This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഹ്യരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:06, 16 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗുഹ്യരോഗങ്ങള്‍

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍. ഗുഹ്യമായ അഥവാ മറയ്ക്കപ്പെട്ടിരിക്കുന്ന അവയവങ്ങളെ ബാധിക്കുന്ന രോഗം എന്ന അര്‍ഥത്തിലാണ് ഈ സംജ്ഞ പ്രയോഗത്തില്‍ വന്നത്. ലൈംഗികരോഗങ്ങള്‍, രതിജന്യരോഗങ്ങള്‍ എന്നീ പേരുകളുമുണ്ട്. ഇവയില്‍ പ്രധാനമായവ സിഫിലിസ്, ഗൊണോറിയ, എയ്ഡ്സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം, ഷാന്‍ക്രോയിഡ്, ഡൊണോവനോസിസ് ലിംഫോഗ്രാനുലോമ വെനേറിയം, ഹെര്‍പ്പസ് ജനിറ്റാലിസ്, ജനിറ്റല്‍ വാര്‍ട്ട് (ജനനേന്ദ്രിയത്തിലെ അരിമ്പാറ), നോണ്‍ഗോണോകോക്കല്‍ യൂറിത്രൈറ്റിസ് എന്നിവയാണ്. ഇവയ്ക്കു പുറമേ ട്രൈക്കോമോണിയാസിസ് കാന്‍ഡിഡിയാസിസ്, ഹെപ്പറ്റൈറ്റിസ്-ബി-മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം, ഗുഹ്യഭാഗത്തെ ചൊറി (സ്കേബിസ്), പാലുണ്ണി (മൊളസ്കം കണ്ടേജിയോസം) തുടങ്ങി മറ്റ് പതിനൊന്നോളം രോഗങ്ങളും ഗുഹ്യരോഗങ്ങളുടെ പട്ടികയില്‍പ്പെടുന്നു. സിഫിലിസ്, ഗൊണോറിയ, ഹെര്‍പ്പസ് ജനിറ്റാലിസ്, നോണ്‍ഗോണോകോക്കല്‍ യൂറിത്രൈറ്റിസ് എന്നിവയാണ് കേരളത്തില്‍ സാധാരണയായി കണ്ടുവരുന്ന ഗുഹ്യരോഗങ്ങള്‍.

ഗൊണോറിയ, സിഫിലിസ് തുടങ്ങി പല ലൈംഗിക രോഗങ്ങള്‍ക്കും മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട്. ഹിപ്പോക്രാറ്റസിന്റെ അന്വേഷണ തൃഷ്ണയാണ് ഗൊണോറിയയുടെ ശാസ്ത്രീയ വശത്തേക്ക് വെളിച്ചം വീശിയത്. ഇതൊരു ഗുഹ്യരോഗമാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല.

പ്രാകൃത സമുദായങ്ങളില്‍ നിലനിന്നിരുന്നതും യാദൃച്ഛിക സമ്പര്‍ക്കത്തിലൂടെ സംക്രമിച്ചിരുന്നതുമായ ഒരു രോഗമായിരുന്നു സിഫിലിസ്സെന്നാണ് ഒരു മതം. ജനതയുടെ സംസ്കാരവും ജീവിതരീതികളും ശുചിത്വബോധവും മെച്ചപ്പെട്ടതോടെ യാദൃച്ഛിക സംക്രമണരീതി ലൈംഗികബന്ധം വഴിയുള്ള സംക്രമണമായി പരിണമിച്ചു എന്ന് ഈ മതത്തിന്റെ വക്താക്കള്‍ വിശ്വസിക്കുന്നു.

പുരാതന ഗ്രീക്, ഈജിപ്ഷ്യന്‍, അറബിക് വൈദ്യ സംഹിതകളിലൊന്നും സിഫിലിസ്സിനോട് സാദൃശ്യമുള്ള രോഗത്തെക്കുറിച്ച് പരാമര്‍ശങ്ങളില്ല. എന്നാല്‍ അമേരിന്ത്യരുടെ ഇടയില്‍ സിഫിലിസ് സാധാരണയായിരുന്നു എന്നതിന് അക്കാലത്തെ അസ്ഥികൂടങ്ങള്‍ തെളിവു നല്കുന്നു. അമേരിക്കയില്‍നിന്നും കൊളംബസും കൂട്ടരുമാണ് ഈ രോഗം യൂറോപ്പില്‍ എത്തിച്ചത്. 1493-ലാണ് കൊളംബസ് സ്പെയിനില്‍ തിരിച്ചെത്തിച്ചത്. അടുത്തവര്‍ഷം ഫ്രാന്‍സിലെ ചാള്‍സ് VIII-ന്റെ ആക്രമണത്തിന് വിധേയമായപ്പോള്‍ നേപ്പിള്‍സിന്റെ പ്രതിരോധസേനയില്‍ കൊളംബസിന്റെ സംഘക്കാരും ഉണ്ടായിരുന്നത്രെ. അന്നത്തെ യുദ്ധമുറകളുടെ പ്രത്യേകത കാരണം രോഗം ഫ്രഞ്ചുകാരിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നുവെന്നു കരുതപ്പെടുന്നു.

റയ് ഡയസ് ഡി ഇലാ (Ruy Diaz de Isla) എന്ന പോര്‍ച്ചുഗീസ് ഭിഷഗ്വരനാണ് ബാര്‍സിലോണയില്‍ വച്ച് രോഗത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കിയത്. ഫ്രീക്കസ്റ്റോറിയസ് എന്ന കവിയുടെ സിഫിലിസ് സിവ് മോര്‍ബസ് ഗാലിയസ് (Syphilis Sive Morbus Gallieus, 1521) എന്ന കവിതയില്‍ നിന്നാണ് സിഫിലിസ് എന്ന സംജ്ഞ ഉണ്ടായത്. വാസ്കോ ദ ഗാമയും സംഘവുമാണ് രോഗം ഇന്ത്യയില്‍ എത്തിച്ചത്. അതുകൊണ്ട് കേരളത്തില്‍ പറങ്കിപ്പുണ്ണ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ലോകമെമ്പാടും ഗുഹ്യരോഗങ്ങള്‍ ഇന്നു വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 1960 മുതല്‍ ഈ വര്‍ധന ലോകശ്രദ്ധയില്‍പ്പെടുകയും ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു. പക്ഷേ, ഒരു രാജ്യത്തും ഗുഹ്യരോഗങ്ങളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. യു.എസ്സില്‍ പ്പോലും 10 ഗുഹ്യരോഗികളില്‍ ഏഴ് പേര്‍ സ്ഥിതിവിവരക്കണക്കുകളുടെ പരിധിക്കു പുറത്താണ്. ലൈംഗിക രോഗികളില്‍ ബഹുഭൂരിപക്ഷവും ചികിത്സയ്ക്കായി സ്വകാര്യ ഡോക്ടര്‍മാരെ ആശ്രയിക്കുന്നതുകൊണ്ട് ശരിയായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ലാതാകുന്നു.

