This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചര്‍മം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചര്‍മം
ജന്തുശരീരത്തെ ആവരണം ചെയ്തിരിക്കുന്ന രക്ഷാകവചം. കശേരുകികളിലാണ് ഈ ബാഹ്യാവരണം ഏറ്റവും വികസിത രൂപത്തില്‍ കാണപ്പെടുന്നത്. ഒരു സ്പീഷീസിലെതന്നെ വിവിധ ജന്തുക്കളില്ക്കാണുന്ന ചര്‍മത്തിനും ഒരു ജന്തുവിന്റെതന്നെ വിവിധ ഭാഗങ്ങളില്‍ക്കാണുന്ന ചര്‍മത്തിനും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ട്. കൂടാതെ പ്രായം, ലിംഗം, കാലാവസ്ഥ തുടങ്ങിയവയും ചര്‍മത്തിന്റെ ഘടനയില്‍ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. മുതിര്‍ന്ന ഒരു വ്യക്തിയുടെ ഭാരത്തില്‍ ഏകദേശം 3-3.5 കി.ഗ്രാം വരെ ചര്‍മത്തിന്റേതാണ്. ചര്‍മത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. ശല്ക്കം, തൂവല്‍, നഖം, രോമം, കൊമ്പ്, കുളമ്പ്, മുള്ള് തുടങ്ങിയവ ചര്‍മത്തിന്റെ അവാന്തരരൂപങ്ങളാണ്.
അകശേരുകികളില്‍. അകശേരുകികളില്‍ പല തരത്തിലുള്ള ചര്‍മം കാണപ്പെടുന്നു. പ്രധാനമായും ബാഹ്യചര്‍മവും (epidermis) കോശമയമല്ലാത്ത ഉപചര്‍മവും (cuticle). ഏകകോശജീവികളില്‍ ബാഹ്യാവരണം പ്ലാസ്മാസ്തരമാണ്. എന്നാല്‍ പാരമീസിയത്തിന് ഇതുകൂടാതെ തനുചര്മം (pellicle) എന്നൊരാവരണം കൂടിയുണ്ട്. സീലന്ററേറ്ററുകള്ക്ക് ബാഹ്യചര്‍മവും ഉപചര്‍മവും കാണപ്പെടുന്നു. പരന്ന വിരകളില്‍ ബാഹ്യചര്‍മത്തില്‍ സിലിയകള്‍ (cilia) ഉണ്ട്. എന്നാല്‍ പരാദവിരകള്ക്ക് ബാഹ്യചര്‍മം ഇല്ല. പകരം ജീവനുള്ള കട്ടികൂടിയ ഉപചര്മമാണുള്ളത്. അനലിഡുകളില്‍ ശൂകമയമായ ബാഹ്യചര്‍മവും ഉപചര്‍മവും ഉണ്ട്. ആര്‍ത്രോപ്പോഡുകളില്‍ ബാഹ്യചര്‍മം കൂടാതെ കൈറ്റിന് (chitin) നിര്‍മിതമായ ഒരു ബാഹ്യകവചം (exoskelton) കൂടി കാണപ്പെടുന്നു. മൊളസ്കുകളില്‍ മൃദുലമായ ബാഹ്യചര്‍മവും സിലിയ, ശ്ലേഷ്മ ഗ്രന്ഥികള്‍ എന്നിവയും ഉണ്ട്. മറ്റ് മൊളസ്കുകളെക്കാള് സെഫാലോപോഡുകളില് ബാഹ്യാവരണം വികസിതമാണ്. സമുദ്രജലജീവികളായ 'എക്കൈനോഡെര്‍മേറ്റ ഫൈല'ത്തിന്റെ അര്‍ഥം തന്നെ മുള്ളുള്ള ചര്മത്തോടുകൂടിയത് എന്നാണ്. ഇവയുടെ ബാഹ്യചര്‍മത്തിലും സിലിയകള്‍ ഉണ്ട്. പൊതുവേ അകശേരുകികളുടെ ചര്‍മം ഒറ്റ സ്തരത്താല്‍ നിര്‍മിതമാണ്. എന്നാല്‍ കീറ്റോനാത്തകളുടെ ചര്‍മത്തില്‍ പല സ്തരങ്ങള്‍ കാണുന്നു.
കശേരുകികളില്‍. കശേരുകികളില്‍ ചര്‍മത്തിന്റെ ഘടന തികച്ചും സങ്കീര്‍ണമാണ്. പുരാതന ഫോസില്‍ കശേരുകികളില്‍ (ostracoderm) ഡെര്‍മല്‍ അഥവാ അസ്ഥിശല്ക്കങ്ങളുണ്ടായിരുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എല്ലാ കശേരുകികളിലും ചര്‍മത്തില്‍ രണ്ട് സ്തരങ്ങളുണ്ട്. ബാഹ്യചര്‍മവും ഡെര്‍മിസും (dermis or corium) . ഭ്രൂണത്തിന്റെ ബാഹ്യപാളിയില്നിന്ന് (ectoderm) ബാഹ്യചര്‍മവും മധ്യപാളിയില്‍ (mesoderm) നിന്ന് ഡെര്‍മിസും ഉടലെടുക്കുന്നു. ബാഹ്യചര്‍മ പ്രതലത്തില്‍ കടുപ്പമേറിയ കെരാറ്റിന്‍ എന്ന പദാര്‍ഥം അടങ്ങിയിരിക്കുന്നു. കെരാറ്റിന്‍ സാധാരണയായി ഉപരിതലഭാഗത്ത് മൃദുവായും ഉപാംഗങ്ങളില്‍ ദൃഢമായും കാണപ്പെടുന്നു. ഡെര്‍മിസില്‍ രക്തക്കുഴലുകള്‍, നാഡികള്‍, ഗ്രന്ഥികള്‍, വര്‍ണകങ്ങള്‍, ഗ്രാഹികള്‍ എന്നിവ ഉണ്ട്.
