This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചരിത്രാഖ്യായികകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചരിത്രാഖ്യായികകള്‍
ചരിത്രത്തെ ഭാവനാപരമായി പുനഃസൃഷ്ടിക്കുന്ന ആഖ്യായികാരൂപം. ഇത് ചരിത്രസംഭവങ്ങളുടെയോ ചരിത്രപുരുഷന്മാരുടെ ജീവിതത്തിന്റെയോ കേവലമായ പ്രതിപാദനമല്ല. ചരിത്രം ഇതിന്റെ ഇതിവൃത്തപശ്ചാത്തലമോ ഇതിവൃത്തം തന്നെയോ ആയിരിക്കും. ചരിത്രകഥാപാത്രങ്ങളും ഇതിലുണ്ടാകും. എങ്കിലും സാങ്കല്പിക കഥാപാത്രങ്ങളെ ഇവയുമായി കൂട്ടിയിണക്കിയാണ് കഥാശരീരം രൂപപ്പെടുത്തുക. ഭൂതകാലത്തിന്റെ വര്‍ണാഭമായ ഈ പുനഃസൃഷ്ടി 'റൊമാന്‍സ്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നോവലിന്റെ പൊതുസ്വഭാവത്തില്‍നിന്നും ഏറെ അകന്നു നില്‍ക്കുന്നതിനാല്‍ ഇതിനു 'റൊമാന്‍സ്' എന്ന പേരുതന്നെയാണ് ഉചിതമെന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.
സര്‍ വാള്‍ട്ടര്‍ സ്കോട്ട് ആണ് ചരിത്രനോവലിസ്റ്റുകളില്‍ അഗ്രഗണ്യന്‍. അദ്ദേഹത്തിന്റെ രചനകളായ വേവര്‍ലി, ഐവാന്‍ഹോ, ഫോര്‍ച്യൂണ്‍സ് ഒഫ് നൈജല്‍, കെനില്‍വര്‍ത്ത് എന്നിവ യഥാക്രമം ചാര്‍ലി രാജകുമാരന്‍, റിച്ചാര്‍ഡ് ജോണ്‍, ജെയിംസ് ഒന്നാമന്‍, എലിസബത്ത് രാജ്ഞി എന്നീ ചരിത്രവ്യക്തിത്വങ്ങളെ അധികരിച്ചെഴുതിയ നോവലുകളാണ്. സ്കോട്ടിന്റെ അഭിപ്രായത്തില്‍, ചരിത്രനോവലുകളില്‍ ചരിത്രവസ്തുതകള്‍ വേണ്ടതിലധികമാകാനോ, പ്രധാന കഥാപാത്രങ്ങള്‍ ചരിത്രത്തിലുള്ളവരാകാനോ പാടില്ല. അദ്ദേഹത്തിന്റെ നോവലുകള്‍ ഈ വസ്തുതകള്‍ ഉദാഹരിക്കുന്നവയുമാണ്. താക്കറേയുടെ ഹെന്റി എഡ്മണ്ട്, അലക്സാണ്ടര്‍ ഡ്യൂമായുടെ മൂന്നുപോരാളികള്‍, വിക്ടര്‍ യൂഗോയുടെ നോത്രദാമിലെ കൂനന്‍, ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്നിവ മികച്ച ചരിത്രനോവലുകളാണ്. കോനന്‍ ഡോയ്ല്‍, ടി.എച്ച്. വൈറ്റ്, കരോള ഒമാന്‍, മേരിസ്റ്റുവര്‍ട്ട്, ആല്‍ഫ്രഡ് ഡുഗ്ഗന്‍ എന്നിവരും ഈ ശാഖയ്ക്കു മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആര്‍തര്‍കോസ്റ്റ്ലറുടെ ദ ഗ്ളാഡി യേറ്റേര്‍സ് (1939), റോബര്‍ട്ട് ഗ്രേവ്സിന്റെ ക്ളാഡിയസ് (1934), മേരി റെനാള്‍ട്ടിന്റെ ദ കിങ് മസ്റ്റ് ഡൈ (1958) എന്നിവ 20-ാം ശതകത്തിലെ ഉത്കൃഷ്ട ചരിത്രനോവലുകളില്‍ ഉള്‍പ്പെടുന്നു.
ആംഗലേയ സാഹിത്യവുമായുള്ള ബന്ധമാണ് ഇന്ത്യയില്‍ ചരിത്രനോവലുകളുടെ ആവിര്‍ഭാവത്തിനു കാരണമായത്. സാമൂഹ്യനോവലുകള്‍ക്കുശേഷമാണ് മിക്ക ഭാരതീയ ഭാഷകളിലും ഈ നോവല്‍ശാഖ ആവിര്‍ഭവിച്ചത്. തുടക്കം ബംഗാളിയില്‍ ആയിരുന്നു. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗേശനന്ദിനി(1865)യാണ് ബംഗാളിയിലുണ്ടായ ആദ്യത്തെ ചരിത്രനോവല്‍. അദ്ദേഹം മൃണാളിനി, ചന്ദ്രശേഖര്‍, ദേവി ചൗധുറാണി തുടങ്ങി മറ്റ് ഏഴു നോവലുകള്‍ കൂടി രചിച്ചിട്ടുണ്ട്. രമേശ് ചന്ദ്രദത്തയുടെ ബാംഗവിജേതാമാധവി കങ്കണ്‍, രാജ്പുത്ജീവന്‍ സന്ധ്യ, മഹാരാഷ്ട്ര ജീവന്‍ പ്രഭാത് എന്നിവയാണ് അവിടെയുണ്ടായ മറ്റു മികച്ച രചനകള്‍. മറാത്തിയിലെ ഉഷാകാലം, വജ്രാഘാതം (ഹരിനാരായണ ആപ്തേ), ഗുജറാത്തിയിലെ ജയ്സോമനാഥ് (കെ.എം. മുന്‍ഷി), തമിഴിലെ പാര്‍ഥിപന്‍കനവ്, പൊന്നിയന്‍ സെല്‍വം (കല്‍ക്കി ആര്‍. കൃഷ്ണമൂര്‍ത്തി), ഉര്‍ദുവിലെ മലക്കുള്‍ അസീസ് (അബ്ദുല്‍ ഹലിം ഷരാറ്), കന്നടയിലെ ചെന്നബസവനായക (മാസ്തി വെങ്കടേശ അയ്യങ്കാര്‍) എന്നിവയാണ് മറ്റു പ്രശസ്ത ഇന്ത്യന്‍ ചരിത്ര നോവലുകള്‍.
