This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘ്രാണേന്ദ്രിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:05, 12 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘ്രാണേന്ദ്രിയം

Olfactory System

ജന്തുക്കളില്‍ ഘ്രാണം (ഗന്ധം) അറിയാന്‍ സഹായിക്കുന്ന സംവേദകാവയവം. മൂക്ക് മുതല്‍ മസ്തിഷ്കം വരെ ഈ വ്യൂഹം ബന്ധപ്പെട്ടുകിടക്കുന്നു. വിവിധ ജന്തുക്കളില്‍ വ്യത്യസ്ത രൂപത്തിലാണ് കാണപ്പെടുന്നതെങ്കിലും ഇവയുടെ പ്രവര്‍ത്തനത്തിന് ഏതാണ്ട് ഒരു സമാനസ്വഭാവമാണുള്ളത്. ഘ്രാണം രാസപ്രവര്‍ത്തനത്തിലധിഷ്ഠിതമായ ഒരു സംവേദനമാണ്. ഗന്ധം വിവിധ തരത്തിലുണ്ടെങ്കിലും മുഖ്യമായി ഏഴായി വര്‍ഗീകരിച്ചിരിക്കുന്നു. ഘ്രാണേന്ദ്രിയങ്ങളുടെ ശരീര ശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം പൂര്‍ണമല്ല. സാധാരണയായി ഭൗമജീവികളിലാണ് ഇതു കൂടുതല്‍ വികസിതമായി കാണപ്പെടുന്നത്. ജലജീവികളില്‍ വെള്ളത്തിലൂടെയും ഭൗമജീവികളില്‍ വായുവിലൂടെയും ഗന്ധതന്മാത്രകള്‍ ഘ്രാണേന്ദ്രിയത്തിലെത്തുന്നു. ഘ്രാണവും സ്വാദും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.

ചിത്രം:Vol 10 Scre609.png

താഴ്ന്ന ജീവികളിലെ ഘ്രാണേന്ദ്രിയത്തെക്കുറിച്ച് വ്യക്തമായ അറിവ് ഇന്നും ലഭ്യമല്ല. എന്നാല്‍ ഏകകോശജീവിയായ അമീബയ്ക്കുപോലും ആഹാരവസ്തുവിനെ മറ്റ് പദാര്‍ഥങ്ങളില്‍ നിന്നു തിരിച്ചറിയാനുള്ള കഴിവുണ്ട്. പ്ലാറ്റിഹെല്‍മിന്ത് വിരകളില്‍ ആറിക്കുലര്‍ അംഗങ്ങളാണ് (auricular organs) ഗ്രാഹികളായി പ്രവര്‍ത്തിക്കുന്നത്. കീടങ്ങളിലെ ഘ്രാണേന്ദ്രിയത്തെപ്പറ്റി ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. സൂക്ഷ്മസംവേദകരോമങ്ങള്‍ അഥവാ സെന്‍സില്ലയാണ് ഇവയില്‍ ഘ്രാണേന്ദ്രിയമായി വര്‍ത്തിക്കുന്നത്. സെന്‍സില്ല പലതരത്തില്‍ കാണപ്പെടുന്നു. ഇവ മുഖ്യമായി കീടങ്ങളുടെ ശൃംഗികയിലാണ് (antenna) സ്ഥിതിചെയ്യുന്നത്. ദ്വിധ്രുവീയ ന്യൂറോണുകളാല്‍ നിര്‍മിതമായ ഇവയെ സുഷിരിതമായ ഉപചര്‍മംകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. ഈ സുഷിരങ്ങളില്‍ക്കൂടി ഇവയിലെ ഡെന്‍ഡ്രൈറ്റുകളുടെ അഗ്രം അന്തരീക്ഷവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ക്രസ്റ്റേഷ്യന്‍ ജീവികളില്‍ ഇവ സാധാരണയായി ഘ്രാണസീറ്റകളായിട്ടാണ് കാണപ്പെടുന്നത്. ആര്‍ത്രോപോഡകളില്‍ ആഹാരസമ്പാദനം, അണ്ഡനിക്ഷേപം, ലൈംഗികാകര്‍ഷണം, പെരുമാറ്റം എന്നീ കര്‍മങ്ങളൊക്കെ ഘ്രാണേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു. പട്ടുനൂല്‍ ശലഭങ്ങള്‍, ഉറുമ്പുകള്‍, തേനീച്ച തുടങ്ങിയ സാമൂഹ്യകീടങ്ങള്‍ക്ക് തീവ്രമായ ഘ്രാണസംവേദനശക്തിയുണ്ട്. കീടങ്ങള്‍ പുറപ്പെടുവിക്കുന്ന ഫെറമോണുകളും (pheromones) ഘ്രാണേന്ദ്രിയവും തമ്മിലും ബന്ധം കണ്ടെത്തപ്പെട്ടിട്ടുണ്ട്. മൊളസ്കുകളില്‍ (mollusca) ഹെയര്‍സെല്ലുകളാണ് (hair cells) ഗന്ധം അറിയാന്‍ സഹായിക്കുന്നത്.

