This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചതുര്‍ദണ്ഡിപ്രകാശിക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചതുര്‍ദണ്ഡിപ്രകാശിക
ഒരു സംഗീത ശാസ്ത്രഗ്രന്ഥം. 1635-ല്‍ വെങ്കടമഖി എന്ന ലക്ഷണഗ്രന്ഥ കര്‍ത്താവ് എഴുതിയ ചതുര്‍ദണ്ഡിപ്രകാശികയില്‍ സ്ഥായി, ആരോഹി, അവരോഹി, സഞ്ചാരി എന്നീ നാലു ഗാനക്രിയകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. രാഗഭാവം പ്രദര്‍ശിപ്പിക്കേണ്ട മറ്റു നാലു ക്രിയകളെക്കുറിച്ചാണ് തുളജാ മഹാരാജാവ് തന്റെ സംഗീതസാരാമൃതം എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. തഞ്ചാവൂരിലെ രാജാവായിരുന്ന വിജയരാഘവനായകിന്റെ അപേക്ഷയനുസരിച്ചാണ് വെങ്കടമഖി ചതുര്‍ദണ്ഡിപ്രകാശിക രചിച്ചത്. തന്റെ കാലത്തു പ്രസിദ്ധമായിരുന്ന 19 മേളകര്‍ത്താരാഗങ്ങളെ കല്പിതമേള കര്‍ത്താക്കളെന്നും ശേഷമുള്ള 53 മേളങ്ങളില്‍ പ്രസിദ്ധിയില്‍ വരാന്‍ സാധ്യതയുള്ളവയെ കല്പ്യമാന മേളങ്ങളെന്നും, പില്ക്കാലത്ത് പ്രസിദ്ധിയാര്‍ജിക്കാന്‍ സാധ്യതയുള്ള മേളങ്ങളെ കല്പ്യയിഷ്യമാനമേളങ്ങള്‍ എന്നും വെങ്കടമഖി വിഭജിച്ചു. എല്ലാ മേളങ്ങള്‍ക്കും ഇദ്ദേഹം പേരു നല്കിയതായി കാണുന്നില്ല. 100 വര്‍ഷങ്ങള്‍ക്കുശേഷം തഞ്ചാവൂരിലെ തുളജാ മഹാരാജാവിനാല്‍ എഴുതപ്പെട്ട സംഗീതസാരാമൃതം എന്ന സംസ്കൃത ഗ്രന്ഥത്തിലും 72 മേള പ്രസ്താരത്തെക്കുറിച്ചല്ലാതെ മേളങ്ങളുടെ പേരുകള്‍ കൊടുത്തു കാണുന്നില്ല. വെങ്കടമഖി 15-ാമത്തെ മേളത്തിന് ഗൌളമേളമെന്നും 20-ാമത്തെ മേളത്തിന് ഭൈരവി മേളമെന്നും, 28-ാമത്തെ മേളത്തിന് കാംബോജി മേളമെന്നും പേര് നല്കി.
എല്ലാ ദേശങ്ങളിലെയും സംഗീതത്തിന് അടിസ്ഥാനമായിട്ടുള്ളത് ഒരു സ്ഥായിയിലുള്ള 12 സ്വരസ്ഥാനങ്ങളാണ്. 12 സ്വരസ്ഥാനങ്ങളില്‍ നിന്നാണ് 72 മേളകര്‍ത്താരാഗങ്ങള്‍ ഉണ്ടായിട്ടുള്ളത്.
ഇന്ദു, നേത്ര, അഗ്നി, വേദ, ബാണ, ഋതു, വസു, ബ്രഹ്മ, ദിശി, രുദ്ര, ആദിത്യ എന്നിവയാണ് 12 ചക്രങ്ങള്‍. ഇന്ദ്രന്‍ ഒന്നേയുള്ളു. അതുകൊണ്ട് ഒന്നാമത്തെ ചക്രത്തിന് ഇന്ദുചക്രം എന്നുപേര്‍. ഇന്ദു = ചന്ദ്രന്‍.
