This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രന്ഥശാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഗ്രന്ഥശാല
വായനയ്ക്കുവേണ്ടി ഗ്രന്ഥശേഖരം ക്രമീകരിച്ചുവച്ചിരിക്കുന്ന കെട്ടിടം. നമുക്ക് സുപരിചിതമായ രൂപത്തിലുള്ള പുസ്തകങ്ങള്‍ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും പുറമേ ഹസ്തലിഖിത രേഖകള്‍, ലഘുലേഖകള്‍, ഗവേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവയും വിവിധ രൂപത്തിലുള്ള ഫിലിമുകള്‍, ടേപ്പ് റെക്കോര്‍ഡുകള്‍, കംപ്യൂട്ടര്‍ ടേപ്പുകള്‍, കോംപാക്ട് ഡിസ്കുകള്‍ മുതലായ നൂതന വൈജ്ഞാനിക മാധ്യമങ്ങളും ഗ്രന്ഥം എന്ന സംജ്ഞയിലുള്‍പ്പെടുന്നു. ഈ അര്‍ഥത്തിലാണ് ഗ്രന്ഥം എന്ന പദം ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
ചരിത്രപശ്ചാത്തലം
മനുഷ്യന്‍ തന്റെ ചിന്തകളും ആശയങ്ങളും ആലേഖനം ചെയ്യുവാനുള്ള കഴിവ് സമ്പാദിച്ച കാലഘട്ടത്തില്‍ത്തന്നെ ഗ്രന്ഥശാലയുടെ ആരംഭവും ഉണ്ടായി. തങ്ങളുടെ ചിന്തകളും ആശയങ്ങളും സമകാലീനര്‍ തമ്മില്‍ പങ്കുവയ്ക്കുന്നതിനും ഭാവിതലമുറകള്‍ക്കു സംരക്ഷിച്ചു നല്കുന്നതിനുമുള്ള ആഗ്രഹമായിരുന്നിരിക്കാം ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രേരകഘടകം. ഈ പ്രക്രിയ ഏതാണ്ട് 5000 വര്‍ഷം മുന്‍പ് തന്നെ തുടങ്ങിയിരുന്നു എന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതട പ്രദേശത്തു താമസിച്ചിരുന്ന സുമേറിയക്കാരാണ് ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിന് തത്പരരായിരുന്ന ആദ്യജനവര്‍ഗങ്ങള്‍ എന്നു കരുതുന്നു. ഗ്രന്ഥശാലകള്‍ അവരുടെ ആരാധനാലയങ്ങളിലാണ് രൂപം കൊണ്ടത്.
ആദ്യത്തെ വിഖ്യാത ഗ്രന്ഥശാല ഈജിപ്തിലെ തെബ്സ് എന്ന സ്ഥലത്ത് റാംഡെ II (ബി.സി. 1304-1237) സ്ഥാപിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. അടുത്ത ശതാബ്ദങ്ങളില്‍ പുരോഹിതന്മാരുടെ മേല്‍നോട്ടത്തില്‍ ആരാധനാലയങ്ങളോടനുബന്ധിച്ച് അനവധി ഗ്രന്ഥശാലകള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
അസീറിയയുടെ തലസ്ഥാനമായ നിനവെ(Nineveh)യില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാല ആദ്യകാല ഗ്രന്ഥശാലകളുടെ കൂട്ടത്തില്‍ ഏറെ പ്രശസ്തി ആര്‍ജിച്ചതായിരുന്നു. അവിടെ കളിമണ്‍ ഫലകങ്ങളിലും ചര്‍മപത്രച്ചുരുളുകളിലും പാപ്പിറസിലും രേഖകളുണ്ടായിരുന്നു. എന്നാല്‍ മണ്‍ ഇഷ്ടികകള്‍ ഒഴിച്ചുള്ള രേഖകള്‍ പില്ക്കാലങ്ങളില്‍ നശിച്ചുപോയി. അസീറിയയിലെ രാജാവായിരുന്ന അസുര്‍ബാനിപാല്‍ ഈ ഗ്രന്ഥശാലയുടെ നടത്തിപ്പില്‍ പ്രത്യേക താത്പര്യമെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്തു ഗ്രന്ഥശാലയില്‍ മണ്‍ ഫലകങ്ങളിലുള്ള 20,000-ല്‍പ്പരം ഗ്രന്ഥങ്ങളുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പ്രജകളുടെ പ്രബോധനത്തിന് ഉതകണം എന്ന വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയാണ് ഈ ഗ്രന്ഥശേഖരം സൂക്ഷിച്ചിരുന്നത് എന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്.
ഗ്രീസിലെ ആഥന്‍സില്‍ അരിസ്റ്റോട്ടിലിന് (ബി.സി. 384-322) മുന്‍പുതന്നെ ധാരാളം ഗ്രന്ഥശാലകളുണ്ടായിരുന്നു. അനവധി ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്ന തന്റെ സ്വകാര്യ ഗ്രന്ഥശാല ഉപയോഗിച്ചാണ് അരിസ്റ്റോട്ടില്‍ രചനകള്‍ നടത്തിയിരുന്നത്. ഗ്രീസിലെ ആദ്യത്തെ ഗ്രന്ഥശാലയായി കണക്കാക്കുന്നത് ബി.സി. 510-ല്‍ ജീവിച്ചിരുന്ന പീസിസ്ട്രാറ്റസ് ആതന്‍സില്‍ പണികഴിപ്പിച്ച ഗ്രന്ഥശാലയാണ്. ബി.സി. 300-നടുത്താണ് ഈജിപ്തിലെ സുപ്രസിദ്ധമായ അലക്സാന്‍ഡ്രിയ ലൈബ്രറി സ്ഥാപിച്ചത്. ഗ്രീക് സംസ്കാരം ഈജിപ്തിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ഗ്രന്ഥശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ഏതാണ്ട് 9,00,000 രേഖകള്‍ പല മാധ്യമങ്ങളിലായി ഈ ഗ്രന്ഥശാലയിലുണ്ടായിരുന്നു. ഇവയില്‍ അധികവും ഗ്രീക്കുഭാഷയില്‍ രചിക്കപ്പെട്ടവയായിരുന്നു. പില്ക്കാലത്ത് ഈ ഗ്രന്ഥശാല അഗ്നിക്കിരയായി. സാംസ്കാരിക ചരിത്രത്തിനേറ്റ ഒരു വലിയ ആഘാതമായിരുന്നു ഈ സംഭവം. ടോളമി രാജവംശത്തിലെ അവസാനത്തെ ഭരണാധിപതിയായിരുന്ന ക്ളിയോപാട്ര, ഭാഗികമായി ഈ ഗ്രന്ഥശാല പുനരുദ്ധരിച്ചെങ്കിലും എ.ഡി. 5-ാം ശ.-ത്തിലും 7-ാം ശ.-ത്തിലും ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഈ ഗ്രന്ഥശാല നശിക്കുന്നതിനു കാരണമായിത്തീര്‍ന്നു.
ജൂലിയസ് സീസറിന്റെ ഉറ്റതോഴനായിരുന്ന അസിനിയസ് പോളിയോ (Assinius Polio) മുന്‍കൈയെടുത്ത് പൊതുഗ്രന്ഥശാലകള്‍ റോമില്‍ സ്ഥാപിച്ചത് ഗ്രന്ഥശാലാചരിത്രത്തില്‍ എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. വിജ്ഞാനം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാനുള്ള യത്നത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. അഗസ്റ്റസ് ചക്രവര്‍ത്തി രണ്ടു ഗ്രന്ഥശാലകള്‍ സ്ഥാപിക്കുകയും മറ്റുള്ളവര്‍ ഈ മാതൃക തുടരുകയും ചെയ്തതുമൂലം എ.ഡി. 4-ാം ശ.-ത്തില്‍ റോമില്‍ 28 പൊതു ഗ്രന്ഥശാലകളുണ്ടായി. തുടര്‍ന്ന് റോമാ സാമ്രാജ്യത്തിലെമ്പാടും പൊതുഗ്രന്ഥശാലകള്‍ ആവിര്‍ഭവിക്കുകയുണ്ടായി.
