This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാതുര്‍വര്‍ണ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:13, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാതുര്‍വര്‍ണ്യം

വര്‍ണവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഹൈന്ദവര്‍ക്കിടയില്‍ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതി. വര്‍ണം എന്നാല്‍ നിറം എന്നാണ് സംസ്കൃതത്തില്‍ അര്‍ഥം. പദവിക്രമത്തിലുള്ള വ്യവസ്ഥയെയാണ് വര്‍ണം വിഭാവനം ചെയ്യുന്നത്. ബ്രാഹ്മണിക് കൃതികളില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാലു വിഭാഗങ്ങളെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ച പദം കൂടിയാണ് ചാതുര്‍വര്‍ണ്യം. മേല്‍ത്തട്ടിലുള്ളവരില്‍ പദവി, അധികാരം, സമ്പത്ത് എന്നിവ കേന്ദ്രീകരിക്കുകയും താഴെത്തട്ടിലുള്ള വിഭാഗങ്ങള്‍ക്ക് സാമൂഹികനീതി നിഷേധിക്കുന്ന ഈ സംവിധാനത്തിന്റെ പരിഷ്കൃതരൂപമാണ് ജാതി. ജനനത്തിന്റെ അടിസ്ഥാനത്തിലാണ് ജാതി നിര്‍ണയിക്കപ്പെടുന്നത്. ജാതിവ്യവസ്ഥയ്ക്ക് പുറത്ത് നിന്നിരുന്ന ഗോത്ര ആദിഗോത്രവിഭാഗങ്ങളെ പില്ക്കാലത്ത് ജാതിവ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ജാതിവ്യവസ്ഥ വികസിക്കുന്നത്. ഇവര്‍ പില്ക്കാലത്ത് പഞ്ചമര്‍, അയിത്തജാതിക്കാര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടു.

മനുസ്മൃതിയിലാണ് സൃഷ്ടിയെപ്പറ്റിയുള്ള ആധികാരികവിവരണം ദര്‍ശിക്കാന്‍ കഴിയുക. മനുസ്മൃതി പ്രകാരം ജഗത്ത് തമസ്സില്‍ ലയിച്ചിരുന്നു. അത് അദൃശ്യവും അനുമാനിച്ചോ, ശബ്ദംകൊണ്ടോ അറിയാന്‍ കഴിയാത്തതുമായിരുന്നു. അതുകൊണ്ട് ഒക്കെയും അജ്ഞാതമായിരുന്നു. പരമാത്മാവ് ആദ്യം സ്വശരീരത്തില്‍ നിന്ന് ജലത്തെ സൃഷ്ടിച്ചു. ആ ജലത്തില്‍ സ്വശക്തി രൂപമായ ബീജത്തെ നിക്ഷേപിച്ചു. ആ ബീജം സ്വര്‍ണവര്‍ണവും, സൂര്യസമപ്രഭയുള്ളതുമായ അണ്ഡമായി മാറി. ആ അണ്ഡത്തില്‍ പരമാത്മാവ് സ്വയം ബ്രഹ്മാവിന്റെ രൂപത്തില്‍ ജനിച്ചു അദ്ദേഹമാണ് സര്‍വലോകങ്ങളുടെയും ജനയിതാവ്. ബ്രഹ്മാവ് തന്റെ മുഖത്ത് നിന്ന് ബ്രാഹ്മണനെയും, ബാഹുവില്‍നിന്ന് ക്ഷത്രിയനെയും, ഊരുവില്‍നിന്ന് വൈശ്യനെയും, പാദത്തില്‍നിന്ന് ശൂദ്രനെയും സൃഷ്ടിച്ചു.

'ലോകാനാം തു വിവൃധര്‍ഥം മുഖബാഹുരൂപാദതഃ

ബ്രാഹ്മണം ക്ഷത്രിയം വൈശ്യം ശൂദ്രം ചനിരവര്‍തയത്.' (മനു. 1-31)

മനുവിനു മുന്‍പ് ഋഗ്വേദ സംഹിതയിലെ പുരുഷസൂക്തത്തില്‍ ഈ ആശയം കാണാന്‍ കഴിയും.

