This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്കത്തേക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചക്കത്തേക്ക്
റൂബിയേസി സസ്യകുലത്തില്‍പ്പെട്ട ഒരു ഇടത്തരം മരം. ശാ.നാ.: ഹൈമനോഡിക്റ്റിയോണ്‍ എക്സെല്‍സം (Hymenodictyon excelsum). നീചന്‍ കടമ്പ്, പൂച്ചക്കടമ്പ്, വെള്ളക്കടമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രധാനമായും ഈ മരം വളരുന്നത് കേരളത്തിലെ ഇലകൊഴിയും ഈര്‍പ്പക്കാടുകളിലാണ്. ഇത്തരം വനങ്ങളില്‍ സാധാരണ കണ്ടുവരുന്ന കിലുങ്ങിമര (Hyme-no-dictyon obovatum) ത്തിനോട് ചക്കത്തേക്കിന് നല്ല സാമ്യമുണ്ട്.
ഇതിന്റെ ഇലകള്‍ക്ക് 12-24 സെ.മീറ്ററോളം നീളവും 10-20 സെ.മീറ്ററോളം വീതിയുമുണ്ട്. ഇലകള്‍ ലഘുവും സമ്മുഖവുമാണ്. അനുപര്‍ണങ്ങളുണ്ട്. പത്രഫലകത്തിന് അണ്ഡാകൃതിയാണ്. ഇലകള്‍ക്ക് ഇളംമഞ്ഞ കലര്‍ന്ന പച്ചനിറമായിരിക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളോടെ ഇലകള്‍ക്ക് മഞ്ഞനിറമാവുകയും അവ കൊഴിഞ്ഞുപോകുകയും ചെയ്യും.
പുഷ്പകാലം ജൂണ്‍-ആഗസ്റ്റ് ആണ്. ശാഖാഗ്രങ്ങളില്‍ ബഹുശാഖകളായിട്ടാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് പച്ചകലര്‍ന്ന വെള്ളനിറമാണ്; നല്ല മണവുമുണ്ട്. സമമിതമായ പുഷ്പങ്ങളുടെ സഹപത്രങ്ങള്‍ വലുതും ദീര്‍ഘസ്ഥായിയുമായിരിക്കും. സംയുക്തങ്ങളായ ദളങ്ങളും ബാഹ്യദളങ്ങളും അഞ്ചെണ്ണം വീതമായിട്ടാണ് കാണപ്പെടുക. അഞ്ച് ദളലഗ്ന കേസരങ്ങളുണ്ട്. രണ്ട് അറകളുള്ള അധോവര്‍ത്തി അണ്ഡാശയമാണ് ഇവയ്ക്കുള്ളത്. ഫലം രണ്ടു സെ.മീറ്ററോളം നീളമുള്ള കാപ്സ്യൂളുകളുടെ രൂപത്തില്‍ കാണപ്പെടുന്നു. കായ്കള്‍ മാര്‍ച്ച്-ഏപ്രിലില്‍ പാകമാകുന്നു. വിത്തുകള്‍ക്ക് ചിറകുണ്ട്. ഈ ചിറകുകള്‍ കാറ്റുമൂലം വിത്തുവിതരണം നടത്തുന്നതിന് സഹായിക്കുന്നു. പുതിയ വിത്തുകളാണ് വേഗം മുളയ്ക്കുന്നത്. വിത്തുകള്‍ പഴകുംതോറും ജീവനക്ഷമത കുറഞ്ഞുവരുന്നു. കമ്പ് മുറിച്ചുനട്ടും പ്രജനനം നടത്താം.
ചക്കത്തേക്കിന്റെ തടി മൃദുലവും മങ്ങിയ മഞ്ഞനിറത്തോടുകൂടിയതുമാണ്. തടിക്ക് കാഠിന്യം കുറവാണ്. അതിനാല്‍ കളിപ്പാട്ടം, പായ്ക്കിങ് പെട്ടികള്‍, തീപ്പെട്ടി മുതലായവ ഉണ്ടാക്കാനാണ് അധികമായും ഉപയോഗിക്കുന്നത്. മരത്തിന്റെ തൊലിയിലുള്ള ഹൈമിനോഡിക്റ്റിയോനില്‍ (C23H40N2) എന്ന ക്രിസ്റ്റലീയ ആല്‍ക്കലോയിഡ് ഒരു വിഷവസ്തുവാണ്. വളരെക്കാലം മുന്‍പുവരെ തോല്‍ ഊറയ്ക്കിടുന്നതിന് ചക്കത്തേക്കിന്റെ തൊലി ഉപയോഗിച്ചിരുന്നു.