മധ്യകാലഘട്ടത്തില്‍ ക്രിസ്തുമതപ്രചരണാര്‍ഥം മൊണാസ്റ്ററികള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അവയോടനുബന്ധിച്ച് ഗ്രന്ഥശാലകളും രൂപംകൊണ്ടിരുന്നു. ഗ്രന്ഥശാലകളെ സംബന്ധിച്ചിടത്തോളം ഇത് ഈ കാലഘട്ടത്തിന്റെ സവിശേഷതയായി കരുതാവുന്നതാണ്. ഇക്കാലത്തെ ഗ്രന്ഥങ്ങള്‍ അധികവും ചര്‍മപത്രത്തിലുള്ള കോഡക്സുകളായിരുന്നു. ആധുനിക ഗ്രന്ഥരൂപത്തില്‍ ബൈന്‍ഡു ചെയ്തു ഷെല്‍ഫുകളില്‍ സൗകര്യപ്രദമായ രീതിയില്‍ അടുക്കി വയ്ക്കാവുന്നവയായിരുന്നു അവ. ഓരോ മൊണാസ്റ്ററിയിലും ഉണ്ടായിരുന്ന ഗ്രന്ഥശേഖരത്തിന്റെ പരിമിതി കണക്കിലെടുത്ത് ഗ്രന്ഥങ്ങളുടെ ഉപയോഗം കര്‍ക്കശമായ നിയന്ത്രണത്തിനു വിധേയമാക്കിയിരുന്നു. സാക്ഷരരായിക്കൊണ്ടിരുന്ന ജനങ്ങളുടെ ആവശ്യത്തിലേക്കായി പബ്ലിക് ലൈബ്രറികള്‍ ആരംഭിച്ചു.
മധ്യകാലഘട്ടത്തിന്റെ അവസാനത്തില്‍ വിവിധ താത്പര്യങ്ങളുള്ള ഇടത്തരക്കാരുടെ ആവിര്‍ഭാവത്തോടെ സ്വകാര്യ ഗ്രന്ഥശാലകളും സര്‍വകലാശാലാ ഗ്രന്ഥാലയങ്ങളും സ്ഥാപിക്കപ്പെടുവാന്‍ തുടങ്ങി. ഇതിനു മുന്‍പുതന്നെ മൊണാസ്റ്റിക് ഗ്രന്ഥശാലകളുടെ പ്രാധാന്യം കുറയുവാന്‍ തുടങ്ങിയിരുന്നു.
നവോത്ഥാനത്തിന്റെയും വിജ്ഞാന നവോദയത്തിന്റെയും കാലഘട്ടത്തില്‍ വിജ്ഞാനം ആര്‍ജിക്കുവാനുള്ള താത്പര്യം ജനങ്ങളില്‍ വ്യാപകമായിത്തീര്‍ന്നു. ഇതിന്റെ ഫലമായി വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനുള്ള വ്യഗ്രത ജനങ്ങളില്‍ രൂഢമൂലമായി. നവോത്ഥാനവുമായി ബന്ധപ്പെട്ട കലാപങ്ങള്‍ ഗ്രന്ഥശാലകളെ കുറേയൊക്കെ പ്രതികൂലമായി ബാധിച്ചുവെങ്കിലും അതിനു നേതൃത്വം നല്കിയ മാര്‍ട്ടിന്‍ ലൂഥര്‍ ഗ്രന്ഥശാലകളെ അത്യധികം പ്രോത്സാഹിപ്പിക്കുന്ന ഒരു നയമാണ് അവലംബിച്ചിരുന്നത്.
15-ാം ശ.-ത്തില്‍ അച്ചടി കണ്ടുപിടിച്ചതോടെ പുസ്തക പ്രസിദ്ധീകരണ രംഗത്തു വന്‍പിച്ച പുരോഗതി ഉണ്ടായി. 17-ഉം 18-ഉം ശ.ങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പണ്ഡിതന്മാര്‍ ഗവേഷണത്തിലേര്‍പ്പെടുകയും അവരുടെ ഗവേഷണഫലങ്ങള്‍ പങ്കിടുന്നതില്‍ തത്പരരാകുകയും ചെയ്തു. ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും പുതിയ മേഖലകള്‍ അനിവാര്യമാക്കിയ ഒരു സംഭവവികാസമായിരുന്നു ഇത്. തത്ഫലമായിട്ടാണ് ആദ്യത്തെ ഗവേഷണ ഗ്രന്ഥശാലയെന്ന് വിശേഷിപ്പിക്കാവുന്ന ബോഡ്ലിയന്‍ ലൈബ്രറി (Bodleian Library) 1602-ല്‍ ഓക്സ്ഫഡില്‍ സ്ഥാപിതമായത്. സര്‍ തോമസ് ബോഡ്ലിയാണ് ഇതിന്റെ സ്ഥാപകന്‍.
ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയുടെയും വ്യവസായവിപ്ലവത്തിന്റെയും ആരംഭംകുറിച്ച കാലഘട്ടമായിരുന്നു 19-ാം ശതകം ഈ രംഗങ്ങളില്‍ ഉണ്ടായ വളര്‍ച്ചയും വികാസവും ജനങ്ങളുടെ ജീവിതരീതിയില്‍ വമ്പിച്ച വ്യതിയാനങ്ങള്‍ക്ക് കാരണമായി. നൂതനമായ അറിവ് നിലനില്‍പ്പിനാവശ്യമായതിനാല്‍ ഗ്രന്ഥശാലകളുപയോഗിക്കുന്നതിനുള്ള താത്പര്യം ജനങ്ങളില്‍ വര്‍ധിച്ചുവന്നു. ഇതുമൂലം പുതിയ പ്രവൃത്തിമണ്ഡലങ്ങളിലേര്‍പ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി കൂടുതല്‍ സര്‍വകലാശാലാ ഗ്രന്ഥശാലകളും പൊതുഗ്രന്ഥശാലകളും ദേശീയ ഗ്രന്ഥശാലകളും സ്ഥാപിതമായി. ഇക്കാലത്ത് ഗ്രന്ഥാലയങ്ങളെ സംബന്ധിച്ച നേതൃത്വം യൂറോപ്പില്‍ നിന്നു ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും മാറി. ഈ രാജ്യങ്ങളില്‍ പൊതുഗ്രന്ഥശാലകള്‍ 19-ാം ശ.-ത്തിന്റെ മധ്യംമുതല്‍ സ്ഥാപിക്കപ്പെട്ടു തുടങ്ങി. പിന്നീട് ഗ്രന്ഥശാലാസംഘടനകളും നിലവില്‍ വന്നു. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ 1876-ലും ബ്രിട്ടനിലെ ലൈബ്രറി അസോസിയേഷന്‍ 1877-ലും സ്ഥാപിക്കപ്പെട്ടു. ലോകത്താദ്യമായി ഒരു പൊതുഗ്രന്ഥശാലാനിയമം പാസ്സാക്കിയത് 1850-ല്‍ ബ്രിട്ടണായിരുന്നു. ഗ്രന്ഥശാലകള്‍ക്കുവേണ്ടി 'സെസ്' സമ്പ്രദായം ആദ്യമായി ഏര്‍പ്പെടുത്തിയതും ഇംഗ്ലണ്ടിലാണ്. 1917-നു ശേഷമായിരുന്നു റഷ്യയില്‍ ഗ്രന്ഥശാലകള്‍ വ്യാപകമായി തുടങ്ങിയത്. 'സഞ്ചരിക്കുന്ന ഗ്രന്ഥശാല' (മൊബൈല്‍ ലൈബ്രറി) ആദ്യമായി പ്രാവര്‍ത്തികമാക്കിയത് റഷ്യയിലായിരുന്നു.