മത്സ്യങ്ങളിലെ ശല്ക്കങ്ങള് ചര്‍മത്തില്‍ നിന്നാണ് രൂപം പ്രാപിച്ചിട്ടുള്ളത്. സൈക്ലോസ്റ്റോമുകളില് ശല്ക്കങ്ങള് ഇല്ലെങ്കിലും അജൈവമായ ഒരു ഉപചര്‍മം ശരീരത്തെ പൊതിഞ്ഞിരിക്കുന്നു. മത്സ്യങ്ങളുടെ ബാഹ്യചര്‍മത്തില്‍ കെരാറ്റിന്‍ തീരെ കുറവാണ്. എന്നാല്‍ ശ്ലേഷ്മ ഗ്രന്ഥികള്‍ കാണുന്നുണ്ട്. ബാഹ്യചര്‍മത്തിന്റെ ഉപരിതലഭാഗത്ത് കാണപ്പെടുന്ന അജൈവകോശങ്ങള്‍ പൊഴിഞ്ഞുകൊണ്ടിരിക്കും. സ്രാവിന്റെ ചര്‍മം ദൃഢമാണ്. ഇവയില്‍ കാണുന്ന പട്ടാഭശല്ക്കങ്ങള് (placoid scales) ഡെര്‍മിസില്‍ നിന്നാണ് ഉദ്ഭവിച്ചിട്ടുള്ളത്. അസ്ഥിമത്സ്യങ്ങളിലും ഡെര്‍മല്‍ ശല്ക്കങ്ങളുണ്ട്. പക്ഷികള്‍, സസ്തനികള്‍ എന്നിവയൊഴിച്ചുള്ള കശേരുകികളുടെ ചര്‍മത്തിന് നിറം നല്‍കുന്നത് വര്ണകധരങ്ങളാണ് (chromatophores). ഇവ ഡെല്മിസിലാണ് സാധാരണയായി കണ്ടുവരുന്നത്. മുഖ്യമായി മെലാനോഫോര്‍, എറിഥ്റോഫോര്, സാന്തോഫോര്‍, ല്യൂക്കോഫോര്, ഗ്വാനോഫോര് എന്നിങ്ങനെ അഞ്ചുതരം വര്ണകധരങ്ങള് ഇവയില്‍ കാണപ്പെടുന്നു.
ഉഭയജീവികളുടെ ചര്‍മം എപ്പോഴും ഈര്‍പ്പമുള്ളതായിരിക്കും. ധാരാളം രക്തക്കുഴലുകളും ശ്ലേഷ്മഗ്രന്ഥികളും കാണുന്നു. ചര്‍മം ഇവയുടെ ഒരു പ്രധാന ശ്വസനേന്ദ്രിയവുമാണ്. ബാഹ്യചര്‍മത്തില്‍ കെരാറ്റിന്‍ ഉണ്ട്. ഉപരിതലഭാഗത്തെ അജൈവകോശങ്ങള്‍ പൊഴിയുന്നതിനനുസൃതമായി പുതിയ കോശങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കും. ഒരു ചെറിയ വിഭാഗം ഉഭയജീവികളുടെ (Apoda) ചര്‍മത്തില്‍ ശല്ക്കങ്ങള് കണ്ടുവരുന്നു. ചിലതിന്റെ ചര്‍മത്തില്‍ വിഷഗ്രന്ഥികളും കാണുന്നുണ്ട്. കൂടാതെ ചര്‍മത്തില്‍ കാണുന്ന വര്ഷകങ്ങള് മറ്റ് ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ ഇവയെ സഹായിക്കുകയും ചെയ്യുന്നു.
കരയില്‍ ജീവിക്കുന്ന കശേരുകികളില്‍ പൊതുവേ കട്ടിയുള്ള ബാഹ്യചര്‍മം ആണുള്ളത്. ഇതിനു കാരണവും കെരാറ്റിന്‍ തന്നെയാണ്. ഇഴജന്തുക്കളുടെ ബാഹ്യസ്തരം ശല്ക്കമയവും ദൃഢവുമാണ്. ഇവയുടെ കട്ടിയേറിയ ശല്ക്കങ്ങള് ബാഹ്യചര്മത്തില്നിന്ന് രൂപമെടുത്തിട്ടുള്ളതാണ്. ശരീരത്തിനുള്ളിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ഇവയുടെ ശല്ക്കങ്ങള് മത്സ്യങ്ങളുടേതില്‍ നിന്ന് തികച്ചും ഭിന്നമാണ്. ഇത്തരം ശല്ക്കങ്ങള് ചില പക്ഷികളുടെ കാലുകളിലും ചില സസ്തനികളുടെ വാലിലും കാണപ്പെടുന്നുണ്ട്. പാമ്പുകളിലും ലിസര്ഡുകളിലും അതിവ്യാപനരീതിയിലാണ് (overlapping) ശല്ക്കങ്ങള് വിന്യസിച്ചിരിക്കുന്നത്. ഈ സംവിധാനം ഇവയുടെ പ്രത്യേകരീതിയിലുള്ള ചലനത്തിന് സഹായകമാകുന്നു. ശല്ക്കങ്ങളുടെ പ്രത്യേക രീതിയിലുള്ള ഘടനകൊണ്ടാണ് 'പടംപൊഴിക്കല്‍' പ്രക്രിയ ഇഴജന്തുക്കളില്‍ സുഗമമായി നടക്കുന്നത്. രോമങ്ങള്‍, ശ്ലേഷ്മഗ്രന്ഥികള്‍ എന്നിവ ഇവയുടെ ചര്‍മത്തില്‍ ഇല്ല. കൂടാതെ സംരക്ഷണവര്ണവിന്യാസവും ഇവയില്‍ കാണുന്നു. ചീങ്കണ്ണി, മുതല എന്നീ ജന്തുക്കളില്‍ ചര്മത്തെക്കാളുപരി ശരീരത്തിന്റെ ഭൂരിഭാഗവും ആവരണം ചെയ്തിരിക്കുന്നത് ഷീല്‍ഡുകളാണ്.
