This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘണ്ടാകര്‍ണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:48, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘണ്ടാകര്‍ണന്‍

ഭദ്രകാളിയുടെ ശരീരത്തിലെ വസൂരി നശിപ്പിക്കാന്‍, ശിവന്‍ തന്റെ ചെവിയില്‍ നിന്നും ജന്മം കൊടുത്ത രാക്ഷസന്‍. ദാരികവധത്തെത്തുടര്‍ന്ന്, ദാരികന്റെ പത്നിയായ മനോദരി ശിവനെ തപസ്സുചെയ്ത് അനുഗ്രഹം വാങ്ങി. തന്റെ ദേഹത്തുനിന്നും കുറച്ചു വിയര്‍പ്പുതുള്ളികള്‍ എടുത്തുകൊടുത്തിട്ട് ഇത് ആരുടെ നേര്‍ക്ക് എറിയുന്നുവോ അവര്‍ക്ക് മസൂരി രോഗം ഉണ്ടാകുമെന്നും അവര്‍ മനോദരിയെ പൂജിച്ച് ആഹാരം നല്കുമെന്നും ശിവന്‍ അരുളിച്ചെയ്തു. മസൂരിദേവിയായി ഭൂമിയിലേക്കു മടങ്ങിയ മനോദരി ആദ്യം കണ്ടുമുട്ടിയത്, തന്റെ ഭര്‍ത്താവിനെ നിഗ്രഹിച്ച ഭദ്രകാളിയെ ആണ്. വിയര്‍പ്പുതുള്ളികളേറ്റു മസൂരി രോഗബാധിതയായി ഭദ്രകാളി നിലംപതിച്ച വിവരമറിഞ്ഞ് ശിവന്‍ ഘണ്ടാകര്‍ണനു ജന്മം നല്കി. ഘണ്ടാകര്‍ണന്‍ ഭദ്രകാളിയുടെ സമീപമെത്തി, ശരീരത്തിലെ മസൂരി നക്കിയെടുത്തു. സഹോദരനായതിനാല്‍ മുഖത്തു മുഖം ചേര്‍ക്കാന്‍ ദേവി അനുവദിച്ചില്ല. അതിനാല്‍ ദേവിയുടെ മുഖത്തെ കലകള്‍ മാത്രം അവശേഷിച്ചു.

വിഷ്ണുവിനോടുള്ള ദ്വേഷം നിമിത്തം ആ നാമം കേള്‍ക്കാന്‍ ഇടവരാതെ തന്റെ കര്‍ണങ്ങളില്‍ ഇയാള്‍ മണി തൂക്കിയിട്ടിരുന്നെന്നും അതിനാലാണ് ഘണ്ടാകര്‍ണന്‍ എന്ന പേരു ലഭിച്ചതെന്നും മഹാഭാരതത്തില്‍ കാണുന്നു. ഭാഗവതത്തിലെ ഒരു പ്രസ്താവമനുസരിച്ച് ഘണ്ടനും കര്‍ണനും ജ്യേഷ്ഠാനുജന്മാരായിരുന്നു. ഒരിക്കലും ഇണപിരിയാത്ത സഹോദരങ്ങളായിരുന്നതിനാല്‍ ഘണ്ടാകര്‍ണന്‍ എന്നനാമത്തില്‍ ഇവര്‍ അറിയപ്പെട്ടുവത്രെ. മോക്ഷപ്രാപ്തിക്കുവേണ്ടി ഘണ്ടാകര്‍ണന്‍ ശിവനെ തപസ്സു ചെയ്തപ്പോള്‍, ബദര്യാശ്രമത്തില്‍ വച്ച് വിഷ്ണു മോക്ഷം തരും എന്ന് ശിവന്‍ അനുഗ്രഹിക്കുകയും അങ്ങനെ അയാള്‍ വിഷ്ണുഭക്തനായിത്തീരുകയും ചെയ്തു.

ശ്രീകൃഷ്ണന്‍ ശിവദര്‍ശനത്തിന് കൈലാസത്തിലേക്കു പോകും വഴി ബദര്യാശ്രമത്തിലെത്തി ധ്യാനത്തില്‍ മുഴുകിയിരിക്കെ, വിഷ്ണുനാമോച്ചാരണവുമായി ഘണ്ടാകര്‍ണന്‍ അവിടെ എത്തുകയും രാക്ഷസന്മാരുടെ രീതിയനുസരിച്ച് ബ്രാഹ്മണമാംസം നൈവേദ്യമായി ഭഗവാനു സമര്‍പ്പിക്കുകയും ചെയ്തു. വിഷ്ണു അയാളോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ്, നൈവേദ്യം സ്വീകരിക്കാതെ തന്നെ സംതൃപ്തനായി ഘണ്ടാകര്‍ണനു മോക്ഷം നല്കി വൈകുണ്ഠത്തിലേക്കു യാത്രയാക്കി എന്നാണ് ഐതിഹ്യം.

വിഷ്ണുപദം പ്രാപിച്ച ഘണ്ടാകര്‍ണനെ മസൂരിനാശകനായി ഹിന്ദുക്കള്‍ പൂജിക്കുന്നു. അഗ്നിപുരാണത്തില്‍ ഘണ്ടാകര്‍ണ പ്രതിഷ്ഠയെപ്പറ്റി പറയുന്നുണ്ട്. പതിനെട്ടു കൈകളോടുകൂടിയ ഘണ്ടാകര്‍ണന്‍ വലതുകൈകളില്‍ വജ്രം, വാള്‍, ദണ്ഡം, ചക്രം, ശരം, ഉലക്ക, തോട്ടി, മുള്‍ത്തടി, ത്രിശൂലം എന്നിവയും ഇടതു കൈകളില്‍ ചൂല്, വാള്‍, വേല്, മുണ്ഡം, പാശം, വില്ല്, മണി, മഴു, ത്രിശൂലം എന്നിവയും ധരിച്ചിരിക്കുന്നു.

ബ്രഹ്മദേവന്‍ സുബ്രഹ്മണ്യനു ദാനം ചെയ്ത നാലു പാര്‍ഷദന്മാരില്‍ ഒരാള്‍ക്കും ഘണ്ടാകര്‍ണന്‍ എന്ന പേരുള്ളതായി മഹാഭാരതം ശല്യപര്‍വത്തില്‍ പ്രസ്താവമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