കശേരുകികളില്‍ സാധാരണയായി നാസാദ്വാരത്തിനുള്ളിലെ ശ്ലേഷ്മസ്തരത്തിലെ ഉപകല(epithelium)യില്‍ ഘ്രാണഗ്രാഹികള്‍ സ്ഥിതി ചെയ്യുന്നു. ഓരോ ഗ്രാഹിയും ഒരു ദ്വിധ്രുവീയ തന്ത്രികാകോശിക (neuron) ആണ്. ഇവ നീളമുള്ള ആധാര കോശങ്ങള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രാഹികളുടെ ദൂരസ്ഥാഗ്രത്തില്‍ കാണുന്ന സൂക്ഷ്മരോമങ്ങളിലാണ് ഗന്ധതന്മാത്രകള്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്. തുടര്‍ന്ന് മറ്റേ അഗ്രം നാഡീതന്തുവഴി മസ്തിഷ്കത്തിലെ ഘ്രാണബള്‍ബുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗന്ധവസ്തുവില്‍നിന്ന് തന്മാത്ര വായുവിലൂടെയോ, ജലത്തിലൂടെയോ ഗ്രാഹികളിലെ സൂക്ഷ്മരോമങ്ങളിലെത്തുന്നു. തുടര്‍ന്ന് ഘ്രാണനാഡിയിലുണ്ടാകുന്ന ആവേഗം ഘ്രാണബള്‍ബില്‍ എത്തുകയും ഗന്ധം അനുഭവവേദ്യമാവുകയും ചെയ്യുന്നു. എല്ലാ കശേരുകികളിലും ഒന്നാമത്തെ കപാലീയ തന്ത്രികയാണ് (carnial nerve) ഗന്ധത്തെ നിയന്ത്രിക്കുന്നത്.