'ബ്രാഹ്മണോ സ്യ മുഖമാസീത്

ദ ബാഹു രാജന്യ: കൃത:

ഊരു തദസ്യ യദ് വൈശ്യ:

പദ്ഭ്യാം ശുഭ്രോ ജാതയ:'

പൗരാണിക ഹിന്ദുമതഗ്രന്ഥങ്ങളില്‍ നിരവധി വ്യത്യാസങ്ങളോടെ വര്‍ണവ്യവസ്ഥയുടെ ഉദ്ഭവകഥകള്‍ നിലനില്‍ക്കുന്നുണ്ട്.

ഭാരതത്തില്‍ പ്രചുരപ്രചാരം നേടിയതും ഒരുവിഭാഗം ജനങ്ങളുടെ ആശയരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചതുമായ ഭഗവദ്ഗീതയുടെ 4-ാം അധ്യായത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് തത്ത്വോപദേശം നല്കുന്നതിനിടയില്‍ ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടമാണെന്ന് വിശദീകരിക്കുന്നു.

ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മവിഭാഗശ:

തസ്യ കര്‍ത്താരമപി മാം വിധ്യകര്‍ത്താരമവ്യയം

(ജ്ഞാന കര്‍മസംന്യാസയോഗം-ശ്ലോകം-13)

സാധാരണ ജനങ്ങളില്‍ ചാതുര്‍വര്‍ണ്യത്തിന്റെ 'അലംഘനീയ' അതിര്‍വരമ്പുകള്‍ ശാശ്വതമാക്കാനുള്ള ശ്രമം കൂടിയാണ് ഇതില്‍ തെളിഞ്ഞുവരുന്നത്.

ബി.സി. ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ആണ് മനു വര്‍ണവ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയ ഒരു സാമൂഹിക ഘടന ആവിഷ്കരിക്കുന്നത്. ഓരോ വര്‍ണത്തിനും പ്രത്യേകം, പ്രത്യേകം കര്‍മങ്ങളും നിഷ്കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. മനുവിന്റെ കാലഘട്ടമായപ്പോഴേക്കും ഇതൊരു വ്യവസ്ഥാപിത സാമൂഹിക വ്യവസ്ഥയായി മാറി. അതിന്‍പ്രകാരം ബ്രാഹ്മണന് യാഗം ചെയ്യുക, ചെയ്യിക്കുക, വേദം പഠിക്കുക, പഠിപ്പിക്കുക, ദാനം നല്‍കുക, ദാനം സ്വീകരിക്കുക എന്നിവയാണ് കര്‍മം, ക്ഷത്രിയര്‍ക്ക് രാജ്യഭരണം, ജനങ്ങളെ സംരക്ഷിക്കല്‍, ദാനം ചെയ്യുക, വേദം പഠിക്കുക, യാഗം നടത്തുക തുടങ്ങിയവയ്ക്കും, വൈശ്യര്‍ക്ക് കൃഷി, ഗോരക്ഷ, കച്ചവടം മുതലായവയും തൊഴിലുകളാണ്. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ വിഭാഗങ്ങളുടെ പാദസേവയാണത്രെ ശൂദ്രന്റെ കര്‍മം. ശൂദ്രന്‍ വേദം പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന് മനു നിഷ്കര്‍ഷിക്കുന്നുണ്ട്.

ഓരോ വര്‍ണവും അവരവരുടെ വര്‍ണങ്ങളില്‍നിന്ന് വിവാഹം കഴിക്കണമെന്നാണ് പൊതുനിയമം. എന്നാല്‍ പുരുഷന്മാര്‍ക്ക് കീഴ്ജാതിയില്‍നിന്ന് വിവാഹം കഴിക്കാന്‍ തടസ്സങ്ങളില്ല. ഇതിനെ അനുലോമ വിവാഹമെന്ന് വിളിക്കുന്നു. മറിച്ച് കീഴ്ജാതിയില്‍പ്പെട്ട പുരുഷന്‍ മേല്‍ജാതി സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് പ്രതിലോമ വിവാഹമാണ്. നിഷിദ്ധവും നിന്ദ്യവും ശിക്ഷാര്‍ഹവുമാണിത്.

