This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചണ്ഡീഗഢ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചണ്ഡീഗഢ്
ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്തുള്ള ഒരു കേന്ദ്രഭരണ പ്രദേശം. പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനം കൂടിയാണിത്.
ഡല്‍ഹിക്ക് 240 കി.മീ അകലെ ഘാഗ്ര നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ മനോഹര-ആസൂത്രിത നഗരം, വിശ്രുത ഫ്രഞ്ച് വാസ്തുശില്പിയായിരുന്ന ലെ കോര്‍ബ്യൂസിയെ സംവിധാനം ചെയ്തു നിര്‍മിച്ചതാണ്. അതിര്‍ത്തികള്‍ വടക്കും പടിഞ്ഞാറും പഞ്ചാബ്, തെക്കും കിഴക്കും ഹരിയാന എന്നിവയാണ്. വിസ്തീര്‍ണം: 114 ച.കി.മീ.; ജനസംഖ്യ: 18,46,000 (2010); ജനസാന്ദ്രത ച.കി.മീറ്ററിന് 7900; സാക്ഷരതാ ശതമാനം: 86.43; ഭാഷകള്‍: ഹിന്ദി, പഞ്ചാബി.
ഗോതമ്പ്, ചോളം, കാലിത്തീറ്റ വിളകള്‍ എന്നിവയാണ് പ്രധാന വിളകള്‍. 2,375 ഹെ. വരുന്ന കൃഷിഭൂമിയില്‍ 2,350 ഹെ. ജലസേചിതമാണ്.
രണ്ടു പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുള്ള ഇവിടത്തെ വ്യവസായശാലകളില്‍ ഏതാണ്ട് 15 വന്‍കിട വ്യവസായങ്ങളും 2500 ചെറുകിട വ്യവസായങ്ങളും ഉള്‍പ്പെടുന്നു. ഇവയെല്ലാം ചേര്‍ന്ന് 24,000 പേര്‍ക്ക് തൊഴില്‍ നല്കുന്നുണ്ട്. ഇവിടത്തെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പ്രധാനമായി വസ്ത്രങ്ങള്‍, കമ്പിളിവസ്ത്രങ്ങള്‍, വൈദ്യുതി മീറ്ററുകള്‍, മരുന്നുകള്‍, ശീതളപാനീയങ്ങള്‍, സൈക്കിള്‍ ചക്രങ്ങള്‍ മുതലായവയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നു. വിവിധതരം എണ്ണകള്‍, ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങള്‍, മേച്ചിലോടുകള്‍, ആയുര്‍വേദ മരുന്നുകള്‍, ആഫീസ് ഉപകരണങ്ങള്‍, സ്റ്റീല്‍ സാമഗ്രികള്‍, ശുചീകരണാനുസാരികള്‍ തുടങ്ങിയവ ഇവിടത്തെ ചെറുകിട വ്യവസായങ്ങളാണ്. ഇവിടത്തെ ഗാര്‍ഹിക വ്യവസായങ്ങള്‍ക്കാവശ്യമായ ഊര്‍ജത്തിന്റെ 3.5 ശതമാനത്തോളം ഭക്ര പദ്ധതിയില്‍നിന്നു ലഭിക്കുന്നതോടൊപ്പം മറ്റു മുഖ്യ ഊര്‍ജോത്പാദന പദ്ധതികളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടി ഊര്‍ജം ലഭിക്കുന്നുണ്ട്. ഈ പ്രദേശത്തെ എല്ലാ ഗ്രാമങ്ങളും പൊതുസ്ഥലങ്ങളും വൈദ്യുതീകരിക്കപ്പെട്ടവയാണ്.
ചണ്ഡീഗഢ് മറ്റു സ്ഥലങ്ങളുമായി റോഡുമാര്‍ഗവും വായുമാര്‍ഗവും ബന്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ ദേശീയപാതയുടെ നീളം 33.60 കി.മീ. ആണ്.
ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ സക്കീര്‍റോസ് ഉദ്യാനം. സ്മൃതി ഉപവനം, ശാന്തികുഞ്ജം, സുഖ്ന തടാകം, മ്യൂസിയം, ആര്‍ട്ട്ഗാലറി, തട്ടുകളായി തിരിച്ചിട്ടുള്ള ഉദ്യാനങ്ങള്‍, ദേശീയ ഛായാചിത്രഗാലറി, ബൊഗേന്‍വിലാ ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പാവകളുടെ അന്തര്‍ദേശീയ മ്യൂസിയം, ഡീയര്‍ പാര്‍ക്ക് തുടങ്ങിയവ നഗരത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. പഞ്ചാബ് സര്‍വകലാശാലയുടെ ആസ്ഥാനവും ചണ്ഡീഗഢ് തന്നെയാണ്.
ചരിത്രം. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയോടുകൂടി അവിഭക്ത പഞ്ചാബിന്റെ ആസ്ഥാനം പാകിസ്താനിലായതോടെ ഇന്ത്യയുടെ ഭാഗമായി മാറിയ പഞ്ചാബിന് തലസ്ഥാന നഗരം ഇല്ലാതായി. താത്കാലികമായി തലസ്ഥാനം ജലന്തറില്‍ പ്രവര്‍ത്തിച്ചു. ജലന്തറിന് തലസ്ഥാന നഗരത്തിനു വേണ്ട സൌകര്യങ്ങളില്ലാതിരുന്നതിനാല്‍ പുതിയൊരു തലസ്ഥാന നഗരത്തിന്റെ ആവശ്യകത ഉണ്ടായി. ഇതിനുവേണ്ടി വികസിപ്പിച്ചെടുത്ത പ്രദേശമാണ് ചണ്ഡീഗഢ്. 1966-ല്‍ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളായി പഴയ പഞ്ചാബ് വിഭജിച്ചപ്പോള്‍ ചണ്ഡീഗഢ് രണ്ടു സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി. പിന്നീട് ഭരണപരമായ സൌകര്യത്തിനുവേണ്ടി 1966 നവംബറില്‍ ഇതിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു. ചണ്ഡീഗഢ് പൂര്‍ണമായി വിട്ടുകിട്ടണമെന്നായിരുന്നു പഞ്ചാബിന്റെ ആവശ്യം. 1970-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ നഗരം പഞ്ചാബിനു വിട്ടുകൊടുക്കണമെന്നും പകരം ഫാസില്‍ക്ക, അബോഹര്‍ എന്നീ രണ്ടു തഹ്സിലുകള്‍ (താലൂക്കുകള്‍) പഞ്ചാബില്‍ നിന്നെടുത്ത് ഹരിയാനയില്‍ ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു. പക്ഷേ, താലൂക്കുകള്‍ വിട്ടുകൊടുക്കയില്ലെന്നും അതേസമയം തലസ്ഥാനം വിട്ടുകിട്ടിയേ തീരൂ എന്നുമായിരുന്നു പഞ്ചാബിലെ അകാലികളുടെ വാദം. ഹരിയാന ഇതിനെ എതിര്‍ത്തിരുന്നു. പഴയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ 1986-ല്‍ ഈ നഗരം പഞ്ചാബിനു മാത്രമായി നല്കേണ്ടതായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്. ഇപ്പോഴും (2011) ഇത് ഒരു കേന്ദ്രഭരണ പ്രദേശമായി തുടരുന്നു.