This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലൈക്കോളുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:23, 10 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്ലൈക്കോളുകള്‍

Glycol

ഓരോ തന്മാത്രയിലും രണ്ടു ഹൈഡ്രോക്സില്‍ ഗ്രൂപ്പുകള്‍ വീതം അടങ്ങിയ കാര്‍ബണിക യൗഗികങ്ങള്‍. ഡൈഹൈഡ്രിക് ആല്‍ക്കഹോളുകള്‍ എന്ന പേരിലും അറിയപ്പെടുന്നു. രണ്ട് ഹ്രൈഡ്രോക്സില്‍ ഗ്രൂപ്പുകളും അടുത്തടുത്തുള്ള കാര്‍ബണാറ്റങ്ങളിലാണെങ്കില്‍ അത്തരം യൗഗികങ്ങളെ 1, 2-ഗ്ലൈക്കോളുകള്‍ (-ഗ്ലൈക്കോളുകള്‍) എന്നും ഒന്നിടവിട്ട കാര്‍ബണ്‍ ആറ്റങ്ങളിലാണെങ്കില്‍ 1, 3-ഗ്ലൈക്കോളുകള്‍ (-ഗ്ലൈക്കോളുകള്‍) എന്നും വിളിക്കുന്നു. ഹൈഡ്രോക്സില്‍ ഗ്രൂപ്പുകള്‍ ബന്ധിച്ചിട്ടുള്ള കാര്‍ബണ്‍ ആറ്റങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും വര്‍ധിച്ചാല്‍ അവയെ യഥാക്രമം 1, 4 ഗ്ലൈക്കോളുകള്‍ (ചിത്രം:Vol 10 gamma.png-ഗ്ലൈക്കോളുകള്‍) എന്നും 1, 5-ഗ്ലൈക്കോളുകള്‍ എന്നും വിളിക്കാവുന്നതാണ്. രണ്ട് OH ഗ്രൂപ്പുകളും ഒരേ കാര്‍ബണാറ്റത്തില്‍ ബന്ധിച്ചാല്‍ കിട്ടുന്ന 1, 1-ഗ്ലൈക്കോളുകള്‍ അസ്ഥിരങ്ങളാണ്. ഏറ്റവും വ്യാപകമായി കാണപ്പെടുന്നവ -ഗ്ലൈക്കോളുകളാണ്.

ആല്‍ക്കീനുകളെ നേരിട്ട് ഹൈഡ്രോക്സിലീകരിച്ചാണ് -ഗ്ലൈക്കോളുകള്‍ നിര്‍മിക്കുന്നത്. അതുകൊണ്ട് ബന്ധപ്പെട്ട ആല്‍ക്കീനിന്റെ പേരില്‍ നിന്നാണ് -ഗ്ലൈക്കോളിന്റെ സാധാരണനാമം വ്യുത്പാദിപ്പിക്കുന്നത്.

ഉദാ. HOCH2CH2OH എഥിലിന്‍ ഗ്ലൈക്കോളുകള്‍. ശാസ്ത്രീയ നാമകരണ പദ്ധതി (IUPAC) അനുസരിച്ച് ഗ്ലൈക്കോളുകള്‍ക്കുള്ള പൊതുപ്രത്യയം (suffix)-ഡയോള്‍ (diol) എന്നാണ്. രണ്ടു ഹൈഡ്രോക്സില്‍ ഗ്രൂപ്പുകളുടെ സ്ഥാനം സൂചിപ്പിക്കാന്‍ പേരിന്റെ മുന്നില്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നു.

ഉദാ. HOCH2CH2OH ഈതേന്‍ ഡയോള്‍

CH3CHOHCH2OH പ്രൊപേന്‍ -1, 2-ഡയോള്‍.

ഗ്ലൈക്കോള്‍ എന്നത് ഒരു വിഭാഗം യൗഗികങ്ങളുടെ വര്‍ഗനാമം മാത്രമല്ല; അക്കൂട്ടത്തിലെ ഏറ്റവും ലളിതമായ യൗഗികത്തിന്റെ സാധാരണനാമം കൂടിയാണ്. എഥിലിന്‍ ഗ്ലൈക്കോള്‍ (ഈതേന്‍ ഡയോള്‍) എന്ന യൗഗികം സാധാരണയായി ഗ്ലൈക്കോള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. വ്യാവസായിക രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗ്ലൈക്കോള്‍ ഇതാണ്.

താഴെ വിവരിച്ചിരിക്കുന്ന ഏതെങ്കിലുമൊരു മാര്‍ഗം ഉപയോഗിച്ച് എഥിലീന്‍ ഗ്ലൈക്കോള്‍ നിര്‍മിക്കാന്‍ കഴിയും.

1. പൊട്ടാസ്യം പെര്‍മാങ്ഗനേറ്റിന്റെ നേര്‍ത്ത ക്ഷാരലായനിയില്‍ക്കൂടി എതിലീന്‍ വാതകം കടത്തിവിടും.

2. എഥിലിന്‍ വാതകം ഹൈപ്പോക്ലോറസ് അമ്ലത്തില്‍ക്കൂടി കടത്തിവിടുമ്പോള്‍ കിട്ടുന്ന ഉത്പന്നത്തെ സോഡിയം ബൈകാര്‍ബണേറ്റ് ലായനിചേര്‍ത്തു തിളപ്പിക്കുക.

3. എഥിലീന്‍ ഡൈബ്രോമൈഡിനെ സോഡിയം കാര്‍ബണേറ്റു ലായനിയില്‍ തിളപ്പിക്കുക.

എഥിലീന്‍ ഓക്സൈഡിനെ നേര്‍ത്ത ഹൈഡ്രോക്ലോറിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ചാണ് എഥിലിന്‍ ഗ്ലൈക്കോള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നത്.

നിറമില്ലാത്ത കൊഴുത്തൊരു ദ്രാവകമാണ് എഥിലീന്‍ ഗ്ലൈക്കോള്‍. രുചിയുള്ളൊരു വസ്തുവാണിത്. രുചിയുള്ളത് എന്നര്‍ഥം വരുന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഗ്ലൈക്കോള്‍ എന്ന പേരുണ്ടായതുതന്നെ. ഉരുകല്‍നില: 197oC. ജലത്തിലും ചാരായത്തിലും ലയിക്കുന്ന ഈ വസ്തു ഈതറില്‍ അലേയമാണ്. ഗ്ലൈക്കോളുകളിലെ തന്മാത്രകള്‍ ഹൈഡ്രജന്‍ബന്ധനംകൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവയ്ക്ക് ഉയര്‍ന്ന ഉരുകല്‍നിലയും ഉയര്‍ന്ന തിളനിലയുമാണുള്ളത്. എഥിലീന്‍ ഗ്ലൈക്കോള്‍ ഒരു ലായകമായും ആന്റിഫ്രീസായും വ്യാപകമായി ഉപയോഗപ്പെടുന്നു.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