This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രവാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:13, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചക്രവാകം

1. ജലപക്ഷികളുടെ ഗോത്രമായ അന്‍സെറിഫോമിസിലെ (Anseri formes) അനാറ്റിഡെ (Anatidae) കുടുംബത്തില്‍ ഉള്‍പ്പെടുന്നതും താറാവിനോട് സാമ്യമുള്ളതുമായ ഒരു മനോഹര പക്ഷി. സാധാരണയായി ബ്രാഹ്മണി ഗൂസ് (Brahmany goose), റഡി ഷെല്‍ഡക് (Ruddy shelduck) തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ശാ.നാ.: കസാര്‍ക ഫെറുഗിനിയ (Casarca ferruginea). ഏകദേശം 50-68 സെ.മീ. നീളമുള്ള ചക്രവാകപക്ഷി. ഏഷ്യ, യൂറോപ്പ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. കൂടുതലായും ശീതോഷ്ണ കാലാവസ്ഥയാണ് ഇവ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ശീതകാലത്ത് പ്രജനനത്തിനായി ചൈന, ആഫ്രിക്ക എന്നിവിടങ്ങളിലും എത്താറുണ്ട്. ശരീരത്തിന് കടും തവിട്ടുനിറവും തൂവലുകള്‍ വര്‍ണദീപ്തവുമാണ്. തൂവലുകളില്‍ വിവിധ വര്‍ണങ്ങളിലുള്ള പുള്ളികള്‍ ഉണ്ട്. കറുത്ത നിറത്തിലുള്ള കുറുകിയ കൊക്ക്, ചെറിയ വാല്, നീളമുള്ള ചിറക് എന്നിവ ഈ പക്ഷിയുടെ പ്രത്യേകതകളാണ്. കാലുകളോടൊപ്പം വിരലുകളും നഖങ്ങളും നീളമുള്ളതാണ്. പെണ്‍പക്ഷികളെക്കാള്‍ ആണ്‍പക്ഷികള്‍ക്ക് വലുപ്പം കൂടുതലാണ്. ആണ്‍പക്ഷികള്‍ക്ക് നിറവ്യത്യാസവും കാണപ്പെടുന്നു. ജലസസ്യങ്ങള്‍, ചെറിയ അകശേരുകികള്‍ എന്നിവയാണ് പ്രധാന ആഹാരം. പെണ്‍പക്ഷി കൂടുതലും ഏകാന്തവാസിയാണ്. പ്രജനനഘട്ടത്തില്‍ ഇവയുടെ അനുരഞ്ജനം (courtship) രസകരമാണ്. പെണ്‍പക്ഷിയാണ് ആണ്‍പക്ഷിയെ തിരഞ്ഞെടുത്ത് ഇണചേരുന്നത്. തറയിലെ മാളങ്ങളിലാണ് ഇവ മുട്ടയിടുക. മുട്ടയ്ക്ക് ഏകദേശം താറാവിന്റെ മുട്ടയുടെ വലുപ്പമുണ്ട്.

പുരാണങ്ങളിലും പരാമൃഷ്ടമായ ഒരു പക്ഷിയിനമാണിത്. കോകം, ചക്രം, രഥാംഗാഹ്വയം, ചക്രപര്യായം എന്നീ പേരുകളും ഇവയ്ക്കുണ്ട്. പകല്‍സമയത്ത് ആണ്‍-പെണ്‍ പക്ഷികള്‍ ഇണയായി കഴിഞ്ഞുകൂടുമെങ്കിലും രാത്രിയില്‍ ഇണപിരിഞ്ഞ് തീവ്രദുഃഖത്തില്‍ കരയാറുണ്ടെന്നും ഒരു വിശ്വാസമുണ്ട്. പ്രഭാതത്തില്‍ ചെടികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുത്തുള്ളികള്‍ ചക്രവാകപ്പക്ഷിയുടെ കണ്ണീര്‍കണങ്ങളാണെന്നാണ് കവിസങ്കല്പം. ചക്രവാകത്തെ സന്ദേശവാഹകനാക്കിക്കൊണ്ടുള്ള ഒരു പ്രാചീന മണിപ്രവാളകാവ്യം-കോകസന്ദേശം (14-ാം ശ.) ഉണ്ട്. ചക്രവാകപ്പക്ഷിയെ കണി കാണുന്നത് ശുഭസൂചകമാണെന്ന വിശ്വാസവും നിലവിലുണ്ട്.

2. വെളുത്ത കണ്ണുകളും വെളുത്ത കാലുകളും ഉള്ള ഒരിനം കുതിരയും ചക്രവാകം എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.

3. ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ഒരു മേളകര്‍ത്താരാഗത്തിനും ചക്രവാകം എന്ന പേരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