20-ാം ശ.-ത്തില്‍ ഗ്രന്ഥശാലാവികാസം വളരെ ത്വരിതപ്പെടുകയും പല ഇനങ്ങളിലുള്ള ഗ്രന്ഥശാലകളുണ്ടാവുകയും ചെയ്തു. ഗ്രന്ഥശാലാസംവിധാനം സംബന്ധിച്ച് സാങ്കേതിക വിദ്യകള്‍ ഈ കാലത്താണ് പ്രചാരത്തില്‍ വന്നതും ശക്തമായതും.
ഗ്രന്ഥശാലകളുടെ പ്രാധാന്യം
ഒരു ഗ്രന്ഥത്തിന്റെ ഉള്ളടക്കം വിജ്ഞാനം അല്ലെങ്കില്‍ അറിവാണ്. അപ്പോള്‍ ഒരു ഗ്രന്ഥശാലയെ അറിവിന്റെ കലവറയെന്നു കണക്കാക്കാം. മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനമേഖലകളിലും അറിവ് അനിവാര്യമാണ്. അതിനാല്‍ സമൂഹം അതിന്റെ നാനാമുഖമായ വളര്‍ച്ചയ്ക്കു കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും പ്രബലമായ സ്ഥാപനങ്ങളിലൊന്നാണ് ഗ്രന്ഥശാല. വിവിധതലമുറകള്‍ തമ്മിലും ഒരേ തലമുറയിലെ സമകാലീനര്‍ തമ്മിലും സമ്പര്‍ക്കം പുലര്‍ത്തുന്നതിനും നമ്മുടെ സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും ഗ്രന്ഥശാലകള്‍ അത്യന്താപേക്ഷിതമാണ്. വിജ്ഞാന വികാസത്തിനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടിരിക്കുന്ന പണ്ഡിതന്മാര്‍ക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട അവലംബം ഗ്രന്ഥശാലകളാണ്. പുതിയ വിജ്ഞാനത്തിന്റെ സൃഷ്ടി ഇന്നു നിലനില്‍ക്കുന്ന വിജ്ഞാന സഞ്ചയത്തിന്റെ ദൃഢമായ അടിത്തറയെ ആശ്രയിച്ചാണു നടക്കുന്നത്. ഈ അടിത്തറ മനുഷ്യരാശിക്ക് എന്നും കിട്ടിക്കൊണ്ടിരിക്കുന്നത് ഗ്രന്ഥശാലകളില്‍ക്കൂടിയാണ്.
ഗ്രന്ഥശാലകള്‍ ഇന്ത്യയില്‍
ഇന്ത്യയില്‍ വായ്മൊഴിയായി വിജ്ഞാനവിതരണം നടത്തുന്ന പാരമ്പര്യം വളരെനാള്‍ നിലനിന്നതുകൊണ്ട് ഗ്രന്ഥശാലകള്‍ താരതമ്യേന വൈകിയാണ് ആവിര്‍ഭവിച്ചത്. പുരാതന ഇന്ത്യയിലുണ്ടായിരുന്ന ഗ്രന്ഥശാലകളെ മൂന്നായി തരംതിരിക്കാം. കൊട്ടാരങ്ങളോടനുബന്ധിച്ചുള്ളവ; പണ്ഡിതകേന്ദ്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവ; മത സ്ഥാപനങ്ങളോടനുബന്ധിച്ചുള്ളവ.
എ.ഡി. 1000 മുതല്‍ ഇന്ത്യ വിദേശ പണ്ഡിതന്മാരെ ആകര്‍ഷിക്കാന്‍ തുടങ്ങിയിരുന്നു. ചൈനീസ് പണ്ഡിതന്മാരായിരുന്നു ഇവരില്‍ പ്രമുഖര്‍. പ്രമുഖ ചൈനീസ് സഞ്ചാരിയായിരുന്ന ഹ്യുയാന്‍സാങ് പല രാജകീയ ഗ്രന്ഥശാലകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിനുവേണ്ടി ചില ഗ്രന്ഥങ്ങള്‍ പകര്‍ത്തുന്നതിനു കാശ്മീര്‍ രാജാവ് ഇരുപതു പകര്‍ത്തെഴുത്തുകാരെ ഏര്‍പ്പെടുത്തിയിരുന്നതായും ചരിത്രരേഖകള്‍ ഉണ്ട്. ഹര്‍ഷന്‍, വിക്രമാദിത്യന്‍, ഭോജന്‍ എന്നിവര്‍ ഗ്രന്ഥശാലകളെ പ്രോത്സാഹിപ്പിച്ചിരുന്ന മറ്റു പ്രമുഖന്മാരാണ്. ഭോജരാജാവ് (എ.ഡി. 1018-60) ധാറില്‍ സ്ഥാപിച്ചിരുന്ന ഗ്രന്ഥശാലയും സംസ്കൃത കോളജും അക്കാലത്തു വളരെ പ്രശസ്തി നേടിയിരുന്നു. മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ അനവധി രാജകീയ ഗ്രന്ഥശാലകള്‍ ഉണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്. കാശ്മീര്‍, ബിക്കാനീര്‍, മൈസൂര്‍, തഞ്ചാവൂര്‍ എന്നീ പ്രദേശങ്ങള്‍ ഗ്രന്ഥശാലകളുടെ കാര്യത്തില്‍ പ്രശസ്തിയാര്‍ജിച്ചിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ള രാജകീയ ഗ്രന്ഥശാല നേപ്പാളിലെ ഡര്‍ബാര്‍ ലൈബ്രറിയാണ്. ഇത് ഇന്നും നിലനില്‍ക്കുന്നുണ്ട്. 1798 മുതല്‍ 1833 വരെ തഞ്ചാവൂര്‍ ഭരിച്ചിരുന്ന രാജാസര്‍ഫോജി ഒരു വലിയ ഗ്രന്ഥശാല അവിടെ സ്ഥാപിച്ചു. വാരണസിയില്‍ നിന്ന് സംസ്കൃത ഗ്രന്ഥങ്ങളുടെ ഒരമൂല്യശേഖരം അദ്ദേഹം കൊണ്ടുവന്നിരുന്നു. ഈ ഗ്രന്ഥശാലയിലെ ഗ്രന്ഥങ്ങള്‍ അധികവും പനയോലയും കടലാസും ഉപയോഗിച്ചുള്ളവയായിരുന്നു. പതിനൊന്നു തരം അക്ഷരമാലകളിലുള്ള (script) 30,000-ല്‍പ്പരം ഗ്രന്ഥങ്ങളുള്ള ഈ ഗ്രന്ഥാലയം ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സരസ്വതിമഹാള്‍ ലൈബ്രറി എന്ന പേരില്‍ ഇതു പ്രശസ്തമാണ്.
രാജകീയ ഗ്രന്ഥശാലകള്‍ക്കു പുറമേ സര്‍വകലാശാലകളോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുപോന്ന ഗ്രന്ഥശാലകളുമുണ്ടായിരുന്നു. അവയിലേറ്റവും പുരാതനമായതു തക്ഷശില സര്‍വകലാശാലയിലെ ഗ്രന്ഥശാലയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ ഗ്രന്ഥാലയത്തിന്റെ വിശദവിവരങ്ങള്‍ നല്കുന്ന രേഖകള്‍ ഇന്നു ലഭ്യമല്ല.
