This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചതകുപ്പ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചതകുപ്പ
അംബെല്ലിഫെറെ (Umbelliferae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധി. ശതകുപ്പ എന്നും പറയും. ശാ.നാ. പ്യുസിഡാനം ഗ്രാവിയോളന്‍സ് (Peucedanum graveolens) അഥവാ അനീതം ഗ്രാവിയോളന്‍സ് (Anethum graveolens). നൂറിലധികം സ്പീഷീസുകളുണ്ടെങ്കിലും യൂറോപ്യന്‍ ഡില്‍ (European dill) എന്നറിയപ്പെടുന്ന അനീതം ഗ്രാവിയോളന്‍സും ഇന്ത്യന്‍ ഡില്‍ എന്നറിയപ്പെടുന്ന അനീതം സോവയും (A. sowa) ആണ് പ്രധാനപ്പെട്ടവ. എല്ലായിടങ്ങളിലും നട്ടുവളര്‍ത്തപ്പെടുന്ന ഒരു ഔഷധിയാണിത്. യൂറോപ്പിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ധാന്യവിളകള്‍ക്കിടയില്‍ ഒരു കാട്ടുചെടിയായി ഇത് വളരാറുണ്ട്. ഗ്രീക്കുകാരും റോമാക്കാരും ഒരുദ്യാനസസ്യമായി ഇതിനെ വളര്‍ത്തിയിരുന്നതായി രേഖകളുണ്ട്. 1570-ലാണ് ഇംഗ്ലണ്ടില്‍ ആദ്യമായി ഇത് കൃഷിചെയ്യാന്‍ തുടങ്ങിയത്. പുരാതനകാലം മുതല്‍ക്കു തന്നെ ഭാരതത്തില്‍ ഒരു ഔഷധി വളര്‍ത്തിത്തുടങ്ങിയിരുന്നു.
ഏകവര്‍ഷിയോ ദ്വിവര്‍ഷിയോ ആയ ഔഷധിയാണ് ചതകുപ്പ. ഏകദേശം ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്നു. മൃദുഘടനയുള്ള ഇളം പച്ചത്തണ്ട് ശാഖിതവും സരേഖിത (striated)വുമാണ്. ഇലകള്‍ ഏകാന്തരാന്യാസക്രമത്തില്‍ വിന്യസിച്ചിരിക്കുന്നു. ഇലഞെട്ട് വീതികൂടിയതും വെള്ളനിറമുള്ള സ്തരിത (membraneous) വക്കുകളോടുകൂടിയതുമാണ്. ഇലകള്‍ക്ക് അണ്ഡാകൃതിയും ത്രിപിഛാകാര (tripinnate) ഘടനയുമാണുള്ളത്. കടും പച്ചനിറത്തില്‍ വളരെ ചെറിയ പൂക്കളുള്ള അംബല്‍ (Umbel) പുഷ്പ മഞ്ജരിയാണ്. ഞെടുപ്പ് നീളം കൂടിയതും ലോലവുമാണ്. അഞ്ചു ബാഹ്യദളപുടങ്ങള്‍ ഉണ്ട്. വൃത്താകൃതിയിലുള്ള ദളങ്ങള്‍ക്ക് തിളക്കമുള്ള മഞ്ഞനിറമാണ്. കേസരതന്തുക്കള്‍ ചെറുതും ഉള്ളിലേക്ക് വളഞ്ഞതുമാണ്. വര്‍ത്തികാഗ്രങ്ങള്‍ ഒന്നിച്ചുകൂടി ഒരു സ്റ്റൈലോപോഡ് (stylopod) ആയിത്തീരുന്നു. ഇത് പരന്നിരിക്കുന്നതിനാല്‍ ഒരോ ദളത്തിന്റെയും അടിഭാഗം പൊതിഞ്ഞിരിക്കുന്നതുപോലെ തോന്നിക്കുന്നു. വര്‍ത്തികകള്‍ ചെറുതാണ്. കായ്കള്‍ക്ക് അര സെന്റിമീറ്റര്‍ നീളം വരും. അണ്ഡാകൃതിയിലുള്ള ഇവയ്ക്ക് കൂര്‍ത്ത രണ്ടഗ്രങ്ങളുമുണ്ട്. കായ്കളുടെ അഗ്രത്ത് സ്റ്റൈലോപോഡ് കാണുന്നുണ്ട്. ഫലം ഫലാംശക (mericarp) വിഭാഗത്തില്‍പ്പെടുന്നു. ഇവ ചെറിയ തിട്ടകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മൂന്നു തിട്ടകള്‍ വളരെ വ്യക്തമായി കാണാം. കായ്കള്‍ക്ക് ഇളം തവിട്ടുനിറമാണുള്ളത്.
