This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രഗുപ്ത മൗര്യന്‍ (ബി.സി. 322 - 273)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:18, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രഗുപ്ത മൗര്യന്‍ (ബി.സി. 322 - 273)

മൗര്യവംശ സ്ഥാപകന്‍. ഉത്തരഭാരതത്തെ ഒറ്റ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്ന ആദ്യത്തെ ഭരണാധികാരി. പിപ്പലിവനം എന്ന ഉത്തരേന്ത്യന്‍ രാജ്യത്തിലെ മോരിയ എന്ന ക്ഷത്രിയ വംശത്തിലേതാണ് ചന്ദ്രഗുപ്ത മൗര്യന്‍ എന്ന് അഭിപ്രായമുണ്ട്. മഗധയിലെ നന്ദരാജാവിന് താഴ്ന്ന ജാതിയില്‍പ്പെട്ട മുരയില്‍ ജനിച്ച പുത്രനാണ് ഇദ്ദേഹം എന്ന മറ്റൊരു അഭിപ്രായവുമുണ്ട്. ഗ്രീക്കു രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള 'സാന്ദ്രാകോട്ടസ്' ചന്ദ്രഗുപ്തമൗര്യന്‍ ആണെന്ന് അനുമാനിക്കുന്നു. ബി.സി. 322-ല്‍ നന്ദവംശത്തെ തോല്പിച്ച് ഇദ്ദേഹം മഗധയിലെ രാജാവായി. മഗധയ്ക്ക് പടിഞ്ഞാറുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയടക്കിയിരുന്ന ഗ്രീക്കു ചക്രവര്‍ത്തിയായ അലക്സാണ്ടറുടെ മരണശേഷം (323) അവിടെയുണ്ടായിരുന്ന ഗ്രീക്ക് ഗവര്‍ണര്‍മാരെ തോല്പിച്ച് ഭാരതത്തിന്റെ വ. പടിഞ്ഞാറന്‍ പ്രദേശം ചന്ദ്രഗുപ്തമൗര്യന്‍ അധീനപ്പെടുത്തി. മുന്‍പ് അലക്സാണ്ടറുടെ കൈവശമായിരുന്ന പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ വന്ന ഗ്രീക്കു രാജാവായ സെല്യൂക്കസുമായി 305-ല്‍ ചന്ദ്രഗുപ്ത മൗര്യന്‍ യുദ്ധം ചെയ്തു. പഞ്ചാബില്‍ വച്ചു പരാജയപ്പെട്ട സെല്യൂക്കസ് വളരെയധികം സ്ഥലം ചന്ദ്രഗുപ്ത മൗര്യന് വിട്ടുകൊടുത്തുകൊണ്ട് സന്ധിയുണ്ടാക്കി. ആരിയ, അരക്കോഷിയ, പരോനിവസാദെ, ജെദ്യ്രോസ്യ തുടങ്ങിയ പ്രദേശങ്ങള്‍ വിട്ടു നല്കിയതില്‍പ്പെടുന്നു. സെല്യൂക്കസ് തന്റെ പ്രതിപുരുഷനായി മെസ്തനീസിനെ പാടലീപുത്രത്തിലേക്ക് അയച്ചു (302). സെല്യൂക്കസിന്റെ പുത്രിയെ ചന്ദ്രഗുപ്തമൗര്യനു വിവാഹം ചെയ്തു കൊടുത്തു. സെല്യൂക്കസിന് 500 ആനകളെ നല്കി. ചന്ദ്രഗുപ്തമൗര്യന്‍ സൌരാഷ്ട്രവും അവന്തിയും കീഴടക്കി. ദക്ഷിണേന്ത്യയില്‍ നന്ദസാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന മിക്ക പ്രദേശങ്ങളും ചന്ദ്രഗുപ്തമൗര്യന്റെ അധീനതയിലായി. കിഴക്കന്‍ സമുദ്രതീരം ഒഴികെയുള്ള ഡക്കാന്‍ പ്രദേശവും ഉത്തരമൈസൂറിലെ കുന്തളവും ഇതില്‍പ്പെടുന്നു. രത്നാകരന്റെ ഭദ്രബാഹു ചരിതവും ഹരിസേനന്റെ ബൃഹത്കഥാകോശവും ചന്ദ്രഗുപ്തമൗര്യന്റെ ദക്ഷിണ ആധിപത്യത്തെപ്പറ്റി തെളിവു നല്കുന്നു. ശ്രാവണബലഗോളയിലെ ഒരു ശിലാശാസനം ഇദ്ദേഹത്തിന് ഈ പ്രദേശവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. മാമൂലനാര്‍ എന്ന തമിഴ്കവി (ഏ.ഡി. 2-3 ശ.) ഇദ്ദേഹത്തിന്റെ തെക്കന്‍ ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. തെ. കൊങ്കനാടും (കോയമ്പത്തൂര്‍ ജില്ല) കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളും മൗര്യ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നതായി കരുതുന്നു. ഉത്തരഭാരതത്തില്‍ അസം, കലിംഗം എന്നീ പ്രദേശങ്ങളൊഴികെ മിക്ക ഭാഗങ്ങളും ഇദ്ദേഹത്തിന്റെ സമ്രാജ്യത്തില്‍പ്പെട്ടിരുന്നു.

രാജാവിനെ ഉപദേശിക്കുവാന്‍ ഭരണവിദഗ്ധരും നയതന്ത്രജ്ഞരും അടങ്ങിയ ഒരു സമിതി ഉണ്ടായിരുന്നു. പ്രധാനമന്ത്രി ആയിരുന്ന ചാണക്യന്‍ (കൗടില്യന്‍), സെല്യൂക്കസിന്റെ പ്രതിപുരുഷനായിരുന്ന മെഗസ്തനീസ്, പ്രാദേശിക ഭരണാധികാരിയായിരുന്ന പുഷ്യഗുപ്തന്‍, പണ്ഡിതനും മതാചാര്യനുമായ ഭദ്രബാഹു എന്നിവരായിരുന്നു സഭയിലെ പ്രമുഖര്‍. സുസജ്ജമായ സൈനിക സംവിധാനം ഇദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്നു. പാടലീപുത്രമായിരുന്നു ചന്ദ്രഗുപ്തമൗര്യന്റെ തലസ്ഥാനം. രാജ്യത്തെ പ്രവിശ്യകളായി തിരിച്ച് ഓരോ പ്രവിശ്യയും ഓരോ ഗവര്‍ണറുടെ കീഴിലാക്കി. പ്രവിശ്യയിലെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഭരണം നടത്താന്‍ ജനകീയ സമിതി ഉണ്ടായിരുന്നു. തന്റെ രാജ്യത്തുണ്ടായ ക്ഷാമത്തെത്തുടര്‍ന്ന് ഇദ്ദേഹം സ്ഥാനത്യാഗം ചെയ്ത് ആധ്യാത്മവാദിയായി ഭദ്രബാഹുവിനോടും ശിഷ്യന്മാരോടുമൊപ്പം ശ്രാവണബലഗോളയില്‍ താമസമുറപ്പിച്ചതായും അവിടെ ചന്ദ്രഗിരിയില്‍ മരിച്ചതായും കരുതുന്നു. ചന്ദ്രഗുപ്തമൗര്യനുശേഷം സാമ്രാജ്യം ഭരിച്ചത് പുത്രനായ ബിന്ദുസാരനും, പൗത്രനായ അശോകനുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