രോഗനിരക്കിലുണ്ടായിട്ടുള്ള വര്‍ധനവിനു പല കാരണങ്ങളുണ്ട്. നഗരവത്കരണം, വ്യവസായവത്കരണം, ടൂറിസവികസനം, മൂല്യബോധത്തിലെ മാറ്റം, ജനസംഖ്യാവര്‍ധനവ്, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ധിച്ച ഉപഭോഗം, സ്വവര്‍ഗഭോഗം, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പ്രചാരം തുടങ്ങിയവ ഇവയില്‍ ചിലതാണ്. വൈറസ്മൂലമുണ്ടാകുന്ന എയ്ഡ്സ്പോലെ ചിലവയൊഴികെ മറ്റ് മിക്ക ഗുഹ്യരോഗങ്ങള്‍ക്കും ഇന്ന് ഫലപ്രദമായ ചികിത്സകളുണ്ടെങ്കിലും രോഗനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വൈദ്യശാസ്ത്ര ബാഹ്യമായ കാരണങ്ങളാലാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലും യു.എസ്സിലും ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഗുഹ്യരോഗം ഗൊണോറിയയാണ്. മിക്ക രാജ്യങ്ങളിലും സിഫിലിസ്, ഗൊണോറിയ രോഗികളുടെ അനുപാതം 1:15 ആണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിഫിലിസ് തന്നെയാണ് ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. കേരളത്തിലെ ഗുഹ്യരോഗികളില്‍ 32 ശതമാനത്തിന് സിഫിലിസ്സും 19 ശതമാനത്തിന് ഗൊണോറിയയും കണ്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തോതില്‍ കാണപ്പെടുന്നത് ഡൊണോവനോസിസ് (0.3 ശ.മാ.) ആണ്. തമിഴ്നാട്ടില്‍ ഈ രോഗം അപൂര്‍വമല്ല. വിരളമായെങ്കിലും ഒരേ രോഗിയില്‍ ഒരേ സമയം ഒന്നിലധികം ഗുഹ്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. സ്ത്രീയില്‍ നിന്നു പുരുഷനിലേക്കും മറിച്ചും രോഗം പകരാം. പലപ്പോഴും സ്ത്രീകളാണ് രോഗവാഹകര്‍. ചികിത്സയ്ക്കെത്തുന്ന രോഗികളില്‍ 78 ശതമാനത്തോളം പുരുഷന്മാരാണ്. തിരുവനന്തപുരത്ത് ഗുഹ്യരോഗികളുടെ സ്ത്രീ-പുരുഷ അനുപാതം 1:3.6 ആണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഈ അനുപാതം വ്യത്യസ്തമാണ്. ഡെന്മാര്‍ക്കില്‍ ഇത് 1:1.6 ആണെങ്കില്‍ യു.എസ്സിന്റെ ചില ഭാഗങ്ങളില്‍ ഇത് 1:1.7 ആണ്.

ഗുഹ്യരോഗങ്ങള്‍ പ്രധാനമായും യുവാക്കളുടെ രോഗമാണ്. കേരളത്തില്‍ മൊത്തം രോഗികളില്‍ ഏകദേശം 65 ശതമാനത്തോളം 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇന്ത്യന്‍ സ്ത്രീകളില്‍ രോഗനിരക്ക് കുറവായി കാണുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാകാം.

1.സ്ത്രീകളില്‍ രോഗലക്ഷണങ്ങള്‍ പൊതുവേ പ്രത്യക്ഷമല്ലാത്തതുകൊണ്ട് രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

2.ഇന്ത്യന്‍ സമൂഹത്തില്‍ കുടുംബ ബന്ധങ്ങളുടെ ദൃഢതയും വനിതകളുടെ ഉന്നതമായ സന്മാര്‍ഗ നിഷ്ഠയും.

സിഫിലിസ്. നേര്‍ത്ത നാരിന്റെ വലുപ്പത്തില്‍ സ്പ്രിങ്പോലുള്ള ട്രിപ്പനീമാ പാലിടം എന്ന രോഗാണുവാണ് സിഫിലിസ്സിനു കാരണം. ശരീരത്തില്‍ ഏതു ഭാഗത്തെയും രോഗം ബാധിക്കാം. ചിലരില്‍ രോഗം അതിന്റെ സമൂര്‍ത്ത ഭാവത്തില്‍ പ്രകടമാകുമ്പോള്‍ മറ്റു ചിലരില്‍ പ്രത്യക്ഷമായ യാതൊരു രോഗലക്ഷണവുമില്ലാതെ അന്തര്‍ലീനമായിരിക്കും.

സിഫിലിസ്സിനെ പൊതുവേ സ്വാര്‍ജിതമെന്നും ജന്മസിദ്ധമെന്നും തരംതിരിച്ചിട്ടുണ്ട്. പല ഘട്ടങ്ങളായാണ് രോഗം പ്രത്യക്ഷമാകുന്നത്. രോഗമുള്ള ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് 10 മുതല്‍ 20 വരെ ദിവസങ്ങള്‍ക്കകം രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഭൂരിപക്ഷം രോഗികളിലും രോഗ പ്രത്യക്ഷകാലം രണ്ട് മുതല്‍ നാല് വരെ ആഴ്ചകളാണ്. ഇതാണ് രോഗത്തിന്റെ ഒന്നാംഘട്ടം. ജനനേന്ദ്രിയത്തിലോ രോഗാണു എത്തിപ്പെടുന്ന മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടാകുന്ന വ്രണമാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷണം. ചുവന്ന ചെറിയ തടിപ്പായി തുടങ്ങി പയര്‍മണിയോളം വലുപ്പത്തിലുള്ള കുരുവായി വളര്‍ന്ന് അതു പൊട്ടിയാണ് വ്രണമാകുന്നത്. ചിലപ്പോള്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ വൃത്താകൃതിയില്‍ വ്യക്തമായ അരികുകളോടുകൂടിയ ഒന്നിലധികം ചുവന്നവ്രണങ്ങള്‍ ഉണ്ടായെന്നുവരാം. ഇവയുടെ അടിഭാഗം ഒരു ബട്ടണിന്റെ വലുപ്പത്തില്‍ നീര്‍വീക്കംകൊണ്ട് കട്ടിയായിരിക്കും. ജനനേന്ദ്രിയത്തിന്റെ ഏതു ഭാഗത്തും വ്രണങ്ങള്‍ ഉണ്ടാകാം. സ്ത്രീകളില്‍ യോനിക്കുള്ളിലോ ഗര്‍ഭാശയമുഖത്തോ (cervix) ഉണ്ടായാല്‍ ഇവ ശ്രദ്ധിക്കപ്പെടാതെ പോകാന്‍ സാധ്യതയുണ്ട്.

ചുണ്ടുകള്‍, നാക്ക്, തൊണ്ട, വിരലുകള്‍, കണ്‍പോളകള്‍, മുലക്കണ്ണ് തുടങ്ങി, രോഗാണുസ്പര്‍ശമേല്ക്കാവുന്ന മറ്റു ഭാഗങ്ങളിലും വ്രണങ്ങള്‍ ഉണ്ടാകാറുണ്ട്. ചികിത്സിക്കാതിരുന്നാലും മൂന്ന് മുതല്‍ 10 വരെ ആഴ്ചകള്‍ക്കകം ഇവ സ്വയം ഉണങ്ങും.

വ്രണങ്ങള്‍ ഉണ്ടായി ആറ് മുതല്‍ എട്ട് വരെ ആഴ്ചകള്‍ കഴിയുമ്പോള്‍ രോഗം അതിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു. ഭൂരിപക്ഷം രോഗികളിലും ഈ സമയത്തിനുള്ളില്‍ വ്രണങ്ങള്‍ കരിഞ്ഞിരിക്കുമെങ്കിലും മൂന്നിലൊന്നോളം രോഗികളില്‍ രണ്ടാംഘട്ടത്തിന്റെ ആരംഭത്തിലും വ്രണങ്ങള്‍ നിലനിന്നെന്നു വരാം. അപൂര്‍വമായി വ്രണങ്ങളോ ഒന്നാംഘട്ടമോ ഇല്ലാതെ രണ്ടാംഘട്ടമായിത്തന്നെ രോഗം തുടങ്ങാറുണ്ട്. ഉദാ. രോഗമുള്ളവരുടെ രക്തം സ്വീകരിക്കുന്നവരിലും ജന്മസിദ്ധ സിഫിലിസ്സിലും ഒന്നാംഘട്ടം ഉണ്ടാകാറില്ല.

