This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖര്‍, ശ്രീപതി (1918 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:58, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രശേഖര്‍, ശ്രീപതി (1918 - 2001)

പ്രസിദ്ധ ജനസംഖ്യാശാസ്ത്രജ്ഞന്‍. 1918 ന. 22-നു ജനിച്ചു. ജനസംഖ്യാശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ഇന്ത്യാക്കാരുടെ മുന്‍പന്തിയിലാണ് ഡോ. എസ്. ചന്ദ്രശേഖറിന്റെ സ്ഥാനം. അണ്ണാമല സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന ഇദ്ദേഹത്തിന് 1948-49-ല്‍ പാരിസിലെ യുനെസ്കോ ഡെമോഗ്രാഫിക് റിസര്‍ച്ചിന്റെ ഡയറക്ടര്‍ പദവി ലഭിച്ചു. 1951-55 കാലയളവില്‍ ബറോഡ സര്‍വകലാശാലയില്‍ വകുപ്പുമേധാവിയും 1956-57-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പോപ്പുലേഷന്‍ സ്റ്റഡീസിന്റെ ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിരുന്നു. 1964-70 കാലഘട്ടത്തില്‍ രാജ്യസഭാംഗമായിരുന്നു ഡോ. ചന്ദ്രശേഖര്‍. 1967-ല്‍ ഇന്ത്യയുടെ ആരോഗ്യ-കുടുംബാസൂത്രണ വകുപ്പുമന്ത്രിയായി സ്ഥാനമേറ്റു. 1967 മുതല്‍ 70 വരെ ആരോഗ്യമന്ത്രിയായിത്തുടര്‍ന്നു. പില്ക്കാലത്ത് 1972-74-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാല (ലോസ് ഏന്‍ജല്‍സ്)യിലെ ജനസംഖ്യാശാസ്ത്ര പ്രൊഫസറായും 1975-78-ല്‍ അണ്ണാമല യൂണിവേഴ്സിറ്റിയുടെ വൈസ്ചാന്‍ലറായും, 1979-80-ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1957 മുതല്‍ തുടര്‍ച്ചയായി പോപ്പുലേഷന്‍ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു ഇദ്ദേഹം. ഒട്ടനവധി അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇവയില്‍ കുടുംബക്ഷേമ പഠനങ്ങള്‍ക്ക് ഇദ്ദേഹത്തിന് 1972-ല്‍ ലഭിച്ച മാര്‍ഗററ്റ് സാംഗര്‍ സ്വര്‍ണമെഡലും, 1977-ല്‍ ലഭിച്ച ബൈസെന്റിനിയല്‍ സ്വര്‍ണമെഡലും പ്രത്യേകം പ്രസ്താവ്യമാണ്. ഒട്ടനവധി ഗ്രന്ഥങ്ങള്‍-പ്രത്യേകിച്ച് ജനസംഖ്യാ ശാസ്ത്രത്തെ സംബന്ധിക്കുന്നവ-ഇദ്ദേഹം രചിച്ചിട്ടുണ്ട്. സാമ്പത്തിക വികസനത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍, അമേരിക്കന്‍ സാമ്പത്തിക സഹായവും ഇന്ത്യയുടെ സാമ്പത്തിക വികസനവും, കമ്യൂണിസ്റ്റ് ചൈന ടുഡേ, ഇന്ത്യയുടെ ജനസംഖ്യ-യാഥാര്‍ഥ്യം, പ്രശ്നം, നയം, ശിശുമരണം, ജനസംഖ്യാ വളര്‍ച്ച, കുടുംബാസൂത്രണം (1972), സാന്ദ്രതയേറിയ ലോകത്ത് ഗര്‍ഭം അലസിപ്പിക്കല്‍ (1974), ജനസംഖ്യയും നിയമവും ഇന്ത്യയില്‍ (1976), ആനന്ദകുമാരസ്വാമി (1977) എന്നിവ ഡോ. ചന്ദ്രശേഖറിന്റെ പ്രധാനപ്പെട്ട കൃതികളില്‍ ഉള്‍പ്പെടുന്നു.

2001 ജൂണ്‍ 14-ന് അന്തരിച്ചു.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