This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചട്ടക്കൂട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:05, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചട്ടക്കൂട്

ചുമരുകളെ ആശ്രയിക്കാതെ ഋജുവായി നിലനില്‍ക്കാന്‍ കഴിവുള്ള, അസ്ഥികൂടം പോലെയുള്ള സംരചന. പലതരം നിര്‍മാണ പദാര്‍ഥങ്ങള്‍കൊണ്ട് ചട്ടക്കൂടുകള്‍ നിര്‍മിക്കാം. നിര്‍മിതവസ്തുവിന്റെ രൂപം സാധാരണ ബലപ്രയോഗങ്ങളാല്‍ തകരാതെ നിലനിര്‍ത്തുകയാണ് ചട്ടക്കൂടിന്റെ ധര്‍മം. മനുഷ്യശരീരത്തിന്റെ ചട്ടക്കൂടാണ് അസ്ഥികൂടം എന്നു പറയാം. കെട്ടിടനിര്‍മാണത്തില്‍ ഈ രീതി വളരെക്കാലം മുന്‍പുമുതല്‍ തന്നെ സ്വീകരിച്ചുപോന്നിട്ടുണ്ട്. വലിവിലും സമ്മര്‍ദത്തിലും ഒരുപോലെ ബലവത്തായി നിലനില്ക്കാന്‍ കഴിവുള്ള പദാര്‍ഥങ്ങള്‍ വേണം ചട്ടക്കൂടിന്റെ നിര്‍മാണത്തിനുപയോഗിക്കേണ്ടത്. ചുമരിന്റെ സഹായം കൂടാതെ നിലനില്‍ക്കാന്‍ കെല്പില്ലാത്ത കല്‍പ്പണികള്‍ ഒന്നുംതന്നെ ചട്ടക്കൂടിന്റെ പരിധിയില്‍ വരികയില്ല.

വളരെ അകലത്തില്‍ നാട്ടിയ ഭീമാകാരമായ ചതുരത്തൂണുകളിന്മേല്‍ കട്ടിയുള്ള തുലാമുകളും അതിന്മേല്‍ തട്ടുകളും ചേര്‍ന്ന ചട്ടക്കൂടുസംരചനകളാണ് ആദ്യകാലത്ത് നിര്‍മിക്കപ്പെട്ടിരുന്നത്. കനംകുറഞ്ഞ ചട്ടങ്ങള്‍ അടുത്തടുത്തു നാട്ടി അവയെ പരസ്പരം ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ആധുനിക ചട്ടക്കൂടുസംരചനകള്‍ അമേരിക്കക്കാരാണ് ആദ്യമായി നിര്‍മിച്ചത്. സന്ധികളില്‍ പൊഴികളും ചോര്‍പ്പുകളും പണിതുണ്ടാക്കി അവ പരസ്പരം യോജിപ്പിച്ച് നിര്‍മിക്കുന്ന സന്ധികള്‍ വളരെ ശ്രമകരമായിരുന്നതിനാല്‍, സന്ധികളില്‍ തടികളെ വെറുതെ ചേര്‍ത്തുവച്ച് ആണിയടിക്കുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചത്. വളരെ എളുപ്പത്തില്‍ ചട്ടക്കൂടുകളുടെ പണികള്‍ തീര്‍ക്കുന്നതിന് ഈ സമ്പ്രദായം ഉപകരിച്ചു. ഭാരിച്ച തൂണുകള്‍ ഉപയോഗിക്കുമ്പോഴും ചെറിയ ചട്ടങ്ങള്‍ അടിച്ചുകൂട്ടി നിര്‍മിക്കുമ്പോഴും പോസ്റ്റ്ലിന്റല്‍ തത്ത്വമാണ് ആധാരമാക്കുന്നത്. തൂണുകള്‍ നിരപ്പുള്ളതും ഉറച്ചതും ഈര്‍പ്പമില്ലാത്തതുമായ അടിത്തറയിലാണ് സ്ഥാപിക്കേണ്ടത്. അടിത്തറ നിര്‍മിക്കുന്നത് കല്‍ക്കെട്ടുകൊണ്ടോ കോണ്‍ക്രീറ്റുകൊണ്ടോ ആകാം. ഈ അടിത്തറയിന്മേല്‍ ബേസ് അഥവാ സില്‍ നിര്‍മിക്കുന്നു. അടിത്തറയില്‍ ഉറച്ചുനില്‍ക്കുന്ന തൂണുകളിന്മേല്‍ വിലങ്ങനെ നിര്‍മിക്കുന്ന ബീമുകളാണ് തട്ടുകളെ താങ്ങുന്നത്. ഓരോ നിലയിലെയും തട്ടുകളെ താങ്ങുന്നതിന് പ്രത്യേക ബീമുകള്‍ നിര്‍മിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് ഒറ്റ സംരചനയായി പ്രവര്‍ത്തിക്കുന്നു. ബീമുകള്‍ക്കിടയില്‍ ആവശ്യമുള്ളയിടങ്ങളില്‍ പണിയുന്ന ചുമരുകള്‍ വിഭജന ചുമരുകളായോ കൂടുതല്‍ താങ്ങായോ പ്രവര്‍ത്തിക്കും.