മലയാളത്തില്‍ ചരിത്രനോവലുകള്‍ക്ക് തുടക്കം കുറിച്ചത് സി.വി. രാമന്‍പിള്ള (1858-1922) ആണ്. ഇദ്ദേഹത്തിന്റെ അവിസ്മരണീയമായ സംഭാവന ചരിത്ര നോവല്‍ത്രയമായ മാര്‍ത്താണ്ഡവര്‍മ (1891), ധര്‍മരാജാ (1913), രാമരാജാബഹദൂര്‍ (1919) എന്നിവയാണ്. മാര്‍ത്താണ്ഡവര്‍മയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ രാമവര്‍മയുടെയും കാലത്തെ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലുണ്ടായ സംഭവങ്ങളാണ് ഈ നോവല്‍ പരമ്പരയുടെ ഇതിവൃത്തമായി രൂപപ്പെട്ടത്. തിരുവിതാംകൂറിലെ പ്രബല പ്രഭുക്കന്മാരായ എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ രാജാവിന്റെ അനന്തരവനായ പദ്മനാഭന്‍തമ്പി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും, ആ ശ്രമങ്ങളെ മാര്‍ത്താണ്ഡവര്‍മ യുവരാജാവ് ശിഥിലമാക്കുന്നതും ആണ് ആദ്യനോവലിന്റെ ഇതിവൃത്തം. നോവലിനെ ആസ്വാദ്യമാക്കുന്നതില്‍, സമാന്തരമായി ഘടിപ്പിച്ചിട്ടുള്ള പ്രണയകഥ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നോവലിസ്റ്റിന്റെ സങ്കല്പസൃഷ്ടിയായി കരുതാവുന്ന അനന്തപദ്മനാഭന്‍ ഭ്രാന്തന്‍ചാന്നാനായി വേഷംമാറി പല സന്ദര്‍ഭങ്ങളിലും യുവരാജാവിനെ രക്ഷപ്പെടുത്തുന്നുണ്ട്. അനന്തപദ്മനാഭന്‍ തന്നെ ഷംസുദ്ദീനായി മണക്കാട് പഠാണികളുടെ ഇടയില്‍ ജീവിക്കുന്നു. അങ്ങനെ അനന്തപദ്മനാഭനാണ് നോവലിന്റെ മുഖ്യകഥാപാത്രമായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്. ആ കഥാപാത്രത്തിനു പ്രാധാന്യം ലഭിക്കുകവഴി നോവല്‍ ചരിത്രറൊമാന്‍സിന്റെ സവിശേഷതകള്‍ പ്രകടിപ്പിക്കുന്നു.
തിരുവിതാംകൂര്‍ രാജവംശത്തോടുള്ള കവിഞ്ഞ ആരാധന സി.വി.യെ മാര്‍ത്താണ്ഡവര്‍മയുടെ സ്വഭാവത്തിലെ ചില ക്രൂരതകളെ മായ്ക്കാനും, എട്ടുവീട്ടില്‍ പിള്ളമാരെ മുഴുത്ത ദുഷ്ടശക്തികളായി ചിത്രീകരിക്കാനും പ്രേരിപ്പിച്ചു എന്ന പരാതി ഉണ്ടായിട്ടുണ്ട്. എങ്കിലും ആ ചരിത്രകാലഘട്ടത്തെ വിശ്വാസ്യമായ രീതിയില്‍ പുനഃസൃഷ്ടിക്കാന്‍ സി.വി.ക്കു കഴിഞ്ഞിട്ടുണ്ട്. പരിണാമഗുപ്തിയെ അഭംഗുരമായി നിലനിര്‍ത്തിക്കൊണ്ട് കഥാഖ്യാനം നിര്‍വഹിക്കുന്നതില്‍ ശ്രദ്ധേയമായ വിജയമാണ് ഈ നോവല്‍ കൈവരിച്ചിട്ടുള്ളത്. വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. നോവലിന്റെ അവസാന അധ്യായങ്ങളുടെ ആഖ്യാനം തിടുക്കത്തില്‍ നിര്‍വഹിച്ചതിന്റെ ഫലമായി രചനാപരമായ അപക്വത അനുഭവപ്പെടുന്നു എന്നു വിമര്‍ശകന്മാര്‍ അഭിപ്രായപ്പെടുന്നു.
ധര്‍മരാജായും രാമരാജാബഹദൂറും രാമവര്‍മയുടെ കാലത്തു രാജ്യത്തുണ്ടായ അന്തഃഛിദ്രങ്ങളുടെ ചരിത്ര പശ്ചാത്തലമാണ് ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത്. എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാളായ കഴക്കൂട്ടത്തുപിള്ളയുടെ അനന്തരവന്മാരായ ഹരിപഞ്ചാനനന്മാര്‍ നടത്തുന്ന രാജദ്രോഹ പരിപാടികളും അവയെ തടയാനുള്ള രാജാസേവകന്മാരുടെ സമര്‍ഥമായ കരുനീക്കങ്ങളുമാണ് ധര്‍മരാജായിലെ ഇതിവൃത്തം. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്ന ടിപ്പുസുല്‍ത്താനുമായി സഖ്യം സ്ഥാപിച്ചു രാജ്യത്ത് സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ചില പ്രഭുക്കന്മാരുടെ കുടിലവൃത്തികളും അവയുടെ പരാജയവുമാണ് രാമരാജാബഹദൂറിലെ പ്രതിപാദ്യം. സി.വി.യുടെ പ്രതിഭ ഏറ്റവും വികസിച്ചു കാണപ്പെടുന്നത് ഈ നോവലുകളിലാണ്. കല്പിത കഥകളെയും ചരിത്രസംഭവങ്ങളെയും വേര്‍തിരിച്ചെടുക്കാന്‍വയ്യാത്തവിധം ഉദ്ഗ്രഥിച്ച് അവതരിപ്പിക്കുന്നതില്‍ അസാധാരണമായ വൈഭവമാണ് സി.വി. രാമന്‍പിള്ള പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ധര്‍മരാജായിലെ ക്രിയാംശം കേന്ദ്രീകരിക്കുന്നതു ഹരിപഞ്ചാനനന്മാരില്‍ ആണ്. അവര്‍ നോവലിസ്റ്റിന്റെ സ്വന്തം സൃഷ്ടിയാണ്. എന്നിട്ടും, ഇതിവൃത്തത്തിന്റെ ചരിത്രാന്തരീക്ഷത്തോട് അവ ഇണങ്ങിപ്പോകുന്നുണ്ട്. നോവലിസ്റ്റിന് ഇത് സാധിച്ചത്, ചരിത്രകാലഘട്ടത്തില്‍ ഭാവനയിലൂടെ ജീവിക്കാനും ഭാവനകൊണ്ട് ഗതകാലത്തെ പുനഃസൃഷ്ടിക്കാനും കഴിഞ്ഞതുകൊണ്ടാണ്. ചരിത്രകഥാപാത്രങ്ങളെക്കാള്‍ കല്പിതകഥാപാത്രങ്ങള്‍ക്ക് ആണ് ചൈതന്യാധിക്യം. സി.വി.യുടെ സര്‍ഗവൈഭവത്തിനുള്ള ദൃഷ്ടാന്തമായി ഉഗ്രഹരി പഞ്ചാനനന്‍, ചന്ത്രക്കാരന്‍, പെരിഞ്ചക്കോടന്‍, കേശവപിള്ള തുടങ്ങിയ കഥാപാത്രങ്ങള്‍ നിലകൊള്ളുന്നു. കഥാപാത്രങ്ങളുടെ ഗാംഭീര്യത്തെ ഉചിതമായി വര്‍ണിക്കുന്നതിനു പശ്ചാത്തലമായി സംഭവങ്ങളെയും പശ്ചാത്തലങ്ങളെയും ഗാംഭീര്യത്തോടെ വിഭാവനം ചെയ്യാനും വര്‍ണിക്കാനുമുള്ള ശേഷി സി.വി. രാമന്‍പിള്ള പ്രകടമാക്കുന്നുണ്ട്.
