും ശാസ്താവ്, ഭഗവതി, വേട്ടയ്ക്കൊരു മകന്‍ തുടങ്ങിയ പരദേവതമാരുമുണ്ടാകും. ആദ്യകാലത്ത് 18 സൈന്യയോഗങ്ങളും പടുതോള്‍ എന്ന യോഗവും വടക്കും, 13 യോഗങ്ങള്‍ തെക്കും ഉണ്ടായിരുന്നു.

കേവലമായ വിനോദമല്ല ഇതിന്റെ ലക്ഷ്യം. ഈശ്വരപ്രീതിക്കും ഇഷ്ടസിദ്ധിക്കും ഉതകുന്ന പുണ്യകര്‍മമായാണ് ഇതിനെ കണക്കാക്കുന്നത്. സന്താനാര്‍ഥം വഴിപാടായും ഇതു നടത്താറുണ്ട്. അതിന് സ്വസ്തി പ്രാര്‍ഥിക്കുക എന്നാണു പറയുക.

ഈ അനുഷ്ഠാനകലയുടെ ഉത്പത്തിയെപ്പറ്റി കേരളോത്പത്തിയിലും, ആദ്യകാല ചരിത്ര (ഭാഷാസാഹിത്യചരിത്രം) ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. ഇവയിലെല്ലാം കാണുന്ന പൊതുവായ അഭിപ്രായം ബുദ്ധമതവിശ്വാസിയായ ഒരു ചേരമാന്‍ പെരുമാളിന്റെ കാലത്താണ് ഈ കല ആവിര്‍ഭവിച്ചതെന്നാണ്. ബുദ്ധമത പ്രചാരണത്തില്‍ അസ്വസ്ഥരായ ബ്രാഹ്മണര്‍ തൃക്കരിയൂര്‍ ക്ഷേത്രത്തില്‍ ഒത്തുകൂടി തങ്ങള്‍ക്കു നഷ്ടമായ സ്ഥാനം വീണ്ടെടുക്കാന്‍ ശ്രമിച്ചിരുന്നപ്പോള്‍, അവര്‍ക്കു 'നാലുപാദം' ലബ്ധമായി. അതു നടത്തിത്തുടങ്ങിയ ശേഷം ബുദ്ധമതത്തില്‍ നിന്നുള്ള 'തിരിച്ചുവരവ്' കൂടി. അതോടെ 'നാലുപാദം' ഇഷ്ടസിദ്ധിക്കു നല്ലതാണെന്നു പരക്കെ ബോധ്യമായി. പലരും സ്വന്തം കുടുംബത്തില്‍ വച്ച് നാലുപാദം നടത്താന്‍ താത്പര്യം കാട്ടി. അത് ചാത്തിരം/സത്രം എന്നറിയപ്പെട്ടുവത്രെ. അതാണു പിന്നീട് ചാത്തിരാങ്കമായത്.

ചാത്തിരന്മാരോടൊപ്പം, 'സംഘം' തികയുന്നതിന് വേദാര്‍ഹരായ നമ്പൂതിരിമാര്‍ കൂടി വേണം. വാക്യവൃത്തി, കിഴിപ്പുറം, പരിഷ എന്നീ സ്ഥാനങ്ങള്‍ക്കു അവരാണ് അവകാശികള്‍. മറ്റു സ്ഥാനങ്ങള്‍ ചട്ടുകം, യോഗഗുരു, അധ്യക്ഷന്‍, വാള്‍ ഇല്ലജ്ജനം എന്നിവയാണ്. പരിഷയ്ക്കാണു നടത്തിപ്പിന്റെ ചുമതല. നാലുപാദാദി കര്‍മങ്ങള്‍ വാക്യവൃത്തിക്കും ധനാധികാരം കീഴ്പ്പുറത്തിനും ആണ്.

അയഞ്ഞ നാടകരൂപമാണിതിനുള്ളത്. നൃത്തം, സംഗീതം, നാടകീയ ശകലങ്ങള്‍ ഇവയെല്ലാം ഒത്തുചേര്‍ന്ന് നിരവധി കലാരൂപങ്ങള്‍ (വഞ്ചിപ്പാട്ട്, തിരുവാതിര, കുറത്തിയാട്ടം) ഇതിലുണ്ട്.

നിലവിളക്ക്, തീവെട്ടി എന്നിവയാണ് ദീപാലങ്കാരം. കാണികളുടെ ഇടയില്‍ത്തന്നെയാണ് അരങ്ങ്. കമഴ്ത്തിയിട്ട ചെമ്പ്, അടുക്കളപ്പാത്രങ്ങളായ ചട്ടുകം, മരക്കയില്‍ എന്നിവയ്ക്കു പുറമേ ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയും വാദ്യങ്ങളായി ഉപയോഗിച്ചുവരുന്നു.

രാമവര്‍മ അപ്പന്‍തമ്പുരാന്റെ സംഘക്കളി (1940), സി.കെ. നമ്പൂതിരിയുടെ ചാത്തിരാങ്കം (1980) എന്നിവ ഈ അനുഷ്ഠാനകലയെക്കുറിച്ചുള്ള സവിസ്തരമായ രണ്ടു പഠനങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