ചെറിയ പനി, തലവേദന, വിശപ്പില്ലായ്മ, ക്ഷീണം, മെലിച്ചില്‍, തൊണ്ടവേദന, തൊണ്ടയടപ്പ്, അസ്ഥി-സന്ധികള്‍ക്ക് വേദന എന്നിവ രണ്ടാംഘട്ടത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ആകാം. 75 ശതമാനം രോഗികളിലും ദേഹമാസകലം തൊലിപ്പുറത്തുണ്ടാകുന്ന പലതരം പാടുകള്‍ ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്. ചുവന്ന പാടുകളായോ തടിപ്പുകളായോ പഴുത്ത കുരുക്കളായോ ഇവ പ്രത്യക്ഷപ്പെടാം. ചിലതരം പാടുകള്‍ വൃത്താകൃതിയിലാകുമ്പോള്‍ മറ്റു ചിലവ മിനുസമുള്ള ശല്ക്കങ്ങള്‍ കൊണ്ടു മൂടപ്പെട്ടിരിക്കാം. രോമകൂപങ്ങളില്‍ ഉണ്ടാകുന്നവയൊഴിച്ച് മറ്റുതടിപ്പുകള്‍ക്കൊന്നും ചൊറിച്ചിലോ വേദനയോ ഉണ്ടാകാറില്ല. വൃത്താകൃതിയില്‍ തലമുടി കൊഴിയുന്നതിന് അപൂര്‍വമായെങ്കിലും സിഫിലിസ് കാരണമാകാം. വായിലെയും ജനനേന്ദ്രിയത്തിലെയും ശ്ലേഷ്മ ചര്‍മത്തില്‍ (mucous membaranae) വട്ടത്തില്‍ വെളുത്ത പാടപോലുള്ള തടിപ്പ്, ഒച്ച് ഇഴഞ്ഞതുപോലെ വളഞ്ഞുപുളഞ്ഞ ആകൃതിയിലുള്ള നേര്‍ത്ത വ്രണങ്ങള്‍, വായുടെ കോണുകളില്‍ വെടിപ്പ് എന്നിവയ്ക്കു പുറമേ ജനനേന്ദ്രിയത്തിലോ മലദ്വാരത്തിനു ചുറ്റുമോ ശരീരത്തിന്റെ മടക്കുകളിലോ കാണുന്ന 'കോളിഫ്ളവര്‍' പോലത്തെ അരിമ്പാറയും രോഗത്തിന്റെ ഈ ഘട്ടത്തെ സൂചിപ്പിക്കുന്നു. 50 ശതമാനം രോഗികളില്‍ ലസനഗ്രന്ഥി(lymph)കള്‍ക്ക് വീക്കമുണ്ടാകുമ്പോള്‍ 10 ശതമാനത്തോളം പേരില്‍ തലച്ചോറ്, കരള്‍, കണ്ണ്, അസ്ഥികള്‍, സന്ധികള്‍ തുടങ്ങിയവകളെയും രോഗം ബാധിക്കുന്നു. അപൂര്‍വമായി തൊലിപ്പുറത്തുണ്ടാകുന്ന (പ്രത്യേകിച്ചും ഉള്ളം കൈകാലുകള്‍) കറുത്തതോ പാണ്ഡുപോലെ വെളുത്തതോ ആയ പാടുകളും രോഗത്തെ സൂചിപ്പിക്കുന്നു. ചിലരില്‍ ശ്രദ്ധേയമായ ഒരു രോഗലക്ഷണവും ഉണ്ടായില്ലെന്നും വരാം. രോഗത്തിന്റെ ഈ രണ്ടാംഘട്ടവും ചികിത്സിക്കപ്പെടാതെതന്നെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വയം അപ്രത്യക്ഷമാകും. ചുരുക്കം ചില രോഗികളില്‍ ഇത് ആറ് മാസം വരെ നീണ്ടുനില്‍ക്കാനോ ഇടവിട്ടു പ്രത്യക്ഷപ്പെടാനോ സാധ്യതയുണ്ട്.

സിഫിലിസ് രണ്ടാംഘട്ടം

രണ്ടാംഘട്ടത്തിലും ചികിത്സിക്കപ്പെട്ടില്ലെങ്കില്‍ ബാഹ്യമായ യാതൊരു ലക്ഷണവുമില്ലാത്ത രോഗം തികച്ചും അന്തര്‍ലീനമാകുന്നു. ഒന്നാംഘട്ടം തുടങ്ങി മൂന്ന് മുതല്‍ 10 വരെ വര്‍ഷം കഴിയുമ്പോള്‍ രോഗം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു. തൊലിപ്പുറത്തോ ആന്തരാവയവങ്ങളിലോ ഉണ്ടാകുന്ന ചെറിയ മുഴകള്‍ മുതല്‍ ഉള്ളംകാലില്‍ വ്രണം, പക്ഷാഘാതം, ഭ്രാന്ത്, ഹൃദ്രോഗം തുടങ്ങി ഏതെങ്കിലും രൂപത്തിലാകാം രോഗം പ്രത്യക്ഷപ്പെടുന്നത്. ഫലപ്രദമായ ചികിത്സ ആരംഭിച്ചാല്‍ രോഗം മൂന്നാംഘട്ടത്തില്‍ എത്താറില്ല. വളരെ അപൂര്‍വമായി മാത്രമേ ഇതു സംഭവിക്കുന്നുള്ളു.

രക്തപരിശോധന രോഗനിര്‍ണയത്തിന് അനുപേക്ഷണീയമാണ്. സാധാരണയായി വി.ഡി.ആര്‍.എല്‍. (Venereal Disease Research Laboratory) പരിശോധനയാണ് ചെയ്യുന്നത്. ഇതിനു പുറമേ സങ്കീര്‍ണവും സൂക്ഷ്മവുമായ കൂടുതല്‍ പരിശോധനകള്‍ മികച്ച ലബോറട്ടറികളില്‍ ലഭ്യമാണ്. ഇതു രോഗനിര്‍ണയം ഉറപ്പുവരുത്തും.

ജന്മനാലുള്ള സിഫിലിസ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് സിഫിലിസ് ബാധിച്ചാല്‍ മറുപിള്ള (Placenta) വഴി രോഗാണുക്കള്‍ ഗര്‍ഭസ്ഥ ശിശുവില്‍ പ്രവേശിക്കും. മാതാവിന് സിഫിലിസ്സിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഘട്ടമാണെങ്കില്‍ സിഫിലിസ്സുമായേ കുട്ടി ജനിക്കൂ. ഗര്‍ഭത്തിന്റെ പ്രാരംഭഘട്ടങ്ങളിലാണ് രോഗം ബാധിക്കുന്നതെങ്കില്‍ നാലാം മാസം കഴിയുമ്പോഴേക്കും ഗര്‍ഭം അലസിപ്പോകാന്‍ സാധ്യതയുണ്ട്. ഉള്ളം കൈയിലും കാലിലും ഉണ്ടാകുന്ന തീപ്പൊള്ളല്‍ പോലുള്ള കുമിളകളാകാം രോഗത്തിന്റെ ആദ്യലക്ഷണം. ജനിക്കുമ്പോള്‍ത്തന്നെ ഇതുണ്ടായിരിക്കാനും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ രണ്ടാം ഘട്ടത്തിലുണ്ടാകുന്നതുപോലെ ചര്‍മത്തിലെയും ശ്ലേഷ്മ ചര്‍മത്തിലെയും പാടുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കണ്ടുതുടങ്ങും. അപൂര്‍വമായി ശിശുക്കളില്‍ രോഗത്തിന്റെ വൈകിയ ലക്ഷണങ്ങളാകാം കാണുന്നത്. കാഴ്ചയ്ക്കു തകരാറ്, അണ്ണാക്കില്‍ ദ്വാരങ്ങള്‍, മൂക്കിന്റെ പാലത്തിനും പല്ലുകള്‍ക്കുമുണ്ടാകുന്ന വൈകല്യങ്ങള്‍ തുടങ്ങി പല തകരാറുകളും സിഫിലിസ്മൂലം കുട്ടികള്‍ക്കുണ്ടാകാറുണ്ട്.