പക്ഷികളുടെ ബാഹ്യാവരണം ചര്‍മവും തൂവലുകളുമാണ്. ചര്‍മം പ്രത്യേകിച്ച് കട്ടികുറഞ്ഞ് അയഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്. തൂവല്‍, നഖം, കൊക്ക് തുടങ്ങിയവ ബാഹ്യചര്‍മത്തിന്റെ ഉപാംഗങ്ങളാണ്. കോഴികളുടെ ചില്ലികള്‍, ഉച്ചിപ്പൂവ് എന്നിവയും ചര്‍മത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഉഷ്ണരക്തജീവികളായ ഇവയില്‍ ചര്‍മത്തിന്റെ പ്രധാനധര്‍മം ശരീരഊഷ്മാവ് നിയന്ത്രിക്കലാണ്; ഇതിന് ഏറെ സഹായിക്കുന്നത് ഇവയുടെ തൂവലുകളാണുതാനും. പക്ഷികളുടെ ചര്‍മത്തില്‍ കാണപ്പെടുന്ന ഏകഗ്രന്ഥി (Preen gland) ജലപക്ഷികളില്‍ വികസിതമായി കാണപ്പെടുന്നു.
സസ്തനികളില്‍ ചര്‍മം സുവികസിതമാണ്. ചര്‍മത്തിലെ രോമാവരണം ഇവയുടെ ഒരു പ്രത്യേകതയാണ്. രോമങ്ങള്‍ക്ക് ശരീരതാപനില നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്. പല സസ്തനികളിലും രോമങ്ങളോട് ചേര്‍ന്ന സംവേദനഗ്രാഹികള്‍ കാണപ്പെടുന്നു. പൂച്ചയുടെയും മറ്റും 'മീശ' ഇതിനുദാഹരണമാണ്. പൂച്ചയില്‍ സ്വേദഗ്രന്ഥികള്‍ കുറവാണ്. എന്നാല്‍ പട്ടിയില്‍ ഇവ കൂടുതലുമാണ്. ജീവിച്ചിരിക്കുന്ന സസ്തനികളില്‍ ആര്‍മഡില്ലോയുടെ (Armadillo) ശരീരത്തില്‍ രോമാവരണത്തിനു പകരം അസ്ഥിഫലകങ്ങളാണ് ഉള്ളത്. ഒപ്പോസത്തിന്റെ വാലില്‍ രോമങ്ങള്‍ ഇല്ല. പകരം ശല്ക്കങ്ങള് കാണപ്പെടുന്നു. ചര്മപക്ഷി എന്നറിയപ്പെടുന്ന വാവലുകളെ പറക്കാന്‍ സഹായിക്കുന്നത് കഴുത്തില്‍ തുടങ്ങി കണംകൈ വരെ നീണ്ടുകിടക്കുന്ന ചര്‍മമാണ്. കന്നുകാലി കുടുംബത്തില്‍പ്പെട്ട ജന്തുക്കളില്‍ ചര്‍മനിര്‍മിതമായ കൊമ്പുകളാണ് ഉള്ളത്. കാണ്ടാമൃഗത്തിന്റെ കൊമ്പ് രോമങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ള ഒരു പ്രത്യേക ഘടനയാണ്. കൂടാതെ കുളമ്പ്, നഖം, മുള്ളന്‍പന്നിയുടെ മുള്ള്, ചെമ്മരിയാടിന്റെ കമ്പിളി രോമങ്ങള്‍ എന്നിവയൊക്കെ ചര്‍മത്തിന്റെ ഉപാംഗങ്ങളാണ്.
ചര്‍മം മനുഷ്യനില്‍. മനുഷ്യന്റെ ശരീരഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള ചര്മങ്ങള് ഉണ്ട്. ഇവയുടെ നിറം, സ്ഥൂലത, ഘടന എന്നിവയില്‍ സ്ഥായിയായ വ്യത്യാസങ്ങളുണ്ട്. ഉദാഹരണമായി കണ്പോള, ചുണ്ട് എന്നീ ഭാഗങ്ങളിലെ ചര്‍മത്തിനും ഉള്ളംകൈ, കാലുകള്‍ എന്നിവിടങ്ങളിലെ ചര്‍മത്തിനും ഏറെ വ്യത്യാസങ്ങളുണ്ട്. ചര്‍മം സാധാരണയായി മൃദുലമാണ്. ബാഹ്യചര്‍മ ഉപരിതലത്തില്‍ പല ആകൃതിയിലുള്ള അടയാളങ്ങള്‍ സാധാരണയായി കണ്ടുവരുന്നു. പ്രത്യേകിച്ചും വിരലുകള്‍, ഉള്ളംകൈ, കാലുകള്‍ എന്നീ ഭാഗങ്ങളിലെ അടയാളങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ഈ അടയാളങ്ങള്‍ വ്യക്തിപരമായ തിരിച്ചറിയലിന് സഹായിക്കുന്നു.
