This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചമ്രവട്ടം ക്ഷേത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചമ്രവട്ടം ക്ഷേത്രം
തെക്കേ മലബാറിലെ പ്രസിദ്ധമായ ഒരു അയ്യപ്പക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും 11 കി.മീ. അകലെ തൃപ്പങ്ങോട് പഞ്ചായത്തില്‍ ഭാരതപ്പുഴയുടെ മധ്യത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
പ്രഭാ, സാത്യകി എന്നീ ധര്‍മപത്നിമാരോട് കൂടിയ ശാസ്താവാണ് ഇവിടത്തെ പ്രതിഷ്ഠ. ശാസ്താവിന്റെ ദിവ്യ പ്രഭാവത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. പുഴയില്‍ ശാസ്താവിന്റെ തേജസ്സു കണ്ടെത്തിയ ശംഭരി മഹര്‍ഷി ഇവിടെ പ്രതിഷ്ഠ നടത്തിയെന്നതാണ് ഒരു ഐതിഹ്യം. ശംഭരവട്ടമാണത്രെ പില്ക്കാലത്ത് ചമ്രവട്ടമായത്.
പുഴത്തുരുത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മഴക്കാലത്ത് ക്ഷേത്രത്തിലെത്താന്‍ കടത്ത് തോണി ആവശ്യമാണ്. ക്ഷേത്രത്തിനു മുന്‍പിലുള്ള വാതില്‍ കടന്നാല്‍ ശ്രീകോവിലിലാണ് ചെന്നെത്തുക. മുന്‍വശത്ത് ഒരു ചാര്‍ത്തുണ്ട്. ഇതിന് ഏകദേശം 3 മീ. നീളവും 180 സെ.മീ. വീതിയും ഉണ്ട്. മുന്‍വശത്തുള്ള ഭിത്തിയില്‍ ധാരാളം കുറ്റിവിളക്കുകള്‍ ഇണക്കിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഏകദേശം 2 മീ. ഉയരത്തില്‍ അഞ്ചോ ആറോ തട്ടുകളുള്ള ഒരു കല്‍വിളക്കുണ്ട്.
പുഴയിലെ വെള്ളം കവിഞ്ഞ് തൃപ്പടി മുങ്ങിയാല്‍ നടത്തുന്ന ആറാട്ടാണ് ഇവിടത്തെ പ്രധാന ഉത്സവം. അതിനാല്‍ ചില വര്‍ഷങ്ങളില്‍ ആറാട്ട് ഉണ്ടാകാറില്ല. മണ്ഡലകാലവും ശനിയാഴ്ചയുമാണ് ഇവിടുത്തെ വിശേഷ ദിനങ്ങള്‍. കല്‍വിളക്കും മുന്‍വശത്തെ ഭിത്തിയിലുള്ള കൊച്ചുവിളക്കുകളും ഈ ദിവസത്തില്‍ കൊളുത്തി വരുന്നു. ധനു 1 മുതല്‍ 11 വരെ ചുറ്റുവിളക്ക് തെളിയിക്കാറുണ്ട്. മഴപെയ്യാനും പെയ്യാതിരിക്കാനും ഇവിടെ നാളികേരം വഴിപാട് നടത്തും. ക്ഷേത്രത്തിന് അടുത്തുള്ള കുറുശ്ശേരി മനയുടെ ഉടമസ്ഥതയിലാണ് നിത്യപൂജകള്‍ നിര്‍വഹിക്കുന്നത്. ധാരാളം ഭക്തജനങ്ങള്‍, പ്രത്യേകിച്ച് ശനിപീഡിതര്‍, അഭീഷ്ടങ്ങള്‍ നേടുന്നതിനായി ഇവിടെ വന്ന് ധര്‍മശാസ്താവിനെ സേവിച്ചു വരുന്നു.