This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചതുര്‍വേദി, മഖന്‍ലാല്‍ (1889 - 1967)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചതുര്‍വേദി, മഖന്‍ലാല്‍ (1889 - 1967)
ഹിന്ദിസാഹിത്യകാരനും സ്വാതന്ത്ര്യസമരസേനാനിയും. 1889-ല്‍ ജനിച്ചു. ബാല്യകാലം മുതല്‍തന്നെ ബാലഗംഗാധരതിലകന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നു. മിഡില്‍സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി അധ്യാപകവൃത്തിയില്‍ പ്രവേശിച്ചെങ്കിലും താമസിയാതെ ജോലി രാജിവച്ച് ദേശീയ പ്രസ്ഥാനത്തിലേക്കിറങ്ങി.
1913-ല്‍ പ്രഭ എന്ന മാസിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് മഖന്‍ലാല്‍ സാഹിത്യജീവിതം ആരംഭിക്കുന്നത്. ഗണേശശങ്കര്‍ വിദ്യാര്‍ഥി ഇദ്ദേഹത്തിന്റെ രാഷ്ട്രീയ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുകയുണ്ടായി. ഭാര്യയുടെ അകാല മരണം മഖന്‍ലാലിനെ തളര്‍ത്തി. 1918-ല്‍ ജബല്‍പ്പൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കര്‍മവീര്‍ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിട്ടാണ് ഇദ്ദേഹം വീണ്ടും സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
ആദ്യകൃതി കൃഷ്ണാര്‍ജുനയുദ്ധം എന്ന നാടകമാണ്. 1942-ല്‍ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ദേശീയ ബോധവും മിസ്റ്റിക്ഭാവവും ഒത്തുചേരുന്ന നിരവധി കവിതകള്‍ ഇദ്ദേഹത്തിന്റെ മാതാസമര്‍പ്പണ്‍, യുഗചരണ്‍ എന്നീ കവിതാസമാഹാരങ്ങളിലുണ്ട്.
ആധുനിക ഹിന്ദികവികളില്‍ പ്രമുഖനാണ് മഖന്‍ലാല്‍. ഏക് ഭാരതീയ ആത്മാ എന്ന തൂലികാനാമത്തിലും ഇദ്ദേഹം രചനകള്‍ നടത്തിയിട്ടുണ്ട്. 1967-ല്‍ നിര്യാതനായി.