This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്ദാവര്‍ക്കര്‍, എന്‍.ജി. (1855 - 1923)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചന്ദാവര്‍ക്കര്‍, എന്‍.ജി. (1855 - 1923)
ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനും. 1855 ഡി. 2-ന് കര്‍ണാടകത്തിലെ ഹൊനോവറില് ജനിച്ചു. സ്വന്തം നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം മുംബൈയില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മുംബൈയിലെ എല്ഫിന്സ്റ്റന് കോളജില്‍ ചേര്‍ന്നു (1873). 1877-ല്‍ ചരിത്രവും ധനശാസ്ത്രവും ഐച്ഛികമായി ബിരുദമെടുത്തു. 1881-ല്‍ എല്‍.എല്‍.ബി. പാസായി. ഇരുപതാമത്തെ വയസ്സില്‍ വിവാഹിതനായി. 1878-ല്‍ ഇദ്ദേഹം ഇന്ദുപ്രകാശ് വാരികയുടെ പത്രാധിപരായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമാകുന്നതിനു തൊട്ടുമുന്‍പ് ചന്ദാവര്‍ക്കര്‍ ഇന്ത്യയിലെ പൊതുജനാഭിപ്രായം പ്രചരിപ്പിക്കുന്നതിനായി മൂന്നംഗസമിതിയിലെ അംഗമായി ഇംഗ്ലണ്ടിലേക്കുപോയി. മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന ഇദ്ദേഹം 1901-ല്‍ മുംബൈ ഹൈക്കോടതി ജഡ്ജിയായി. 1912-ല്‍ ഇദ്ദേഹം ഇന്‍ഡോറിലെ മഹാരാജാവിന്റെ ദിവാനായി. 1914 വരെ ഈ സ്ഥാനത്തു തുടര്‍ന്നു. ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അനൗദ്യോഗിക പ്രസിഡന്റായി ചന്ദ്രാവര്ക്കറെ നാമനിര്‍ദേശം ചെയ്തു (1917).
1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതോടുകൂടി ചന്ദാവര്‍ക്കര്‍ അതിലെ സജീവ പ്രവര്‍ത്തകനായി. 1900-ത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലാഹോര്‍ സമ്മേളനത്തില്‍വച്ച് ഇദ്ദേഹം അതിന്റെ പ്രസിഡന്റായി. ഹൈക്കോടതി ജഡ്ജിയായതോടെ രാഷ്ട്രീയത്തില്‍നിന്നും വിരമിച്ച ഇദ്ദേഹം 1914-ല്‍ ഇന്‍ഡോറില്‍ നിന്നും വീണ്ടും രാഷ്ട്രീയരംഗത്തേക്കു കടന്നു.
രാഷ്ട്രീയത്തില്‍നിന്നും വിട്ടുനിന്ന ഹ്രസ്വകാലഘട്ടത്തില്‍ ഇദ്ദേഹം മുംബൈയിലെ പല സാമൂഹിക സംഘടനകളുടെയും നേതൃസ്ഥാനം വഹിച്ചു. ഉദാ. ബോംബെ സോഷ്യല്‍ റിഫോം അസോസിയേഷന് (1903), സോഷ്യല്‍ സര്‍വീസ് ലീഗ് (1911). റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ മുംബൈ ശാഖയുടെ പ്രസിഡന്റായിരുന്നു. നാല് വര്‍ഷത്തോളം ഇദ്ദേഹം ബോംബെ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറുമായിരുന്നു. 1923 മേയ് 14-ന് ബാംഗ്ളൂരില്‍ ചന്ദാവര്‍ക്കര്‍ നിര്യാതനായി.