തൂണുകളെയും കടന്ന് പുറത്തേക്ക് ബീമുകള്‍ തള്ളിനില്‍ക്കുന്ന രീതിയില്‍ നിര്‍മിക്കപ്പെടുന്ന ചട്ടക്കൂടുകളുമുണ്ട്. വലിയ മരത്തൂണുകള്‍കൊണ്ട് പഴയകാലത്തു നിര്‍മിച്ചിരുന്ന ചട്ടക്കൂടുനിര്‍മിതികള്‍ എല്ലാം ഇങ്ങനെയുള്ളവയാണ്. പുറത്തേക്കു തള്ളിനില്‍ക്കുന്ന ഭാഗത്തുള്ള മേല്‍പ്പുരഭാഗം തൂണുകളെ മഴയും വെയിലും കൊള്ളാതെ സംരക്ഷിക്കുന്നു. മൊത്തം ഉപയോഗിക്കപ്പെടുന്ന സ്ഥലസൌകര്യം വര്‍ധിപ്പിക്കുന്നതിനും ഈ നിര്‍മാണ സമ്പ്രദായം ഉതകും.

ഉരുക്കുകൊണ്ടുള്ള ചട്ടക്കൂടുസംരചനകളും ഈ തത്ത്വപ്രകാരം തന്നെയാണ് നിര്‍മിക്കപ്പെടുന്നത്. നിര്‍മാണവസ്തുവെന്ന നിലയില്‍ ഉരുക്കിനുള്ള സൌകര്യങ്ങള്‍ ഏറെയാണ്. അതിനാല്‍ ചട്ടക്കൂടിലെ പട്ടികപോലുള്ള അംശങ്ങള്‍ എണ്ണത്തില്‍ കുറച്ചുമതി. ഉള്ളവയ്ക്ക് മരത്തിനെക്കാള്‍ ഭാര-വലിവുസഹനശേഷി കൂടുതലാണ്. ചട്ടക്കൂടു നിര്‍മിച്ചു കഴിയുമ്പോള്‍ മൊത്തത്തിലുള്ള ഭാരവഹനശേഷി വളരെ വര്‍ധിക്കുന്നു. അതിനാല്‍ വളരെ പൊക്കത്തിലും വിസ്താരത്തിലുമുള്ള ചട്ടക്കൂടു സംരചനകള്‍ക്ക് ഉരുക്കാണ് ഉപയോഗിക്കാറ്. കൂട്ടിയിണക്കുന്നതിനുള്ള സൌകര്യവും സന്ധികളുടെ ഉറപ്പും ഉരുക്കുസംരചനകള്‍ക്ക് മരംകൊണ്ടുള്ളവയെക്കാള്‍ വളരെ കൂടുതലാണ്. സന്ധികള്‍ വെല്‍ഡുചെയ്തോ റിവറ്റടിച്ചോ ഉറപ്പിക്കുന്നു. പോസ്റ്റ്ലിന്റല്‍ രീതിയിലുള്ള ചട്ടക്കൂടുകളെക്കാള്‍ ഉറപ്പു കൂടുതല്‍ സന്ധികള്‍ വെല്‍ഡ് ചെയ്തോ റിവറ്റുചെയ്തോ ഉറപ്പിക്കുമ്പോള്‍ ലഭിക്കുന്നു. ക്യൂബ് ആകൃതിയിലുള്ള സംരചനകള്‍ മാത്രമല്ല, ആര്‍ച്ചുകളും ട്രസ്സുകളും ഒക്കെ ഉരുക്കുകൊണ്ടു നിര്‍മിക്കാവുന്നതാണ്.