സി.വി.യുടെ വിമര്‍ശകന്മാര്‍ ഏകകണ്ഠമായി പ്രശംസിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ഭാഷാശൈലി. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിന് ഇണങ്ങുമാറുള്ള ഭാഷ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തിന്റെ എല്ലാതലത്തില്‍ നിന്നുമുള്ള വ്യക്തികള്‍ ഈ നോവലുകളിലെ കഥാപാത്രങ്ങളാണ്. അവരുടെ സാംസ്കാരിക നിലവാരമനുസരിച്ച് പരിണമിക്കുന്ന ഭാഷ സൃഷ്ടിക്കാനുള്ള കഴിവ് സി.വി.യുടെ സ്വന്തമാണ്. സംഭാഷണത്തിലാണ് ഈ കഴിവ് നോവലിസ്റ്റ് കൂടുതല്‍ ഹൃദ്യമായി പ്രയോഗിച്ചിട്ടുള്ളത്.
സി.വി.യുടെ നോവലുകളില്‍ പൊതുവായി കാണാന്‍കഴിയുന്ന ശ്രദ്ധേയമായ അംശമാണ് നാടകീയത. കഥാസന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘര്‍ഷാത്മകമായ അവസ്ഥയെ സമഗ്രതയാല്‍ വിഭാവനം ചെയ്യുകയും, ദൃശ്യാത്മകതയെ ഉന്മൂലനം ചെയ്യുകയുംവഴി നാടകീയ സന്ദര്‍ഭങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. വിരുദ്ധ താത്പര്യങ്ങളുടെ രണ്ട് ശക്തികള്‍ ഏറ്റുമുട്ടുന്ന ഇതിവൃത്താന്തരീക്ഷത്തില്‍ സംഘര്‍ഷവും അതുവഴി നാടകീയതയും സ്വാഭാവികമായിത്തന്നെ ലയിച്ചുകിടക്കുന്നുണ്ട്. ആ നാടകീയത ഉള്‍ക്കൊണ്ട് ആവിഷ്കരിച്ചു എന്നതാണ് സി.വി.യുടെ നേട്ടം. ഈ നോവലുകള്‍ ഭാവഗംഭീരങ്ങള്‍ ആകാന്‍ കാരണം അവ ഉള്‍ക്കൊള്ളുന്ന ഭാവസംഘര്‍ഷത്തിന്റെ നാടകീയതയാണ്. സി.വി.യുടെ 'നാടകമനസ്സ്' ആവിഷ്കാരത്തിലൂടെ സാഫല്യമടയുന്നതു പ്രഹസനങ്ങളിലല്ല, ധര്‍മരാജായിലും രാമരാജാബഹദൂറിലും ആണ്.
ചരിത്രസംഭവങ്ങളോടും ചരിത്രപുരുഷന്മാരോടുമുള്ള തീവ്രമായ ആരാധന, ചരിത്രകാലഘട്ടത്തെ സൂക്ഷ്മമായി പഠിച്ച് അവയില്‍ മുഴുകി അവയെ വിഭാവനം ചെയ്യാനുള്ള കഴിവ്, ചരിത്രത്തിന്റെ ശുഷ്കാസ്ഥികളില്‍ സര്‍ഗഭാവനയുടെ അമൃതം തളിച്ച് ജീവന്‍നല്കി മാംസളമാക്കാനുള്ള വൈഭവം-എന്നിങ്ങനെ ചരിത്രാഖ്യായികാകാരന് ഉണ്ടായിരിക്കേണ്ട കഴിവുകളെല്ലാം ഒത്തിണങ്ങിയ പ്രതിഭാശാലിയായിരുന്നു സി.വി. രാമന്‍പിള്ള. അതുകൊണ്ടുതന്നെയാണ് മലയാളനോവല്‍ സാഹിത്യത്തില്‍ അദ്ദേഹം ഉന്നതശിരസ്കനായി നിലകൊള്ളുന്നതും.
സി.വി. രാമന്‍പിള്ളയുടെ നോവലുകള്‍ നേടിയ അസാധാരണമായ വിജയം പില്ക്കാലത്ത് പലരെയും ചരിത്രനോവലുകള്‍ രചിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍, ആവിഷ്കരിക്കുന്ന ചരിത്രകാലവുമായി തന്മയീഭവിക്കാനുള്ള കഴിവില്ലായ്മയും, സര്‍ഗവൈഭവത്തിന്റെ ന്യൂനതയും കാരണം, മികച്ച ചരിത്രാഖ്യായികകള്‍ രചിക്കാന്‍ പില്ക്കാലത്തെ നോവലെഴുത്തുകാര്‍ക്കു കഴിഞ്ഞില്ല. എങ്കിലും സ്വന്തം കഴിവനുസരിച്ച് ഈ നോവല്‍ ശാഖയ്ക്ക് കാര്യമായ സംഭാവനകള്‍ നല്കാന്‍ വളരെയേറെ ശ്രമങ്ങള്‍ നോവലിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടായി.
അപ്പന്‍തമ്പുരാന്റെ ഭൂതരായര്‍ (1925) ചരിത്രനോവല്‍ എന്ന നിലയിലാണ് പരിഗണിക്കപ്പെട്ടുപോരുന്നത്. എങ്കിലും ഐതിഹ്യത്തെ അടിസ്ഥാനമാക്കി ഒരു ചരിത്രകാലഘട്ടത്തെയും അസാധാരണ കഥാപാത്രത്തെയും സൃഷ്ടിക്കുകയാണ് അദ്ദേഹം ഇതില്‍ ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പെരുമാളായ വീരമാര്‍ത്താണ്ഡപ്പെരുമാളുടെ കാലത്തു നടന്നതായി പറയപ്പെടുന്ന ചില സംഭവങ്ങള്‍ ആണ് ഇതിലെ കഥാവസ്തു. നായകത്വവും പ്രതിനായകത്വവും ഒരേപോലെ മേളിച്ച കഥാപാത്രമായിട്ടാണ് അപ്പന്‍തമ്പുരാന്‍ ഭൂതരായരെ ചിത്രീകരിക്കുന്നത്. ഒരു ഐതിഹ്യകാലഘട്ടത്തെ ചിത്രീകരിക്കുന്നതിന് ആവശ്യമായ ശൈലീകൃതമായ ഭാഷയാണ് അപ്പന്‍തമ്പുരാന്‍ സൃഷ്ടിച്ചത്.