മറ്റൊരു പ്രസിദ്ധ പഠനകേന്ദ്രം നാളന്ദ സര്‍വകലാശാലയായിരുന്നു. 1205 വരെ ഇതു നിലനിന്നിരുന്നു. വമ്പിച്ച ഗ്രന്ഥശേഖരങ്ങളുള്ള ഒരു ഗ്രന്ഥശാല ഇവിടെയുണ്ടായിരുന്നതായി ഹ്യുയാന്‍സാങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് ഗ്രന്ഥശാലകള്‍ക്കു വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും മഹാനായിരുന്ന അക്ബറുടെ ഭരണകാലം (1556-1605) ഗ്രന്ഥശാലകളുടെ സുവര്‍ണകാലമായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ലൈബ്രറിക്കുവേണ്ടി പ്രത്യേകം ഒരു വകുപ്പുതന്നെ രൂപീകരിച്ചിരുന്നു. എല്ലാ മതവിഭാഗങ്ങളിലുമുള്‍പ്പെട്ട കൃതികള്‍ സ്വരൂപിച്ചു തര്‍ജുമ ചെയ്തു ഇംപീരിയല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്നു. മാത്രമല്ല, ഗ്രന്ഥശേഖരത്തിന്റെ സാങ്കേതികമായ സംവിധാനവും ഏര്‍പ്പാടു ചെയ്തിരുന്നു. 1738-39 കാലയളവില്‍ നാദിര്‍ഷാ ഡല്‍ഹി ആക്രമിച്ച് ഇംപീരിയല്‍ ലൈബ്രറി കൊണ്ടുപോകുന്നതുവരെ ഇത് നിലനിന്നിരുന്നു. 1835-ല്‍ ദ്വാരകാനാഥ് ടാഗൂറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച പബ്ലിക് ലൈബ്രറിയാണ് ഇന്ത്യയിലെ ആദ്യത്തെ ജനകീയ ഗ്രന്ഥശാല.
ഇസ്ലാമിക് മാനുസ്ക്രിപ്റ്റുകളുടെ ഒരമൂല്യ ശേഖരമുള്ള ഗ്രന്ഥശാലയാണ് പാറ്റ്നയിലെ ഖുദാബക്സ് ലൈബ്രറി. ഇന്നു ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി ഇത് മാറിയിട്ടുണ്ട്. ബിഹാറില്‍ മുഹമ്മദ് ബക്സ് എന്ന പണ്ഡിതന്‍ സ്ഥാപിച്ച 1400 വാല്യങ്ങളുള്ള ഒരു ഗ്രന്ഥശേഖരമാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ പുത്രന്‍ ഖുദാബക്സിന്റെ അക്ഷീണ പരിശ്രമഫലമായി ഇന്നത്തെ ഖുദാബക്സ് ലൈബ്രറിയായി ഉയര്‍ന്നത്.
19-ാം ശ.-ത്തിന്റെ രണ്ടാമത്തെ പകുതിമുതല്‍ യൂണിവേഴ്സിറ്റി ഗ്രന്ഥശാലകളും സൊസൈറ്റി ഗ്രന്ഥശാലകളും പൊതുഗ്രന്ഥശാലകളും ഗവേഷണഗ്രന്ഥശാലകളും രൂപംകൊണ്ടുതുടങ്ങി. അവയിന്നു രാജ്യവ്യാപകമായി പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ എടുത്തുപറയേണ്ട ഒരു ഗ്രന്ഥശാല 1835-ല്‍ സ്ഥാപിതമായ കല്‍ക്കത്ത പബ്ലിക് ലൈബ്രറി ആണ്. 1848-ല്‍ ഇതിനെ ദേശീയ ഗ്രന്ഥശാലയാക്കി മാറ്റി. ഇപ്പോള്‍ കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറി എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.
1906-11 വരെ ബറോഡ മഹാരാജാവായിരുന്ന സര്‍ സയാജിറാവു മൂന്നാമന്‍ ഗ്രന്ഥശാലാരൂപീകരണത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കി. അമേരിക്കയിലെ ഗ്രന്ഥാലയശാസ്ത്രജ്ഞനായ ഡബ്ലിയു. സി. ബേസിന്റെ സഹായത്താല്‍ ഒരു കേന്ദ്രലൈബ്രറിയും അതിനു കീഴില്‍ വില്ലേജു ലൈബ്രറികളും സഞ്ചരിക്കുന്ന ലൈബ്രറികളും അടങ്ങുന്ന ആധുനികമായ ഒരു ലൈബ്രറി സിസ്റ്റം അദ്ദേഹം സ്ഥാപിച്ചു.
പഞ്ചാബ്, ലഖ്നൗ, ഡല്‍ഹി, പാറ്റ്ന, മുംബൈ, ജയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യത്തിനു മുന്‍പുതന്നെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനം രൂപം കൊണ്ടിരുന്നു.
വിവിധതരം ഗ്രന്ഥശാലകള്‍
ഗ്രന്ഥശാലകളെ പലയിനങ്ങളായി വിഭജിക്കാം. പൊതുഗ്രന്ഥശാലകള്‍, അക്കാദമിക് ഗ്രന്ഥശാലകള്‍, സ്പെഷ്യല്‍ ഗ്രന്ഥശാലകള്‍, ദേശീയ ഗ്രന്ഥശാലകള്‍ എന്നിവയാണവ. ഗ്രന്ഥശാലകളുടെ പൊതുവായ ലക്ഷ്യം പ്രാപിക്കുവാന്‍ വ്യക്തമായ സംഭാവനകള്‍ നല്കുവാന്‍ ഇവയിലോരോന്നിനും കഴിയും.
പൊതുഗ്രന്ഥശാല
പൊതുഗ്രന്ഥശാല (Public Library). എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന സ്ഥാപനമാണ് പൊതുഗ്രന്ഥശാല. സമൂഹത്തിലെ ഓരോ വ്യക്തിക്കും പൗരത്വം, വര്‍ഗം, ജാതി, മതം, വിശ്വാസം, വയസ്സ്, പദവി, പുരുഷനോ സ്ത്രീയോ എന്നുള്ള വ്യത്യാസം, വിദ്യാഭ്യാസയോഗ്യത മുതലായവയൊന്നും തന്നെ പരിഗണിക്കാതെ ഒരവകാശമെന്ന നിലയില്‍ ഉപയോഗിക്കാവുന്ന ഒരു സ്ഥാപനമാണത്.
പൊതുഗ്രന്ഥശാലാ സര്‍വീസ് സൗജന്യമായിരിക്കണമെന്നാണ് പൊതുവേയുള്ള ധാരണയെങ്കിലും നാമമാത്രമായ ഫീസ് ഈടാക്കുന്ന ധാരാളം ഗ്രന്ഥശാലകളുണ്ട്. സാധാരണ അവ സബ്സ്ക്രിപ്ഷന്‍ ലൈബ്രറികളെന്നാണറിയപ്പെടുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഗ്രന്ഥശാലകളും ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഒരു ഗ്രന്ഥശാല പൊതുഗ്രന്ഥശാലയെന്നു പരിഗണിക്കപ്പെടുന്നതിനുള്ള പ്രധാനമാനദണ്ഡം, സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ അതുപയോഗിക്കുവാന്‍ സാധിക്കണമെന്നതാണ്. ഈ പരിഗണന കണക്കിലെടുത്തുകൊണ്ടാണ് യുണെസ്കോ (UNESCO) പബ്ലിക് ലൈബ്രറിയെ "സൗജന്യമായോ നാമമാത്രമായ ഫീസ് ചുമത്തിയോ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ തുറന്നിട്ടുകൊടുത്തിരിക്കുന്ന ലൈബ്രറി എന്നു നിര്‍വചിച്ചിരിക്കുന്നത്.