കോണ്‍ക്രീറ്റു ചട്ടക്കൂടുസംരചനകള്‍ നിര്‍മിക്കുന്നതിന് ഉരുക്കുചട്ടക്കൂടുകള്‍ നിര്‍മിക്കുന്നതിനെക്കാള്‍ സൌകര്യമേറും. നിര്‍മാണരീതിയില്‍ അനുവര്‍ത്തിക്കുന്ന തത്ത്വങ്ങള്‍ ഉരുക്കിലേതുപോലെ തന്നെ. ഡിസൈന്‍ അനുസരിച്ച് ആവശ്യമായ അളവില്‍ കമ്പികള്‍ കൊണ്ടുള്ള ചട്ടക്കൂട് ആദ്യം നിര്‍മിക്കുന്നു. അവയെ പൊതിഞ്ഞുകൊണ്ടു സ്ഥാപിക്കുന്ന അച്ചിനുള്ളില്‍ സിമന്റ്, മണല്‍, മെറ്റല്‍, വെള്ളം ഇവ ചേര്‍ത്തു നിര്‍മിക്കുന്ന കോണ്‍ക്രീറ്റുകുഴമ്പു നിറയ്ക്കുന്നു. ഉറയ്ക്കല്‍ സമയം കഴിയുമ്പോള്‍ അച്ച് നിര്‍മിച്ചിരിക്കുന്ന ഉരുക്കുതകിടുകള്‍ അഥവാ മരപ്പലകകള്‍ എടുത്തു മാറ്റുന്നു. കോണ്‍ക്രീറ്റിന്റെ സമ്മര്‍ദന ഉറപ്പും ഉരുക്കിന്റെ വലിവുറപ്പും കൂടിച്ചേര്‍ന്ന ഉറപ്പാണ് ഇത്തരത്തില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റു ചട്ടക്കൂടുകള്‍ക്കു ലഭിക്കുന്നത്. ഭാഗികമായി നിര്‍മിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ സൌകര്യം. അടിത്തറയും തൂണുകളും ബീമുകളും തട്ടും ചുമരും ഒക്കെ ഘട്ടം ഘട്ടമായി വാര്‍ത്ത് പണിപൂര്‍ത്തിയാക്കാം. ചുമരുകള്‍ ഇഷ്ടികകൊണ്ട് കെട്ടുന്ന സമ്പ്രദായവുമുണ്ട്. ഉയരം കൂടിയതും വിസ്തൃതവുമായ ആധുനിക നിര്‍മിതികള്‍ എല്ലാംതന്നെ കോണ്‍ക്രീറ്റു ചട്ടക്കൂടു രീതിയിലാണ് നിര്‍മിക്കുന്നത്. ഉരുക്കുനിര്‍മിതികളെക്കാള്‍ ചെലവുകുറവുമതി കോണ്‍ക്രീറ്റു ചട്ടക്കൂടുകള്‍ക്ക്. എന്നാല്‍ ഉരുക്കു ചട്ടക്കൂടുകള്‍ക്ക് നിര്‍മാണസ്ഥലം കുറച്ചുമതി. നിര്‍മാണസൌകര്യവും അവയ്ക്കു കൂടുതലുണ്ട്.

(കെ. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