ഇത്തരം ബന്ധങ്ങളില്‍ പിറക്കുന്ന മക്കളെ നികൃഷ്ടരായി മാറ്റിനിര്‍ത്തുന്നു. ഉദാഹരണത്തിന് ശൂദ്രനില്‍നിന്നും ബ്രാഹ്മണിയില്‍ പിറന്ന പുത്രനെ 'ചണ്ഡാളന്‍' എന്നു വിളിക്കുന്നു. ഇവരുടെ തൊഴില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ വധിക്കുക, സ്ത്രീകളെക്കൊണ്ട് ജീവിക്കുക എന്നിവയാണ്. ശവവസ്ത്രമാണ് ഇവര്‍ ഉടുക്കേണ്ടത്. മറ്റുള്ളവരെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം. ബ്രാഹ്മണര്‍ ശൂദ്ര സ്ത്രീയെ ആദ്യഭാര്യയായി സ്വീകരിക്കുന്നതിനെ മനു ശക്തിയായി എതിര്‍ക്കുന്നുണ്ട്. വിവാഹം ഭക്ഷണം, തൊഴില്‍, സ്ത്രീകളുടെ കടമകള്‍, പെരുമാറ്റം തുടങ്ങിയവയെ കേന്ദ്രീകരിച്ച് വര്‍ണനിയമങ്ങള്‍ നിലനില്‍ക്കുന്നു.

മനുഷ്യത്വരഹിതവും അസമത്വം നിറഞ്ഞതുമായ ശിക്ഷാ വിധികളിലൂടെ ശൂദ്രരെ ശിക്ഷിക്കുകയും ബ്രാഹ്മണരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നുണ്ട് മനുവിന്റെ നിയമങ്ങള്‍. ബ്രാഹ്മണരെ അപമാനിക്കുന്നത് മരണശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് എന്നാല്‍ ബ്രാഹ്മണരുടെ സ്വത്തിനോ, ശരീരത്തിനോ കോട്ടം തട്ടാത്ത ശിക്ഷാവിധികളെ നടപ്പിലാക്കാന്‍ പാടുള്ളുവെന്ന് മനു അനുശാസിക്കുന്നു. നാവ് പിഴുതെടുക്കുക, വായിലും ചെവിയിലും തിളച്ച എണ്ണ ഒഴിക്കുക, ഹസ്തച്ഛേദം ചെയ്യുക തുടങ്ങി നിരവധി ക്രൂര ശിക്ഷാവിധികള്‍ മുന്നോട്ടുവയ്ക്കുന്ന മനു ബ്രാഹ്മണരെ ഇതില്‍നിന്നൊക്കെ വിദഗ്ധമായി ഒഴിവാക്കുന്നു. ജ്ഞാനത്തിന്റെ 'സ്രോതസ്സായ' വേദത്തിനുമേല്‍ ബ്രാഹ്മണന് കുത്തകാവകാശങ്ങളുള്ളതുകൊണ്ട് അവന്‍ 'പരിശുദ്ധ' നിയമങ്ങളുടെ 'അനശ്വര' വക്താവാണ് അതുകൊണ്ടുതന്നെ ലോകത്തിലുള്ള 'സകലതും' അവന്റെ 'സ്വത്താ'ണ് എന്നും മനു കരുതുന്നു.

വര്‍ണവിഭജനം ദൈവികവും ലോകാരംഭത്തോളം പഴക്കമുള്ളതുമാണെന്ന് സ്ഥാപിക്കുകവഴി കീഴാള ജനതയുടെ ദുരിത ജീവിതത്തെ ശാശ്വതമാക്കാന്‍ ശ്രമിക്കുകയാണ് മനു ചെയ്യുന്നത്. ചാതുര്‍വര്‍ണ്യംവഴി രൂപപ്പെട്ട സാമൂഹിക അനീതികള്‍ക്കെതിരെ നിശിത വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്. ഡോ. അംബേദ്കര്‍ ഹിന്ദുയിസത്തിന്റെ അടിത്തറ ചാതുര്‍വര്‍ണ്യമാണെന്നും, അതിനാല്‍ ഹിന്ദുയിസത്തില്‍ തുല്യതയില്ലെന്നും അദ്ദേഹം വാദിക്കുന്നു. ജാതി തിരശ്ചീനമായല്ല, ലംബമാനത്തില്‍ പദവിക്രമങ്ങളായാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ണം ജാതിയുടെ രക്ഷിതാവാണ്. ശൂദ്രര്‍ ഉന്നത ജാതികളുടെ അടിമകളാണ്. അത് നിലനിര്‍ത്താനാണ് മനു തന്റെ സാമൂഹിക വ്യവസ്ഥയിലൂടെ ശ്രമിക്കുന്നത്.