ഗൊണോറിയ 19-ാം ശ.-ത്തിന്റെ അന്ത്യം വരെയും ഗൊണോറിയയുടെ കാരണങ്ങളെക്കുറിച്ചു വ്യക്തമായ ധാരണകളുണ്ടായിരുന്നില്ല. ഒരു തെറ്റിദ്ധാരണയുടെ ഫലമായാണ് ഈ രോഗത്തിനു ഗൊണോറിയ എന്ന പേരുതന്നെ ഉണ്ടായത്. രോഗിയുടെ മൂത്രനാളിയില്‍ നിന്ന് ചലം വരുന്നതു കണ്ട ഗാലന്‍ എന്ന ശാസ്ത്രജ്ഞന്‍ അത് ശുക്ലമാണെന്നു ധരിച്ച് 'വിത്തുകളുടെ പ്രവാഹം' എന്നര്‍ഥം വരുന്ന 'ഗൊണോറിയ' എന്ന പേര് രോഗത്തിനു നല്കി. ഇതൊരു പ്രത്യേക രോഗമേയല്ല, മറിച്ച് സിഫിലിസ്സിന്റെ പ്രാരംഭലക്ഷണം മാത്രമാണെന്നു വാദിച്ചവരും ഉണ്ടായിരുന്നു. നീസ്സര്‍ എന്ന ശാസ്ത്രജ്ഞനാണ് ഗൊണോറിയയുടെ അണുക്കളെ കണ്ടെത്തിയത് (1879). വൃക്കയുടെ ആകൃതിയില്‍ ഇരട്ടകളായി കാണുന്ന ഇവ നീസ്സിറിയ ഗൊണോറിയ അഥവാ ഗോണോകോക്കസ് എന്നറിയപ്പെടുന്നു.


ആല്‍ബര്‍ട്ട് നീസ്സര്‍
ഗൊണേറിയ ബാക്ടീരിയ
ഗൊണോകോക്കല‍് ഒപ് ത്താല്മിയ
സ്ത്രീകളിലെ ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഗൊണേറിയ
ഗൊണേറിയ ബാധിച്ച പുരുഷ ജനേന്ദ്രിയത്തില്‍ നിന്നുള്ള ചലം

രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് രണ്ടുമുതല്‍ അഞ്ചു വരെ ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. അപൂര്‍മായി ഈ കാലയളവ് രണ്ടോ മൂന്നോ ആഴ്ചവരെ നീണ്ടുപോകാം. മൂത്രമൊഴിക്കുമ്പോള്‍ നേരിയ അസ്വസ്ഥത, മൂത്രമെരിച്ചില്‍, വേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. ഒരു ദിവസംകൂടി കഴിയുമ്പോള്‍ പുരുഷന്മാരുടെ മൂത്രനാളിയില്‍ നിന്ന് മൂക്കളപോലൊരു ദ്രാവകം വരികയും മണിക്കൂറുകള്‍ക്കകം അതു മഞ്ഞനിറത്തിലുള്ള ചലമായി മാറുകയും ചെയ്യും. ഇതോടൊപ്പം മൂത്രദ്വാരത്തില്‍ നീര്‍വീക്കവും വേദനയും അനുഭവപ്പെടാം. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ ശരിയായ ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗം മൂത്രനാളിയുടെ പിന്‍ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഇടയ്ക്കിടെ മൂത്രം പോവുക, തിടുക്കം തോന്നുക, ശക്തമായ വേദനയും മൂത്രനാളിയില്‍ നീരടപ്പും അനുഭവപ്പെടുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. മദ്യപാനം, ആവര്‍ത്തിച്ചുള്ള ലൈംഗികവേഴ്ച, കഠിനാധ്വാനം തുടങ്ങിയവ രോഗനില വഷളാക്കിയേക്കാം. രോഗം പഴകിക്കഴിഞ്ഞാല്‍ ചലം വീണ്ടും മൂക്കളപോലെ ആകുകയും രാവിലെ മാത്രമായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

സ്ത്രീകളില്‍ രോഗലക്ഷണങ്ങള്‍ താരതമ്യേന കുറവാണ്. പലപ്പോഴും തീരെ ഉണ്ടാകാറില്ല. രോഗം ബാധിക്കുന്ന പുരുഷന്മാരിലും 5-10 ശതമാനം പേര്‍ക്ക് യാതൊരു രോഗലക്ഷണവും കാണാറില്ല. ഇത്തരം രോഗവാഹകരാണ് പ്രധാനമായും രോഗത്തിന്റെ ഉറവിടം.

ശരിയായ ചികിത്സ തക്കസമയത്തു കിട്ടാതെ വന്നാല്‍ രോഗം സങ്കീര്‍ണാവസ്ഥയിലേക്കു കടക്കും. പുരുഷന്മാര്‍ക്ക് മൂത്രനാളിയില്‍ തുടര്‍ച്ചയായ വേദന, കാമനീര്‍ ഗ്രന്ഥി(prostate gland)യില്‍ നീര്‍വീക്കവും അതുമൂലമുള്ള അസ്വസ്ഥതയും, വൃഷണങ്ങളില്‍ നീര്‍വീക്കവും വേദനയും, മൂത്രനാളി ചുരുങ്ങല്‍ (stricture) തുടങ്ങി വന്ധ്യതവരെ സംഭവിക്കാം.

യോനീവശങ്ങളിലുള്ള ബാര്‍ത്തോളിന്‍ ഗ്രന്ഥിയില്‍ പഴുപ്പുകെട്ടല്‍, അണ്ഡവാഹിനിക്കുഴലുകളില്‍ വീക്കം തുടങ്ങിയവയാണ് സ്ത്രീകള്‍ക്കു സാധാരണ ഉണ്ടാകാവുന്ന വിഷമങ്ങള്‍. അണ്ഡവാഹിനിക്കുഴലുകളില്‍ പഴുപ്പുണ്ടായാല്‍ അത് രോഗിയെ ഗുരുതരാവസ്ഥയിലാക്കാമെന്നതിനു പുറമേ, ഭാവിയില്‍ വന്ധ്യതയ്ക്കും അതു കാരണമാകാം. ഗര്‍ഭിണികള്‍ക്കു രോഗമുണ്ടാകുകയും പ്രസവസമയത്ത് രോഗാണുക്കള്‍ ശിശുവിന്റെ കണ്ണില്‍ എത്തുകയും ചെയ്താല്‍ 'ഗോണോ കോക്കല്‍ ഒഫ്താല്‍മിയ' എന്ന രോഗംമൂലം കുട്ടിക്ക് കാഴ്ച നഷ്ടപ്പെടാം. 19-ാം ശ.-ത്തിന്റെ അന്ത്യദശകത്തില്‍ യൂറോപ്പിലുണ്ടായിരുന്ന അന്ധരില്‍ മൂന്നിലൊന്നു ഭാഗത്തിനും കാഴ്ച നഷട്പ്പെട്ടത് ഗൊണോറിയമൂലമാണെന്ന് കരുതപ്പെടുന്നു. രോഗാണുക്കള്‍ വളരെ അപൂര്‍വമായി രക്തത്തില്‍ പ്രവേശിക്കുകയും അതുവഴി ചര്‍മം, സന്ധികള്‍, ഹൃദയം, കരള്‍, മസ്തിഷ്കചര്‍മം എന്നിവയെ ബാധിക്കുകയും ചെയ്യാം (നോ: ഗൊണോറിയ).

