This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുലാത്തി, ഐ.എസ്. (1924 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:58, 16 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗുലാത്തി, ഐ.എസ്. (1924 - 2002)

ഐ.എസ്.ഗുലാത്തി

ഇന്ത്യന്‍ ധനതത്ത്വശാസ്ത്ര വിദഗ്ധന്‍. പ്രഭ്ഭ്യാല്‍ സിങ്ങിന്റെയും ഗുലാബ് കൗറിന്റെയും പുത്രനായി 1924 മാ. 15.-നു ബന്നു(ഇന്നത്തെ പാകിസ്താനില്‍)വില്‍ ജനിച്ചു. ഇക്ബാല്‍ സിങ് ഗുലാത്തി എന്നാണ് മുഴുവന്‍ പേര്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ എം.എ. ബിരുദവും ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്ന് പിഎച്ച്.ഡി. ബിരുദവും നേടി. ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയില്‍ ധനതത്ത്വശാസ്ത്ര വിഭാഗത്തില്‍ റീഡര്‍ (1956-59), പ്രൊഫസര്‍ (1959-68) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കരീബിയനില്‍ യു.എന്‍. പ്രാദേശിക സാമ്പത്തികോപദേഷ്ടാവ് (1968-71), മൗറീഷ്യസിലെ ഐ.എം.എഫ്. കണ്‍സള്‍ട്ടന്റ് (1972), ആറാം ധനകാര്യ കമ്മിഷന്‍ അംഗം (1972-73), സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ്  സ്റ്റഡീസില്‍ ഫെലോ (1972-80), കേരള സ്റ്റേറ്റ് കമ്മിറ്റി ഓണ്‍ കമ്മോഡിറ്റി ടാക്സേഷന്‍ അധ്യക്ഷന്‍ (1974-76), യു.ജി.സി. നാഷണല്‍ ലക്ചറര്‍ (ധനതത്ത്വശാസ്ത്രം, 1976-77), ആര്‍.സി. ദത്ത് ലക്ചറര്‍ (1978-79), ഏഷ്യന്‍ വികസനബാങ്ക് കണ്‍സള്‍ട്ടന്റ് (1980), കര്‍ണാടക സ്റ്റേറ്റ് ടാക്സേഷന്‍ റിവ്യൂ കമ്മിറ്റി അധ്യക്ഷന്‍ (1981-82), സാമ്പത്തികോപദേശക സമിതി-കോര്‍പ്പറേറ്റ് ടാക്സേഷന്‍ സ്റ്റഡിഗ്രൂപ്പ് അംഗം (1982-84), ധനകാര്യ മന്ത്രാലയത്തില്‍ കമ്മിറ്റി ഓണ്‍ കണ്‍ട്രോള്‍സ് അംഗം (1984), ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ഫെലോ (1980-82), കേല്‍ മെമ്മോറിയല്‍ ലക്ചറര്‍ (1982) എന്നീ നിലകളില്‍ തുടര്‍ന്ന് സേവനം നടത്തി. ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ് കാപ്പിറ്റല്‍ ടാക്സേഷന്‍ ഇന്‍ എ ഡെവലപ്പിങ് എക്കോണമി (1957), റിസോഴ്സ് പ്രോസ്പെക്റ്റ് ഫോര്‍ തേഡ് ഫൈവ് ഇയര്‍ പ്ലാന്‍ (1959), ദ അണ്‍ ഡിവൈഡഡ് ഹിന്ദു ഫാമിലി; ഇറ്റ്സ് ടാക്സ് പ്രിവിലേജസ് (1962), സെന്റര്‍ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ റിലേഷന്‍സ് (1979), ഇന്റര്‍നാഷണല്‍ മോണിറ്ററി ഡെവലപ്മെന്റ് ആന്‍ഡ് ദ തേഡ് വേള്‍ഡ് (1980), ഐ.എം.എഫ്. കണ്ടീഷണാലിറ്റി ആന്‍ഡ് ലോ ഇന്‍കം കണ്‍ട്രീസ് (1982) എന്നിവ. കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ ഉപാധ്യക്ഷനും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഓണററി ഫെലോയും ആയിരുന്നു. 2002 മേയ് 27-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