This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഗാരിയവകാശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:54, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംഗാരിയവകാശം

സമാധാനകാലത്തോ യുദ്ധകാലത്തോ ഒരു രാജ്യത്തിന് അതിന്റെ അധികാരാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു രാജ്യത്തിന്റെ കപ്പലുകളോ ചരക്കുകളോ മതിയായ നഷ്ടപരിഹാരം നല്കി പിടിച്ചെടുക്കുന്നതിനുളള അവകാശം. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഒരു ഭാഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഗതാഗതത്തിന് ഉപയുക്തമായ വസ്തുക്കള്‍ പിടിച്ചെടുക്കുവാന്‍ പ്രാചീനപേര്‍ഷ്യന്‍ ഭരണാധികാരികള്‍ അയച്ചു വന്ന 'ദൂതന്‍' എന്ന് അര്‍ഥം വരുന്ന ഒരു പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് 'അംഗാരി' എന്ന പദത്തിന്റെ ഉദ്ഭവം. എ.ഡി. 3-ാം ശ.-ത്തില്‍ ഈ അവകാശം ഗ്രീസിലും പിന്നീട് റോമിലും പ്രയോഗത്തില്‍ വന്നു. കുതിരകളും ചരക്കുവണ്ടികളും പിടിച്ചെടുക്കുക എന്നതില്‍ കവിഞ്ഞ്, കാലക്രമത്തില്‍ ഈ അവകാശം നിഷ്പക്ഷരാജ്യങ്ങളുടെ കപ്പലുകള്‍ പട്ടാളക്കാരെ കൊണ്ടുപോകുന്നതിനുവേണ്ടി പിടിച്ചെടുക്കുന്നതിനും ഉപയോഗിക്കപ്പെട്ടുതുടങ്ങി. മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ പരക്കെ സൈനികവും സൈനികേതരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി രാജാക്കന്‍മാര്‍ ഈ അവകാശം ഉയര്‍ത്തിപ്പിടിച്ചു. 17-ാം ശ.-ത്തിലാണ് അംഗാരിയവകാശത്തിന് അന്താരാഷ്ട്രനിയമപ്രാബല്യം ലഭിച്ചത്. 18-ാം ശ.-ത്തില്‍ ഈ രീതിയില്‍ കപ്പലുകള്‍ പിടിച്ചെടുക്കുക എന്നത് കൂടുതല്‍ സാധാരണമായി. 19-ാം ശ.-ത്തില്‍ അപൂര്‍വമായേ പ്രയോഗിക്കപ്പെട്ടിരുന്നുള്ളുവെങ്കിലും പല രാജ്യാന്തരകരാറുകളിലും ഈ അവകാശം അംഗീകരിക്കപ്പെട്ടിരുന്നു.

ഒന്നാം ലോകയുദ്ധകാലത്ത് ഈ അവകാശം പലപ്പോഴും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 1915-ല്‍ നിഷ്പക്ഷയായിരുന്ന ഇറ്റലി സ്വന്തം തുറമുഖങ്ങളിലുണ്ടായിരുന്ന 34 ജര്‍മന്‍ കച്ചവടക്കപ്പലുകള്‍ ഈ രീതിയില്‍ പിടിച്ചെടുത്തു. ജര്‍മനി ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയില്ല. എങ്കിലും 1916-ല്‍ പോര്‍ത്തുഗല്‍ ഇതേ രീതിയില്‍ 72 ജര്‍മന്‍ കപ്പലുകള്‍ പിടിച്ചെടുത്തപ്പോള്‍, ജര്‍മനി പോര്‍ത്തുഗലിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തത്. 1917-ല്‍ ബ്രസീല്‍ ജര്‍മനിയുടെ 42 കപ്പലുകള്‍ കൈവശമാക്കി. ബ്രിട്ടനും യു.എസ്സും 10 ലക്ഷം ടണ്‍ കേവുഭാരംവരുന്ന ഡച്ചു കപ്പലുകള്‍ പിടിച്ചെടുത്തു; അംഗാരി അവകാശം ഉപയോഗിച്ചുകൊണ്ടുതന്നെ. 1918-ല്‍ തങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമെന്ന നിലയ്ക്ക് സ്പെയിന്‍ കുറെ ജര്‍മന്‍ കപ്പലുകള്‍ കൈവശപ്പെടുത്തി. അമേരിക്കയിലെ കപ്പല്‍ നിര്‍മാണശാലകളില്‍ ഉണ്ടാക്കിവന്ന നോര്‍വീജിയന്‍ കപ്പലുകള്‍ അംഗാരിയവകാശം ഉപയോഗിച്ച് അമേരിക്കയും കൈവശപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായ പ്രയോഗംമൂലം അംഗാരിയവകാശം സ്ഥിരപ്രതിഷ്ഠ നേടിയെന്നു പറയാം. യുദ്ധത്തില്‍ കീഴടക്കപ്പെട്ട ഒരു രാജ്യത്തിന്റെ വസ്തുവകകള്‍ യുദ്ധനിയമങ്ങള്‍ക്കനുസൃതമായി പിടിച്ചെടുക്കുന്നതും അംഗാരിയവകാശമനുസരിച്ച് കൈവശപ്പെടുത്തുന്നതും തമ്മില്‍ ബന്ധമില്ല.

(ഡോ. എ.കെ. ബേബി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