എയ്ഡ്സ്. ഗുഹ്യരോഗങ്ങളുടെ ചരിത്രത്തില്‍ ഏറ്റവുമൊടുവില്‍ എഴുതിച്ചേര്‍ത്ത ഒരു ദുരന്ത അധ്യായമാണ് എയ്ഡ്സ് (AIDS) അഥവാ അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം. 1981-ല്‍ യു.എസ്സിലെ സ്വവര്‍ഗഭോഗികളിലാണ് രോഗം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഏഴു വര്‍ഷത്തിനുള്ളില്‍ അത് ലോകമെമ്പാടും വ്യാപിച്ചു. 1988 അവസാനമായപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നരലക്ഷത്തോളം എയ്ഡ്സ് രോഗികള്‍ ഉള്ളതായും ഒരു കോടിയില്‍പ്പരം ആള്‍ക്കാര്‍ ആസന്നഭാവിയില്‍ രോഗികളാകാന്‍ സാധ്യതയുള്ളതായും കണക്കാക്കപ്പെട്ടു. രോഗികളുടെയും രോഗസാന്നിധ്യതയുള്ളവരുടെയും എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നെങ്കിലും ഫലപ്രദമായ ചികിത്സയോ പ്രതിരോധ കുത്തിവയ്പോ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

റിട്രോവൈറസ് വിഭാഗത്തില്‍പ്പെട്ട HIV (Human Immuno deficiency Virus) ആണ് എയ്ഡ്സിനു കാരണം. 1984-ല്‍ യു.എസ്സില്‍ റോബര്‍ട്ട് ഡി. ഗാലോയുടെയും ഫ്രാന്‍സില്‍ ലൂക്മൊണ്ടെയ്നറുടെയും നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്. രക്തത്തിലെ ശ്വേതാണുക്കളില്‍ ഒരു വിഭാഗമായ ലസനകോശങ്ങളെ(lymphocytes)യാണ് ഈ വൈറസ് ബാധിക്കുന്നത്. രോഗപ്രതിരോധത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന ബാഹ്യവസ്തുക്കളായ ആന്റിജനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന T4 എന്ന വിഭാഗം ലസനകോശങ്ങളെ തിരഞ്ഞുപിടിച്ചു നശിപ്പിക്കുകയാണ് ഒകഢ ചെയ്യുന്നത്. ഇതിന്റെ ഫലമായി ശരീരത്തിന്റെ പ്രതിരോധശേഷി നശിക്കുകയും സാധാരണഗതിയില്‍ നിരുപദ്രവികളായ രോഗാണുക്കള്‍പോലും ശരീരത്തെ ആക്രമിച്ച് രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം രോഗങ്ങളുടെ കൂട്ടായ ആക്രമണം മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ അതിനെയാണ് ശരിയായ അര്‍ഥത്തില്‍ എയ്ഡ്സ് എന്നു പറയുന്നത്.

രോഗത്തിന്റെ ആരംഭകാലത്ത് സ്വര്‍വര്‍ഗഭോഗികള്‍, മയക്കുമരുന്നുകള്‍ നേരിട്ടു രക്തധമനികളിലേക്കു കുത്തിവയ്ക്കുന്നവര്‍, രക്തമോ അതിന്റെ ഘടകങ്ങളോ സ്വീകരിക്കുന്നവര്‍, രോഗം ബാധിച്ച ഗര്‍ഭിണികളുടെ കുട്ടികള്‍ എന്നിവരിലാണു പ്രധാനമായും രോഗം കണ്ടിരുന്നത്. രോഗം പടര്‍ന്നുപിടിച്ചു കഴിഞ്ഞപ്പോള്‍ ഇവരുടെ പ്രസക്തിയില്‍ കഴമ്പില്ലാതായി. രോഗിയുടെ രക്തമോ ശുക്ലമോ തൊലിപ്പുറത്തെയോ ശ്ലേഷ്മ ചര്‍മത്തിലെയോ മുറിവുകളിലോ പോറലുകളിലോ സ്പര്‍ശിക്കുന്നതു വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. രോഗിക്ക് കുത്തിവയ്ക്കാനുപയോഗിച്ച സൂചി തട്ടി തൊലിപ്പുറത്ത് പോറലുണ്ടായാലും രോഗസാധ്യതയുണ്ട്. രോഗിയുടെ ഉമിനീരില്‍ വൈറസുകള്‍ ഉണ്ടെങ്കിലും അവയുടെ എണ്ണം താരതമ്യേന കുറവായതിനാല്‍ അതില്‍ നിന്നും രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് കരുതപ്പെടുന്നു. വൈറസ് ശരീരത്തില്‍ കടന്നാല്‍ രക്തപരിശോധനയിലൂടെ (എലിസാ ടെസ്റ്റ്, വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ്) അതു കണ്ടുപിടിക്കാന്‍ ആറ് ആഴ്ച മുതല്‍ ഒരു വര്‍ഷംവരെ വേണ്ടിവരും. അതിനുശേഷമുള്ള രോഗത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയെ വാര്‍ട്ടര്‍ റീഡ് വിഭജന പ്രകാരം ആറുഘട്ടങ്ങളായി തിരിക്കാം. രക്തപരിശോധനയില്‍ HIV യുടെ സാന്നിധ്യം തെളിയുകയും രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്താല്‍ അതിനെ ഒന്നാം ഘട്ടമായി കരുതാം. ലസനഗ്രന്ഥികളുടെ വീക്കമാണ് രണ്ടാംഘട്ടത്തിന്റെ പ്രധാന ലക്ഷണം. ഇതു രണ്ടുമുതല്‍ അഞ്ചു വരെ വര്‍ഷം നീണ്ടുനില്‍ക്കാം. മൂന്നാംഘട്ടം മുതല്‍ T4 ലസനകോശങ്ങളുടെ എണ്ണം 400-ല്‍ കുറഞ്ഞ് ശരീരത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുകയും ഈ ഘട്ടത്തിന്റെ പ്രതിരോധശേഷി ക്രമേണ കുറയുകയും ചെയ്യുന്നു. ഈ ഘട്ടം 18 മാസം വരെ നീണ്ടുനില്‍ക്കാം. നാലാംഘട്ടത്തില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമായിക്കൊള്ളണമെന്നില്ല. ശരീരത്തിന്റെ പ്രധാന സവിശേഷത. ത്വക്കില്‍ അന്യപദാര്‍ഥങ്ങള്‍ കുത്തിവച്ചാണ് ഇത് വിലയിരുത്തുന്നത്. ഇതിനെ വൈകിയ അതിസംവേദനതാ (delayed hypersensitivity) പരിശോധന എന്നാണ് പറയുന്നത്. നാലാം ഘട്ടത്തില്‍ ത്വക്കില്‍ ഇത്തരം നാലു പരിശോധന നടത്തിയാല്‍ മൂന്നും നെഗറ്റീവ് ആയിരിക്കും. അഞ്ചാംഘട്ടം മുതല്‍ രോഗത്തിന്റെ ശരിയായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ ഘട്ടത്തില്‍ രോഗം സാവകാശം മൂര്‍ച്ഛിക്കുകയും പനി, രാത്രികാലങ്ങളില്‍ വിയര്‍പ്പ്, മെലിച്ചില്‍ തുടങ്ങി ശ്ലേഷ്മ ചര്‍മത്തില്‍ കാന്‍സിഡമൂലമുള്ള പൂപ്പല്‍ രോഗം; വയറിളക്കം, തൊലിപ്പുറത്ത് മണ്ണന്‍ പോലുള്ള പാടുകള്‍, വ്രണങ്ങള്‍, രോമകൂപത്തില്‍ പഴുപ്പ്, ന്യൂമോസിസ്റ്റിസ് കരീനി, സൈറ്റോമെഗാലോ വൈറസ് എന്നിവ മൂലമുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍; അന്ധത, കപോസി സാര്‍ക്കോമ എന്ന കാന്‍സര്‍ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ ബാധിക്കാവുന്നതാണ്. T4 കോശങ്ങളുടെ എണ്ണം നൂറില്‍ കുറഞ്ഞ് പ്രതിരോധശേഷി ഏറ്റവും താഴ്ന്ന നിലയില്‍ എത്തുമ്പോള്‍ ഒട്ടനവധി രോഗങ്ങള്‍ രോഗിയെ കീഴ്പ്പെടുത്തുന്നു. രോഗത്തിന്റെ ആറാംഘട്ടത്തിലുള്ള ഈ ഗുരുതരാവസ്ഥയെയാണ് എയ്ഡ്സ് എന്നു പറയുന്നത്. മറ്റു ഘട്ടങ്ങളെ (നാലും അഞ്ചും) ഒകഢ രോഗമെന്നു പറയുന്നതാകും ശരി. എല്ലാ രോഗികളും മേല്‍ സൂചിപ്പിച്ച എല്ലാഘട്ടങ്ങളും തരണം ചെയ്യണമെന്നില്ല. അവസാനഘട്ടത്തിലെത്തുന്നതിനു മുന്‍പും രോഗം മാരകമാകാം. ഒകഢ ക്കെതിരെ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ 50 ശതമാനത്തോളം രോഗികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ മരണപ്പെടുന്നു. പരീക്ഷണഘട്ടത്തിലിരിക്കുന്ന അസിഡോതൈമിഡിന്‍ (AZT) എന്ന മരുന്ന് ആശയ്ക്കു വകനല്കുന്നു. എയ്ഡ്സ് വാക്സിന്‍ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

