This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്കീചങ്കരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചക്കീചങ്കരം
മലയാളത്തിലെ രണ്ടു ഹാസ്യനാടകങ്ങള്‍. മുന്‍ഷി പി. രാമക്കുറുപ്പ് (1848-98) പ്രസിദ്ധീകരിച്ച (1893) കൃതിയെ ചക്കീചങ്കരം (തെക്കന്‍) എന്നും പുളിച്ചിങ്ങോത്ത് അമ്മുണ്ണി അമ്മ എന്ന തൂലികാനാമത്തില്‍ ഇരുവനാട്ട് കെ.സി. നാരായണന്‍ നമ്പ്യാര്‍ (1873-1922) പ്രസിദ്ധീകരിച്ച (1894) കൃതിയെ ചക്കീചങ്കരം (വടക്കന്‍) എന്നും പറയുന്നു. തെക്കന്‍ കൃതിയാണ് സുവിദിതമായിത്തീര്‍ന്നിട്ടുള്ളത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ശാകുന്തള വിവര്‍ത്തനത്തെ (1882)ത്തുടര്‍ന്ന് മലയാള സാഹിത്യത്തിലുണ്ടായ കലശലായ വിവര്‍ത്തനഭ്രമത്തെയും തന്മൂലം പെരുകിവന്ന നാടകാഭാസങ്ങളെയും പരിഹസിച്ചു തടുത്തുനിര്‍ത്തുക എന്നതായിരുന്നു രണ്ടു കൃതികളുടെയും ലക്ഷ്യം. ശീവൊള്ളിയുടെ ദുഃസ്പര്‍ശ നാടകവും ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ഉണ്ടായതാണ്.
തെക്കന്‍. കല്പിതാംകോട്ടു (തിരുവിതാംകൂര്‍) സംസ്ഥാനത്തെ ഒരു മജിസ്റ്റ്രേട്ടായ അച്യുതമേനോന്റെ പുത്രനായ സുകുമാരന്റെയും, മേനോന്റെ ഭാര്യാസഹോദരന്റെ പുത്രിയായ മാധവിക്കുട്ടിയമ്മയുടെയും പ്രണയസാഫല്യമുഹൂര്‍ത്തത്തില്‍ അവരിരുവരുടെയും അരിവയ്പുകാരായ ചങ്കരനും ചക്കിയും വളര്‍ത്തിക്കൊണ്ടുവന്ന പ്രേമത്തിനും അംഗീകാരം ലഭിക്കുന്നു. ഈ മംഗളവേളയില്‍ ഒരു നാടകസംഘം അവിടെ എത്തുന്നതും ശിവപാര്‍ഷദനായ കുംഭാണ്ഡന്‍ രംഗപ്രവേശം ചെയ്ത് നാടകക്കാരെ ആട്ടിയോടിക്കുന്നതുമാണ് ചക്കീചങ്കരത്തിലെ കഥ. 'വിദ്യാഭ്യാസംവിനാ നാടകമിനിയെഴുതിക്കൂട്ടുമോ?' എന്ന് കുംഭാണ്ഡന്‍ ഗര്‍ജിക്കുമ്പോള്‍ 'ഇല്ലേ' എന്ന് അവര്‍ സത്യം ചെയ്യുന്നു. അക്കാലത്തു നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സമുദായദോഷങ്ങള്‍ എന്നിവയും കവിയുടെ ആക്ഷേപത്തിനു പാത്രമാവുന്നുണ്ട്.
'പണ്ടത്തെക്കൃതി ഭാഷയാക്കിയവരെത്തല്ലീടുവോനല്ല ഞാന്‍;
വേണ്ടുന്നോരറിവോടു നാടകമെഴുത്തായാലടിക്കില്ലഞാന്‍
വീണ്ടും വൈദുഷിയുണ്ടു തെറ്റുമെഴുതിപ്പോയെങ്കിലും പോട്ടെടാ
വണ്ടിക്കാള കണക്കു വന്ന കവിമണ്ടന്മാര്‍ക്കുമണ്ടയ്ക്കടി'.
എന്ന് ഗര്‍ജിച്ചുകൊണ്ടു പാഞ്ഞടുക്കുന്ന കുംഭാണ്ഡനോട്,
'അയ്യയ്യോ ഞങ്ങളെത്തല്ലല്ലേ കൊല്ലല്ലേ
പാവങ്ങളാണേ പരമേശ്വരാ
പൂരപ്പാട്ടുണ്ടാക്കി നേരം ചിലവിടാം...'
എന്നത്രെ ദുഷ്ടകവികളുടെ നിലവിളി. അന്നത്തെ ഭാഷാനാടകത്തിന്റെ ചിട്ടയും മട്ടും എല്ലാം പാലിച്ചുകൊണ്ടു രചിക്കപ്പെട്ട ഈ കൃതി കുറ്റമറ്റ ഒരു പാരഡിയായി പരിണമിച്ചു. എഴുത്തും വായനയും അറിയാത്തവരുടെ കൈയില്‍ നാടകം വന്നുപെട്ടിരിക്കുന്നു എന്നുസൂചിപ്പിക്കുന്നു. കൃതികള്‍ക്കെല്ലാം ഉദാരമനസ്സോടെ അഭിപ്രായങ്ങള്‍ എഴുതിക്കൊടുക്കുന്ന സാഹിത്യ നായകന്മാരെയും കണക്കിനു പരിഹസിക്കുന്നുണ്ട്.
വടക്കന്‍. ഇതിലെ നായിക ചക്കിയും നായകന്‍ ചങ്കരച്ചാരുമാണ്. ഇണ്ഠിണ്ഠീം നായ്ക്കരബ്ഭന്‍ ആണു പ്രതിനായകന്‍. നമ്പ്യാര്‍ തന്നെ എഴുതിച്ചേര്‍ത്തിട്ടുള്ള 'ഒരു പൊടിക്കയ്യ്' എന്ന അവതാരിക അദ്ദേഹത്തിന്റെ ശക്തമായ നര്‍മബോധത്തെ വെളിപ്പെടുത്തുന്നതാണ്. "ചക്കീചങ്കരം എന്ന ഈ നാടകം ഉണ്ടാക്കണമെന്ന് ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ സ്വപ്നം കണ്ടതാണ്, 'ശാകുന്തളേ ചതുര്‍ഥോങ്കഃ' എന്ന പ്രമാണ പ്രകാരമാണ് നാലങ്കമായി വിഭജിച്ചത്. ഇതിന് ഒരു ശുദ്ധപത്രം ചേര്‍ത്താലോ എന്നു ഞാന്‍ ആദ്യത്തില്‍ വിചാരിച്ചിരുന്നു. പക്ഷേ, അതു വായനക്കാര്‍ തന്നെ ചെയ്തോട്ടെ എന്നു സമ്മതിച്ചിരിക്കുന്നു,് തുടങ്ങിയ പ്രസ്താവങ്ങളും, താങ്ങിടട്ടെ- ഈകാരാന്ത സ്ത്രീലിംഗം സപ്തമ്യേകവചനം ഇരിക്ണു-ഇല്ലാത്ത നിഘണ്ടുവിലെ 105-ാം ഭാഗം നോക്കുക.' തുടങ്ങിയ വ്യാഖ്യാനങ്ങളും, നാടകകര്‍ത്താവിന് വികട പരിഭാഷകളോടും കുകവികളോടുമുള്ള ഈര്‍ഷ്യയും ദ്വേഷവും പ്രകടിപ്പിക്കുന്നു.