This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാമുണ്ഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:12, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാമുണ്ഡി

ഭാരതീയ പുരാണേതിഹാസങ്ങളില്‍ പരാമൃഷ്ടമായിട്ടുള്ള ഒരു ദേവി. ഇതിഹാസപ്രകാരം പാര്‍വതിയുടെ പല അവതാരങ്ങളില്‍ ഒന്നായ കാര്‍ത്ത്യായനി (കൗശിക)യുടെ ഏഴു രൂപഭേദങ്ങളില്‍ ഒന്നാണ് ചാമുണ്ഡി. ബ്രാഹ്മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, നാരസിംഹി എന്നീ ദേവതകളാണ് സപ്തമാതാക്കളിലെ മറ്റു ആറുപേര്‍.

ചാമുണ്ഡിയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള പുരാണം ഇപ്രകാരമാണ്: ബ്രഹ്മാവിന്റെ അനുഗ്രഹംകൊണ്ട് അഴിഞ്ഞുവീണ കാളിയുടെ പുറംതൊലിയില്‍ ബ്രഹ്മാവിന്റെയും മറ്റു ദേവതകളുടെയും കാര്‍ത്യായന മഹര്‍ഷിയുടെയും തേജസ്സുകള്‍ സംയോജിച്ച് കാര്‍ത്യായനി എന്ന ഉഗ്രമൂര്‍ത്തി ജന്മംകൊണ്ടു. സുരപ്രവരന്മാരാല്‍ സ്തുതിക്കപ്പെട്ട ദേവി സിംഹത്തിന്റെ പുറത്തുകയറി വിന്ധ്യന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയില്‍ പോയി വാസം ഉറപ്പിച്ചു. സൗന്ദര്യത്തിന്റെ പര്യായമായ കാര്‍ത്യായനിയെ ഭാര്യയാക്കാന്‍ മഹിഷാസുരന്‍ ആഗ്രഹിച്ചു. എന്നാല്‍ തന്നെ ജയിക്കുന്നവരെ മാത്രമേ വരിക്കൂ എന്നു കാര്‍ത്യായനി പ്രതിജ്ഞ ചെയ്തു. കാര്‍ത്യായനിയെ സ്വന്തമാക്കാന്‍ പുറപ്പെട്ട മഹിഷാസുരന്‍ ആ ഉദ്യമത്തില്‍ മരണമടഞ്ഞു. അനേക വര്‍ഷങ്ങള്‍ക്കുശേഷം കശ്യപപുത്രനായ സുംഭന്‍ ദേവിയെ ഭാര്യയാക്കാന്‍ ശ്രമിച്ചു. ദേവി തന്റെ പ്രതിജ്ഞ സുംഭന്റെ ദൂതനായി വന്ന സുഗ്രീവനെ അറിയിച്ചു. കോപിഷ്ഠനായ സുംഭന്‍ ദേവിയെ വലിച്ചിഴച്ചുകൊണ്ടുവരാന്‍ ധൂമ്രാക്ഷനെ അയച്ചു. ധൂമ്രാക്ഷനും ആറ് അക്ഷൌഹിണിപ്പടയും വിന്ധ്യനെ പ്രാപിച്ചു. ധൂമ്രാക്ഷന്‍ ദേവിയെ പിടിക്കുന്നതിനായി മുന്‍പോട്ടു ചാടി. തത്ക്ഷണം അയാള്‍ ദേവിയുടെ ഹുംകാരാഗ്നിയില്‍ വെന്തു വെണ്ണീറായി. കാര്‍ത്ത്യായനി ചെയ്ത ഹുംഗാരം സുംഭന്റെ കാതുകളില്‍ കടന്നു. സുംഭന്‍ താപം കൊണ്ടു ചുരുങ്ങുകയും കോപംകൊണ്ടു വളരുകയും ചെയ്തു. മഹിഷാസുരന്റെ അമാത്യന്മാരായ ചണ്ഡനെയും മുണ്ഡനെയും മഹാസുരനായ തരുവിനെയും നൂറുകോടി പടയെയും കൗശികയ്ക്ക് എതിരായി സുംഭന്‍ അയച്ചു. ദേവിയുടെ ഭൂതങ്ങള്‍ ആര്‍ത്തു. വാഹനമായ സിംഹം ഗര്‍ജിച്ചു. ദേവി വാള്‍ വീശിക്കൊണ്ടു മുന്നോട്ടുചാടി. ലക്ഷക്കണക്കിനു അസുരന്മാര്‍ ചത്തുവീണു. ദേവി വായ്തുറന്നു അടച്ചു. കോടി രാക്ഷസന്മാര്‍ വായില്‍പിടഞ്ഞു വയറ്റില്‍ ഒതുങ്ങി. തരുവിനെ ദേവി അടിച്ചുകൊന്നു. ദേവി ജടപറിച്ചു നിലത്തടിച്ചു. അടിയേറ്റ തറയില്‍നിന്നും ചാമുണ്ഡി എന്ന ഉഗ്രരൂപം എഴുന്നേറ്റുവന്നു.

ചാമുണ്ഡന്മാരെ വധിക്കാനാണ് ചാമുണ്ഡി അവതരിച്ചത്. ചാമുണ്ഡി പ്രത്യക്ഷപ്പെട്ടതോടെ ചാമുണ്ഡന്മാര്‍ പലായനം ആരംഭിച്ചു. ചാമുണ്ഡി ആകാശപാതാളങ്ങളില്‍ അവരെ അനുഗമിച്ചു; ഒടുവില്‍ പിടികൂടി തലവെട്ടിയെടുത്ത് കിരീടമായി ദേവിക്ക് കാഴ്ച വച്ചു. വിവരമറിഞ്ഞു സുംഭന്‍ കോപാക്രാന്തനായി. മുപ്പതുകോടി അക്ഷൌഹിണിപ്പടയെയുംകൊണ്ട് അയാള്‍ പുറപ്പെട്ടു. കടല്‍പോലെ പരന്നുകയറിയ അസുരപ്പടയെക്കണ്ടു ചാമുണ്ഡി അട്ടഹസിക്കുകയും ലോകങ്ങളില്‍ ഉരുണ്ടുനടക്കുകയും ചെയ്തു. ചാമുണ്ഡിയുടെ അട്ടഹാസം കേട്ടു ശിവന്‍ അവതരിച്ചു. യുദ്ധത്തില്‍ രക്ഷകാണാതെ സുംഭനും നിസുംഭനും കരയുന്നതുകണ്ട് രക്തബീജന്‍ ചൊടിച്ചു ദേവിയോടടുത്തു. സപ്തമാതാക്കള്‍ അട്ടഹസിച്ചിളകി. ചാമുണ്ഡി വാപിളര്‍ന്നു. ആകാശത്തുനിന്നു വാപിളര്‍ന്ന ചാമുണ്ഡിയുടെ താടി പാതാളത്തെത്തൊട്ടു. ദേവിയുടെ കുത്തേറ്റു ചോരയൊലിപ്പിച്ച രക്തബീജന്‍ ചാമുണ്ഡിയുടെ വായിലകപ്പെട്ട് അപ്രത്യക്ഷനായി. തുടര്‍ന്ന് നിസുംഭനെയും ദേവി കൊലപ്പെടുത്തി.

കേരളത്തില്‍ പല ഭാഗത്തും ചാമുണ്ഡീക്ഷേത്രങ്ങള്‍ ഉണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