എയ്ഡ്സ് രോഗാണുക്കള്‍

ഹെര്‍പ്പസ് ജനിറ്റാലിസ്. മൊത്തം ഗുഹ്യരോഗികളില്‍ 18-20 ശതമാനത്തോളം പേര്‍ക്ക് ഹെര്‍പ്പസ് ജനറ്റാലിസ് ബാധിക്കുന്നുണ്ട്. ഹെര്‍പ്പസ് വൈറസ് ഹോമ്നിസ് ടൈപ്പ് 2 എന്ന ഒരുതരം വൈറസാണ് ഇതിനു കാരണം. സ്ത്രീകളാണ് പലപ്പോഴും രോഗത്തിന്റെ ഉറവിടം. രോഗം ബാധിച്ച ഇവരുടെ ഗര്‍ഭാശയമുഖത്തു നിന്നും ഈ വൈറസിനെ വേര്‍തിരിച്ചെടുക്കാം. രോഗമുള്ള വ്യക്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ജനനേന്ദ്രിയത്തില്‍ ശ്ലേഷ്മചര്‍മം ഉള്‍പ്പെടെ ഏതു ഭാഗത്തും രോഗം പ്രത്യക്ഷപ്പെടാം. തൊലിപ്പുറത്തുണ്ടാകുന്ന നീറ്റലോ ചൊറിച്ചിലോ ആണ് പ്രാരംഭലക്ഷണം. മണിക്കൂറുകള്‍ക്കുശേഷമോ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകമോ മൊട്ടുസൂചിത്തലപ്പിന്റെ ആകൃതിയിലും വലുപ്പത്തിലും ഏതാനും കുമിളകള്‍ കൂട്ടമായി പ്രത്യക്ഷപ്പെടും. ഓരോ കുമിളയ്ക്കു ചുറ്റും നല്ല ചുവപ്പുള്ള ഒരു നേരിയ വൃത്തവും സാധാരണ കാണാം. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ കുമിളകള്‍ പൊട്ടി വളരെ ചെറിയ വൃണങ്ങളായി മാറുന്നു. പതക്കളയില്‍ വീക്കമുണ്ടാകുന്നതിനു പുറമേ ഈ വ്രണങ്ങളില്‍ മറ്റു രോഗാണുക്കള്‍ കടന്നു പഴുപ്പുണ്ടാകാവുന്നതാണ്. അപൂര്‍വമായി ഈ ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെടാം. രണ്ടു മുതല്‍ നാല് വരെ ആഴ്ചകള്‍ക്കകം വ്രണങ്ങള്‍ ഉണങ്ങുമെങ്കിലും രോഗം ആവര്‍ത്തിക്കുകയാണ് പതിവ്. ഏതാനും പ്രാവശ്യം രോഗം ആവര്‍ത്തിച്ചുകഴിയുമ്പോള്‍ അതിന്റെ രൂക്ഷത കുറയുകയും 10 ദിവസത്തിനുള്ളില്‍ വ്രണം ഉണങ്ങുകയും ചെയ്യും.പുരുഷന്മാരില്‍ ഈ രോഗത്തെ വെറുമൊരു ശല്യക്കാരനായി മാത്രം കരുതാമെങ്കിലും സ്ത്രീകളില്‍ ഇതുമൂലം ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകാം. ഗര്‍ഭിണികളില്‍ രോഗം പലപ്പോഴും ഗുരുതരാവസ്ഥകള്‍ സൃഷ്ടിക്കാം. ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളിലാണ് രോഗമുണ്ടാകുന്നതെങ്കില്‍ ഗര്‍ഭം അലസിപ്പോകാനോ ശിശുവിന് ജന്മനാ വൈകല്യമുണ്ടാകാനോ സാധ്യതയുണ്ട്. ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തില്‍ രോഗബാധ ഉണ്ടായാല്‍ ശിശുവിന് രോഗം ബാധിക്കാനും അതു മാരകമാകാനും സാധ്യതയുണ്ട്. പ്രായമായവരില്‍ ഈ വൈറസ് അപൂര്‍വമായി മെനിന്‍ജൈറ്റിസ് എന്ന രോഗമുണ്ടാക്കാം.