1949-ല്‍ യുണെസ്കോ ഒരു പബ്ലിക് ലൈബ്രറി മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇതില്‍നിന്നും പബ്ലിക് ലൈബ്രറി സേവനത്തിനു യുണെസ്കോ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു മനസ്സിലാക്കാം. അന്താരാഷ്ട്ര പുസ്തക വര്‍ഷമായി ആചരിച്ച 1972-ല്‍ ഈ മാനിഫെസ്റ്റോ ഭേദഗതിചെയ്തു പ്രസിദ്ധപ്പെടുത്തി. പബ്ലിക് ലൈബ്രറിയെപ്പറ്റിയുള്ള ആധുനിക സങ്കല്പവും അതിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സംക്ഷിപ്തമായി വിവരിക്കുന്ന ഒരു രേഖയാണ് ഈ മാനിഫെസ്റ്റോ. 1972-നു ശേഷം പൊതുഗ്രന്ഥശാലാരംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് 1944-ല്‍ മൂന്നാം തവണ മാനിഫെസ്റ്റോ പുതുക്കുകയുണ്ടായി. "എല്ലാത്തരത്തിലുള്ള അറിവും വിവരവും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്ന പ്രാദേശിക വിവരകേന്ദ്രം എന്ന് പൊതുഗ്രന്ഥശാലകളെ പുനര്‍നിര്‍വചിച്ചു.
പൊതുഗ്രന്ഥശാലകള്‍ക്കു നാലു പ്രധാന ചുമതലകള്‍ ഈ മാനിഫെസ്റ്റോയില്‍ വിഭാവനം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ വികാസം, സംസ്കാര പോഷണം, വിജ്ഞാന പ്രസരണം, വിനോദ പ്രദാനം എന്നിവയാണവ. ഇതിനു പുറമേ ശാരീരികമായും മാനസികമായും വൈകല്യമുള്ളവര്‍ക്കും കുട്ടികള്‍ക്കും ഗ്രന്ഥശാലാസേവനത്തിന്റെ ആവശ്യകതയും എടുത്തുപറയുന്നുണ്ട്.
വിദ്യാര്‍ഥികളും അധ്യാപകരും പൊതുഗ്രന്ഥശാലയുടെ സേവനപരിധിയിലുള്ള സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തു വിദ്യാഭ്യാസപരമായി പ്രാധാന്യമുള്ള ഗ്രന്ഥങ്ങള്‍ ഒരു പൊതുഗ്രന്ഥശാലയിലുണ്ടായിരിക്കേണ്ടതാണ്. ഔപചാരിക വിദ്യാഭ്യാസത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു നടത്തുന്ന ഗ്രന്ഥശാലകളുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ഇവയ്ക്ക് സ്വയം പര്യാപ്തമായ ഒരു ഗ്രന്ഥശേഖരം ഉണ്ടാക്കിയെടുക്കാന്‍ സാധ്യമല്ല. ഈ അപര്യാപ്തത കണക്കിലെടുത്തുവേണം ഓരോ പ്രദേശത്തെയും പൊതുഗ്രന്ഥശാലയിലെ പുസ്തക സംഭരണനയം രൂപീകരിക്കേണ്ടത്.
വിദ്യാഭ്യാസ പ്രാധാന്യമുള്ള ഗ്രന്ഥങ്ങള്‍ക്ക് ഒരു പബ്ലിക് ലൈബ്രറിയില്‍ സ്ഥാനം നല്കേണ്ടതിന് മറ്റൊരു കാരണം കൂടിയുണ്ട്. വിജ്ഞാനം അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഔപചാരിക വിദ്യാഭ്യാസം, പിന്നീട് വിജ്ഞാനം സമ്പാദിക്കുവാനുള്ള കഴിവ് ഒരു വ്യക്തിയിലുണ്ടാകുന്നതിനുള്ള പ്രക്രിയയായിട്ടു മാത്രമേ കണക്കാക്കാന്‍ പറ്റൂ. ഒരു വിഷയത്തില്‍ വിദ്യാഭ്യാസയോഗ്യത സമ്പാദിച്ച ഒരു വ്യക്തി, ആ വിഷയത്തെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ പിന്നീടും വായിച്ച് അറിവ് പുതുക്കിക്കൊണ്ടിരുന്നില്ലെങ്കില്‍ കാലക്രമേണ ആ രംഗത്തെ അജ്ഞതയിലേക്ക് വഴുതിവീഴാവുന്ന ഒരു സ്ഥിതിവിശേഷമുണ്ടാകും. ഇക്കാരണത്താലാണ് വിദ്യാഭ്യാസത്തെ ഒരു ആജീവനാന്ത പ്രക്രിയയായി വിശേഷിപ്പിച്ചിട്ടുള്ളത്. ആജീവനാന്ത വിദ്യാഭ്യാസത്തിനു സമൂഹത്തിന്റെ മുഖ്യാവലംബം പൊതു ഗ്രന്ഥശാലകളാണ്.
അനൗപചാരിക വിദ്യാഭ്യാസ പദ്ധതികളുടെയും ഓപ്പണ്‍ യൂണിവേഴ്സിറ്റി സംരംഭങ്ങളുടെയും വിജയത്തിനും ഏറ്റവും പ്രധാനമായ താങ്ങ് കെട്ടുറപ്പുള്ള ഒരു പബ്ലിക് ലൈബ്രറി വ്യവസ്ഥയാണ്.
വയോജന വിദ്യാഭ്യാസത്തിലും പൊതു ഗ്രന്ഥശാലകള്‍ക്കു സാരമായ പങ്കുവഹിക്കുവാന്‍ കഴിയും. നൂതന ദൃശ്യ-ശ്രാവ്യ (audio-visual) മാധ്യമങ്ങള്‍ വഴിയും റീഡിങ് ക്ലബ്ബ് മുതലായവ സംഘടിപ്പിച്ചും നിരക്ഷരരെ വിദ്യാസമ്പന്നരാക്കുവാനുള്ള ശ്രമങ്ങള്‍ പൊതുഗ്രന്ഥശാലകളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവണം.
ഒരു പൊതുഗ്രന്ഥശാലയ്ക്കു രണ്ടുവിധത്തില്‍ ഒരു സംസ്കാരകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഓരോരുത്തരിലും അന്തര്‍ലീനമായി കിടക്കുന്ന കലാവാസനകളെ തട്ടി ഉണര്‍ത്തുന്നതിനുതകുന്ന ഗ്രന്ഥങ്ങള്‍ ശേഖരിച്ച് ഉപയോഗത്തിനു നല്കുകയെന്നതാണിതില്‍ ആദ്യത്തേത്. രണ്ടാമത്തേത് നാടകം, നൃത്തം, സംഗീതക്കച്ചേരി മുതലായ കലാപരിപാടികള്‍ സംഘടിക്കുക എന്നതും.