ചര്‍മത്തില്‍ ബാഹ്യചര്‍മം, ഡെര്‍മിസ്, അധസ്ത്വചീയസ്തരം (subcutaneous layer) എന്നീ മൂന്ന് പാളികള്‍ ഉണ്ട്. എന്നാല്‍ ആന്തരിക ഘടനാപരമായി ആദ്യത്തെ രണ്ട് പാളികള്ക്കാണ് ഏറെ പ്രാധാന്യം. ബാഹ്യചര്‍മത്തില്‍ ഉപകലാ (epithelial) കോശങ്ങളും, ഡെര്‍മിസില്‍ സംയോജകകലയും അധസ്ത്വചീയസ്തരത്തില് അയഞ്ഞ രീതിയിലുള്ള സംയോജകകലയും കൊഴുപ്പും കാണപ്പെടുന്നു.
ബാഹ്യചര്‍മം. ബാഹ്യചര്‍മത്തിന്റെ കനം ഏകദേശം 0.07-0.12 മി.മീ. ആണ്. ചില ശരീരഭാഗങ്ങളില്‍ കനം കൂടുതലായി കാണപ്പെടുന്നു. പല സ്തരങ്ങള്‍ കൂടിച്ചേര്‍ന്നാണ് ബാഹ്യചര്‍മം ഉണ്ടായിട്ടുള്ളത്. ഏറ്റവും ഉപരിതലത്തില്‍ അന്തരീക്ഷവുമായി ബന്ധപ്പെടുന്നത് കിണസ്തരവും (stratum corneum) ഏറ്റവും അടിയിലുള്ളത് അങ്കുരണ സ്തരവുമാണ് (stratum germinativum). ഇതിനിടയില്‍ യഥാക്രമം സ്വച്ഛസ്തരം (stratum lucidum),കിണസ്തരം (stratum granulosum), മാല്‍പിജിസ്തരം (stratum malpighi) എന്നിവ കാണപ്പെടുന്നു. കിണസ്തരം പരന്ന ജൈവഹോണികോശങ്ങള്കൊണ്ടാണ് നിര്‍മിതമായിരിക്കുന്നത്. ഉയര്‍ന്ന തോതില്‍ കെരാറ്റിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ടാണ് ഹോണിസ്തരം എന്നു പറയുന്നത്. ഈ സ്തരത്തില്‍നിന്ന് കോശങ്ങള്‍ തുടര്‍ച്ചയായി പൊഴിഞ്ഞുകൊണ്ടിരിക്കും. പൊഴിയുന്നതിനനുസൃതമായി പുതിയ കോശങ്ങള്‍ ബാഹ്യചര്‍മത്തിലെ മറ്റ് സ്തരങ്ങളില്‍ നിന്ന് വളര്‍ന്നുകൊണ്ടുമിരിക്കും. കിണസ്തരത്തിന് താഴെ കട്ടികുറഞ്ഞ സ്വച്ഛസ്തരം കാണുന്നു. പല അടുക്കുകളായി പരന്ന കോശങ്ങള്‍ ഇതിലും ഉണ്ട്. കെരാറ്റിന്റെ പൂര്‍വ വസ്തുവായ ഇലൈഡിന് (eleidin) ഈ കോശങ്ങളിലാണ് കാണുന്നത്. സ്വച്ഛസ്തരത്തിനു കീഴില്‍ സമഭുജാകൃതിയിലുള്ള പരന്ന കോശങ്ങള്‍ പല അടുക്കുകളായി കാണപ്പെടുന്നു. ഇതാണ് കിണസ്തരം എന്നറിയപ്പെടുന്നത്. ഇതില്‍ ഇലൈഡിന്റെ പൂര്വവസ്തുവായ കെരാറ്റോഹയാലിന് ഉണ്ട്. തുടര്‍ന്ന് കാണുന്ന മാല്‍പിജിസ്തരം ബഹുതലീയാകൃതിയിലുള്ള കോശങ്ങള്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നു. അങ്കുരണസ്തരം ബഹുഭുജാകൃതിയിലുള്ള സ്തംഭാകാരജൈവ കോശങ്ങളാല്‍ നിര്‍മിതമാണ്. ഇവിടെനിന്ന് ഉദ്ഭവിക്കുന്ന കോശങ്ങളാണ് കിണസ്തരത്തിലെത്തി പൊഴിഞ്ഞുപോകുന്നത്. ഇവിടെയാണ് മെലാനിന്‍ എന്ന വര്‍ണകത്തിന്റെ ഉറവിടം. മെലാനോസൈറ്റുകള്‍ എന്ന പ്രത്യേക കോശങ്ങളാണ് ഈ വര്‍ണകം ഉത്പാദിപ്പിക്കുന്നത്. ബാഹ്യചര്‍മത്തിന് ഊതക ദ്രവത്തില്‍ (tissue fluid) നിന്നുമാണ് പോഷണം ലഭിക്കുന്നത്. സംവഹനകല ഈ പാളിയില്‍ ഇല്ല. ഇക്കാരണത്താലാണ് ബാഹ്യമായി മാത്രം ഉണ്ടാകുന്ന ചെറിയ മുറിവുകളില്‍ നിന്ന് രക്തം പുറത്തുവരാത്തത്. ജന്മനായുണ്ടാകുന്ന ചെറിയ മറുകുകള്‍ ബാഹ്യചര്മത്തില്നിന്നുമാണ് ഉടലെടുക്കുന്നത്.
