This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരിത്രനാടകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:44, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രനാടകങ്ങള്‍

ചരിത്രത്തിന്റെ പശ്ചാത്തലമുള്ള നാടകങ്ങള്‍. ചരിത്രനാടകത്തെ ഒരു നിഘണ്ടുകാരന്‍ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. ഒരു ഭരണാധികാരിയുടെയോ ഉന്നതസ്ഥാനീയനായ ഒരു പോരാളിയുടെയോ ജീവിതത്തിലെ നിര്‍ണായകമായ ചരിത്രസംഭവങ്ങളെ അവതരിപ്പിക്കുന്ന നാടകമാണ് ചരിത്രനാടകം. സിദ്ധാന്തതലത്തില്‍ ഇത്തരമൊരു നിര്‍വചനം സങ്കുചിതമാണ് എന്നതു ശരിയാണെങ്കിലും ഇതുവരെയുണ്ടായിട്ടുള്ള ചരിത്രനാടകങ്ങള്‍ പരിശോധിച്ചാല്‍ രാജാവോ, പോരാളിയോ മുഖ്യകഥാപാത്രമാകാത്ത ചരിത്രനാടകങ്ങള്‍ അത്യപൂര്‍വമാണെന്നു പറയാം. മലയാളത്തിലെ ചരിത്രനാടകങ്ങളെക്കുറിച്ചും ഇതുതന്നെ പറയാം.

ഷെയ്ക്സ്പിയറുടെ ഹെന്റി ആറാമന്‍, ഹെന്റി നാലാമന്‍, ജൂലിയസ് സീസര്‍ മുതലായവ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രസിദ്ധ ചരിത്രനാടകങ്ങളാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന ആദ്യത്തെ ചരിത്രനാടകകാരന്‍ ബംഗാളിയിലെ ജ്യോതിരിന്ദ്ര ടാഗോറാണ്. ഇദ്ദേഹത്തിന്റെ സരോജിനി (1875), അശ്രുമതി (1879) എന്നീ കൃതികള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ബംഗാളി സാഹിത്യത്തിലെ തന്നെ മറ്റൊരെഴുത്തുകാരനായ ദിജേന്ദ്രലാല്‍ റോയിയുടേതായി നൂര്‍ജഹാന്‍, ഷാജഹാന്‍ തുടങ്ങി പത്തോളം ചരിത്രനാടകങ്ങള്‍ ഉണ്ട്.

പാഴ്സിനാടകങ്ങളുടെ അനുകരണമാണെന്നു പറയാവുന്ന തമിഴ് സംഗീതനാടകങ്ങളുടെ വ്യാപകമായ പ്രചാരമാണ് നാടകാസ്വാദനത്തിന് കേരളീയരെ പ്രേരിപ്പിച്ചത്. കേരളത്തിന് നാടകവേദി രൂപപ്പെടാനും കാരണം ഇതാണ്. കേരളീയരെ ആഹ്ളാദിപ്പിച്ച തമിഴ് നാടകങ്ങള്‍ ചരിത്രവുമായി ബന്ധപ്പെട്ട ഇതിവൃത്തം കൈകാര്യം ചെയ്യുന്നവയായിരുന്നു: കോവിലന്‍ ചരിത്രം, നല്ലതങ്കാള്‍ ചരിത്രം, ഗുലേബക്കാവലി, വള്ളിയമ്മാള്‍ നാടകം പോലുള്ളവ. ചരിത്രവും ഐതിഹ്യവും ഇവയില്‍ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടെങ്കിലും ചരിത്രത്തിലെ പ്രതിപാദ്യം നാടകമായി അവതരിപ്പിക്കുന്നതു കണ്ടുകൊണ്ടാണ് കേരളീയര്‍ നാടകകലയുമായി ബന്ധപ്പെടുന്നത്.

എന്നാല്‍ കേരളത്തിന് സ്വന്തമായ നാടകവേദിയും നാടകസംഘങ്ങളും ഉണ്ടായപ്പോള്‍ ഈ ചരിത്രബന്ധം ഉപേക്ഷിക്കപ്പെട്ടതായാണ് കാണുന്നത്. രംഗവേദിയില്‍ അവതരിപ്പിക്കപ്പെട്ട മലയാള നാടകങ്ങള്‍ സംസ്കൃത നാടകങ്ങളുടെ വിവര്‍ത്തനമായിരുന്നു. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ 1880-ല്‍ വിവര്‍ത്തനം ചെയ്ത അഭിജ്ഞാനശാകുന്തളത്തോടുകൂടിയാണ് സംസ്കൃത നാടക വിവര്‍ത്തനങ്ങളുടെ പ്രവാഹമുണ്ടായത്. അങ്ങനെ, പുരാണേതിഹാസ കഥകള്‍ നാടകങ്ങള്‍ക്ക് പ്രതിപാദ്യമായിത്തീര്‍ന്നു. കവിതയെ സംബന്ധിച്ചിടത്തോളം വിഷയം പുരാണേതിഹാസങ്ങള്‍ തന്നെയായതിനാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

