This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാപെക്, കാരെല്‍ (1890 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:43, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാപെക്, കാരെല്‍ (1890 - 1938)

Capek, Karel

ചെക് സാഹിത്യകാരന്‍. 1890 ജനു. 9-ന് ബൊഹീമിയയിലെ സ്വാത്തോനോവിസില്‍ ഒരു ഡോക്ടറുടെ മകനായി ജനിച്ചു. പ്രേഗ് സര്‍വകലാശാല, ബര്‍ലിന്‍, പാരിസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1914-ല്‍ ഡോക്ടറേറ്റ് നേടി. പത്രപ്രവര്‍ത്തകനും ഉപന്യാസകാരനുമായ ചാപെക് ശാസ്ത്രവിഷയങ്ങളിലും തത്ത്വശാസ്ത്രത്തിലും അതീവ തത്പരനായിരുന്നു. ചെക്കോസ്ളോവാക്യയുടെ സ്ഥാപകനും ആദ്യത്തെ പ്രസിഡന്റും ആയിരുന്ന തോമസ് മാസറികിന്റെ സുഹൃത്തായിമാറിയ ചാപെകിന്റെ രചനകളില്‍ മാസറികിന്റെ ആശയങ്ങളും വീക്ഷണങ്ങളും ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നുണ്ട്.

ചെറുകഥകളാണ് ചാപെക് ആദ്യം എഴുതിയത്. വേസൈഡ് ക്ലോസസ്, പെയിന്‍ഫുള്‍ സ്റ്റോറീസ് എന്നിവയാണ് ഇദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരങ്ങള്‍. പിന്നീട് നാടകരംഗത്തേക്കു തിരിഞ്ഞു. ഇതില്‍ മുഖ്യമായ ആര്‍.യു.ആര്‍. (1921, റോസ്യൂമ്സ് യൂണിവേഴ്സല്‍ റോബോട്ട്സ്) എന്ന കൃതിയില്‍ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന യാന്ത്രിക ജീവിതത്തിന്റെ അപകട സാധ്യത ഒരു മുന്നറിയിപ്പോടെ എടുത്തുകാണിക്കുകയും, മുതലാളിത്ത വ്യവസ്ഥിതിയെ നിശിത വിമര്‍ശനത്തിനു വിധേയമാക്കുകയും ചെയ്യുന്നു. 'റോബോട്ട്' (robot) എന്ന പദം ഈ കൃതിയിലൂടെയാണ് പ്രചാരത്തിലായത്. സെ സിവോട്ടാ, വെസ് മാക്രോപുലോസ്, ദി ഇന്‍സ്പിരേഷന്‍ ഫോര്‍ ജാനാസെക്സ് ഓപെറാ, മാത്കാ എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു നാടകങ്ങള്‍. ഉപന്യാസകാരന്‍ എന്ന നിലയില്‍ ശാസ്ത്രവിഷയങ്ങളുള്‍പ്പെടെ നിരവധി ലേഖനങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. തോവര്‍ണാ നാ അബ്സല്യൂട്നോ, ഗാര്‍ഡനേഴ്സ് ഈയര്‍ മുതലായവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതിനുപുറമേ ഇംഗ്ളണ്ട്, ഇറ്റലി, സ്പെയിന്‍, ഹോളണ്ട്, സ്കാന്‍ഡിനേവിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് എഴുതിയ യാത്രാവിവരണങ്ങള്‍ വളരെ വിജ്ഞാനപ്രദങ്ങളാണ്.

ചാപെകിന്റെ സാഹിത്യജീവിതത്തിന്റെ ഉച്ചകോടിയാണ് പരസ്പര ബന്ധിതങ്ങളായ തത്ത്വശാസ്ത്രകഥാത്രയം: ഹോര്‍ഡുബല്‍ (1933), പ്രോപെട്രോണ്‍ (1934), ഒബിസെനി സിവോട്ട് (1935) തുടങ്ങിയവ. സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലേക്കു വെളിച്ചം വീശുന്ന മറ്റൊരു രചനയാണ് തോമസ് മാസറികുമായുള്ള സംഭാഷണങ്ങള്‍ (മൂന്നു വാല്യങ്ങള്‍). ഇതിനുപുറമേ മാസറികിന്റെ ജീവചരിത്രവും ഇദ്ദേഹം എഴുതുകയുണ്ടായി.

തികഞ്ഞ പുരോഗമനവാദിയും സ്വതന്ത്രചിന്തകനുമായിരുന്ന ചാപെക് വ്യവസായ യുഗത്തിലെ യാന്ത്രിക ജീവിതം, അതില്‍ മനുഷ്യനെ കേവലം ഉപകരണമാക്കി മാറ്റുന്ന പ്രക്രിയ, യുദ്ധാനന്തര ലോകത്തിന്റെ ദുഃസ്ഥിതി മുതലായ കാര്യങ്ങള്‍ തന്റെ കൃതികളില്‍ അര്‍ഥപൂര്‍ണമായി ചര്‍ച്ച ചെയ്യുന്നുണ്ട്. 1938 ഡി. 25-ന് പ്രേഗില്‍ ചാപെക് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