ചരിത്രാംശം കുറഞ്ഞതും, ഐതിഹ്യാംശം കൂടിയും ഉള്ള കഥാവസ്തു സ്വീകരിച്ച മറ്റൊരു ആഖ്യായികയാണ് അമ്പാടി നാരായണപ്പൊതുവാളുടെ (1873-1936) കേരളപുത്രന്‍ (1924). പെരുമാക്കന്മാരുടെ കാലത്തു നടന്നതായി പറയപ്പെടുന്ന രാജാധികാരം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് ഇതിവൃത്തമായി രൂപപ്പെട്ടിരിക്കുന്നത്. ചേരരാജകുമാരനായ ഇമയകുമാരനും, ചോളരാജകുമാരിയായ പുലോമജയും ആണ് ഇതിലെ നായികാനായകന്മാര്‍. ഒരു ചരിത്ര റൊമാന്‍സിന് ആവശ്യമായ വീരസാഹസികതകളും പ്രണയവും നിറഞ്ഞ ഈ കൃതി ആഖ്യാനത്തിന്റെയും ഭാഷയുടെയും കാര്യത്തില്‍ ഭൂതരായരെ ഓര്‍മിപ്പിക്കുന്നു. കേരളീയചരിത്രത്തിലെ സംഭവഗതികളെ തന്റെ സാഹിത്യരചനകള്‍ക്ക് അവലംബമാക്കിയ കപ്പന കൃഷ്ണമേനോന്‍ പെരുമാള്‍ക്കാലത്തെ ആസ്പദമാക്കി ഒരു നോവല്‍ രചിച്ചിട്ടുണ്ട്. ചേരമാന്‍ പെരുമാളുടെ കഥ ചരിത്രസത്യമെന്ന നിലയില്‍ സ്വീകരിച്ചാണ് അദ്ദേഹം ഇതിലെ ഇതിവൃത്തം മെനഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന്റെ ഐതിഹ്യകാലഘട്ടത്തെ തികച്ചും വിശ്വാസ്യമായ വിധത്തില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വായനക്കാരെ മണ്‍മറഞ്ഞ ഒരു കാലഘട്ടത്തിലേക്ക് കൊണ്ടുപോകുവാന്‍ പാക ത്തിലാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
വള്ളിയംബാറാണി എന്ന മറ്റൊരു നോവലും കപ്പന കൃഷ്ണ മേനോന്റേതായിട്ടുണ്ട്. ചരിത്രാംശം തീരെയില്ലാത്ത ഒരു റൊമാന്‍സ് ആയി ഇതിനെ പരിഗണിക്കാം. സി.ആര്‍. വേലുപ്പിള്ളയുടെ രാജശേഖരന്‍, മാര്‍ത്താണ്ഡവര്‍മയുടെ അനുകരണമായ ഒരു നോവലാണ്. സി.വി.യെ അനുകരിച്ച് എഴുതപ്പെട്ട മറ്റു നോവലുകള്‍ എം.ആര്‍. രാമക്കൈമളുടെ കേരള കാളിദാസന്‍ അഥവാ അഹിഭയം (1927), പീറ്റര്‍ ജോണ്‍ തോട്ടത്തിന്റെ ശങ്കരഗിരി (1930), വിദ്വാന്‍ കേരളവര്‍മയുടെ ശ്രീ പദ്മനാഭദാസന്‍ (1936) എന്നിവയാണ്. ആദ്യത്തേത് കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ജീവചരിത്രം ആസ്പദമാക്കിയ നോവലാണ്. ധര്‍മരാജായുടെ ഇതിവൃത്ത കാലഘട്ടത്തെ സങ്കല്പിച്ച് എഴുതപ്പെട്ടതാണ് ശങ്കരഗിരി.
കെ.എം. പണിക്കരുടെ ചരിത്രനോവലുകള്‍. സി.വി. രാമന്‍പിള്ളയ്ക്കുശേഷം ചരിത്രനോവല്‍ ശാഖയ്ക്ക് കാതലായ സംഭാവനകള്‍ നല്കിയ സാഹിത്യകാരനാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍. വിശ്രുത ചരിത്രകാരനും കവിയും ആയിരുന്ന പണിക്കരുടെ സ്വാഭാവികമായ സര്‍ഗപ്രക്രിയ തന്നെയാണ് ചരിത്രനോവല്‍ രചന എന്നു കരുതാവുന്നതാണ്. ചരിത്രാഖ്യായികാകാരന് അവശ്യം ഉണ്ടായിരിക്കേണ്ട ചരിത്രബോധം പണിക്കര്‍ക്ക് നൈസര്‍ഗികമായിത്തന്നെ ഉണ്ടായിരുന്നു. പുണര്‍കോട്ട് സ്വരൂപം (1928), ധൂമകേതുവിന്റെ ഉദയം (1929), പറങ്കിപ്പടയാളി (1932), കല്യാണമല്‍ (1937), കേരളസിംഹം (1941), ഉഗ്രശപഥം, ഝാന്‍സിറാണിയുടെ കഥ (1957) എന്നിവയാണ് അദ്ദേഹത്തിന്റെ ചരിത്രനോവലുകള്‍.
താരതമ്യേന ചരിത്രവസ്തുതകള്‍ക്ക് പ്രാധാന്യം കുറഞ്ഞു കാണപ്പെടുന്ന നോവലാണ് പുണര്‍കോട്ട് സ്വരൂപം. മധ്യതിരുവിതാംകൂറിലെ തെക്കുംകൂര്‍, ചെമ്പകശ്ശേരി രാജകുടുംബങ്ങളുമായി ബന്ധപ്പെട്ടാണ് ഇതിലെ ഇതിവൃത്തം രൂപപ്പെടുന്നത്. തെക്കുംകൂറിലെ രാജാവുമായി ബന്ധമുള്ള പാഴൂര്‍ വീട്ടിലെ രാമകൃഷ്ണപ്പണിക്കര്‍ പുണര്‍കോട്ടു സ്വരൂപത്തിലെ നേത്യാരമ്മയെ വില്ല്യാര്‍വട്ടത്തു കുറുപ്പിന്റെ അനുയായികളില്‍ നിന്നും രക്ഷിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ആണ് ഇതില്‍ ആവിഷ്കരിക്കുന്നത്. യുദ്ധവീര്യം തെളിയിച്ച പണിക്കര്‍ പുണര്‍കോട്ടുസ്വരൂപത്തിലെ പ്രധാനവ്യക്തിയായി മാറുകയും കുടുംബത്തിനെതിരെ ഉണ്ടായ ഗൂഢാലോചനകളെ സാമര്‍ഥ്യപൂര്‍വം വെളിപ്പെടുത്തി നാശത്തില്‍നിന്നു രക്ഷിക്കുകയും രാജാവിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ചരിത്രത്തിന്റെ നേര്‍ത്ത പശ്ചാത്തലമുള്ള ഈ നോവല്‍ സാധാരണമായ ആഖ്യാനം കൊണ്ട് അപ്രധാനമായ സ്ഥാനം മാത്രമേ അര്‍ഹിക്കുന്നുള്ളൂ.