വിജ്ഞാന പ്രസരണമാണ് ഒരു ഗ്രന്ഥശാലയുടെ മുഖ്യമായ ചുമതല. പൊതുഗ്രന്ഥശാലകളിലും ഈ ചുമതല നിക്ഷിപ്തമായിരിക്കുന്നു. വിജ്ഞാനപ്രധാനമായ ഗ്രന്ഥങ്ങള്‍ വായനക്കാര്‍ക്കു നല്കി ഈ ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ ഓരോ പൊതുഗ്രന്ഥശാലയും ശ്രദ്ധിക്കണം. ഇതിനു പുറമേ മറ്റു പല വിധത്തിലും പബ്ലിക് ലൈബ്രറിക്ക് അറിവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ചെറുപ്പക്കാര്‍ക്കു യോജിച്ച തൊഴില്‍മേഖലകള്‍ തിരഞ്ഞെടുക്കുന്നതിനുപകരിക്കുന്ന ഗ്രന്ഥങ്ങള്‍ ഗ്രന്ഥശാലയിലുണ്ടായിരിക്കുന്നതു സഹായകരമായിരിക്കും. അതുപോലെതന്നെ ഒരു ചെറുകിട വ്യവസായമോ മറ്റേതെങ്കിലും സംരംഭമോ തുടങ്ങണമെന്നാഗ്രഹിക്കുന്നവര്‍ക്ക്, ആവശ്യമായ വിവരങ്ങള്‍ നല്കുന്ന പുസ്തകങ്ങള്‍ ലഭിക്കുന്നതു വളരെ പ്രയോജനപ്രദമായിരിക്കും. ചുരുക്കത്തില്‍ സമൂഹത്തിന്റെ നാനാമുഖമായ വളര്‍ച്ചയെ ലക്ഷ്യമാക്കി നടത്തുന്ന എല്ലാ പരിപാടികളെയും സഹായിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പൊതുഗ്രന്ഥശാലയ്ക്കു സാധിക്കും.
വിശ്രമസമയത്ത് മനുഷ്യന്റെ ശ്രദ്ധ വിനാശകരമായ പ്രവര്‍ത്തനങ്ങളിലേക്കു തിരിയാതിരിക്കുവാനുള്ള സാഹചര്യമുണ്ടായിരിക്കണം. അങ്ങനെയുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ഒരു മാര്‍ഗം വിനോദ പാരായണത്തിനുള്ള ഗ്രന്ഥങ്ങള്‍ ലഭ്യമാക്കുകയെന്നതാണ്. ഈ ചുമതല മറ്റേതൊരു ഗ്രന്ഥശാലയെയും അപേക്ഷിച്ച് പൊതുഗ്രന്ഥശാലയാണ് നിര്‍വഹിക്കേണ്ടത്.
കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ ഒരു പൊതുഗ്രന്ഥശാലയ്ക്ക് അതിന്റെ പരിസരത്തുള്ള കുട്ടികളോടൊരു പ്രത്യേകചുമതലയുണ്ട്. കുട്ടികള്‍ക്കനുയോജ്യമായ ഗ്രന്ഥശേഖരമുള്ളതും ആകര്‍ഷകമായി സംവിധാനം ചെയ്തിട്ടുള്ളതുമായ കുട്ടികളുടെ ഒരു ഗ്രന്ഥശാല പൊതുഗ്രന്ഥശാലയുടെ ഭാഗമായിട്ടുണ്ടായിരിക്കണം. സ്കൂള്‍ ഗ്രന്ഥശാലകളുടെ ദൌര്‍ലഭ്യമോ അപര്യാപ്തതയോ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കുട്ടികളുടെ ഗ്രന്ഥശാലകള്‍ നടത്തേണ്ട പ്രത്യേക ചുമതല പൊതുഗ്രന്ഥശാലകള്‍ക്കുണ്ട്.
മാനസികവും ശാരീരികവുമായ വൈകല്യമുള്ളവര്‍ക്കു ഗ്രന്ഥശാലാസേവനം നല്കേണ്ട ചുമതല പൊതുഗ്രന്ഥശാലകള്‍ക്കാണ്. അറിവ് ലഭിക്കേണ്ട ആവശ്യം അവര്‍ക്ക് മറ്റാരെക്കാളും കുറവല്ല. അന്ധര്‍, മൂകര്‍, ബധിരര്‍, മാനസിക വളര്‍ച്ച പ്രാപിക്കാത്തവര്‍ മുതലായവര്‍ക്കുപയോഗിക്കത്തക്ക ഗ്രന്ഥങ്ങളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ശേഖരിച്ച് ഈ കര്‍ത്തവ്യം നിറവേറ്റാവുന്നതാണ്.
ആധുനിക ജനായത്ത സമ്പ്രദായത്തിന്റെ ഒരു സൃഷ്ടിയാണ് പൊതുഗ്രന്ഥശാല. ജനായത്ത സമ്പ്രദായത്തിന്റെ നിലനില്പിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും പ്രബുദ്ധരായ ഒരു പൗരസഞ്ചയം ആവശ്യമാണ്. അങ്ങനെയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കെട്ടിപ്പടുത്തിട്ടുള്ള സ്ഥാപനങ്ങളില്‍ ഏറ്റവും ഫലവത്തായിട്ടുള്ളത് പബ്ലിക് ലൈബ്രറികളാണ്.
പൊതുഗ്രന്ഥശാലകളുടെ, മേല്പറഞ്ഞ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനു പര്യാപ്തമായ രീതിയിലാണ് വികസിത രാജ്യങ്ങളില്‍ അവ പ്രവര്‍ത്തിക്കുന്നത്. പല രാജ്യങ്ങളിലും ഗ്രന്ഥശാലാനിയമം പ്രാബല്യത്തിലുണ്ട്. വികസ്വര രാജ്യങ്ങളിലെ സ്ഥിതി അത്ര തൃപ്തികരമല്ല. ഇന്ത്യയില്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറികളും, ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ ലൈബ്രറികളുമുണ്ട്. അവയുടെ കീഴ്ഘടകങ്ങളായി ഗ്രന്ഥശാലകളുണ്ടെങ്കിലും നല്ല ഗ്രന്ഥസമ്പത്തോടും ശാസ്ത്രീയ സംവിധാനത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍ തുലോം കുറവാണ്. എടുത്തു പറയേണ്ട ഒരു ഗ്രന്ഥശാല യുണെസ്കോയുടെ സഹായത്തോടെ 1951-ല്‍ സ്ഥാപിതമായ ഡല്‍ഹി പബ്ലിക് ലൈബ്രറിയാണ്. ഒരു കേന്ദ്രഗ്രന്ഥശാലയും അനവധി ഗ്രന്ഥശാലാശാഖകളും സഞ്ചരിക്കുന്ന ഗ്രന്ഥശാലകളും ഉള്‍ക്കൊള്ളുന്ന ഒരു വലിയ പൊതുഗ്രന്ഥശാലാശൃംഖലയായി ഇതു പ്രവര്‍ത്തിച്ചുവരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം 5000-ല്‍പ്പരം പൊതുഗ്രന്ഥശാലകളുണ്ടെങ്കിലും അവയില്‍ നിലവാരമുള്ള ഗ്രന്ഥശാലകള്‍ വളരെ കുറവാണ്. പൊതുഗ്രന്ഥശാലകളില്‍ ഏറ്റവും പഴക്കമുള്ളതും ഏറ്റവും കൂടുതല്‍ ഗ്രന്ഥശേഖരമുള്ളതും 1847-ല്‍ സ്ഥാപിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥശാലകളിലൊന്നാണിത്. 1959 മുതല്‍ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയെന്നാണിതറിയപ്പെടുന്നതെങ്കിലും ആ പദവിയിലുള്ള പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. കോട്ടയം പബ്ലിക് ലൈബ്രറി, കൊല്ലം പബ്ലിക് ലൈബ്രറി, എറണാകുളം പബ്ലിക് ലൈബ്രറി, തൃശൂര്‍ പബ്ലിക് ലൈബ്രറി എന്നിവയും കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നീ സ്ഥലങ്ങളിലൂള്ള ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ ലൈബ്രറികളും തിരുവനന്തപുരത്തെ ശ്രീ ചിത്തിര ഗ്രന്ഥശാലയുമാണ് പ്രധാനപ്പെട്ട മറ്റു പൊതുഗ്രന്ഥശാലകള്‍.
