This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരക്കു നികുതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:43, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരക്കു നികുതി

മിക്ക അവികസിത-വികസ്വര രാജ്യങ്ങളിലും പരോക്ഷ നികുതികള്‍ വഴിയാണ് പൊതുവരുമാനത്തിന്റെ ഏറിയപങ്കും കണ്ടെത്തുന്നത്. പരോക്ഷനികുതികളെ രണ്ടായി തരംതിരിക്കാം. വിദേശ വ്യാപാരത്തിന്മേലുള്ള നികുതികളും, ഇറക്കുമതി കയറ്റുമതിച്ചുങ്കങ്ങളും ആദ്യത്തെ ഇനത്തിലും എക്സൈസ് നികുതികള്‍, വില്പന നികുതികള്‍, വിനോദ നികുതി, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങിയവ രണ്ടാമത്തെ ഇനത്തിലും പെടുന്നു. ആഡംബര വസ്തുക്കളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിനും സ്വദേശ വ്യവസായങ്ങളെ ദേശീയ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മിക്ക അവികസിത-വികസ്വര രാജ്യങ്ങളിലും ഇപ്പോള്‍ ഇറക്കുമതിച്ചുങ്കങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി-കയറ്റുമതിച്ചുങ്കങ്ങളുടെ (കസ്റ്റംസ് തീരുവകളുടെ) പ്രാധാന്യം കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്. വ്യവസായവ്തകരണം ത്വരിതപ്പെടുത്താനുള്ള ശ്രമത്തില്‍ യന്ത്രോപകരണങ്ങളുടെ മേലുള്ള ഇറക്കുമതിച്ചുങ്കം പൂര്‍ണമായി ഇളവുചെയ്യുകയോ കാര്യമായി വെട്ടിക്കുറയ്ക്കുകയോ ചെയ്യുക സാധാരണമായിത്തീര്‍ന്നിട്ടുണ്ട്. അങ്ങനെ വിദേശ വ്യപാരത്തിന്മേലുള്ള നികുതിചുമത്തല്‍ അവികസിത-വികസ്വര രാജ്യങ്ങളില്‍ പൊതുവേ അപ്രധാനമായി പരിണമിച്ചിട്ടുണ്ട്.

ഓരോ നികുതിക്കും ഒരു പ്രഭവമണ്ഡലമുണ്ട്. നികുതി നിരക്ക് ക്രമപ്രവൃദ്ധമായാലും ശരി ആനുപാതികമായാലും ശരി, ആ പ്രഭവമണ്ഡലം അല്ലെങ്കില്‍ അടിസ്ഥാനം, നികുതി ചുമത്തപ്പെടുന്ന സാധനം തന്നെയാകുന്നു. ചരക്കു നികുതികളെ സംബന്ധിച്ചിടത്തോളം അത് മൊത്തം ഉത്പാദനത്തിന്റെയോ (എക്സൈസ് നികുതികള്‍ക്ക്) ഒരു സാമ്പത്തിക സംരംഭത്തിലെ വില്പനയുടെയോ (വില്പന നികുതികള്‍ക്ക്) രാഷ്ട്രാതിര്‍ത്തി കടന്നുപോകുന്ന സാധനങ്ങളുടെയോ (കസ്റ്റംസ് തീരുവകള്‍ക്ക്) ഒരു രാഷ്ട്രത്തിനുള്ളില്‍ത്തന്നെ സംസ്ഥാനാതിര്‍ത്തികള്‍ കടക്കുന്ന വിപണന വസ്തുക്കളുടെയോ (അന്തര്‍ സംസ്ഥാന വില്പന നികുതികള്‍ക്ക്) അല്ലെങ്കില്‍ സംസ്ഥാനത്തിനകത്തുതന്നെ പ്രത്യേക പ്രദേശങ്ങളിലേക്കു കടത്തുന്ന ചരക്കുകളുടെയോ (അതിര്‍ത്തിച്ചുങ്കം-ീരൃീശ) അളവ് ആകാം. ഈ നികുതികളില്‍വച്ച് ഏറ്റവും പ്രധാനപ്പെട്ടവ എക്സൈസ് തീരുവകളും വില്പന നികുതികളുമാണ്. വ്യാപകമായ ഉപഭോഗമുള്ള ചുരുക്കം ചില ചരക്കുകളിന്മേല്‍, വിശേഷിച്ച് ആരോഗ്യത്തിനും കാര്യക്ഷമതയ്ക്കും അത്യന്താപേക്ഷിതമല്ലാത്ത ചരക്കുകളിന്മേല്‍, തീര്‍ച്ചയായും നികുതി ചുമത്താവുന്നതാണ്.