ഡെര്‍മിസ്. ഡെര്‍മിസിന്റെ സ്ഥൂലത ഏകദേശം 1-3 മി.മീ. ആണ്. ഇതിന് രണ്ട് സ്തരങ്ങളുണ്ട്. ബാഹ്യസ്തരം കട്ടികുറഞ്ഞതാണ് (Parspapillaris). അതിസൂക്ഷ്മതന്തുക്കളാലാണ് ഈ സ്തരം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഡെര്‍മിസിന്റെ ഭാഗമായ ചെറിയ പ്രക്ഷേപങ്ങള്‍ കൊണ്ട് ഈ സ്തരം ബാഹ്യചര്മത്തോട് അന്തര്ഗ്രഥനം ചെയ്തിരിക്കുന്നു. രണ്ടാമത്തേത് ജാലികാരൂപത്തില്‍ കട്ടികൂടിയതാണ് (Parsreticularis). ഈ പാളിയിലെ മുഖ്യഘടകം ഫൈബ്രസ് പ്രോട്ടീനായ കൊലാജനും ഇലാസ്റ്റിനുമാണ്. ചര്‍മത്തിന്റെ പ്രധാന സ്വഭാവമായ ഇലാസ്തികതയ്ക്ക് മുഖ്യകാരണവും ഈ പ്രോട്ടീനുകളുടെ സാന്നിധ്യം തന്നെയാണ്. പ്രായം കൂടുന്നതിനനുസൃതമായി ഈ സ്വഭാവത്തിന് വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ബാഹ്യചര്‍മത്തില്‍ നിന്നും ഭിന്നമായി ഡെര്‍മിസില്‍ രക്തക്കുഴലുകള്‍, നാഡികള്‍, സ്വേദഗ്രന്ഥികള്‍, വസാഗ്രന്ഥികള്‍, ലസിക, രോമപുടം, സംവേദന ഗ്രാഹികള്‍, പേശികള്‍ എന്നിവ കാണപ്പെടുന്നു. സംവേദന ഗ്രാഹികളിലൂടെ താപം, സ്പര്‍ശം, മര്‍ദം, വേദന എന്നിവ അറിയുവാന്‍ കഴിയുന്നു.
അധസ്ത്വചീയസ്തരം (Subcutaneous layer). ഈ പാളിയിലെ പ്രധാന കല കൊഴുപ്പാണ്. ഇതിന്റെ സ്ഥൂലത ആഹാരരീതി, ലിംഗം എന്നിവയ്ക്കനുസൃതമായി ഓരോ വ്യക്തിയിലും വ്യത്യസ്തമായി കാണപ്പെടുന്നു. ഈ സ്തരം മനുഷ്യശരീരത്തിലെ ഒരു പ്രധാന കൊഴുപ്പുസംഭരണകേന്ദ്രമാണ്. ഈ കൊഴുപ്പ് തണുപ്പിന് രോധകമായി നിലകൊള്ളുന്നു. കണ്‍പോളയിലെ ചര്‍മത്തില്‍ ഈ സ്തരം കാണപ്പെടുന്നില്ല.
മനുഷ്യചര്‍മത്തിന്റെ ഉപാംഗങ്ങള്‍ സ്വേദഗ്രന്ഥികള്‍, വസാഗ്രന്ഥികള്‍, രോമം, നഖം എന്നിവയാണ്.
സ്വേദഗ്രന്ഥികള്‍. സ്വേദഗ്രന്ഥികള്‍ വിസര്ജനവസ്തുക്കളെ വിയര്‍പ്പിന്റെ രൂപത്തില്‍ പുറത്തുകളയുന്നു. ഏതു ഊഷ്മാവിലും എപ്പോഴും ഈ ഗ്രന്ഥികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഏകദേശം 30oC-നു മുകളില്‍ മാത്രമേ വിയര്‍പ്പ് ചര്‍മത്തിന്റെ ഉപരിഭാഗത്ത് കാണാന്‍ സാധിക്കുകയുള്ളു. വിയര്‍പ്പിന്റെ ഉത്സര്‍ജനത്തിലൂടെ ശരീരഊഷ്മാവിനെയും ശരീരദ്രവങ്ങളെയും നിയന്ത്രിക്കുന്നു. വിയര്പ്പിന് അമ്ലസ്വഭാവമാണുള്ളത്. ഇതിന് കാരണം ഇതിലടങ്ങിയിരിക്കുന്ന ലാക്റ്റിക് അമ്ലമാണ്. ഏകദേശം 98.8 ശ. ജലവും 1.2 ശ. ലവണങ്ങളും ഇതിലുണ്ട്. സോഡിയം ക്ലോറൈഡ്, സോഡിയം ഫോസ്ഫേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ്, ലാക്റ്റിക് അമ്ലം, യൂറിയ എന്നിവയാണ് മറ്റ് പ്രധാന പദാര്‍ഥങ്ങള്‍. കൂടാതെ ചില പ്രതിബാക്ടീരിയാസംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗസംക്രമണത്തെ ചെറുക്കുന്നു. ഇക്കാരണത്താല്‍ വിയര്‍പ്പ് ഉണ്ടാകാത്ത ചര്‍മത്തില്‍ രോഗാണുസംക്രമണം നടക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ഏകദേശം 2 ലിറ്റര്‍ വരെ വിയര്‍പ്പ് ഉണ്ടാകുന്നു. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൂടിയ തോതില്‍ വിയര്‍പ്പ് ഉണ്ടാകും. ഉള്ളംകൈ, ഉള്ളംകാല്, ഉരസ്സ്, മുഖം തുടങ്ങിയ ഭാഗങ്ങളില്‍ സ്വേദഗ്രന്ഥികള്‍ കൂടുതലായി കാണപ്പെടുന്നു. സ്വേദഗ്രന്ഥിയെ ചുറ്റി ധാരാളം രക്തക്കുഴലുകളും നാഡികളും ഉണ്ട്.