ഷാന്‍ക്രോയിഡ് രൊഗാണുക്കള്‍

ഷാന്‍ക്രോയിഡ്. തീരെ അപൂര്‍വമായല്ലാതെ കാണുന്ന ഒരു ഗുഹ്യരോഗമാണ് ഷാന്‍ക്രോയിഡ്; പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍. കേരളത്തില്‍ ആറ് മുതല്‍ 10 വരെ ശതമാനം രോഗികളില്‍ ഷാന്‍ക്രോയിഡ് കാണുന്നുണ്ട്. ഹീമോ ഫിലസ് ഡ്യൂക്രി എന്നൊരു രോഗാണുവാണ് ഇതിനു കാരണം. ലൈംഗികബന്ധത്തിലൂടെ ഇതു ശരീരത്തില്‍ കടന്നാല്‍ ഒന്നു മുതല്‍ അഞ്ചു വരെ ദിവസങ്ങള്‍ക്കകം രോഗം കണ്ടുതുടങ്ങും. ജനനേന്ദ്രിയത്തിലുണ്ടാകുന്ന ഒന്നിലധികം വ്രണങ്ങളാണ് സാധാരണ രോഗലക്ഷണം. ചെറിയ കുരുവായി തുടങ്ങി അതു പഴുത്തുപൊട്ടി ഏതാനും മി.മീ. മുതല്‍ ഏതാനും സെ.മീ. വരെ വലുപ്പത്തില്‍ വൃത്താകൃതിയിലുള്ള വ്രണങ്ങള്‍ ഉണ്ടാകുന്നു. ഇവയുടെ അരികുകള്‍ (edges) ഉള്ളിലേക്കു ചാഞ്ഞുകിടക്കുന്നതുകൊണ്ട് വ്രണത്തിന്റെ വലുപ്പം യഥാര്‍ഥത്തില്‍ ഉള്ളതിനെക്കാള്‍ ചെറുതായിത്തോന്നാം. നീര്‍വീക്കമില്ലാതെ ഇതിന്റെ അടിഭാഗം മൃദുവായിരിക്കുന്നതുകൊണ്ട് സിഫിലിസ് വ്രണങ്ങളില്‍ നിന്നും ഇവയെ തിരിച്ചറിയാന്‍ അതൊരുപാധിയായി സ്വീകരിക്കാറുണ്ട്. വ്രണങ്ങള്‍ക്കു പലപ്പോഴും കഠിനമായ വേദന ഉണ്ടാകാമെന്നതിനു പുറമേ ചെറിയ തട്ടലോ പോറലോ ഏറ്റാല്‍ അവയില്‍ നിന്നും രക്തം പ്രവഹിക്കാനും സാധ്യതയുണ്ട്. ജനനേന്ദ്രിയത്തിലുണ്ടാകുന്ന വ്രണം വൃഷണങ്ങള്‍, മലദ്വാരത്തിനു ചുറ്റുമുള്ള ഭാഗം, തുടകള്‍, അടിവയര്‍ എന്നീ ഭാഗങ്ങളിലേക്കു പടരാം. മേല്‍ വിവരിച്ചതില്‍നിന്നും വ്യത്യസ്തമായും ഷാന്‍ക്രോയിഡിന്റെ വ്രണങ്ങള്‍ ഉണ്ടാകാം. രോമകൂപത്തില്‍ വളരെ ചെറിയ വ്രണങ്ങളായി പ്രത്യക്ഷപ്പെട്ട് ഏതാനും ദിവസം കഴിയുമ്പോള്‍ കാണാതാവുകയും പിന്നീട് പതക്കളയില്‍ പരുവായി വരുകയും ചെയ്യാം.


ലിംഫോ ഗ്രാനുലോമ വെനേറിയം. എല്‍.ജി.വി. (LGV) എന്ന ചുരുക്കപ്പേരിലും ഈ രോഗം അറിയപ്പെടുന്നു. ആഫ്രിക്കയിലും മറ്റ് ഉഷ്ണമേഖലാരാജ്യങ്ങളിലുമാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. ക്ളെമിഡിയ വര്‍ഗത്തില്‍പ്പെട്ട ഒരു രോഗാണുവാണ് ഇതിനു കാരണം. ബെഡ്സോണിയ എന്ന പേരും ചിലര്‍ ഉപയോഗിക്കുന്നുണ്ട്. രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു ഒരാഴ്ചയ്ക്കുള്ളില്‍ രോഗമുണ്ടാകാം. ജനനേന്ദ്രിയത്തില്‍ ഒന്നോ അതിലധികമോ ചെറിയ കുരുക്കളോ കുമിളകളോ വ്രണങ്ങളോ ആയിട്ടായിരിക്കും രോഗം തുടങ്ങുന്നത്. ഇതുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തോന്നാത്തതുകൊണ്ടും ഏതാനും ദിവസങ്ങള്‍ക്കകം ഇത് ഉണങ്ങുന്നതുകൊണ്ടും പലപ്പോഴും ഇത് ശ്രദ്ധിച്ചില്ലെന്നു വരാം. ഏതാനും ദിവസങ്ങളോ ആഴ്ചകളോ കഴിയുമ്പോള്‍ പതക്കളയില്‍ വീക്കമുണ്ടാകുമ്പോഴാണ് രോഗം ശ്രദ്ധിക്കപ്പെടുന്നത്. ഭൂരിപക്ഷം രോഗികളിലും ഈ വീക്കം ഒരു വശത്തേ ഉണ്ടാകാറുള്ളൂ. മൂന്നിലൊന്നോളം രോഗികളില്‍ ഇതു രണ്ടുവശത്തും ഉണ്ടാകാം. തുടയുടെ മുകള്‍ഭാഗത്തെയും അടിവയറിനെയും വേര്‍തിരിക്കുന്ന ഇന്‍ഗ്വൈനല്‍ ലിഗമെന്റിന്റെ മുകളിലും താഴെയുമുള്ള ലസന ഗ്രന്ഥികളിലാണ് ഈ വീക്കമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും മുഴപോലുള്ള വീക്കത്തിന്റെ നടുവില്‍ ലിഗമെന്റിന്റെ ഭാഗത്ത് ഒരു ചാല്‍പോലെ കുഴിഞ്ഞഭാഗം കാണാം. തുടക്കത്തില്‍ വേറിട്ടുനില്‍ക്കുന്ന ചെറിയ മുഴകളായിക്കാണുന്ന വീക്കം ഏതാനും ദിവസങ്ങള്‍ക്കകം അപ്രത്യക്ഷമാകുകയോ ഒന്നിച്ചുകൂടി പൊട്ടി കൊഴുത്ത ചലം ഒലിക്കുകയോ ചെയ്യും. ചിലപ്പോള്‍ ഒന്നിലധികം സ്ഥലത്തു പൊട്ടി ചലം ഒലിക്കും. അപൂര്‍വം ചിലര്‍ക്ക് പനി, വിറയല്‍, തലവേദന, വിശപ്പില്ലായ്മ, ഓക്കാനം, സന്ധിവേദന തുടങ്ങിയവയും അനുഭവപ്പെടും. അരക്കെട്ടിനുള്ളിലുള്ള ലസന ഗ്രന്ഥികളില്‍ വീക്കമുണ്ടായാല്‍ വയറു വേദനയും ഉണ്ടാകും. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ രോഗത്തിന്റെ അനന്തരഫലങ്ങള്‍ പ്രത്യക്ഷപ്പെടും-ജനനേന്ദ്രിയത്തില്‍ മന്തു ബാധിച്ചതുപോലുള്ള വീക്കം, മലത്തിലൂടെ രക്തം പോക്ക്, മലദ്വാരത്തിനു ചുറ്റും പരുക്കള്‍, മുഴകള്‍, മലാശയം ചുരുങ്ങി അടയല്‍ എന്നിവയാണ് അനന്തരഫലങ്ങള്‍.