മത്സ്യങ്ങളില്‍ ഘ്രാണേന്ദ്രിയം സുവികസിതമാണ്. മൂക്കിന്റെ പ്രധാനധര്‍മം ഘ്രാണസംവേദനമാണ്. കാഴ്ചശക്തി വികസിച്ചിട്ടില്ലാത്ത മത്സ്യങ്ങളില്‍ ഘ്രാണശക്തി കൂടുതലായിരിക്കും. ഉപാസ്ഥി മത്സ്യങ്ങളിലും (cartilaginous fishes) ഘ്രാണേന്ദ്രിയം നന്നായി വികസിച്ചിട്ടുണ്ട്. മസ്തിഷ്കത്തിന്റെ വലിയൊരു ഭാഗംതന്നെ ഘ്രാണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മത്സ്യങ്ങളില്‍ മോന്തയുടെ (snout) രണ്ടു വശങ്ങളിലായി നാസാദ്വാരത്തിനുള്ളില്‍ ഘ്രാണേന്ദ്രിയമായി പ്രവര്‍ത്തിക്കുന്ന രണ്ടു ഗര്‍ത്തങ്ങള്‍ (pits) ഉണ്ട്. എന്നാല്‍ ചില മത്സ്യങ്ങളില്‍ (eg. lamprey, hagfishes)ഒരെണ്ണം മാത്രമേയുള്ളൂ. ഇരപിടിയന്‍ (predator) ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ഘ്രാണസംവേദനത്തിലൂടെയാണ് ആഹാരസമ്പാദനം നടത്തുന്നത്. വ്ളാങ്ക് (eel) മത്സ്യത്തിന്റെ ഘ്രാണശക്തി വളരെ തീവ്രമാണ്. കൂടാതെ ദേശാടനസ്വഭാവമുള്ള മത്സ്യങ്ങളിലും ഘ്രാണസംവേദനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഉഭയജീവികളില്‍ (amphibian) സാധാരണയായി തലയുടെ മുന്‍ഭാഗത്ത് രണ്ട് ഘ്രാണയറ ഉണ്ട്. ഓരോ അറയ്ക്കും രണ്ടു ദ്വാരങ്ങളും കാണപ്പെടുന്നു. ഇവയെ ബാഹ്യ-ആന്തര നാസാദ്വാരങ്ങള്‍ എന്നു വിളിക്കാം. ഇതുകൂടാതെ മറ്റൊരു ഘ്രാണേന്ദ്രിയമായ ജേക്കബ്സണ്‍ അംഗം (Jacobson's organ) ആദിമ അവസ്ഥയില്‍ ചില ഉഭയവാസികളില്‍ കണ്ടു വരുന്നുണ്ട്. കാഴ്ചശക്തി ലോപിച്ച ഉഭയജീവികളില്‍ ഘ്രാണശക്തി കൂടുതല്‍ വികസിച്ചു കാണുന്നു. സലമാന്‍ഡര്‍ (salamander) ലൈംഗികസ്രാവത്തിന്റെ ഗന്ധത്തിലൂടെയാണ് ഇണയെ കണ്ടെത്തുന്നത്. ഇഴജന്തുക്കളില്‍ നാസിക കൂടാതെ ജേക്കബ്സണ്‍ അംഗവും നന്നായി വികസിച്ചു കാണുന്നു. വദനദ്വാരത്തിന്റെ (buccal cavity) മുകള്‍പാളിയില്‍ സ്ഥിതിചെയ്യുന്ന ഈ അംഗം പാമ്പുകളിലും ഇഴജന്തുക്കളിലും സുവികസിതമാണ്. ഇവയിലും രണ്ടു ഗര്‍ത്തങ്ങള്‍ ഉണ്ട്. ഘ്രാണനാഡിയുടെ ഒരു ശാഖ ഇതിനെ മസ്തിഷ്കവുമായി ബന്ധിപ്പിക്കുന്നു. കടലാമയില്‍ ഈ ഘ്രാണേന്ദ്രിയം ഇല്ല. എന്നാല്‍ പൊതുവേ ആമകള്‍ക്ക് ഘ്രാണശക്തി കൂടുതലാണ്. മുതലകള്‍ ഘ്രാണ സംവേദനത്തിലൂടെയാണ് ഇണയെ കണ്ടെത്തുന്നത്. ഇഴജന്തുക്കളുടെയും ആഹാരസമ്പാദനത്തില്‍ ഗന്ധത്തിന് ഏറെ സ്വാധീനമുണ്ട്. പക്ഷികളില്‍ പൊതുവായി ഘ്രാണേന്ദ്രിയം വികസിച്ചിട്ടില്ല. ഇവയുടെ നാസാദ്വാരം സുവികസിതമാണെങ്കിലും ഘ്രാണ-ഉപകല ചെറുതാണ്. എന്നാല്‍ കിവി (kiwi) യില്‍ ഈ ഭാഗം വിസ്തൃതമായതിനാല്‍ അവയ്ക്ക് നല്ല ഘ്രാണസംവേദനശേഷി ഉണ്ട്. ജലപക്ഷികളില്‍ ഇത് സാമാന്യം വികസിച്ചു കാണുന്നു.

സസ്തനികളില്‍ ഘ്രാണേന്ദ്രിയം സുവികസിതമാണ്. ഇവയുടെ മൂക്കിന് രണ്ടു കര്‍മങ്ങളാണുള്ളത്; ഘ്രാണവും ശ്വസനവും. നാസികയ്ക്ക് രണ്ടറകളുണ്ട്. ഇതില്‍ ഉപരിതലഭാഗം ഗന്ധവും അധോഭാഗം ശ്വസനവും നിര്‍വഹിക്കുന്നു. മാംസഭുക്കുകളിലും കരണ്ടുതീനികളിലും മസ്തിഷ്കത്തിലെ ഗന്ധസംവേദനഭാഗം വളരെ വിസ്തൃതമാണ്. പട്ടിയുടെ ഘ്രാണസംവേദനം മനുഷ്യനെക്കാള്‍ പല മടങ്ങ് ഉയര്‍ന്നതാണ്. ആനയുടെ ഘ്രാണേന്ദ്രിയമാണ് വളര്‍ന്നു തുമ്പിക്കൈ ആയി രൂപപ്പെട്ടിരിക്കുന്നത്.