സ്വേദഗ്രന്ഥികള്‍ രണ്ടുതരത്തില്‍ കാണുന്നു-എക്രൈന്‍ ഗ്രന്ഥിയും അപ്പോക്രൈന്‍ ഗ്രന്ഥിയും. ആദ്യത്തേത് വലുപ്പം കുറഞ്ഞ് ശരീരം മുഴുവനും കാണപ്പെടുന്നു. ഈ ഗ്രന്ഥിയുടെ സ്രവം വിയര്‍പ്പാണ്. ഗര്‍ഭസ്ഥശിശുക്കളില്‍ നാലാമത്തെ മാസത്തില്‍ത്തന്നെ ഈ ഗ്രന്ഥി ഉണ്ടാകുന്നു. ഓരോ ഗ്രന്ഥിയും എപ്പിഥിലിയം കൊണ്ട് ആവരണം ചെയ്ത ഒരു നീണ്ട നാളികയാണ്. നാളികാഗ്രം ചുരുണ്ട് ഏകദേശം ഒരു പന്തിന്റെ ആകൃതിയില്‍ കാണുന്നു. ഈ നാളിക ബാഹ്യചര്‍മത്തില്‍ സ്വേദരന്ധ്രമായി അവസാനിക്കുന്നു.
അപ്പോക്രൈന്‍ ഗ്രന്ഥികള്‍ക്ക് വലുപ്പം കൂടുതലാണ്. കക്ഷം, പൊക്കിള്‍, മുലഞെട്ട് തുടങ്ങിയ ഭാഗങ്ങളില്‍ മാത്രമാണ് ഈ ഗ്രന്ഥികള്‍ കാണുന്നത്. സാന്ദ്രത കൂടിയ ഒരുതരം ദ്രവമാണ് ഈ ഗ്രന്ഥിയുടെ സ്രവം. ഇതാണ് വിയര്‍പ്പിന്റെ ഗന്ധത്തിന് കാരണമാകുന്നത്. സ്ത്രീകളിലാണ് ഈ ഗ്രന്ഥികള്‍ കൂടുതലായുള്ളത്. സ്തനഗ്രന്ഥികള്‍ അപ്പോക്രൈന്ഗ്രന്ഥിയില് നിന്നുമാണ് രൂപാന്തരം പ്രാപിച്ചിട്ടുള്ളത്.
വസാഗ്രന്ഥി. ഈ ഗ്രന്ഥികള്‍ ചര്‍മത്തിന്റെ ഉപരിതലഭാഗത്ത് വിതരണം ചെയ്തു കിടക്കുന്നു. ചെറിയ ഉരുണ്ട കൂപികകളാലാണ് വസാഗ്രന്ഥി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഇവ ചേര്‍ന്ന് ഒരു നാളികയായി രോമപുടകത്തില്‍ (hair follicle) തുറക്കുന്നു. ഒരു രോമപുടകത്തില്‍ ഒന്നോ അതില്‍ കൂടുതലോ ഗ്രന്ഥികള്‍ കാണപ്പെടുന്നു. ഇതില്‍നിന്ന് ആദ്യം രോമത്തിന് മുകളിലൂടെയും പിന്നീട് ചര്‍മത്തിന്റെ ഉപരിതലത്തിലേക്കും കൊഴുപ്പുകലര്‍ന്ന സീബം എന്ന ഒരു ദ്രവം സ്രവിക്കുന്നു. സീബത്തില്‍ ഫാറ്റി അമ്ലങ്ങള്‍, കൊളസ്ട്രോള്‍, ആല്‍ക്കഹോള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രോമത്തെയും ബാഹ്യചര്മത്തെയും മൃദുലവും മിനുസവുമാക്കുന്നു. കൂടാതെ വിഷാംശപദാര്ഥങ്ങളുടെ അവശോഷണത്തെ ഇത് തടയുകയും ചെയ്യും. മുഖം, ശിരസ്സ്, ഉരസ്സ് തുടങ്ങിയ ഭാഗങ്ങളിലാണ് ഈ ഗ്രന്ഥി കൂടുതലായി കാണുന്നത്. എന്നാല്‍ രോമമില്ലാത്ത ഭാഗങ്ങളില്‍ ഇവ കാണാറുമില്ല. ഗര്‍ഭസ്ഥശിശുക്കളില്‍ ഏകദേശം 5-ാമത്ത മാസത്തില്‍ത്തന്നെ ഈ ഗ്രന്ഥി രൂപമെടുക്കും. ചര്മഊഷ്മാവ് കൂടുന്നതനുസരിച്ച് സീബത്തിന്റെ സ്രവവും കൂടുന്നു. കൂടാതെ ഋതുസ്രാവം, ഗര്‍ഭകാലം തുടങ്ങിയ സമയങ്ങളില്‍ ഹോര്‍മോണുകളുടെ പ്രഭാവംകൊണ്ട് ഈ ഗ്രന്ഥികള്‍ കൂടുതല്‍ ഉത്തേജിപ്പിക്കപ്പെടുന്നു. ഈ ഗ്രന്ഥിയുടെ സ്രവശേഷി കുറയുന്നതുകൊണ്ടാണ് ചര്‍മത്തിന് വരള്‍ച്ച ഉണ്ടാകുന്നത്. കണ്പോളയില് കാണുന്ന മെയ്ബോമിയന്‍ (Meibomian) ഗ്രന്ഥി, ശിശ്നത്തിലുള്ള സ്മെഗ്മാ (smegma) ഗ്രന്ഥി എന്നിവ വസാഗ്രന്ഥിയില് നിന്നാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇവയ്ക്ക് രോമവുമായി ബന്ധമില്ല.