ഗ്രാനുലോമ ഇന്‍ഗ്വൈനാലി. കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന ഈ രോഗം പല പേരുകളില്‍ അറിയപ്പെടുന്നു. ഡൊണോവനോസിസ് എന്ന പേരിനാണ് കൂടുതല്‍ പ്രചാരം. ഡൊണോവന്‍ എന്ന ശാസ്ത്രജ്ഞന്‍ ഇന്ത്യയില്‍ വച്ചാണ് ഈ രോഗത്തിന് നിദാനമായ കാലിമറ്റൊ ബാക്റ്റീരിയം ഗ്രാനുലോമാറ്റിസ് എന്ന രോഗാണുവിനെ കണ്ടെത്തിയത് (1905).

രോഗപ്രസരണശേഷി വളരെ കുറഞ്ഞ ഒരു ഗുഹ്യരോഗമാണിത്. രോഗിയുമായി പലതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലേ  ഈ രോഗം ബാധിക്കാറുള്ളൂ. എട്ട് ദിവസം മുതല്‍ 12 ആഴ്ചവരെ നീണ്ട രോഗപ്രത്യക്ഷകാലത്തിനു ശേഷമാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. ചെറിയ കുരുവായോ പൊള്ളലായോ തുടങ്ങി ക്രമേണ വൃത്താകൃതിയില്‍ വെല്‍വെറ്റിന്റെ മാര്‍ദവമുള്ള വ്രണമായി മാറുകയും ദിവസം കഴിയുന്തോറും അതിന്റെ വലുപ്പം കൂടുകയും ചെയ്യുന്നു. വ്രണത്തെ സ്പര്‍ശിച്ചു നില്‍ക്കുന്ന ഭാഗങ്ങളിലേക്കു അത് പടരാന്‍ സാധ്യതയുണ്ട്. വ്രണം കരിയുമ്പോഴുണ്ടാകുന്ന തഴമ്പുകള്‍ എല്‍.ജി.വി.യിലെന്നപോലെ ജനനേന്ദ്രിയത്തില്‍ വീക്കമുണ്ടാകാന്‍ കാരണമാകാം.

(ഡോ. ടി.വി. ഗോപാലകൃഷ്ണന്‍ നായര്‍)

ആയുര്‍വേദത്തില്‍. പുരുഷന്റെ പ്രത്യുത്പാദന അവയവമായ ലിംഗത്തെ ബാധിക്കുന്ന 23 രോഗങ്ങളെയും സ്ത്രീയുടെ പ്രത്യുത്പാദന അവയവങ്ങളായ യോനി, ഗര്‍ഭാശയം ഇവയെ ബാധിക്കുന്ന 20 രോഗങ്ങളെയും ആയുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്. സുശ്രുതന്‍ തുടങ്ങിയ ആചാര്യന്മാര്‍ പുരുഷലിംഗത്തെ ബാധിക്കുന്ന രോഗങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് ഉപദംശം, ശൂകദോഷജം എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഇവ യഥാക്രമം അഞ്ചും പതിനെട്ടും ആണ്. മിക്കവാറും എല്ലാ ആചാര്യന്മാരും 43 ഗുഹ്യരോഗങ്ങളെ വിവരിക്കുന്നുണ്ടെങ്കിലും രോഗനാമങ്ങളില്‍ വ്യത്യാസം കാണുന്നുണ്ട്.

ലിംഗരോഗം. വളരെക്കാലം സംഭോഗം ചെയ്യാതിരുന്നതിനുശേഷം പെട്ടെന്ന് സംഭോഗം ചെയ്യുക; വാതാദിദോഷങ്ങള്‍ നിമിത്തം ദുഷിച്ചതും ശുചിത്വമില്ലാത്തതും ചെറിയ യോനിയോടുകൂടിയതുമായ സ്ത്രീകളുമായി ബന്ധപ്പെടുക; മൈഥുനേച്ഛയില്ലാത്ത സ്ത്രീ, പ്രസവിച്ച് അധികദിവസമാകാത്ത സ്ത്രീ എന്നിവരെ സംഭോഗത്തിനു സ്വീകരിക്കുക; അന്യയോനികള്‍ (ഗോമഹിഷാദികള്‍) സ്വീകരിക്കുക; മൈഥുനത്തിനുശേഷം ശരിയാംവിധം ശൌചം ചെയ്യാതിരിക്കുക; ദുഷിച്ച ജലംകൊണ്ട് ശൌചം ചെയ്യുക; ലിംഗത്തിനു വലുപ്പം വര്‍ധിപ്പിക്കുവാനായി തീക്ഷ്ണങ്ങളായ മരുന്നുകള്‍ പുരട്ടുക; കൈ, നഖം, ദന്തം ഇവകൊണ്ട് ലിംഗത്തിന് പീഡ സംഭവിക്കുക; ശുക്ലവേഗത്തെ തടയുക എന്നീ കാരണങ്ങള്‍കൊണ്ട് വാതാദിദോഷങ്ങള്‍ ദുഷിച്ച് ലിംഗരോഗങ്ങള്‍ ഉണ്ടാകുന്നു.

ലിംഗരോഗങ്ങളുടെ നാമം. ഉപദംശം, ഗുഹ്യാര്‍ശ്ശസ്, സര്‍ഷപിക, അവമന്ഥം, കുംഭിക, അലര്‍ജി, ഉത്തപാ, പുഷ്കരിക, സംവ്യൂസപിടക, നിവൃര്‍ത്ത, അവപാടിക, മുദിത, അഷ്ഠീലിക, നിരുദ്ധമണി, ഗ്രഥിത, സ്പര്‍ശഹാനി, ശതപോനകം, ത്വക്പാകം, മാംസപാക, അസുഗര്‍ബുദം, മാംസാര്‍ബുദം, വിദ്രധി, തിലകാളകം.

യോനീരോഗങ്ങള്‍. മൃഷ്ടാന്നം ഭക്ഷിക്കുക, കൈകാല്‍ മുതലായ ശരീരാവയവങ്ങളെ വേണ്ടവിധത്തിലല്ലാതെ വച്ചു കിടക്കുക, ഇരിക്കുക, അതിമൈഥുനം, കൃത്രിമമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള ലിംഗം കൊണ്ടുള്ള മൈഥുനം, ആര്‍ത്തവദോഷം ജന്മനാലുള്ള ദോഷം ഇവകള്‍കൊണ്ട് സ്ത്രീകള്‍ക്ക് 20 യോനി-ഗര്‍ഭാശയ രോഗങ്ങളുണ്ടാകുന്നു.

രോഗനാമങ്ങള്‍. വാതകി, അതിചരണ, പ്രാക്ചരണ, ഉദാവര്‍ത്ത, ജാതഘ്നി, അന്തര്‍മുഖി, സൂചിമുഖി, ശുഷ്കാ, വാമിനി, ഷണ്ഡാ, മഹായോനി, പൈത്തികി, രക്തയോനി, ശ്ളൈഷ്മികി, ലോഹിതക്ഷയ, പരിപ്ളുത, ഉപപ്ളുത, വിപ്ളുത, കര്‍ണിനി, സാന്നിപാതികി.

ചികിത്സ. രോഗകാരണങ്ങളായ ദോഷങ്ങളെയും രോഗസ്വഭാവത്തെയും ആധാരമാക്കി അനേകം ചികിത്സാക്രമങ്ങള്‍ ഉണ്ട്. ഓരോ രോഗത്തിനും പ്രത്യേകം പ്രത്യേകം ചികിത്സയും നിര്‍ദേശിക്കുന്നുണ്ട്. എല്ലാ രോഗത്തിനുംകൂടി പൊതുവായ ചികിത്സാക്രമം നിര്‍ദേശിക്കുന്നുമില്ല. അത് വിപരീതഫലത്തെ ഉണ്ടാക്കുന്നതുമാണ്.

(ഡോ. നാരായണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