വിവാഹ സമ്പ്രദായത്തിലൂടെയാണ് കുടുംബം, കുലം, സ്വത്ത്, സമ്പ്രദായം, ബ്രാഹ്മണരുടെ പദവിക്രമം തുടങ്ങിയവയെ പുനരുത്പാദിപ്പിക്കുന്നത്. ഇതിലൂടെ ജാതീയവും, വര്‍ഗപരവുമായ പദവിക്രമങ്ങളെ അതേപടി നിലനിര്‍ത്തുവാനുള്ള വ്യവസ്ഥ മനു രൂപപ്പെടുത്തിയിരിക്കുന്നു. ലൈംഗികതൃഷ്ണകളെ ദമനം ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് സ്വജാതി വിവാഹത്തിനു പുറത്ത് വിവാഹം അനുവദിക്കുന്നതും, വര്‍ണ സങ്കരമെന്ന താത്ത്വികഘടനയിലേക്ക് ഉള്‍ച്ചേര്‍ത്ത് ജാതിവ്യവസ്ഥയെ വിപുലീകരിക്കുകയും ചെയ്തത്. പ്രത്യുത്പാദനം, ഉത്പാദനം, തൊഴില്‍ വൈദഗ്ദ്യം, ജാത്യധിഷ്ഠിത സംസ്കാരവും ആചാരപരവുമായ അനുഷ്ഠാനങ്ങള്‍ എന്നിവ ജാതിവ്യവസ്ഥയുടെ പരിധിക്കകത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉമചക്രവര്‍ത്തി അഭിപ്രായപ്പെടുന്നു. അവര്‍ ജാതിലിംഗപദവി, വര്‍ഗം എന്നിവയുടെ പരസ്പര ബന്ധത്തെ തന്റെ കൃതിയില്‍ പഠനവിധേയമാക്കുന്നുണ്ട്.

സ്ത്രൈണ ലൈംഗികതയെ നിയന്ത്രിക്കുവാനും, ജാതിവ്യവസ്ഥയെ ശാശ്വതീകരിക്കുവാനും, വര്‍ണസങ്കര സിദ്ധാന്തത്തിനു കഴിഞ്ഞു. ജാതി, ലിംഗവര്‍ഗ ഘടനയിലൂടെ നടന്ന ശ്രേണിവത്കരണത്തെ കുകുംറോയ് തന്റെ പഠനങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ആദരണീയ പദവികള്‍ വളരെ ചുരുക്കവും, അയിത്ത പദവികള്‍ അസംഖ്യവുമാകുന്ന രാഷ്ട്രീയ സാമ്പത്തിക പ്രത്യയ ശാസ്ത്രം താമ്പിയ വിശദീകരിക്കുന്നു. കീഴ്ഭാഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പിരമിഡല്‍ രൂപമാണിത്.

ജാതി വര്‍ണവ്യവസ്ഥകളെ ഇന്ത്യയില്‍ പലരീതിയില്‍ പഠനവിധേയമാക്കിയിട്ടുണ്ട്. അതില്‍ ചിലത് ആധിപത്യം വഹിക്കുന്നവരും ഇരകളും ഒരുപോലെ അംഗീകരിക്കുന്ന വ്യവസ്ഥ എന്ന മട്ടിലാണ്. ലൂയി ഡൂമണ്ട് ആണ് ഇതിന്റെ പ്രമുഖ വക്താവ്. ആധിപത്യഘടനയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ സ്ഥാനങ്ങളെ ഇത് മറച്ചുകളയുന്നുവെന്ന വിമര്‍ശനം ശക്തമാണ്.

ജ്യോതിബാഫൂലെയും ഡോ. അംബേദ്ക്കറുമുയര്‍ത്തിയ വിമര്‍ശനങ്ങളുടെയും അന്വേഷണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വെളിച്ചത്തില്‍ ജാതിവ്യവസ്ഥയെക്കുറിച്ചും, അതിന്റെ പ്രത്യയശാസ്ത്രലോകം സാമൂഹിക ജീവിതത്തില്‍ പ്രവര്‍ത്തനക്ഷമമായിക്കൊണ്ടിരിക്കുന്ന വിവിധ നിമിഷങ്ങളെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ ഇന്ന് ശക്തമാണ്. ഇവരുടെ വിമര്‍ശന പഠനങ്ങള്‍ ഇന്ത്യന്‍ സാമൂഹിക ഘടനയിലെ ജാതി-വര്‍ണ സ്വഭാവത്തെ സൂക്ഷ്മതയോടും, മിഴിവോടും സമീപിക്കാന്‍ സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