രോമങ്ങള്‍. രോമങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ (ഇമ, പുരികം, നാസിക, ശിരസ്സ്) പല രീതിയിലാണ് കണ്ടുവരുന്നത്. രോമങ്ങളുടെ നിറം, കട്ടി, എണ്ണം, വലുപ്പം എന്നിവ ഓരോ വ്യക്തിയിലും വര്‍ഗത്തിലും (race) വ്യത്യസ്തമാണ്. രോമം പൊഴിയുകയും വീണ്ടും വളരുകയും ചെയ്യുന്നു. ഏകദേശം 1-2 സെ.മീ. നീളത്തില്‍ രോമം ഓരോ മാസത്തിലും വളര്‍ന്നുകൊണ്ടിരിക്കും. ചര്‍മത്തിനുള്ളില്‍ കാണുന്ന രോമഭാഗത്തെ രോമമൂലം (root) എന്നും വെളിയിലുള്ള ഭാഗത്തെ രോമകാണ്ഡം (shaft) എന്നും പറയുന്നു. രോമമൂലത്തിന്റെ അധഃസ്ഥഭാഗം (root-bulb) ഡെര്‍മിസിലെ രോമപുടത്തിലാണ് കാണപ്പെടുന്നത്. ഇതിനോട് ചേര്‍ന്ന് അനൈച്ഛിക സ്വഭാവമുള്ള ഊര്ധ്വപേശിയാണ് (arrestor muscle) രോമത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നത്. ശിരസ്സ്, മുഖം, ഉരസ്സ് തുടങ്ങിയ ഭാഗങ്ങളിലുള്ള രോമപുടത്തിന് വലുപ്പം കൂടുതലാണ്. ശിരസ്സിലെ രോമങ്ങള്‍ക്കാണ് സാന്ദ്രത ഏറ്റവും കൂടുതലുള്ളത്. ഗര്‍ഭസ്ഥശിശുക്കളില്‍ രണ്ടാംമാസത്തില്ത്തന്നെ രോമം വളര്‍ന്നുതുടങ്ങുന്നു. ഉള്ളംകൈ, ഉള്ളംകാല്, ചുണ്ട് തുടങ്ങിയ ഭാഗങ്ങളില്‍ രോമം വളരുകയില്ല. രോമത്തിന് കറുത്തനിറം ഉണ്ടാകുന്നത് മുഖ്യമായി മെലാനിന്‍ എന്ന വര്‍ണകവസ്തുവിന്റെ സാന്നിധ്യംമൂലമാണ്. എന്നാല്‍ ചുവന്ന രോമങ്ങളില്‍ കാണുന്നത് ട്രൈക്കോസൈഡറിന് (Trichosiderin) എന്ന വര്‍ണകമാണ്. ശരീരഊഷ്മാവ് നിയന്ത്രിക്കുന്നതില്‍ രോമങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിലെ രോമസാന്ദ്രത കുറഞ്ഞുവരുന്നു.
നഖം. ജന്തുക്കളിലെ കുളമ്പിനും നഖത്തിനും (claw) സമജാതമായി മനുഷ്യന്റെ കൈകാല്‍ വിരലുകളുടെ ദൂരസ്ഥഭാഗത്ത് നഖം കാണപ്പെടുന്നു. കട്ടിയുള്ള കെരാറ്റിനാണ് നഖത്തിലെ മുഖ്യപദാര്ഥം. ബാഹ്യചര്‍മത്തിലെ അങ്കുരണസ്തരത്തില് നിന്നാണ് നഖം വളര്‍ന്നുതുടങ്ങുന്നത്. നഖതടത്തില്‍ രക്തചംക്രമണം വളരെ കൂടുതലാണ്. ഗര്‍ഭസ്ഥശിശുക്കളില്‍ ഏകദേശം 3-ാം മാസത്തില്‍ത്തന്നെ നഖത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നു. സാധാരണയായി ഒരാഴ്ചയില്‍ 0.1 സെ.മീ. നീളത്തില്‍ നഖം വളര്‍ന്നുകൊണ്ടിരിക്കുന്നു.
ചര്‍മത്തിന്റെ നിറം. ചര്‍മത്തിന്റെ നിറത്തിനാധാരവും മുഖ്യമായി മെലാനിന്‍ തന്നെയാണ്. ഇരുണ്ട തവിട്ടുനിറമുള്ള ഈ വര്‍ണകം ഒരു സ്ഥായിയായ പ്രോട്ടീനാണ്. മെലാനിന്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് താപവികിരണങ്ങളുടെ ആഘാതത്തില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു. മെലാനോസോമുകളാണ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നത്. പല ഫോസില്ജന്തുക്കളിലും ഇതിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. എല്ലാവര്ഗത്തില്പ്പെട്ട മനുഷ്യരിലും മെലാനോസോമുകള് ഒരുപോലെയാണ് കാണുന്നത്. എന്നാല്‍ കറുത്തവര്‍ഗക്കാരില്‍ കൂടുതല്‍ അളവില്‍ മെലാനിന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ വ്യത്യാസത്തിന്റെ പ്രതിഫലനമാണ് വിവിധ വര്‍ഗങ്ങളിലുള്ള മനുഷ്യരുടെ വര്ണവ്യത്യസം ചര്‍മത്തില്‍ കാണുന്ന മെലാനിന്‍ കൂടാതെ കരോട്ടിന്‍, ഹീമോഗ്ളോബിന്‍, സിരീയാചംക്രമണം എന്നിവയും ചര്‍മത്തിന്റെ നിറത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നു.