അവികസിത-വികസ്വര രാജ്യങ്ങളില്‍ നിലവിലുള്ള പ്രത്യേക പരിതഃസ്ഥിതികളില്‍ വിഭവ സമാഹരണത്തിന് ചരക്കുകളിന്മേലുള്ള നികുതികളെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. ആഭ്യന്തര ഇടപാടുകളിന്മേല്‍ ചുമത്തുന്ന നികുതികളില്‍ എക്സൈസ് തീരുവകളും വില്പനകളും വില്പന നികുതികളും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടവ. നികുതികള്‍ ചരക്കിന്റെ തൂക്കത്തിനനുസരിച്ച് ചുമത്തിയാല്‍ അവ സ്പെസിഫിക് നികുതികള്‍ എന്നറിയപ്പെടുന്നു. ചരക്കിന്റെ വില്പനയ്ക്കനുസരിച്ച് നികുതി നിരക്കുകളും മാറിയാല്‍ അതു ചരക്കിന്റെ വിലയ്ക്കുള്ള നികുതിയാണ്. അതിനെ 'അഡ് വലോറം' നികുതിയെന്നു പറയുന്നു. ആദായനികുതിപോലുള്ള പ്രത്യക്ഷനികുതികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ജനങ്ങളെ നികുതിവലയത്തില്‍ കൊണ്ടുവരാന്‍ ഏറ്റവും പറ്റിയ നികുതികള്‍ എക്സൈസ് തീരുവകളും വില്പന നികുതികളുമാണ്. ചരക്കുകളിന്മേല്‍ നികുതി ചുമത്തുമ്പോള്‍ കഴിവതും ആഡംബര വസ്തുക്കളുടെമേല്‍ കൂടുതല്‍ നികുതി ചുമത്തിയും സാധാരണ ഉപഭോഗവസ്തുക്കളിന്മേലുള്ള നികുതിഭാരം ലഘുവാക്കിയും നികുതിസമ്പ്രദായം നീതിപൂര്‍വകമാക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നത്. എന്നാല്‍ ചരക്കു നികുതികളുടെ തോത് വളരെ കൂടുകയാണെങ്കില്‍ അത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. എന്തെന്നാല്‍ നികുതി വര്‍ധിപ്പിക്കുന്നതനുസരിച്ച് വിലയും വര്‍ധിക്കുന്നു. തന്മൂലം ചോദനം സങ്കോചിക്കുകയും വിലക്കുറവും ഉത്പാദനക്കുറവും വരുമാനക്കുറവും ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ ചരക്കു നികുതികള്‍ ചുമത്തുമ്പോള്‍ അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്.