സി.വി. രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകള്‍ ചരിത്രത്തോട് ആഭിമുഖ്യം കാണിക്കാന്‍ എഴുത്തുകാരെയും സഹൃദയരെയും പ്രേരിപ്പിച്ചു. അതിന്റെ ഫലമായി ധാരാളം ചരിത്രനോവലുകള്‍ ഉണ്ടായി. സി.വി.യുടെ നോവലുകളുടെ നാടകരൂപം രംഗത്ത് അവതരിപ്പിക്കപ്പെട്ടത് ഇതിന്റെ ഫലമായിട്ടാണ്. അതോടൊപ്പം സ്വതന്ത്രമായ ചരിത്രനാടകങ്ങളും പ്രത്യക്ഷപ്പെട്ടു.

ഇത്തരത്തിലുള്ള ചരിത്രനാടകങ്ങളില്‍ ആദ്യത്തേത് ഇ.വി. കൃഷ്ണപിള്ളയുടെ സീതാലക്ഷ്മിയാണ് (1926). എട്ടുവീട്ടില്‍പിള്ളമാരോട് ചരിത്രദൃഷ്ട്യാ സി.വി. അനീതികാട്ടി എന്ന ദൃഢവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് സീതാലക്ഷ്മി രചിക്കപ്പെട്ടത്. എട്ടുവീട്ടില്‍പിള്ളമാരില്‍ അവശേഷിച്ച സീതാലക്ഷ്മി എന്ന സാങ്കല്പിക കഥാപാത്രത്തെ നായികയാക്കിക്കൊണ്ടാണ് ഇ.വി. കൃഷ്ണപിള്ള ഈ നാടകം രചിച്ചിരിക്കുന്നത്. എട്ടുവീട്ടില്‍പിള്ളമാരുടെ വീര്യത്തെ വെളിവാക്കുകയാണ് നാടകകൃത്ത്. സീതാലക്ഷ്മിയും അനന്തപദ്മനാഭന്‍ പടത്തലവനും തമ്മിലുള്ള സംഭാഷണം ഈ നാടകത്തിലെ ഉജ്വലമായ സന്ദര്‍ഭമാണ്. രാജാകേശവദാസന്‍ (1927), ഇരവിക്കുട്ടിപ്പിള്ള (1933) എന്നിവയും ഇ.വി.യുടെ ചരിത്രനാടകങ്ങളാണ്. ഈ രണ്ട് നാടകങ്ങളിലൂടെ കേരളത്തിലെ ഗതകാല ജീവിതത്തിന്റെ വീരസാഹസികതയെ ഉണര്‍ത്തുകയാണ് ഇ.വി. ചെയ്തത്.

കേരളചരിത്രത്തിലെ സംഭവങ്ങളും വ്യക്തികളും പിന്നീട് നാടകങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. കൈനിക്കര പദ്മനാഭപിള്ളയുടെ വേലുത്തമ്പി ദളവാ (1933), കപ്പന കൃഷ്ണമേനോന്റെ കേരളവര്‍മ പഴശ്ശിരാജ (1935) എന്നിവ കൂട്ടത്തില്‍ എടുത്തുപറയേണ്ട നാടകങ്ങളാണ്. ഇതേ കാലയളവില്‍ത്തന്നെ ദ്വിജേന്ദ്രലാല്‍ റോയിയുടെ ചരിത്രനാടകങ്ങള്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കെ.എം. പണിക്കരുടെ നൂര്‍ജഹാന്‍, വി. കൃഷ്ണന്‍ തമ്പിയുടെ ചാണക്യന്‍ എന്നിവ അരങ്ങേറിയ നാടകങ്ങളാണ്. പി. കുഞ്ഞിരാമന്‍നായരുടെ അമരസിംഹന്‍, എന്‍.പി. ചെല്ലപ്പന്‍ നായരുടെ മേവാര്‍ മാണിക്യം എന്നീ നാടകങ്ങളും പരിഗണനാര്‍ഹമാണ്.

പല കാലങ്ങളിലായി പ്രമുഖ നാടകസമിതികള്‍ ചരിത്രനാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഔത്സുക്യം കാട്ടുകയും കേരളീയ സഹൃദയലോകം ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ കലാനിലയം ട്രൂപ്പ് അന്‍പതുകളില്‍ ഇളയിടത്തുറാണി, ഉമ്മിണിത്തങ്ക തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ച് മലയാളികളെ ആഹ്ളാദിപ്പിക്കുകയുണ്ടായി. ഇത്തരത്തിലുള്ള വേറെ പല ചരിത്രനാടകങ്ങളും പ്രൊഫഷണല്‍ ട്രൂപ്പുകള്‍ രംഗത്തവതരിപ്പിക്കുന്നുണ്ട്.

(എന്‍. മുകുന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