This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചപ്ലക്കട്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചപ്ലക്കട്ട
ഒരു സംഗീതോപകരണം 'ചിപ്ല' എന്ന പേരിലും ഇത് അറിയപ്പെടുന്നു. ആകൃതി വരുത്തിയ രണ്ട് തടിക്കഷണങ്ങളാണിവ. ഈട്ടിത്തടിയില്‍ നിന്നും മുറിച്ചെടുത്ത തടിക്കഷണങ്ങളെ ആകൃതിവരുത്തി ഒരുവശം പരത്തിയും മറുവശം ഉരുട്ടിയും ചപ്ലക്കട്ടകള് നിര്‍മിക്കുന്നു. സു. 15 സെ.മീ. നീളമുണ്ടായിരിക്കും. മധ്യത്തില്‍, വിരലുകള്‍ പിടിക്കുന്നതിനുള്ള സൗകര്യത്തിനായി ലോഹംകൊണ്ടുള്ള ചെറിയ ഒരു വളയം കൈപിടിപോലെ ഉറപ്പിച്ചിരിക്കുന്നു. ചപ്ലക്കട്ടകളില് ഒരെണ്ണം വലതുകൈയുടെ പെരുവിരല്‍കൊണ്ട് പിടിക്കുന്നു. അടുത്തകട്ട മറ്റു മൂന്നുവിരല്‍ ഉപയോഗിച്ചും (സാധാരണയായി ചെറുവിരല്‍, മോതിരവിരല്‍ നടുവിരല്‍) പിടിക്കുന്നു. രണ്ടു കട്ടകളും ചേര്‍ത്ത് തട്ടുമ്പോള്‍ രണ്ടിന്റെയും പരന്ന വശങ്ങളിലാണ് തട്ടി ശബ്ദമുണ്ടാകുന്നത്. താളാത്മകമായി ശബ്ദം കേള്‍ക്കുന്നതിനു വേണ്ടി ചപ്ലക്കട്ടകളുടെ മുകളിലും താഴെയും ചെറിയ ചിലങ്കകള്‍ പിടിപ്പിച്ചിരിക്കുന്നു. ഉഞ്ഛവൃത്തി ഭാഗവതര്മാര് ഇടതുകൈയില്‍ ചപ്ലക്കട്ടകളും വലതു ഭൂജത്തില് തൂക്കിയിട്ടിരിക്കുന്ന തംബുരു വലതുകൈയിലും വച്ച്, തംബുരുമീട്ടുകയും, താളം ഇടുകയും പാടുകയും ഒരേ സമയത്തു ചെയ്യുന്നു. ഇന്നും ഹരികഥാകാലക്ഷേപത്തിന് ചപ്ലക്കട്ട ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ മനോധര്മമനുസരിച്ചും മരക്കഷണത്തിന്റെ ലഭ്യത അനുസരിച്ചും തടിയുടെ തരവും, ചപ്ലക്കട്ടയുടെ ആകൃതിയും വ്യത്യാസപ്പെടാറുണ്ട്. ചപ്ലക്കട്ട എന്ന ഈ താളവാദ്യത്തെക്കുറിച്ച് പൌരാണിക കാലത്തെ കൊത്തുപണികളില്‍ പരാമര്‍ശമില്ല.
(പ്രൊഫ. എം.കെ. മോഹനചന്ദ്രന്)