രാജ്യത്തിന്റെ ധനവിഭവമാര്‍ഗമെന്നതില്‍ക്കവിഞ്ഞ് സാമ്പത്തിക വികസനത്തിനുള്ള ഒരു ഉപാധിയായും ചരക്കുനികുതികളെ കരുതാവുന്നതാണ്. ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്നിടത്തോളം ചരക്കുനികുതികള്‍ സാമ്പത്തിക വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഉപഭോഗം കുറയുകയെന്നാല്‍ നിലവിലുള്ള ഉപഭോഗം കുറയ്ക്കുക എന്നര്‍ഥമാക്കേണ്ടതില്ല. തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന് ആനുപാതികമായി ഉപഭോഗം വര്‍ധിക്കുന്നത് തടയാന്‍ ചരക്കു നികുതികള്‍ സഹായിക്കുന്നു. അതായത് ഇത്തരം നികുതികള്‍ ഉപഭോഗത്തിലുണ്ടാകുന്ന അമിത വര്‍ധനയ്ക്കു കടിഞ്ഞാണിടുന്നു. അത്യാവശ്യ സാധനങ്ങളെ കഴിവതും ഒഴിവാക്കിക്കൊണ്ട്, ആഡംബര പദാര്‍ഥങ്ങളിന്മേലും അത്യാവശ്യ വിഭാഗത്തില്‍പ്പെടാത്ത ഉപഭോഗ വസ്തുക്കളിന്മേലും ചരക്കു നികുതികള്‍ ചുമത്തുക എന്നുള്ളതാണ് ഈ ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായ നയം.

ഇന്ത്യയില്‍. ഇന്ത്യയില്‍ ചരക്കു നികുതികളുടെ പ്രാധാന്യം ആസൂത്രണം ആരംഭിക്കുന്നതിനു മുന്‍പുതന്നെ വ്യക്തമായിരുന്നു. കഴിഞ്ഞദശകങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും സാധനങ്ങളുടെയും സേവനങ്ങളുടെയും മേലുള്ള നികുതി ചുമത്തല്‍വഴി ഗണ്യമായ തോതില്‍ ധനസംഭരണം നടത്തിയിട്ടുണ്ട്. ഒന്നാം പദ്ധതി ആരംഭിക്കുന്നതിനുമുന്‍പ് പരോക്ഷ നികുതികളെന്നറിയപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മേലുള്ള നികുതികള്‍ മൊത്തം നികുതി വരുമാനത്തിന്റെ 63 ശതമാനമായിരുന്നു. നാലാം പദ്ധതിയുടെ ഒടുവില്‍ ഇത് 80 ശതമാനമായി വര്‍ധിച്ചു. കേന്ദ്രഗവണ്‍മെന്റ് ചുമത്തുന്ന പരോക്ഷ നികുതികളില്‍ പ്രധാനമായവ കസ്റ്റംസ് തീരുവകളും എക്സൈസ് തീരുവകളുമാണ്. ഇവ രണ്ടും ചേര്‍ന്ന് രാജ്യത്തിന്റെ മൊത്തം ചരക്കു നികുതി വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തോളം പ്രദാനം ചെയ്യുന്നു. പ്രത്യക്ഷ നികുതിയിനങ്ങളെ അപേക്ഷിച്ച് ചരക്കു നികുതികള്‍ക്ക് ഇലാസ്തികത കൂടുതലാണ്.

സംസ്ഥാനങ്ങളുടെ അധീനതയിലുള്ള ചരക്കു നികുതികളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ലഹരി പാനീയങ്ങള്‍, കറുപ്പ്, മറ്റു നാര്‍കോട്ടിക് വസ്തുക്കള്‍ എന്നിവയിലുള്ള എക്സൈസ് തീരുവകള്‍, അന്തര്‍സംസ്ഥാന വാണിജ്യത്തിന്റെ ഭാഗമല്ലാതെ നടക്കുന്ന, വര്‍ത്തമാനപത്രങ്ങളൊഴികെയുള്ള സാധനങ്ങളുടെ ക്രയവിക്രയങ്ങളിന്മേലുള്ള നികുതികള്‍ എന്നിവയാണ്. ഇവ രണ്ടുംകൂടി രാജ്യത്തിന്റെ മൊത്തം പരോക്ഷ നികുതി വരുമാനത്തിന്റെ നാലിലൊരുഭാഗം ലഭ്യമാക്കുന്നു. കേരളത്തിന്റെ പരോക്ഷനികുതികളെ സംബന്ധിച്ചിടത്തോളം വില്പന നികുതിയാണ് സംസ്ഥാനത്തിന്റെ മുഖ്യസ്രോതസ്സ്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