കണ്ണുകള്‍ രണ്ടാണുള്ളത്. അതുകൊണ്ട് രണ്ടാമത്തെ ചക്രം നേത്രചക്രം. നേത്രം = കണ്ണ്.
മൂന്നാമത്തെ ചക്രം-അഗ്നിചക്രം. അഗ്നിത്രയം എന്നാണ് പറയാറുള്ളത്. ദക്ഷിണം, ആഹവനീയം, ഗാര്‍ഹപത്യം എന്ന് അഗ്നി മൂന്നുവിധം.
നാലാമത്തെ ചക്രം-വേദചക്രം. വേദങ്ങള്‍ നാലാണ്. അതുകൊണ്ട് ചതുര്‍വേദങ്ങള്‍ എന്നറിയപ്പെടുന്നു. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവ.
അഞ്ചാമത്തെ ചക്രം-ബാണചക്രം. താമരപ്പൂവ്, മാമ്പൂവ്, അശോകപ്പൂവ്, മുല്ലപ്പൂവ്, നീലോത്പലം എന്നിങ്ങനെ 5 എണ്ണമാണ് മന്മഥന്റെ പഞ്ചബാണങ്ങള്‍.
വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍. ആറാമത്തെ ചക്രത്തിന് ഋതുചക്രം എന്നുപേര്‍.
ഏഴാമത്തെ ചക്രത്തിന് ഋഷിചക്രം എന്നുപേര്‍. സപ്തര്‍ഷിമാര്‍-(വൈവസ്വത മന്വന്തരം) ഗൌതമന്‍, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ജമദഗ്നി, വസിഷ്ഠന്‍, കാശ്യപന്‍, അത്രി എന്നിവര്‍.
എട്ടാമത്തെ ചക്രം വസുചക്രമാണ്. വസുക്കള്‍ 8-ആപ, ദ്രുവ, സോമ, ധര, അനില, അനല, പ്രത്യുഷ, പ്രപാസ എന്നിവര്‍.
പുരാണത്തില്‍ പ്രജാപതികള്‍ അഥവാ ബ്രഹ്മ 9 പേരാണ്-അംഗിരസ്, അത്രി, ക്രതു, പുലസ്ത്യ, പുലഹ, ഭൃഗു, മരീചി, വസിഷ്ഠ, ദക്ഷ എന്നിവര്‍. ബ്രഹ്മ എന്നത് ഒന്‍പതാമത്തെ ചക്രത്തെ കുറിക്കുന്നു.
പത്താമത്തെ ചക്രമാണ് ദിശിചക്രം. ദിക്കുകള്‍ 10 ആണ്-വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക്, തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ആകാശം, പാതാളം എന്നിവ.
പതിനൊന്നാമത്തെ ചക്രം-രുദ്രചക്രം. രുദ്രന്മാര്‍ 11 ആണ്. അജ, ഏകപദ, അഹിര്‍ പുത്നി, ത്വഷ, രുദ്ര, ഹര, ശംഭു, ത്രയംബക, അപരാജിത, ഈശാന, ത്രിഭുവന.
പന്ത്രണ്ടാമത്തെ ചക്രം-ആദിത്യചക്രം. 12 ആദിത്യന്മാരെക്കുറിച്ച് പറയുന്നു-മിത്ര, രവി, സൂര്യ, ഭാനു, ഖഗ, ഭൂഷ, ഹിരണ്യഗര്‍ഭ, മരീചി, ആദിത്യ, സവിത്ര, അര്‍ക്ക, ഭാസ്കര.
