This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്ദ്രശേഖര്‍, ഡോ. എസ്. (1910 - 95)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചന്ദ്രശേഖര്‍, ഡോ. എസ്. (1910 - 95)
ഇന്തോ-യു.എസ്. ഭൗതികശാസ്ത്രജ്ഞന്‍. സുബ്രഹ്മണ്യ ചന്ദ്രശേഖര്‍ എന്നാണ് പൂര്‍ണനാമം. അസ്ട്രോഫിസിക്സ് എന്ന ശാഖയില്‍ നക്ഷത്രാന്തരഘടനയെയും പരിണാമത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്കായി 1983-ല്‍ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം വില്യം ആല്‍ഫ്രഡ് ഫൗളറുമായി പങ്കിട്ടു.
ചന്ദ്രശേഖര്‍ 1910 ഒ. 19-ന് ലാഹോറില്‍ ജനിച്ചു. ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായ സര്. സി.വി. രാമന്റെ ജ്യേഷ്ഠസഹോദരനും ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനുമായിരുന്നു സി. സുബ്രഹ്മണ്യയ്യരായിരുന്നു പിതാവ്; സീതാലക്ഷ്മി മാതാവും. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ മാങ്കുടി എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ മൂലകുടുംബം. അച്ഛനമ്മമാരില്‍ നിന്നു ലഭിച്ച പ്രാഥമിക ശിക്ഷണത്തിനുശേഷം 11-ാം വയസ്സില്‍ ചെന്നൈയിലെ ട്രിപ്ലിക്കേഷന്‍ ഹിന്ദു ഹൈസ്കൂളില്‍ ചേര്‍ന്നു. ചെന്നൈ പ്രസിഡന്‍സി കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ ഇദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധങ്ങള്‍ ശ്രദ്ധേയങ്ങളായി. ഇന്ത്യാഗവണ്മെന്റിന്റെ സ്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിനായി 1930-ല്‍ ഇംഗ്ലണ്ടിലെത്തി; 1933-ല്‍ കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടി. പ്രസിദ്ധശാസ്ത്രജ്ഞരായ നീല്‍സ്ബോര്‍, ഡിറാക്, ആര്.എച്ച്. ഫൗളര്‍, എഡിങ്ടണ്‍ എന്നിവരുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഇക്കാലത്ത് ഇദ്ദേഹത്തിനു കഴിഞ്ഞു. 1933 മുതല്‍ 37 വരെ ഇംഗ്ലണ്ടിലെ ട്രിനിറ്റി കോളജില്‍ ഫെലോ ആയി തുടര്‍ന്നു. 1935-ല്‍ റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ നക്ഷത്രങ്ങളുടെ സ്ഥിരതയെയും നാശത്തെയും കുറിച്ച് താന്‍ കണ്ടെത്തിയ ഗവേഷണഫലങ്ങള്‍ ചന്ദ്രശേഖര്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രസിദ്ധ ശാസ്ത്രജ്ഞനായ ആര്‍തര്‍ എഡിങ്ടണ്‍ ഈ സിദ്ധാന്തങ്ങളെ നിശിതമായി വിമര്‍ശിച്ചു. വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങളെക്കുറിച്ചും തമോഗര്‍ത്തങ്ങളെ (black holes)ക്കുറിച്ചുമുള്ള ഈ ഗവേഷണഫലങ്ങളുടെ സാധുത ശാസ്ത്രലോകം അറിഞ്ഞതും അംഗീകരിച്ചതും. വെള്ളക്കുള്ളന്മാര് (white dwarfs) എന്ന ഒരുതരം മൃതനക്ഷത്രങ്ങളുടെ സ്ഥിരതയെ സംബന്ധിക്കുന്ന ഈ സൈദ്ധാന്തിക പഠനങ്ങളാണ് ചന്ദ്രശേഖറുടെ പ്രധാന സംഭാവന. 'ചന്ദ്രശേഖര്‍ പരിധി' എന്ന ആശയത്തിന് വളരെ പ്രചാരം സിദ്ധിക്കുകയും ചെയ്തു.
1936-ല്‍ ചന്ദ്രശേഖര്‍ ഇന്ത്യയില്‍ വന്ന് തന്റെ ജൂനിയറായി ചെന്നൈ പ്രസിഡന്‍സി കോളജില്‍ പഠിച്ചിരുന്ന ലളിതയെ വിവാഹം ചെയ്തു. 1937-ല്‍ യു.എസ്സിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റായി ജോലി സ്വീകരിച്ചു. പിന്നീട് തിയററ്റിക്കല്‍ അസ്ട്രോഫിസിക്സില്‍ പ്രൊഫസര്‍ പദവിയിലേക്കുയര്‍ന്നു. 1995 ആഗസ്റ്റ് വരെ അവിടെ എമരിറ്റസ് പ്രൊഫസര്‍ പദവിയില്‍ തുടര്‍ന്നു. 1953-ല്‍ ഇദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.
കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ ആഡംസ് സമ്മാനം, ബ്രൂസ് മെഡല്‍, റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ സ്വര്‍ണമെഡല്‍, അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിന്റെ റംഫോര്‍ഡ് മെഡല്‍, ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ റോയല്‍ മെഡല്‍, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ ശ്രീനിവാസരാമാനുജന് മെഡല്‍, അമേരിക്കയുടെ നാഷണല്‍ മെഡല്‍ ഒഫ് സയന്‍സ്, ഇന്ത്യയുടെ പദ്മവിഭൂഷണ്, നാഷണല്‍ അക്കാദമി ഒഫ് സയന്‍സിന്റെ ഹെന്റി ഡ്രേപ്പര്‍ മെഡല്‍, പോളിഷ് ഫിസിക്കല്‍ സൊസൈറ്റിയുടെ സ്മോലുചോസ്കി മെഡല്‍, അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയുടെ ഡാനി ഹെയ്നെമന് സമ്മാനം, സൂറിച്ചില്‍ നിന്നുള്ള ഡോ. ടോമള്ള സമ്മാനം, ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ കോപ്ളെ മെഡല്‍, ഇന്ത്യന്‍ ഫിസിക്സ് അസോസിയേഷന്റെ ആര്.ഡി. ബിര്‍ളാ മെമ്മോറിയല്‍ പുരസ്കാരം എന്നിങ്ങനെ ചന്ദ്രശേഖര്‍ക്കു ലഭിച്ച ബഹുമതികള്‍ നിരവധിയാണ്. ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലും നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിലും ഇദ്ദേഹം അംഗമായിരുന്നു. റോയല്‍ സ്വീഡിഷ് അക്കാദമി 1983 ഒ. 19-ന് പ്രഖ്യാപിച്ച നോബല്‍ സമ്മാനം ചന്ദ്രശേഖര്‍ക്കു ലഭിച്ച പരമോന്നതബഹുമതി ആയിരുന്നു.
ജ്യോതിര്‍ഭൗതികത്തില്‍ ഒരു പ്രത്യേകമേഖല തിരഞ്ഞെടുത്ത്; അതില്‍ ആഗമഗ്നനായി ആഴത്തില്‍ പഠിക്കുക, ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുക, അതിനുശേഷം ആ വിഷയത്തില്‍ ആധികാരികമായ ഒരു ഗ്രന്ഥം രചിച്ചശേഷം ആ മേഖലയോട് വിടചൊല്ലുകയും വേറൊരു പഠനമേഖല തിരഞ്ഞെടുത്ത് ഇതേ രീതി ആവര്‍ത്തിക്കുകയും ചെയ്യുക-ഇതായിരുന്നു ചന്ദ്രശേഖറിന്റെ ഗവേഷണരീതി. ഈവിധം ചന്ദ്രശേഖര്‍ രചിച്ച മികച്ച ഗ്രന്ഥങ്ങളാണ് ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ദ് സ്റ്റഡി ഒഫ് സ്റ്റെല്ലാര്‍ സ്റ്റ്രക്ചര് (1939), പ്രിന്‍സിപ്പിള്‍സ് ഒഫ് സ്റ്റെല്ലാര്‍ ഡൈനാമിക്സ് (1942), സ്റ്റൊകാസ്റ്റിക് പ്രോബ്ളംസ് ഇന്‍ ഫിസിക്സ് ആന്‍ഡ് അസ്ട്രോണമി (1943), റേഡിയേറ്റീവ് ട്രാന്‍സ്ഫര്‍ (1950), ഹൈഡ്രോഡൈനാമിക് ആന്‍ഡ് ഹൈഡ്രോമാഗ്നറ്റിക് സ്റ്റെബിലിറ്റി (1961), എലിപ്സോയിഡല് ഫിഗേഴ്സ് ഒഫ് ഇക്വിലിബ്രിയം (1969), ദ് മാത്തമാറ്റിക്കല്‍ തിയറി ഒഫ് ബ്ളാക് ഹോള്‍സ് (1983), എഡിങ്ടണ്‍: ദ് മോസ്റ്റ് ഡിസ്റ്റിങ്ഗ്വിഷ്ഡ് അസ്ട്രോഫിസിസിസ്റ്റ് ഒഫ് ഹിസ് ടൈംസ് (1983), ട്രൂത്ത് ആന്‍ഡ് ബ്യൂട്ടി: ഈസ്തെറ്റിക്സ് ആന്‍ഡ് മോട്ടിവേഷന്‍സ് ഇന്‍ സയന്‍സ് (1987), സെലക്റ്റഡ് പേപ്പേഴ്സ്-6 വാല്യങ്ങള്‍ (1989-91), ന്യൂട്ടന്‍സ് പ്രിന്‍സിപ്പിയ ഫോര്‍ ദ് കോമണ്‍ റീഡര്‍ (1995) എന്നിവ. 1952 മുതല്‍ കുറേക്കാലം അസ്ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ മാനേജിങ് എഡിറ്ററുമായിരുന്നു ഇദ്ദേഹം. 1995 ആഗ. 21-ന് ഷിക്കാഗോയില്‍ ചന്ദ്രശേഖര്‍ അന്തരിച്ചു.
(പ്രൊഫ. കെ. ഗോവിന്ദന്)