This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാമ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചാമ്പ

ഒരിനം ഫലവൃക്ഷം. മിര്‍ട്ടേസി സസ്യകുലത്തില്‍പ്പെടുന്ന ചാമ്പ യൂജിനിയ (Eugenia) ജീനസില്‍പ്പെടുന്നു. കേരളത്തില്‍ എല്ലായിടങ്ങളിലും വിവിധയിനം ചാമ്പകളുണ്ട്. നാടന്‍ ചാമ്പ അഞ്ച് മീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇതിന്റെ കായ്കള്‍ ചുവന്നതാണ്. വര്‍ഷം തോറും രണ്ടോ മൂന്നോ തവണ ഇവ കായ്ക്കാറുണ്ട്. മധുരമുള്ളതും ജലാംശമേറിയതുമാണ് ചാമ്പയ്ക്ക. ഇലയ്ക്ക് ഞെടുപ്പുകളില്ല. പുഷ്പങ്ങളുണ്ടാവുന്നത് തടിയില്‍ നിന്നാണ്. പുഷ്പങ്ങള്‍ക്ക് വെള്ളയോ ഇളംമഞ്ഞയോ നിറമാണ്. വളരെച്ചെറിയ ഞെടുപ്പുകളാണിവയ്ക്കുള്ളത്. പ്രധാനതടിയില്‍ നിന്നും ശാഖകളില്‍നിന്നും മുകളറ്റം മുതല്‍ താഴെവരെ ഫലങ്ങള്‍ ഉണ്ടാവാറുണ്ട്. നാടന്‍ ചാമ്പയുടെ ശാ.നാ.: യൂജിനിയ കോളിഫ്ളോറ (Eugenia cauliflora) എന്നാണ്. ജാം, ജെല്ലി, സ്ക്വാഷ്, വൈന്‍, വിനിഗര്‍ തുടങ്ങിയവയുണ്ടാക്കാന്‍ ഇതിന്റെ ഫലം ഉപയോഗിക്കുന്നു.

വീട്ടുവളപ്പില്‍ വളരെ പണ്ടുമുതലേ ഒരു അലങ്കാരഫലവൃക്ഷമായി നട്ടുവളര്‍ത്തിയിരുന്ന മറ്റൊരിനമാണ് പനിനീര്‍ച്ചാമ്പ. സാമാന്യം വലിയ മരമാണിത്. ഇലകള്‍ക്ക് നല്ലനീളവും കട്ടിയും തിളക്കവുമുണ്ട്. കായ്കള്‍ ഉരുണ്ടതും പച്ചകലര്‍ന്ന ഇളംമഞ്ഞനിറം ഉള്ളതുമാണ്. ഇതിന്റെ മൃദുലമായ പുറന്തോടാണ് ഭക്ഷ്യയോഗ്യം. ഇതില്‍ ഏകദേശം 90 ശതമാനത്തോളം ജലാംശമാണ്. പനിനീര്‍ച്ചാമ്പയുടെ ശാ.നാ. യൂജിനിയ ജാംബോസ് (Eugenia jambos) എന്നാണ്. ഇതിന്റെ ഫലങ്ങള്‍ക്ക് റോസാപുഷ്പങ്ങളുടെ മണമാണുള്ളത്. പേരിനാധാരവും ഇതുതന്നെ. പനിനീര്‍ച്ചാമ്പയുടെ ഫലങ്ങളില്‍നിന്നുണ്ടാക്കുന്ന റോസ്വാട്ടര്‍ വയറിളക്കത്തിനും ഉദരരോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്.

സാധാരണ നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന മറ്റൊരിനമാണ് വലിയചാമ്പ. ഇത് ബ്രസീലില്‍ നിന്ന് കൊണ്ടുവന്ന നിത്യഹരിത വൃക്ഷമാണ്. ഇതിന്റെ കായ്കള്‍ വെള്ളനിറമുള്ളതും വലുപ്പം കൂടിയതുമാണ്. പക്ഷേ, പഴുക്കുമ്പോള്‍ കായ്കള്‍ക്ക് ഇളം മഞ്ഞനിറമായിരിക്കും. ഈ വൃക്ഷം സ്തൂപംപോലെ വളരെ ഉയരത്തില്‍ വളരും. ഇലകള്‍ക്ക് നല്ലനീളവും വീതിയുമുണ്ട്. ഇലകള്‍ കട്ടികൂടിയവയാണെങ്കിലും സിരകള്‍ വളരെ വ്യക്തമായി കാണാം. ഇതിന്റെ പുഷ്പങ്ങള്‍ക്ക് ചുവപ്പുനിറമാണ്. വെള്ള പുഷ്പങ്ങളും ചുവപ്പുകായ്കളും ഉള്ള മറ്റൊരിനം വലിയ ചാമ്പയും ഉണ്ട്. ഈ രണ്ടിനങ്ങളുടെയും ഫലങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