ചരിത്രാംശത്തിന്റെ ഉചിതമായ സാന്നിധ്യംകൊണ്ട് ദാര്‍ഢ്യം കൈവന്ന നോവലാണ് ധൂമകേതുവിന്റെ ഉദയം. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്തു വടക്കന്‍ പ്രദേശങ്ങളില്‍ ഉണ്ടായ ലഹളകളും, മാര്‍ത്താണ്ഡവര്‍മയും തെക്കുംകൂറും തമ്മിലുള്ള സംഘര്‍ഷവും ആണ് ഇതിലെ ചരിത്രപശ്ചാത്തലം. തിരുവിതാംകൂറിനെതിരായി കൊച്ചിരാജാവിന്റെ നേതൃത്വത്തില്‍ തെക്കുംകൂറും മറ്റും യോജിച്ചുനില്ക്കുകയും, മാര്‍ത്താണ്ഡവര്‍മയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്യുന്നു. പല ഏറ്റുമുട്ടലുകളിലും മാര്‍ത്താണ്ഡവര്‍മയുടെ പക്ഷം പരാജയപ്പെടുന്നു. അങ്ങനെ ഹൈദരലിയുടെ സഹായം മാര്‍ത്താണ്ഡവര്‍മ തേടുന്നു. ഹൈദരലിയാണ് ഇവിടെ ധൂമകേതു. ഹൈദരലിക്കും മാര്‍ത്താണ്ഡവര്‍മയ്ക്കും കീഴടങ്ങേണ്ടിവരുമെന്നോര്‍ത്തു തെക്കുംകൂര്‍ ആത്മഹത്യചെയ്യുകയും തുടര്‍ന്നു ലഹള ഒതുങ്ങുകയും ചെയ്യുന്നു. ഹൈദരലിയുടെ സൈന്യസഹായം തിരുവിതാംകൂര്‍രാജാവ് വേണ്ടെന്നുവയ്ക്കുന്നു. മാര്‍ത്താണ്ഡവര്‍മ ഈ നോവലില്‍ പ്രതിനായകസ്ഥാനത്തു നില്ക്കുന്നു എന്നു പറയാം. യുദ്ധതന്ത്രത്തിലെ ആധുനീകരണം കെ.എം. പണിക്കര്‍ ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.
ചരിത്രാംശത്തിനു പ്രാധാന്യമുള്ള മറ്റൊരു നോവലാണ് ഉഗ്രശപഥം. കോഴിക്കോട് സാമൂതിരിക്കെതിരെ പോര്‍ച്ചുഗീസുകാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും അതിന്റെ പരാജയവും ആണ് ഇതിലെ പ്രതിപാദ്യം. വാസ്കോ ദ ഗാമ കോഴിക്കോട്ട് വന്നു പത്തുവര്‍ഷം കഴിഞ്ഞതിനുശേഷം ആണ് ഇതിലെ കഥ നടന്നത്. കടലിലൂടെ വ്യാപാരം നടത്താനുള്ള കുത്തക പോര്‍ച്ചുഗീസുകാര്‍ നേടിയപ്പോള്‍ ഉണ്ടായ ആത്മവിശ്വാസം ആണ് സാമൂതിരിയെ വെല്ലുവിളിക്കാന്‍ പ്രേരിപ്പിച്ചത്. സാമൂതിരിയെ ബന്ധനസ്ഥനാക്കുമെന്ന മാര്‍ഷല്‍ കുഠിനോയുടെ ശപഥം സഫലമാവുന്നില്ല. ഏറാള്‍പ്പാടും, കൊച്ചിയും പോര്‍ച്ചുഗീസുകാരും സാമൂതിരിയെ എതിര്‍ക്കുന്നു. കുതന്ത്രങ്ങളിലൂടെ ഏറാള്‍പ്പാടിനെ വശത്താക്കി കാര്യം സാധിക്കാനായിരുന്നു മാര്‍ഷല്‍ കുഠിനോയുടെ ശ്രമം. എന്നാല്‍ സമര്‍ഥനായ മന്ത്രംഇളയതിന്റെ ഉചിതമായ കരുനീക്കങ്ങള്‍വഴി ഏറാള്‍പ്പാട് ദുര്‍ബലനായിത്തീരുന്നു. കുഠിനോയും കൂട്ടരും പരാജയപ്പെടുന്നു. ആഖ്യാനപ്രധാനമാണ് ഈ നോവല്‍. എങ്കിലും ചരിത്രവസ്തുതകളോട് സാങ്കല്പിക സന്ദര്‍ഭങ്ങള്‍ ഉചിതമായി സൃഷ്ടിച്ച് ഘടിപ്പിക്കുന്നതില്‍ നോവലിസ്റ്റ് മനസ്സിരുത്തിയിട്ടുണ്ട്.