72 മേള കര്‍ത്താചക്രത്തെ വെങ്കടമഖി രണ്ടു ഭാഗങ്ങളായി പിരിച്ചു. ആദ്യപകുതിയില്‍ 36 മേളകര്‍ത്താക്കളും, രണ്ടാമത്തെ പകുതിയില്‍ 36 മേളകര്‍ത്താക്കളും. ആദ്യത്തെ 36 മേളകര്‍ത്താരാഗങ്ങള്‍ക്ക് പൂര്‍വമേളകര്‍ത്താരാഗങ്ങള്‍ എന്നും രണ്ടാമത്തെ പകുതിയില്‍ വരുന്ന 36 മേളകര്‍ത്താരാഗങ്ങള്‍ക്ക് ഉത്തരമേളകര്‍ത്താരാഗങ്ങള്‍ എന്നും പേര് നല്കി. 1-36 മേളങ്ങള്‍ക്ക് ശുദ്ധമധ്യമവും 37-72 മേളങ്ങള്‍ക്ക് പ്രതിമധ്യമവും വരുന്നതുകൊണ്ട് പൂര്‍വമേളങ്ങള്‍, ശുദ്ധമധ്യമമേളങ്ങള്‍ എന്നും ഉത്തരമേളങ്ങള്‍ പ്രതിമധ്യമ മേളങ്ങള്‍ എന്നും അറിയപ്പെടുന്നു. ഓരോ ചക്രത്തിലും ആറ് മേളങ്ങള്‍ 12 x 6 = 72 വീതം എന്ന് ക്രമീകരിച്ചിരിക്കുന്നു.
ഓരോ ചക്രത്തിലും രി, ഗ എന്നീ സ്വരങ്ങള്‍ വ്യത്യാസപ്പെടുന്നു. ധ, നി എന്നീ സ്വരങ്ങള്‍ ഓരോ മേളത്തിലുമാണ് വ്യത്യാസപ്പെടുന്നത്. ഉദാ. ഒന്നാമത്തെ ചക്രത്തില്‍ ശുദ്ധരിഷഭം, ശുദ്ധഗാന്ധാരം, രണ്ടാമത്തെ ചക്രത്തില്‍ ശുദ്ധരിഷഭം, സാധാരണ ഗാന്ധാരം, മൂന്നാമത്തെ ചക്രത്തില്‍ ശുദ്ധരിഷഭം, അന്തരഗാന്ധാരം എന്നിങ്ങനെ. ഒന്നാമത്തെ ചക്രത്തിലെ ഒന്നാമത്തെ മേളത്തിന് ശുദ്ധധൈവതവും ശുദ്ധ നിഷാദവുമാണ്. ഒന്നാമത്തെ ചക്രത്തിലെ രണ്ടാമത്തെ മേളത്തിന് ശുദ്ധധൈവതവും കൈശികി നിഷാദവുമാണ്. ഒന്നാമത്തെ ചക്രത്തിലെ മൂന്നാമത്തെ മേളത്തിന് ശുദ്ധധൈവതവും കാകലി നിഷാദവുമാണ്. പൊതുവായി പറഞ്ഞാല്‍ രി, ഗ എന്നീ സ്വരങ്ങള്‍ ചക്രങ്ങള്‍ തോറും മാറുന്നു. എന്നാല്‍ ധ, നി എന്നീ സ്വരങ്ങള്‍ ഓരോ മേളത്തിനും വ്യത്യാസപ്പെടുന്നു.
കര്‍ണാടക സംഗീതത്തില്‍ മേളകര്‍ത്താപദ്ധതി ആവിഷ്കരിച്ച വെങ്കടമഖി വളരെ ശാസ്ത്രീയമായിത്തന്നെയാണ് അതു നിര്‍വഹിച്ചിട്ടുള്ളത്. 'താന്‍ ആവിഷ്കരിച്ച ഈ പദ്ധതിയില്‍ ഇനി സാക്ഷാല്‍ പരമശിവനുപോലും ഒന്നും ചെയ്യാന്‍ കഴിയില്ല' എന്ന് വെങ്കടമഖി അവകാശപ്പെടുന്നുണ്ട്.
(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)