This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചലനരോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:25, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചലനരോഗം

ശരീരത്തിന്റെ അനൈച്ഛികചലനംമൂലം ചിലര്‍ക്ക് അനുഭവപ്പെടുന്ന താത്കാലിക വൈഷമ്യം. ചെവിയുടെ അന്തര്‍ഭാഗത്തെ ശ്രവണേതര ഭൂമികയില്‍ ഉണ്ടാകുന്ന ക്ഷോഭങ്ങള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ താറുമാറാക്കുന്നതുകൊണ്ടാണ് അസ്വസ്ഥത അനുഭവപ്പെടുന്നത്. കടല്‍രോഗം, തീവണ്ടിരോഗം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന അസ്വസ്ഥതകളെ പൊതുവായി ചലനരോഗം (motion sickness) എന്ന് ആദ്യമായി നാമകരണം ചെയ്തത് ജെ.എ. ഇര്‍വിങ്ങാണ്. 'ചൊരുക്ക്' എന്ന ഗ്രാമ്യപദം ഈ അവസ്ഥയെ സൂചിപ്പിക്കുന്നു. വാഹനയാത്ര, ചാഞ്ചാട്ടം, ഭ്രമണം തുടങ്ങി ഏതുതരം ചലനവും രോഗത്തിന് ഇടയാക്കും. വിയര്‍പ്പ്, ഉമിനീരൊഴുക്ക്, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ശുദ്ധവായു കടക്കാത്ത ഇടുങ്ങിയമുറി, അസഹ്യമായ ശബ്ദം തുടങ്ങിയവ ചലനരോഗത്തെ രൂക്ഷമാക്കുന്നു. രാത്രിയാത്രയെക്കാള്‍ പകല്‍സമയത്തുള്ള യാത്രയില്‍ ചലനരോഗസാധ്യത കൂടുതലാണ്. യാത്രയ്ക്കിടയിലുള്ള വായന, കണ്ണിന്റെ മറ്റ് സൂക്ഷ്മമായ ഉപയോഗം എന്നിവ രോഗത്തെ അധികമാക്കാറുണ്ട്. യാത്രയെക്കുറിച്ചുള്ള ഭയം, ആശങ്ക എന്നിവയും രോഗത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു. ചലനരോഗത്തിന് വശഗതരായിട്ടുള്ളവര്‍ക്ക് അതില്‍നിന്ന് പൂര്‍ണമോചനം സാധ്യമല്ലെങ്കിലും യാത്രചെയ്യുമ്പോള്‍ പരമാവധി ചാഞ്ഞിരിക്കുക, കണ്ണുകളടച്ച് വിശ്രമിക്കുക, നിശ്ചിതമായ ഒരു ബിന്ദുവില്‍ത്തന്നെനോക്കിയിരിക്കുക, വാഹനത്തിന്റെ മധ്യഭാഗത്തുള്ള ഇരിപ്പിടം തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്വീകരിച്ചാല്‍ അസ്വസ്ഥത ലഘൂകരിക്കാനാകും. യാത്രയ്ക്കുമുന്‍പ് ആന്റിഹിസ്റ്റമിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ കഴിക്കുന്നതും ഫലപ്രദമാണ്. ആന്തരകര്‍ണം പ്രവര്‍ത്തനരഹിതമായവര്‍ക്ക് രോഗം ബാധിക്കുകയില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%B2%E0%B4%A8%E0%B4%B0%E0%B5%8B%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