This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചവിട്ടുകളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചവിട്ടുകളി
കേരളത്തിലെ ഒരു നാടോടിനൃത്തം. പുലയരുടെയും വേട്ടുവരുടെയുമിടയിലാണ് ഇതിനു പ്രചാരമുള്ളത്.
ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ചാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. കൃഷിയും കൂലിപ്പണിയും ചെയ്തു കഴിയുന്ന സാധാരണക്കാരന്‍ വിനോദം ലക്ഷ്യമാക്കി നടത്തുന്ന സംഘനൃത്തമാണിത്. ഇരുപതോളം പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുക. മടക്കിക്കുത്തിയ മുണ്ടും തോര്‍ത്തുകൊണ്ടുള്ള തലക്കെട്ടുമാണ് വേഷം. സാധാരണയായി വാദ്യങ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല. ഓരോ കളിക്കാരുടെ കൈയിലും ഈരണ്ടു കോലുകള്‍ ഉണ്ടായിരിക്കും. രണ്ടോ മൂന്നോ അടി നീളമുള്ള ഈ ചെറുവടികള്‍ മുട്ടിച്ചാണ് താളം പിടിക്കുക.
ആദ്യം കളിക്കാര്‍ ഒത്തുകൂടി വട്ടത്തില്‍ നില്‍ക്കും. അപ്പോള്‍ പ്രധാനിയായ ആള്‍ പാട്ടിന്റെ രണ്ടുവരി പാടും. പുരാണകഥാസന്ദര്‍ഭങ്ങളെയോ, വിശുദ്ധന്മാരുടെ ജീവചരിത്രത്തെയോ അധികരിച്ചുള്ള നാടോടിപ്പാട്ടുകളാണ് പാടുന്നത്. ഇതിനു ചവിട്ടുകളിപ്പാട്ട് എന്നു പറയും. ആദ്യത്തെയാള്‍ രണ്ടുവരി പാടിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ അതേറ്റുപാടുകയായി. അതിനെത്തുടര്‍ന്ന് അവര്‍ കോല്‍മുട്ടി, താളം പിടിച്ച് അതിനൊപ്പിച്ച് ചുവടുവയ്ക്കും. വീണ്ടും ഈ രീതി ആവര്‍ത്തിക്കും. സവിശേഷമായ പല ശൈലികളിലൂടെയാണ് കോലുകള്‍ മുട്ടുന്നത്. ഏകദേശം ഒരു മണിക്കൂറോളം നേരം ഈ കളി നീണ്ടുനില്‍ക്കാറുണ്ട്. കളിയിലുടനീളം ഒരേ താളക്രമമാവും ഉണ്ടാവുക. എങ്കിലും ചുവടുവയ്പുകള്‍ വ്യത്യസ്തങ്ങളായിരിക്കും.
മധ്യകേരളത്തിലെ വേട്ടുവരുടെയിടയില്‍ ഈ കളി നിലനില്‍ക്കുന്നു. പുലയരുടെ ചവിട്ടുകളി 'ചെറുമക്കളി' എന്ന പേരിലും അറിയപ്പെടുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ പുലയരുടെ ചവിട്ടുകളി വ്യാപകമായിട്ടുണ്ട്. കാക്കശ്ശേരിക്കുന്ന് കുഞ്ഞൂണ്ടന്‍, ചാക്കാട്ടുമുക്കില്‍ ചാത്തുകുട്ടി, മൂവാങ്കര കണ്ടാപ്പന്‍ തുടങ്ങിയവര്‍ അവിടങ്ങളിലെ പ്രസിദ്ധ കളിക്കാരാണ്.
കേരളത്തില്‍ പരക്കെ പ്രചാരമുള്ള കോല്‍ക്കളിയുടെ ഒരു സവിശേഷമാതൃകയാണിതെന്നു കരുതപ്പെടുന്നു. കോല്‍ക്കളിയിലും ചവിട്ടുകളിയിലുമെന്നപോലെ ചെറുവടികള്‍കൊണ്ട് താളം പിടിച്ചും നൃത്തം ചെയ്തും ചുറ്റിക്കളിക്കുകയാണു ചെയ്യുന്നത്.