This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂര്‍ഖകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:35, 16 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗൂര്‍ഖകള്‍

കൃപാണമേന്തിയ ഒരു ഗൂര്‍ഖസൈനികന്‍

നേപ്പാളിലെ പ്രധാനപ്പെട്ട ഒരു ജനവിഭാഗം. ഇന്ത്യ (അസം, സിക്കിം, പശ്ചിമബംഗാള്‍), തിബറ്റ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും ഗൂര്‍ഖകള്‍ നിവസിക്കുന്നുണ്ട്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന് 80 കി മീ. വ. പടിഞ്ഞാറുള്ള ഗോര്‍യാ എന്ന പ്രദേശത്തു വസിച്ചിരുന്നവരാണു ഗൂര്‍ഖകള്‍ എന്ന് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. തിബറ്റ്, സിക്കിം, അസം, ബംഗാള്‍ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലേക്കും നേപ്പാളിലേക്കും കൂടിയേറിയ മംഗോളിയരുടെ പിന്‍ഗാമികളാണ് ഇവര്‍. മുസ്ലിം ആക്രമണമുണ്ടായതോടെ രജപുത്താനയില്‍നിന്ന് പലായനം ചെയ്ത് കുമയോണ്‍, ലാംജൂഗ്, നയക്കോട്, ഗോര്‍ഖ എന്നിവിടങ്ങളില്‍ താമസമുറപ്പിച്ചു. ഗോര്‍ഖാ ഭരണാധികാരിയായ പൃഥിനാരായണ്‍ഷാ 1769-ല്‍ കാഠ്മണ്ഡു ഉള്‍പ്പെടെ ഗോര്‍ഖയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കി നേപ്പാള്‍ രാജ്യം സ്ഥാപിച്ചു. ഏതാണ്ട് നാലു ദശകത്തോളം ഷായും പിന്‍ഗാമികളും രാജ്യത്തിന്റെ അതിര്‍ത്തി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് നേപ്പാളിലെ ജനങ്ങള്‍ക്ക് പൊതുവേ ഗൂര്‍ഖകള്‍ എന്ന പേരുണ്ടായി. സമരപാരമ്പര്യമുള്ള ഗൂര്‍ഖകള്‍ 1791-92-ല്‍ തിബറ്റ് പിടിച്ചടക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ചൈന അവര്‍ക്കെതിരെ തിരിഞ്ഞു. ചൈനയുമായുണ്ടായ യുദ്ധത്തില്‍ ഗൂര്‍ഖകള്‍ പരാജയപ്പെട്ടു. 1814 ആയതോടെ ഗൂര്‍ഖകള്‍ നേപ്പാളിന്റെ അതിര്‍ത്തി പ. സത്ലജ് നദിവരെയും തെ. ഗംഗാസമതലംവരെയും വ്യാപിപ്പിച്ചു. ഉത്തരേന്ത്യയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നേപ്പാളിന്റെ അതിര്‍ത്തി വ്യാപനം ഇഷ്ടമായില്ല. ഇത് ഒരു സംഘട്ടനത്തില്‍ കലാശിച്ചു. 1816 വരെ നടന്ന യുദ്ധത്തില്‍ ഗൂര്‍ഖകള്‍ പരാജിതരായി. യുദ്ധം അവസാനിപ്പിച്ച സന്ധിയിലെ വ്യവസ്ഥകളനുസരിച്ചാണ് ഇന്നത്തെ നേപ്പാളിന്റെ അതിര്‍ത്തികള്‍ തീരുമാനിക്കപ്പെട്ടത്. ഇതിനു ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ ഗൂര്‍ഖകളെ ചേര്‍ത്തു തുടങ്ങി. മംഗളോയ്ഡ് ഗൂര്‍ഖകളെയും പശ്ചിമ നേപ്പാളിലെ മഗാര്‍, ഗുരുങ്, കിഴക്കന്‍ നേപ്പാളിലെ റായ്, ലിബു എന്നീ ഗോത്രങ്ങളില്‍പ്പെട്ട ഗുര്‍ഖകളെയുമാണ് കമ്പനി സൈന്യത്തില്‍ ചേര്‍ത്തിരുന്നത്.

1857-ലെ ഇന്ത്യന്‍ സൈനിക കലാപത്തെ നേരിടുന്നതിനും 1900-ലെ ബോക്സര്‍ ലഹള അമര്‍ച്ച ചെയ്യുന്നതിനും ബ്രിട്ടന്‍ ഗൂര്‍ഖകളെ ഉപയോഗിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ഗൂര്‍ഖാ ബ്രിഗേഡ് ബ്രിട്ടനുവേണ്ടി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉയരം കുറഞ്ഞവരും മംഗോളിയന്‍ ശരീരപ്രകൃതം ഉള്ളവരുമാണ് ഗൂര്‍ഖകള്‍. ഹിന്ദുമത വിശ്വാസികളായ ഇവര്‍ ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ഇന്തോ-ആര്യന്‍ ഭാഷകളില്‍പ്പെട്ട നേപ്പാളിയാണ് സംസാരിക്കുന്നത്. സംസ്കൃതജന്യമായ നേപ്പാളിക്ക് ഹിന്ദിയോട് അടുത്ത സാദൃശ്യമുണ്ട്. ഇക്കൂട്ടരുടെ പ്രധാന ഉപജീവനമാര്‍ഗം കാവല്‍പ്പണിയാണ്. അടുത്ത കാലത്തായി ഗൂര്‍ഖകളുടെ രാഷ്ട്രീയ ബോധം വളരെക്കണ്ട് വളര്‍ന്നിട്ടുണ്ട്. ഇതിനു തെളിവാണ് പശ്ചിമബംഗാളിലെ ഡാര്‍ജലിങ് ആസ്ഥാനമായി സുഭാഷ് ഗീസിങ്ങിന്റെ നേതൃത്വത്തില്‍ ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഗൂര്‍ഖാലാന്‍ഡിനുവേണ്ടി നടത്തിയ പ്രക്ഷോഭണങ്ങളും അതിന്റെ ഫലമായി രൂപവത്കരിക്കപ്പെട്ട ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