പോര്‍ച്ചുഗീസുകാരുടെ കാലഘട്ടത്തെ കഥാപശ്ചാത്തലമാക്കിക്കൊണ്ട് കേരളീയാചാരങ്ങള്‍ക്ക് പ്രാമുഖ്യം നല്കി രചിക്കപ്പെട്ട നോവലാണ് പറങ്കിപ്പടയാളി. പോര്‍ച്ചുഗീസുകാര്‍ തേവലക്കര ക്ഷേത്രം കൊള്ളയടിക്കുന്നതാണ് ഇതിലെ ചരിത്രാംശം. ഈ സംഭവത്തിനു നോവലില്‍ കേന്ദ്രസ്ഥാനം നല്കിയതിനാല്‍ മറ്റു കല്പിതകഥകള്‍ക്കും ചരിത്രച്ഛായ കൈവന്നിട്ടുണ്ട്. അന്തോണിയോ എന്ന നാരായണന്‍നായര്‍ തേവലക്കരപോറ്റിയെ പ്രതിഹാര നിര്‍വഹണത്തിനായി ആക്രമിച്ചു കൊല്ലുന്നതാണ് ഇതിലെ കഥാവസ്തു. അന്തോണിയോ ആണ് ഇതിലെ പറങ്കിപ്പടയാളി. തേവലക്കരക്ഷേത്രം കൊള്ളയടിക്കുവാന്‍ ഗവര്‍ണറെ ഉപദേശിക്കുന്നത് അന്തോണിയോതന്നെ. അവസാനം കപ്പലില്‍വച്ച് അയാള്‍ മരണമടയുന്നു. ചരിത്രത്തിലെ അന്തോണിയോ യുദ്ധത്തില്‍ മരിക്കുന്നില്ല. നോവലില്‍ അപ്രകാരം ചിത്രീകരിച്ചത്, ക്ഷേത്രം നശിപ്പിക്കുകയും, ദൈവനിന്ദ നടത്തുകയും ചെയ്യുന്ന ആള്‍ ദീര്‍ഘ സുഖജീവിതം നയിച്ചുകൂടാ എന്ന ധര്‍മനീതിയെ നോവലിസ്റ്റ് മുറുകെപ്പിടിക്കുന്നതുകൊണ്ടാകണം.
കെ.എം. പണിക്കരുടെ പ്രതിഭ ഏറ്റവും തിളങ്ങിനില്‍ക്കുന്നതു കേരളസിംഹത്തിന്റെ രചനയിലാണ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിക്ക് എതിരായി സധീരം പോരാടുകയും വിക്രമന്മാരായ തന്റെ അനുയായികളോടൊപ്പം വയനാടന്‍ മലകളിലെ കാടുകളിലേക്ക് പിന്‍വാങ്ങി പോരാട്ടംതുടര്‍ന്ന്, കീഴടങ്ങേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ ആത്മഹത്യ വരിക്കുകയും ചെയ്ത കേരളത്തിന്റെ ധീരദേശാഭിമാനികളിലൊരാളായ പഴശ്ശി കേരളവര്‍മയുടെ ജീവിതത്തിലെ നിര്‍ണായകമായ സംഭവങ്ങളാണ് ഈ നോവലിന് അടിസ്ഥാനം. അസാധാരണമായ ധൈര്യവും ബുദ്ധിശക്തിയും പ്രദര്‍ശിപ്പിച്ചിരുന്ന പഴശ്ശിയുടെ മഹത്ത്വം പ്രതിപാദിക്കുന്നതിന് ഉചിതമായ എല്ലാ കരുക്കളും സംഭരിച്ചുകൊണ്ടാണ് നോവലിസ്റ്റ് നായകനെ ചിത്രീകരിക്കുന്നത്. സി.വി.യുടെ ആഖ്യാനവൈഭവം ചെറിയ അളവില്‍ പണിക്കര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് അനുഭവപ്പെടുത്തിത്തരുന്നതാണ് ഈ നോവല്‍. പഴശ്ശിരാജാവിന്റെ പ്രവര്‍ത്തനങ്ങള്‍തന്നെ കാല്പനികത തിരളുന്നതാണെങ്കിലും നോവലിനെ കൂടുതല്‍ ആസ്വാദ്യമാക്കാന്‍ പാകത്തില്‍ ചില കല്പിതകഥകള്‍ ഇതില്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ട്. അമ്പുവും ഉണ്ണിനങ്ങയും തമ്മിലുള്ള പ്രണയം ഒരുദാഹരണമാണ്.
കോട്ടയം കഥകളുടെ കര്‍ത്താവായ കേരളവര്‍മയും പഴശ്ശി കേരളവര്‍മയും രണ്ട് വ്യക്തികളാണ് എന്നത്രെ ചരിത്രം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, നായകോത്കര്‍ഷത്തിന് വേണ്ടിയാവാം പഴശ്ശിരാജയെ നോവലിസ്റ്റ് ആട്ടക്കഥാകാരനായി അവതരിപ്പിച്ചിട്ടുള്ളത്. വളരെ ഹൃദ്യമായിത്തന്നെ നായകന്റെ വ്യക്തിത്വത്തെ നോവലിസ്റ്റ് അനാവരണം ചെയ്യുന്നുണ്ട്.
ഇന്ത്യാചരിത്രത്തിലെ ചില സംഭവങ്ങളും കെ.എം. പണിക്കരുടെ നോവലുകള്‍ക്ക് വിഷയമായിട്ടുണ്ട്. കല്യാണമല്‍, ഝാന്‍സിറാണിയുടെ കഥ എന്നീ നോവലുകളാണ് അവ. അക്ബറുടെ വിശ്വസ്തനായ ഒരു രത്നവ്യാപാരിയായ കല്യാണമല്‍ ആണ് ആദ്യത്തെ നോവലിലെ കേന്ദ്രകഥാപാത്രം. ഇദ്ദേഹം രാമഗഡുരാജാവായ അജിതസിംഹനാണ് എന്ന് പിന്നീട് വായനക്കാര്‍ അറിയുന്നു. ഈ കല്പിത കഥാപാത്രത്തെ ആസ്പദമാക്കി അക്ബറുടെ ജീവിതത്തിലെ ചരിത്രസംഭവങ്ങളെയും ചരിത്രപുരുഷന്മാരെയും അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അക്ബറും സലീമും തമ്മിലുള്ള മത്സരമാണ് ഇതിലെ മുഖ്യപ്രതിപാദ്യവിഷയം. അക്ബറിന്റെ നിസ്തുലമായ മതമൈത്രിയെ ചരിത്രപരമായ നിലയില്‍ അവതരിപ്പിക്കുന്നതില്‍ പണിക്കര്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും ഉജ്വലമായ സംഭവത്തെ ആസ്പദമാക്കി പണിക്കര്‍ രചിച്ച നോവലാണ് ഝാന്‍സിറാണിയുടെ കഥ. ഝാന്‍സിറാണിയുടെ ആത്മകഥ എന്ന നിലയിലാണ് നോവലിന്റെ ആഖ്യാനം. അതുകൊണ്ട് ചരിത്രസംഭവങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞു.
കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ബ്രിട്ടീഷുകാരുടെ മര്‍ദനമുറകളും ദുഷ്ചെയ്തികളും കേട്ടുവളര്‍ന്ന മണികര്‍ണിക എന്ന മനുബായി പില്കാലത്തു നാനാസാഹിബ്, താന്തിയാത്തോപ്പി എന്നിവരുമായി പരിചയപ്പെട്ടു. പിന്നീടു ഝാന്‍സിയിലെ റാണിയാവുകയും രാജാവ് മരിച്ചപ്പോള്‍ അധികാരം കൈയാളുകയും ചെയ്തു. സര്‍ ഹ്യൂഗ്റോസിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവുമായുള്ള പോരാട്ടത്തിലാണ് റാണിയുടെ ധൈര്യവും അഭിമാനവും സാഹസവും പ്രത്യക്ഷപ്പെടുന്നത്. ഝാന്‍സിറാണി ചിതയിലെരിയുന്ന ഭാഗം, അവരെ പരിചരിച്ച സുന്ദര്‍ഭായിയുടെ വാക്കുകളിലൂടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
ചരിത്രസംഭവങ്ങളെ ഭാവനകലര്‍ത്താതെ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ് ഇതില്‍ ചെയ്യുന്നത്. ഭാവനയെ വെല്ലുന്ന രീതിയിലുള്ള സാഹസം പ്രകടിപ്പിച്ച റാണിയെ അവതരിപ്പിക്കാന്‍ പ്രത്യേകമായ ഭാവന സൃഷ്ടിക്കേണ്ടതില്ലല്ലോ. നായികയോടു പക്ഷപാതം കാണിക്കാതെതന്നെ ചരിത്രരേഖകളെ ആസ്പദമാക്കി മാത്രമാണ് ആ ഉജ്വലവ്യക്തിത്വത്തെ അദ്ദേഹം ചിത്രീകരിക്കുന്നത്.
വൈക്കം ചന്ദ്രശേഖരന്‍ നായരുടെ നോവലുകള്‍. ചരിത്രനോവലിന് ആധുനിക കാലത്തു കൈവന്ന ശ്രദ്ധേയമായ നേട്ടമാണ് വൈക്കം ചന്ദ്രശേഖരന്‍ നായരുടെ രണ്ടു നോവലുകള്‍: പഞ്ചവന്‍കാടും സ്വാതിതിരുനാളും. ചരിത്രനോവലിന് ആധുനികഘട്ടത്തില്‍ ഉണ്ടായ വികാസത്തിന്റെ രേഖകളായി ഇവയെ കരുതാം.
ചരിത്രപുരുഷനായ മാര്‍ത്താണ്ഡവര്‍മയെ കേന്ദ്രീകരിച്ച് കല്പിത സംഭവങ്ങളും കഥാപാത്രങ്ങളുംകൊണ്ട് സൃഷ്ടിച്ച നോവലാണ് പഞ്ചവന്‍കാട്. മാര്‍ത്താണ്ഡവര്‍മയോട് എട്ടുവീട്ടില്‍പിള്ളമാരില്‍ അവശേഷിച്ച അനന്തരതലമുറയ്ക്ക് ഉണ്ടായിരുന്ന പ്രതികാരദാഹമാണ് വൈക്കം ഈ നോവലിന് ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. രാമനാമഠത്തിന്റെ സഹോദരിയും, അവളില്‍ മാര്‍ത്താണ്ഡവര്‍മയ്ക്കുണ്ടായ സന്തതിയും രാജാവിനെതിരെ പഞ്ചവന്‍കാട് കേന്ദ്രമാക്കി ഗൂഢാലോചന നടത്തുന്നതും കായംകുളം, തെക്കുംകൂര്‍, കൊച്ചിരാജാക്കന്മാരെ ചേര്‍ത്തു രാജാവിനോട് പൊരുതാന്‍ പ്രേരിപ്പിക്കുന്നതും ഇതില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. പഞ്ചവന്‍കാട്ടിലെ നീലിയുടെ കഥയ്ക്ക് സ്വന്തമായ വ്യാഖ്യാനവും നോവലിസ്റ്റ് നല്കുന്നു. മാര്‍ത്താണ്ഡവര്‍മയുടെ പൂര്‍വികനായ രാജാവിനാല്‍ വഞ്ചിക്കപ്പെട്ട കാമിനിയായ ഉമ്മിണി ശാപമേറ്റ് രക്ഷസ്സായിത്തീരുന്നുവെന്നും, ആ രക്ഷസ്സാണ് നീലിയെന്നുമാണ് നോവലിസ്റ്റിന്റെ സങ്കല്പം. അങ്ങനെ പഞ്ചവന്‍കാട്ടിലെ നീലിക്ക് മാര്‍ത്താണ്ഡവര്‍മയുടെ വംശത്തോടുള്ള വൈരാഗ്യം സൂചിപ്പിക്കുകയാണ് ചന്ദ്രശേഖരന്‍ നായര്‍. തന്റെ പത്നിയോടും മക്കളോടും ഉള്ള സ്നേഹവാത്സല്യങ്ങള്‍ ഒരുവശത്തും, അവര്‍ തനിക്കുനേരെ നടത്തുന്ന പ്രതികാരനടപടികളെ തടഞ്ഞുനിര്‍ത്തി രാജ്യത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം മറുവശത്തും-ഈ അവസ്ഥയില്‍പ്പെട്ടുഴലുന്ന രാജാവിന്റെ അന്തഃസംഘര്‍ഷത്തിനാണ് നോവലിസ്റ്റ് പ്രാധാന്യം നല്കുന്നത്.
തികഞ്ഞ കലോപാസകനായിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ജീവിതമാണ് വൈക്കം ചന്ദ്രശേഖരന്‍ നായരുടെ രണ്ടാമത്തെ ചരിത്രനോവലിന്റെ ഇതിവൃത്തം. ബ്രിട്ടീഷ്ഭരണത്തിന്റെ നീളുന്ന ഹസ്തം തിരുവിതാംകൂര്‍ഭരണത്തെ നിയന്ത്രണങ്ങള്‍കൊണ്ട് ശ്വാസം മുട്ടിച്ച കാലത്താണ് സ്വാതിതിരുനാള്‍ ഭരണഭാരം ഏറ്റെടുക്കുന്നത്. പേരിന് മാത്രം മഹാരാജാവ് എന്നായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. ദേശാഭിമാനിയായിരുന്ന അദ്ദേഹത്തിന് തികച്ചും അസ്വസ്ഥജനകമായിരുന്നു ഈ അവസ്ഥ. പ്രതിസന്ധിയില്‍ അദ്ദേഹത്തിന് ആശ്വാസം നല്കിയതു തീവ്രമായ കലോപാസന മാത്രമായിരുന്നു. ഈ അവസ്ഥയാണ് വൈക്കം ചന്ദ്രശേഖരന്‍നായര്‍ തന്റെ നോവലിന് വൈകാരികപശ്ചാത്തലമായി സ്വീകരിച്ചത്. കലാകാരനും ഭരണാധികാരിയും തമ്മിലുള്ള സംഘര്‍ഷത്തെ ധ്വന്യാത്മകവും ചേതോഹരവുമായ ഭാഷയില്‍ ആവിഷ്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു കലാഹൃദയത്തിന്റെ സ്വാഭാവികമായ പരിണാമം എന്ന നിലയിലാണ് സുഗന്ധവല്ലിയെന്ന നര്‍ത്തകിയോടുള്ള ബന്ധം നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്.
