This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:22, 10 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചക്ക്

തേങ്ങ, എള്ള്, കപ്പലണ്ടി, കടുക്, പുന്നയ്ക്ക തുടങ്ങിയവ ആട്ടി എണ്ണയെടുക്കുന്നതിനുള്ള ഉപകരണം. ആട്ടുകല്ലിന്റെ ആകൃതിയിലുള്ള ഈ ഉപകരണം പാറയില്‍ കൊത്തിയെടുക്കുകയാണു ചെയ്യുന്നത്. മൊത്തം നീളം മൂന്നുമീറ്ററോളം വരും. ഇതില്‍ ഒരറ്റം ആട്ടുകല്ലിന്റെ ആകൃതിയിലും മറ്റേ അറ്റം കൂര്‍ത്തുമാണ് ഇരിക്കുക. ഇതിന്റെ പകുതിയോളം ഉറച്ചതറയില്‍ കുഴിച്ചിട്ടുകഴിഞ്ഞാല്‍ ചക്ക് പ്രവര്‍ത്തനസജ്ജമായി. ആട്ടുകല്ലില്‍ പാറകൊണ്ടുള്ള 'കുഴവി' ഉപയോഗിക്കുന്നതിനുപകരമായി ചക്കില്‍ ഉരലിലെപോലെ ഉലക്കയാണ് ഉപയോഗിക്കുക. ഉരലിലെ ഉലക്ക ഉയര്‍ത്തിയും താഴ്ത്തിയും ഇടിക്കുമ്പോള്‍, ചക്കിലെ ഉലക്കയാവട്ടെ വട്ടംകറങ്ങി ആട്ടുന്നു (അരയ്ക്കുന്നു). ചക്കിന്റെ മധ്യത്തില്‍ ആട്ടുകല്ലിലേതുപോലെ ഒരു കുഴിയുണ്ട്. ഇതിനുള്ളിലാണ് കൊപ്രയും മറ്റും ഇടുന്നത്. ഉലക്ക കറങ്ങുമ്പോള്‍ കൊപ്ര അരഞ്ഞ് വെളിച്ചെണ്ണ ഒലിച്ചിറങ്ങുന്നു. ചക്കിന്റെ വശത്തുള്ള ഒരു ദ്വാരത്തിലൂടെയാണ് എണ്ണ ഊറ്റിയെടുക്കുന്നത്. 'പൂവണം' എന്ന മരത്തിന്റെ തടിയാണ് സാധാരണയായി ഉലക്കയായി ഉപയോഗിക്കുന്നത്. ഉലക്കയുടെ മുകളിലായി ചക്കില്‍ വെള്ളവും പൊടിയും വീഴാതിരിക്കാനായി ഒരു ചെറിയ മേല്‍പ്പുര ഉണ്ടായിരിക്കും. 'ആലത്തട്ടി' എന്നാണ് ഇതിനു പേര്. മുളയും കമുകിന്റെ തടിയും ഓലയും കൊണ്ടാണ് ആലത്തട്ടി ഉണ്ടാക്കുന്നത്. ഒരു വൃത്തത്തിലെ ആരക്കാലുപോലെയുള്ള ഒരു പലക ചക്കിനെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. ഈ പലകയെ ചക്കിനോട് ഘടിപ്പിക്കുന്ന ഭാഗത്തെ 'ഒട്ടകം' എന്നു പറയുന്നു. പലകയുടെ മറ്റേ അറ്റത്ത് ഒരു നുകം ഘടിപ്പിച്ചിരിക്കും. അതില്‍ കാളയെ കെട്ടി ചക്ക് പ്രവര്‍ത്തിപ്പിക്കാം. ആളുകള്‍ തന്നെ ഉന്തിക്കറക്കാറുമുണ്ട്. ഉലക്കയുടെ അറ്റത്തുനിന്നും താഴേക്ക് 'കൊക്കി'യും ഒട്ടകത്തില്‍ നിന്ന് മുകളിലേക്ക് 'കരിയലും' ഉണ്ട്. ഇവ രണ്ടും കൂട്ടിച്ചേര്‍ക്കുന്നതിന് വടമോ ഇരുമ്പാണിയോ ഉപയോഗിക്കുന്നു. ഉലക്ക ക്രമീകരിക്കുന്നതിന് ഇവ ഉപയോഗിക്കാം. ചക്ക് പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണ രണ്ടു തൊഴിലാളികള്‍ ഉണ്ടായിരിക്കും. കൊപ്രയാണ് ആട്ടേണ്ടതെങ്കില്‍ ഒരാള്‍ കൊപ്ര വാരിയിടുകയും ഉലക്കയുടെ നീക്കത്തിനനുസരിച്ച് തുണികൊണ്ട് കൊപ്ര നീക്കിയിട്ടുകൊടുക്കുകയും എണ്ണ ഊറ്റിയെടുക്കുകയും ചെയ്യുന്നു. മറ്റെയാള്‍ കാളയെ തെളിക്കുകയോ ചക്ക് ഉന്തുകയോ ചെയ്യും. സ്ത്രീതൊഴിലാളികളാണ് സാധാരണ ചക്കുന്തുന്നത്. കരിമ്പാട്ടുന്ന സ്ഥലങ്ങളില്‍ ഇത്തരം ഇരുമ്പു ചക്കുകള്‍ പണ്ട് ഉപയോഗത്തിലിരുന്നു. ചക്കുകള്‍ ഇപ്പോള്‍ കേരളത്തില്‍ മിക്കവാറും ഉപയോഗത്തിലില്ലാതായിരിക്കുന്നു. എണ്ണയാട്ടു മില്ലുകള്‍ വ്യാപകമായിത്തീര്‍ന്നതാണ് ഇതിനു കാരണം. വേപ്പെണ്ണ, പുന്നയ്ക്ക എണ്ണ എന്നിവ ആട്ടിയെടുക്കുന്നതിനായി വളരെക്കുറച്ചു ചക്കുകള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഇവ മില്ലുകളില്‍ ആട്ടുന്നില്ല എന്നതുകൊണ്ടുമാത്രമാണ് നാടന്‍ ചക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ തൊഴില്‍ അറിയാവുന്ന തൊഴിലാളികളും ഇപ്പോള്‍ വിരളമാണ്.

'ചക്കളത്തിപ്പോരാട്ടം' അഥവാ 'ചക്കാത്തിപ്പോരാട്ടം' എന്ന് ഒരു ശൈലി മലയാളത്തിലുണ്ട്. കണ്ടുനില്‍ക്കുന്നവരെ കബളിപ്പിക്കുന്നതിനായി വെറുതെ ശണ്ഠകൂടുക എന്നാണ് അതിനര്‍ഥം.

(കെ. രാമചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