പൊതുവായ ധര്‍മങ്ങള്‍. ശരീര സംരക്ഷണം, താപനിയന്ത്രണം, സ്രവണം, ഉത്സര്‍ജനം, സംവേദനം തുടങ്ങിയ ധാരാളം ശരീരക്രിയാപരപ്രവര്ത്തനങ്ങള് മനുഷ്യചര്‍മം നടത്തുന്നു. ജീവന്റെ പരിപാലനം തന്നെയാണ് ചര്‍മത്തിന്റെ മുഖ്യധര്‍മം. സാധാരണയായി ചര്‍മം പൂര്‍ണമായും ജലസഹമാണ്. ബാഹ്യചര്‍മത്തിലെ കെരാറ്റിനാണ് ഇതിനു കാരണം. എന്നാല്‍ കൊഴുപ്പില്‍ വിലേയസ്വഭാവമുള്ള ചില പദാര്‍ഥങ്ങള്‍ ചര്‍മത്തിലൂടെ അവശോഷണം ചെയ്യപ്പെടുന്നു. വിറ്റാമിന്‍ ഡി.-യുടെ മുന്‍ഗാമി വസ്തുവായ എര്‍ഗോസ്റ്റെറോള്‍, രക്തം എന്നിവ ചര്‍മത്തില്‍ ശേഖരിച്ചുവയ്ക്കുന്നു. മുതിര്‍ന്നവരില്‍ ഏകദേശം 1 ലി. വരെ രക്തം ശേഖരിച്ചുവയ്ക്കാനുള്ള കഴിവ് ചര്‍മത്തിനുണ്ട്. ചര്‍മത്തിന് പുനര്നിവേശനശക്തി ഉണ്ട്. ബാഹ്യചര്മഭാഗത്ത് ഉണ്ടാകുന്ന മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നു. എന്നാല്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണങ്ങികഴിഞ്ഞാലും ആ ഭാഗത്തുണ്ടാകുന്ന ചര്‍മത്തിന് സംക്രമണ പ്രതിരോധശക്തി ഉണ്ടാവില്ല. ഇതു കൂടാതെ കെരാറ്റിന്‍ നിര്‍മിതമായ രോമവും നഖവും പല രീതിയില്‍ സംരക്ഷണം നല്കുന്നു.
ചര്‍മത്തിന്റെ മറ്റൊരു പ്രധാന ധര്‍മം താപനിയന്ത്രണമാണ്. മനുഷ്യനില്‍ മുഖ്യമായി ഇത് സ്വേദസ്രവണത്തിലൂടെയാണ് സാധിക്കുന്നത്. കൂടാതെ ഡെര്‍മിസിലുള്ള രക്തചംക്രമണം, വിയര്‍പ്പിന്റെ ബാഷ്പീകരണം എന്നിവയും ഊഷ്മാവിനെ നിയന്ത്രിക്കുന്ന മറ്റ് ഘടകങ്ങളാണ്. പനിയുണ്ടാകുമ്പോള്‍ സാധാരണയായി രക്തചംക്രമണം വര്‍ധിക്കുകയും വിയര്‍പ്പ് കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. വിയര്‍ക്കുന്നതുമൂലം ശരീരഊഷ്മാവില്‍ കുറവനുഭവപ്പെടും. ബാഷ്പീകരണം, ചാലനം, വികിരണം എന്നീ പ്രക്രിയകളും ഇതിനെ സഹായിക്കുന്നു.
ചര്മഗ്രന്ഥികള്ക്ക് നിരവധി വിസര്‍ജന വസ്തുക്കളെ പുറത്തുകളയുവാനുള്ള കഴിവുണ്ട്. ഉയര്‍ന്ന ഊഷ്മാവിലും ഭയം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിലും കൂടുതല്‍ വിയര്‍പ്പ് ഉണ്ടാകുന്നു. ശരീരത്തിന്റെ ജല-ദ്രവസന്തുലനം പ്രധാനമായും ഉത്സര്ജനത്തിലൂടെയാണ് ക്രമീകരിക്കുന്നത്. സീബത്തില്‍ കാണപ്പെടുന്ന 7-ഡിഹൈഡ്രോ കൊളസ്ട്രോള്‍ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നു.
ചര്‍മം സങ്കീര്‍ണമായ ഒരു സംവേദക അംഗം കൂടിയാണ്. പ്രത്യേകിച്ചും ഉഷ്ണ-ശീതഗ്രാഹികള്ക്ക് താപനിയന്ത്രണത്തില്‍ ഏറെ സ്വാധീനമുണ്ട്. ചര്‍മത്തിന്റെ ഉപരിതലത്തിലുണ്ടാകുന്ന ചുളിവ്, വര്‍ണവ്യത്യാസം എന്നിവ പ്രായമാകുന്നതിനെ (ageing) സൂചിപ്പിക്കുന്നു. ചര്‍മത്തിന്റെ ഇലാസ്തികത കുറയുന്നതാണ് ഇതിന് കാരണം. പ്രധാനമായും കൊലാജന്‍ ദൃഢമാകുന്നതും രക്തചംക്രമണം കുറയുന്നതുമാണ് ഇതിനു കാരണം. കൂടാതെ പ്രായമാകുമ്പോള്‍ ചര്‍മത്തില്‍ സെല്ലുലോസ് ഉണ്ടാകുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചര്‍മം അധികസമയം നനയുന്നതുമൂലം രോഗാണു സംക്രമണം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. ചര്‍മ സംബന്ധിയായ രോഗനിര്‍ണയം, ചികിത്സ എന്നിവ ഉള്‍ക്കൊള്ളുന്ന വൈദ്യശാസ്ത്ര പഠനത്തിന് ഡെര്‍മറ്റോളജി (Dermatology) എന്നുപറയുന്നു.