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും പബ്ലിക് ലൈബ്രറിനിയമം നടപ്പില്‍ വന്നിട്ടുണ്ട്. 1948-ല്‍ ചെന്നൈയിലാണ് ആദ്യമായി ലൈബ്രറി നിയമം പാസ്സാക്കിയത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, മണിപ്പൂര്‍, ഹരിയാന, കേരളം, മിസ്സോറാം, ഗോവ, ഗുജറാത്ത്, ഒറീസ, ഉത്തര്‍പ്രദേശ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
അക്കാദമിക് ഗ്രന്ഥശാല
വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അത് ഒരു സ്കൂളോ കോളജോ യൂണിവേഴ്സിറ്റിയോ ആകാം. അക്കാദമിക് ഗ്രന്ഥശാലയുടെ ചുമതല അതിന്റെ മാതൃകാസ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിക്കുകയെന്നതാണ്.
ഡോ. എ. ലക്ഷ്മണസ്വാമി മുതലിയാരുടെ അധ്യക്ഷതയില്‍ 1952-ല്‍ രൂപീകരിച്ച സെക്കണ്ടറി എഡ്യൂക്കേഷന്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ വിശദമായി വിവരിക്കുകയും അവ നേടിയെടുക്കുന്നതിന് സ്കൂള്‍ ഗ്രന്ഥശാലകള്‍ വഹിക്കേണ്ട പങ്കിനെപ്പറ്റി ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. ഓരോ വിഷയത്തെപ്പറ്റി ഗാഢമായി പഠിക്കുന്നതിനും വിശാലമായ കാഴ്ചപ്പാടുണ്ടാക്കുന്നതിനും വായന സഹായിക്കുന്നു. ഓരോ വിദ്യാര്‍ഥിക്കും അവനില്‍ അന്തര്‍ലീനമായിട്ടുള്ള വാസനകളെ മനസ്സിലാക്കുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനും ജീവിതത്തില്‍ ഉന്നതമായ ആദര്‍ശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നതിനും കാര്യങ്ങള്‍ വിശകലനം ചെയ്തു മനസ്സിലാക്കുന്നതിനുമുള്ള കഴിവു വര്‍ധിപ്പിക്കുന്നതിനും ഗ്രന്ഥപാരായണം പോലെ പര്യാപ്തമായ മറ്റൊന്നും തന്നെയില്ല.
ചെറുപ്പത്തില്‍ത്തന്നെ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനു മറ്റൊരു പ്രധാനകാരണം കൂടിയുണ്ട്. ഇത് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മറ്റൊരു ലക്ഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിനു വിദ്യാര്‍ഥികളെ കഴിവുള്ളവരാക്കുക എന്നതാണീ ലക്ഷ്യം. വിജ്ഞാനം അതിശീഘ്രം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഉന്നതവിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ സ്വാശ്രയത്വം വേണ്ടിയിരിക്കുന്നു. സ്വന്തമായി വായിച്ചു വിജ്ഞാനം ആര്‍ജിക്കുവാനുള്ള താത്പര്യവും കഴിവും സ്കൂള്‍വിദ്യാഭ്യാസ കാലഘട്ടത്തില്‍ത്തന്നെയുണ്ടായില്ലെങ്കില്‍ പിന്നീടവ നേടിയെടുക്കുന്നത് പ്രയാസമായിരിക്കും. നേരെമറിച്ചു വായനാശീലം സ്കൂള്‍ഘട്ടത്തില്‍ത്തന്നെ വളര്‍ത്തിയെടുത്താല്‍ അത് ആജീവനാന്തം നിലനില്ക്കുകയും പുസ്തകങ്ങള്‍ സ്വയം വായിച്ച് വിജ്ഞാനസമ്പാദനം നടത്തുന്നതിനുള്ള പ്രാപ്തി വിദ്യാര്‍ഥികള്‍ കൈവരുത്തുകയും ചെയ്യും. ഈ കാര്യത്തില്‍ അധ്യാപകരുടെ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും വിദ്യാര്‍ഥികള്‍ക്ക് എപ്പോഴും ലഭ്യമാകേണ്ടതുണ്ട്.
സര്‍വകലാശാലകളും കോളജുകളുമാണ് ഉന്നത വിദ്യാഭ്യാസം നല്കുന്ന സ്ഥാപനങ്ങള്‍. ഇവയുടെ ആരംഭം മുതല്‍തന്നെ ഗ്രന്ഥശാലകള്‍ അവിഭാജ്യഘടകങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. വിജ്ഞാനവിസ്ഫോടനത്തിന്റെ കാലഘട്ടമാണിന്ന്. ഈ സാഹചര്യത്തില്‍ ക്ലാസ്സുമുറിയെ മാത്രം ആശ്രയിച്ചുള്ള പഠനം വിദ്യാഭ്യാസലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ ഒട്ടുംതന്നെ പര്യാപ്തമല്ല. നല്ല ഗ്രന്ഥശാലകളുപയോഗിച്ച് സ്വയം പഠിക്കുന്നതിനുള്ള പ്രവണത വളര്‍ത്തിയെടുക്കുകയെന്നതാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം. ഈ അര്‍ഥത്തിലാണ് വിദ്യാഭ്യാസം പഠിപ്പിക്കുന്നതിനെക്കാളുപരി പഠിക്കുന്ന ഒരു പ്രക്രിയയാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍തന്നെ ചെയ്യേണ്ടുന്ന സ്വശ്രമങ്ങളെയാണ് ഇവിടെ ധ്വനിപ്പിക്കുന്നത്. ഇതിലേക്ക് അവര്‍ക്കുള്ള മുഖ്യാവലംബം സര്‍വകലാശാലാഗ്രന്ഥശാലകളും കോളജ് ഗ്രന്ഥശാലകളുമാണ്.
ഒരു സര്‍വകലാശാലയുടെ ഗവേഷണാവശ്യങ്ങള്‍ അതിന്റെ ഗ്രന്ഥശാല നിറവേറ്റുന്നത് പ്രധാനമായും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ശേഖരിച്ചാണ്. ഗവേഷണ റിപ്പോര്‍ട്ടുകളും ഈ കാര്യത്തില്‍ പ്രധാനമാണ്. ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ ബാഹുല്യം നിമിത്തം ഓരോ ഗവേഷകനും ആവശ്യമായവ കണ്ടുപിടിക്കുന്നത് ക്ലേശകരമാണ്. അതിനാല്‍ ഗവേഷണ ഗ്രന്ഥാന്വേഷണത്തിനു സഹായകമായ ഇന്‍ഡെക്സുകളും അബ്സ്റ്റ്രാക്റ്റുകളും ബിബ്ലിയോഗ്രാഫികളും ഒരു സര്‍വകലാശാലാഗ്രന്ഥശാലയില്‍ അവശ്യം ഉണ്ടായിരിക്കേണ്ടതാണ്.
ഉന്നതവിദ്യാഭ്യാസത്തെ അതിന്റെ യഥാര്‍ഥ ഉദ്ദേശ്യങ്ങള്‍ നേടിയെടുക്കുവാന്‍ സജ്ജമാക്കണമെങ്കില്‍ അതു ഗ്രന്ഥശാലയെ കേന്ദ്രീകരിച്ചുള്ള ഒരു പ്രക്രിയയാക്കി മാറ്റിയെടുക്കണം. അല്ലെങ്കില്‍ ഇന്നത്തെപ്പോലെ പരീക്ഷ പാസാകുന്നതിനു വേണ്ടിമാത്രം വിവരങ്ങള്‍ ഓര്‍മയില്‍ സംഭരിക്കുന്നതിനുള്ള ഒരു പ്രക്രിയയായി അതു തുടരും. വിദ്യാഭ്യാസത്തിന്റെ താഴ്ന്ന നിലവാരത്തിനുള്ള ഒരു പ്രധാനകാരണം ഗ്രന്ഥശാലകളോടുള്ള അവഗണനയാണ്.