ഘ്രാണേന്ദ്രിയം മനുഷ്യനില്‍. മനുഷ്യനിലും ഘ്രാണേന്ദ്രിയം നാസികയിലാണ് സ്ഥിതിചെയ്യുന്നത്. തലയോടിന്റെ കപാലഭാഗത്തിലെ കോടരത്തിനുള്ളിലാണ് ഇതിന്റെ ആസ്ഥാനം. ഓരോ വ്യക്തിയിലും ഘ്രാണസംവേദനത്തോത് വ്യത്യസ്തമാണ്. മുഖത്തിന്റെ മുന്‍വശത്ത് നേത്രകോടരങ്ങളുടെ മധ്യത്തില്‍ ത്രികോണാകൃതിയിലുള്ള ചെറിയ ദ്വാരമുണ്ട്. ഇതാണ് നാസാഗഹ്വരം (nasal cavity), ഇതിന്റെ പാര്‍ശ്വഭിത്തി മുഖ്യമായി എഥ് മോയ്ഡ് (ethmoid), ജതുകം (sphenoid), സര്‍പ്പിലാസ്ഥി (turbinate) എന്നീ അസ്ഥികളാലും പ്രതലഭാഗം താലു (palate) അസ്ഥിയാലും നിര്‍മിക്കപ്പെട്ടിരിക്കുന്നു. ബാഹ്യമായി നാസാഗഹ്വരത്തെ ഒരു മധ്യഭിത്തി രണ്ടായി വിഭജിച്ചിരിക്കുന്നു. ഈ മധ്യഭിത്തി അസ്ഥി, ഉപാസ്ഥി (cartilage) എന്നിവകൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു. നാസാഗഹ്വരം പൂര്‍ണമായും ഉപകലകൊണ്ടാണ് ആവരണം ചെയ്തിരിക്കുന്നത്. ഘ്രാണനാഡിയുടെ ശാഖകളോടൊപ്പം മഞ്ഞനിറത്തിലുള്ള ഘ്രാണഗ്രാഹികള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉപകലയില്‍ ധാരാളം ശ്ലേഷ്മഗ്രന്ഥികളും കാണപ്പെടുന്നു. ഓരോ ഗ്രാഹിയും ഒരു ദ്വിധ്രുവീയ തന്ത്രികാകോശിക ആണ്. ഇതിന്റെ ഡെന്‍ഡ്രൈറ്റ് ശൂകമയമായി കാണപ്പെടുന്നു. മറ്റേ അഗ്രം (axon) മസ്തിഷ്കത്തിലെ ഘ്രാണബള്‍ബിലാണ് ചെന്നുചേരുന്നത്. ഈ മസ്തിഷ്കഭാഗം പൊതുവേ വിസ്തൃതമല്ലാത്തതിനാല്‍ കുരങ്ങുകളിലും മനുഷ്യനിലും ഘ്രാണേന്ദ്രിയം ഏറെ വികസിച്ചിട്ടില്ല. ആഹാരസമ്പാദനം, ദഹനസ്രവങ്ങളുടെ ഉദ്ദീപനം, പ്രതിരക്ഷ, പെരുമാറ്റം, ഋതുസ്രാവം തുടങ്ങിയവയ്ക്ക് ഘ്രാണേന്ദ്രിയ പ്രവര്‍ത്തനവുമായി നേരിട്ടു ബന്ധമുണ്ട്. ജലദോഷം (cold), മസ്തിഷ്കത്തിലുണ്ടാകുന്ന തകരാറ്, ശ്ലേഷ്മസ്തരത്തിലുണ്ടാകുന്ന രോഗാണുസംക്രമണം, മൂക്കുപൊടിയുടെ ഉപയോഗം എന്നിവകൊണ്ട് ഗന്ധസംവേദനത്തിന് തടസ്സമുണ്ടാകുന്നു. പ്രധാനമായി ജലദോഷമുണ്ടായിക്കഴിഞ്ഞാല്‍ ശ്ലേഷ്മസ്തരത്തിലുണ്ടാകുന്ന സംകുലതമൂലം ആവശ്യത്തിലധികം ശ്ലേഷ്മലം നാസാഗഹ്വരത്തില്‍ കെട്ടിനിന്ന് ഗന്ധതടസം ഉണ്ടാക്കുന്നു. ഘ്രാണ സംവേദനം പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് അനോസ്മിയ (anosmia) എന്നു പറയുന്നു. വിവിധ തരം ഗന്ധങ്ങളെ മനുഷ്യന്‍ എപ്രകാരമാണ് തിരിച്ചറിയുന്നത് എന്നതിനെപ്പറ്റിയുള്ള സമഗ്രശാസ്ത്ര വിവരങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