വൈക്കം പഞ്ചവന്‍കാട്ടിലെന്നപോലെ ഇതിലും ചരിത്രപുരുഷന്റെ മാനസികലോകത്തെ രേഖപ്പെടുത്തുന്നതിനാണ് ശ്രദ്ധിച്ചിരിക്കുന്നത്. ഈ രണ്ട് നോവലുകളും ചരിത്രനോവലിന്റെ പ്രതിപാദനത്തിന് വന്ന വളര്‍ച്ചയും ചരിത്രനോവലില്‍ ഭാവനയ്ക്കുള്ള സ്ഥാനവും വ്യക്തമാക്കുന്നു. തിക്കോടിയന്റെ ചുവന്നകടല്‍ (1963) പോര്‍ച്ചുഗീസുകാരുടെ കാലഘട്ടത്തില്‍ അവര്‍ നടത്തിയ ക്രൂരതകളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കല്പിതകഥയുടെ ആവിഷ്കരണമാണ്. പറങ്കികളുടെ നിഷ്ഠൂരതകള്‍ കേട്ടറിഞ്ഞ് പകയുമായി നടക്കുന്ന പൊക്കന്‍ എന്ന ചെറുപ്പക്കാരന്റെ അനുഭവങ്ങളെ കേന്ദ്രമാക്കിയാണ് ഇതിലെ കഥ മെനഞ്ഞെടുത്തിരിക്കുന്നത്. പറങ്കികളുടെ കടല്‍ത്താവളമായ വെണ്യാന്‍കുന്ന് ഇതിലെ മുഖ്യകഥാപാത്രത്തിന്റെ സ്ഥാനം വഹിക്കുന്നു. പൊക്കന്‍ ചതിക്കപ്പെട്ട് പോര്‍ച്ചുഗീസുകാരുടെ കൈയില്‍ അകപ്പെടുകയും, മതംമാറ്റത്തിന് വിധേയനായി ഫെര്‍ണാണ്ടസ് എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഫെര്‍ണാണ്ടസ് പോര്‍ച്ചുഗീസുകാരോടുള്ള പ്രതികാരം നിര്‍വഹിക്കുന്നു. ഇതര കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും പൊക്കന് മാത്രമേ മിഴിവ് നല്കാന്‍ നോവലിസ്റ്റ് ശ്രദ്ധിക്കുന്നുള്ളു.
സമകാലിക സംഭവങ്ങള്‍ ചരിത്രനോവലില്‍. ഈ നൂറ്റാണ്ടിലെ കേരളചരിത്രത്തെ ആസ്പദമാക്കി രചിക്കപ്പെട്ട രണ്ട് നോവലുകളാണ് എം.ആര്‍. വേലുപ്പിള്ളശാസ്ത്രിയുടെ സ്റ്റേറ്റ് കോണ്‍ഗ്രസ് വിജയവും (1948) ആര്‍. രാഘവന്‍ നായരുടെ പുന്നപ്രവയലാറും (1947). ദിവാന്‍ ഭരണത്തിനെതിരായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പോരാട്ടം മുതല്‍ വിദേശാധിപത്യത്തിന് എതിരെ സമരം നടത്തിയ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വളര്‍ച്ചയും വിജയംവരെയുള്ള ചരിത്രസംഭവങ്ങളുമാണ് ആദ്യത്തെ നോവലില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ദീര്‍ഘമായ ആഖ്യാനകാലഘട്ടവും, സംഭവങ്ങളുടെ ബാഹുല്യവും കാരണം മിക്ക കഥാപാത്രങ്ങളെയും മികച്ച വ്യക്തിത്വത്തോടെ അവതരിപ്പിക്കാന്‍ ഈ നോവലിന് കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ നോവലില്‍ സര്‍ സി.പി.യും അദ്ദേഹത്തിന്റെ സെക്രട്ടറിയായ നാരായണപിള്ളയും മുഖ്യകഥാപാത്രങ്ങളാണ്. നാരായണപിള്ളയുടെ മകനായ ബാലശിവന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വം കൊടുത്തതായി ഇതില്‍ പറയുന്നു. പുന്നപ്രവയലാര്‍ സമരത്തിലെ പ്രതികളെ വിട്ടയയ്ക്കുന്ന ഘട്ടംവരെയുള്ള സംഭവങ്ങള്‍ ഇതിന്റെ പ്രതിപാദനപരിധിയില്‍ വരുന്നു.
ചരിത്രാഖ്യായികാകാരന്മാര്‍ എന്ന പേരില്‍ അറിയപ്പെടാത്ത പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ സാഹിത്യകാരന്മാര്‍ പല കാലങ്ങളിലായി നോവലുകള്‍ രചിച്ചിട്ടുണ്ട്. പലരും സി.വി. രാമന്‍പിള്ളയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണ്. ഇവരുടെ രചനകള്‍ക്ക് കേരളചരിത്രവും, ഭാരതചരിത്രവും, മതചരിത്രങ്ങളും പ്രതിപാദ്യമായിട്ടുണ്ട്. ടി. രാമന്‍നമ്പീശന്റെ കേരളേശ്വരന്‍, കുറുപ്പംവീട്ടില്‍ ഗോപാലപിള്ളയുടെ തിരുവിതാംകൂര്‍ ചരിത്രകഥകള്‍, പോര്‍ക്കളത്തിന്റെ പിന്നില്‍, തെക്കുംകൂര്‍റാണി, ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ റാണി ഗംഗാധരലക്ഷ്മി, പാണ്ടിയാട്ടില്‍ ശങ്കരമേനോന്റെ ഉണ്ണിരാജവര്‍മ, കെ.പി. കുട്ടിശങ്കരപ്പണിക്കരുടെ ശ്രീധരന്‍ അഥവാ ചേലക്കലാപകാലത്തെ ഒരുകഥ, എം.ആര്‍.കെ.സി.യുടെ വെള്ളുവക്കമ്മാരന്‍, വി.പി. ശങ്കുണ്ണിമേനോന്റെ വിക്രമനീതി, മേക്കുന്നത്തു കുഞ്ഞിക്കൃഷ്ണന്‍ നായരുടെ പ്രതികാരം, പള്ളത്തുരാമന്റെ അമൃതപുളിനം, ഇ.കെ. കൃഷ്ണനെഴുത്തച്ഛന്റെ ശാക്യസിംഹം, അബ്ദുല്‍ഖാദര്‍ ഖാരിയുടെ പ്രേമവിജയം, ഇസഡ്. എം. പറോട്ടിന്റെ കൂനന്‍കുരിശ്, ക്നാനായിത്തൊമ്മന്‍ മുതലായവ പേരെടുത്തു പറയാവുന്ന ചതിത്രാഖ്യായികകളാണ്.
(എന്‍. മുകുന്ദന്‍; സ.പ.)