വളരെയധികം ഔഷധപ്രാധാന്യമുള്ള ഒരു സസ്യമാണ് ചതകുപ്പ. ഇതിന്റെ വേരും വിത്തും വാതത്തിനും സന്ധിവീക്കത്തിനുമുള്ള കഷായങ്ങളില്‍ ചേര്‍ക്കാറുണ്ട്. കുട്ടികളുടെ ശൂലനോവിന് കായ്കള്‍ കൊണ്ടുള്ള കഷായം ഒരു പ്രതിവിധിയാണ്. കായ്കള്‍ സൂപ്പുകളിലും, സാലഡുകളിലും, സോസേജുകളിലും, അച്ചാറുകളിലും ഉപയോഗിക്കുന്നു. കറിമസാലകളിലും ചതകുപ്പ ഉപയോഗിക്കാറുണ്ട്. കായ്കളില്‍ നിന്ന് എണ്ണ എടുക്കുന്നത് വെള്ളം ചേര്‍ത്ത് സ്വേദനം നടത്തിയാണ്. എണ്ണയ്ക്ക് ഇളം മഞ്ഞ നിറവും രൂക്ഷഗന്ധവും മധുരവുമുണ്ട്. ഇതിന്റെ ആപേക്ഷിക സാന്ദ്രത 0.881 ആണ്. എണ്ണ ആല്‍ക്കഹോളിലും ഈഥറിലും ലയിക്കുന്നു. ഇതില്‍ അനീതിന്‍ (anethin), ഫെല്ലാന്‍ഡ്രിന്‍ (phellandrene), ലൈമോനീന്‍ (d-limonene), ആപ്പിയോള്‍ (apiol) എന്നിവ അടങ്ങിയിരിക്കുന്നു. സോപ്പ് ഉണ്ടാക്കുന്നതിനും എണ്ണ ഉപയോഗിക്കുന്നു. കായ്കളില്‍ നിന്നുണ്ടാക്കുന്ന 'ഡില്‍ വാട്ടര്‍' (Dill water) എന്ന പാലുപോലെയുള്ള ദ്രാവകം ഉത്തേജകവസ്തുവായി കരുതപ്പെടുന്നു. അതിനാല്‍ പ്രസവാനന്തര ശുശ്രൂഷയോടനുബന്ധിച്ച ചികിത്സയില്‍ ചതകുപ്പയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇക്കിളിന്റെയും വയറുവേദനയുടെയും ശമനത്തിന് സോഡിയം കാര്‍ബണേറ്റുമായി ചേര്‍ത്ത് ചതകുപ്പ കഴിക്കാറുണ്ട്. ചതകുപ്പയുടെ ഇല എണ്ണ പുരട്ടി തീയില്‍ ചൂടുപിടിപ്പിച്ച് കുരുവില്‍ വച്ചാല്‍ ചലം പോകുവാന്‍ എളുപ്പമാണെന്നും ഒരു വിധിയുണ്ട്.
'എരിച്ചു കച്ചിരിപ്പോന്നു ചതകുപ്പയുടെ രസം
സ്നിഗ്ദ്ധമായുഷ്ണമായുള്ളു കഫപിത്തവിനാശനം
തീപ്പുണ്ണിന്നേറ്റവും നന്നു വസ്തി ഗുന്മത്തിനുത്തമം'
എന്ന് ഗുണപാഠത്തില്‍ ചതകുപ്പയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.