സര്‍വകലാശാലാഗ്രന്ഥശാലകളുടെ ആരംഭം 1602-ല്‍ ബോഡ്ലിയന്‍ ലൈബ്രറി ഓക്സ്ഫഡില്‍ സ്ഥാപിതമായതോടെയാണ്. അതിനുമുന്‍പായി 14-ാം ശ. മുതല്‍ ഓക്സ്ഫഡ് സര്‍വകലാശാല ലൈബ്രറി ആരംഭിച്ചിരുന്നു. 1550-ല്‍ മിക്കവാറും നശിപ്പിക്കപ്പെട്ട ഈ ഗ്രന്ഥശാലയെ പുനരുദ്ധരിച്ചാണ് ബോഡ്ലിയന്‍ ലൈബ്രറി സ്ഥാപിച്ചത്. കേംബ്രിജ് സര്‍വകലാശാലാലൈബ്രറി 15-ാം ശ. മുതല്‍ നിലനിന്നിരുന്നെങ്കിലും 19-ാം ശ. മുതലാണ് അതൊരു ദേശീയസ്ഥാപനത്തിന്റെ പദവിയോടെ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്. ലണ്ടന്‍ യൂണിവേഴ്സിറ്റിയുടെ ഗ്രന്ഥശാലയാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ബ്രിട്ടനില്‍ വളരെ പഴക്കമുള്ള മറ്റനേകം സര്‍വകലാശാലാ ഗ്രന്ഥാലയങ്ങളുണ്ട്.
യു.എസ്സിലെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാലാ ലൈബ്രറി 1638-ല്‍ സ്ഥാപിച്ച ഹാര്‍വാഡ് കോളജ് ലൈബ്രറിയാണ്. ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ സര്‍വകലാശാലാ ലൈബ്രറിയും ഇതുതന്നെയാണ്. 17-ഉം 18-ഉം ശ.-ങ്ങളില്‍ നിലവില്‍വന്ന മറ്റു സര്‍വകലാശാലാലൈബ്രറികള്‍ വിര്‍ജീനിയ (1693), യേല്‍ (1700), ഫിലാഡല്‍ഫിയ (1750), കൊളംബിയ (1757), റോഡ് ഐലന്‍ഡ്സ് (1764) എന്നിവയാണ്.
1857-ല്‍ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടുവെങ്കിലും വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവയോടനുബന്ധിച്ചു ഗ്രന്ഥശാലകള്‍ സ്ഥാപിതമായത്. ഇതിനു കാരണം ആദ്യകാലങ്ങളില്‍ ഈ സര്‍വകലാശാലകള്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പരീക്ഷ നടത്തുന്ന ചുമതല മാത്രമേ നിര്‍വഹിച്ചിരുന്നുള്ളൂ എന്നതാണ്. ഇന്ന് ഇന്ത്യയില്‍ 188 സര്‍വകലാശാലകളും 7500-ല്‍പ്പരം കോളജുകളുമുണ്ട്. ഇവയ്ക്കെല്ലാം തന്നെ ഗ്രന്ഥശാലകളുമുണ്ട്. എന്നാല്‍ കോളജ് ഗ്രന്ഥശാലകള്‍ ചില പരിമിതികള്‍മൂലം പല സ്ഥലത്തും തൃപ്തികരമായല്ല പ്രവര്‍ത്തിക്കുന്നത്. 1955-ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ സ്ഥാപിതമായതിനുശേഷം ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗ്രന്ഥശാലകള്‍ക്കു പ്രത്യേക പരിഗണന ലഭിച്ചുപോന്നു.
സ്പെഷ്യല്‍ ഗ്രന്ഥശാല
പബ്ലിക് ലൈബ്രറിയെയും അക്കാദമിക് ലൈബ്രറിയെയും അപേക്ഷിച്ച് പല പ്രത്യേകതകളും ഉള്ളതാണ് സ്പെഷ്യല്‍ ഗ്രന്ഥശാല. ഇത് അവ ഉപയോഗിക്കുന്ന വരെയോ ഗ്രന്ഥശേഖരത്തിന്റെ സ്വഭാവത്തെയോ സേവനങ്ങളെയോ സംബന്ധിച്ചതാകാം. ഗവേഷണ സ്ഥാപനങ്ങളോടനുബന്ധിച്ചു നടത്തുന്ന ഗ്രന്ഥശാലകള്‍, പ്രൊഫഷണല്‍ സംഘടനയുടെയോ സൊസൈറ്റിയുടെയോ ഭാഗമായി നടത്തുന്ന ഗ്രന്ഥശാലകള്‍, വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന ഗ്രന്ഥശാലകള്‍, ഗവണ്‍മെന്റ് വകുപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍, വര്‍ത്തമാനപ്പത്ര ആഫീസുകളിലെ ഗ്രന്ഥശാലകള്‍, വികലാംഗര്‍ക്കു വേണ്ടിയുള്ള ഗ്രന്ഥശാലകള്‍, മാനസിക വളര്‍ച്ച പ്രാപിക്കാത്തവര്‍ക്കുവേണ്ടിയുള്ള ഗ്രന്ഥശാലകള്‍, ആശുപത്രികളോടനുബന്ധിച്ചുള്ള ഗ്രന്ഥശാലകള്‍, ജയിലുകളില്‍ സജ്ജീകരിച്ചിട്ടുള്ള ഗ്രന്ഥശാലകള്‍, നാവികര്‍ക്കുവേണ്ടിയുള്ള ഗ്രന്ഥശാലകള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.
ഒരു ഗവേഷണസ്ഥാപനത്തിന്റെ ഭാഗമായിട്ടായിരിക്കും ഗവേഷണഗ്രന്ഥശാല പ്രവര്‍ത്തിക്കുക. ഇപ്രകാരമുള്ള ഗ്രന്ഥശാലകള്‍ ഇന്ത്യയില്‍ അനവധിയുണ്ട്. കേരളത്തിലും ഇവയുടെ എണ്ണം കുറവല്ല. തിരുവനന്തപുരത്തെ റീജണല്‍ റിസര്‍ച്ച് ലബോറട്ടറി, വിക്രം സാരാഭായി സ്പേസ് സെന്റര്‍, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് സെന്റര്‍, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുതലായ ഗവേഷണ സ്ഥാപനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകള്‍ ഇവയില്‍ പ്രമുഖങ്ങളാണ്. കൂടാതെ പല വ്യവസായ സ്ഥാപനങ്ങളുടെയും ഗവേഷണ വികസന വിഭാഗങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ ഗ്രന്ഥശാലകളുമുണ്ട്. കേരള ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രന്ഥശാലയും സ്പെഷ്യല്‍ ലൈബ്രറികളുടെ കൂട്ടത്തില്‍ ശ്രദ്ധേയമാണ്.
ഒരു ഗവേഷണ ഗ്രന്ഥശാലയിലെ ഗ്രന്ഥശേഖരത്തില്‍ പുസ്തകങ്ങള്‍ക്കു പുറമേ ഗവേഷണ പ്രാധാന്യമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ റിപ്പോര്‍ട്ടുകള്‍, റീപ്രിന്റുകള്‍, കോണ്‍ഫറന്‍സ് പ്രൊസീഡിങ്സ്, പേറ്റന്റുകള്‍, സ്റ്റാന്‍ഡേഡുകള്‍ മുതലായവയുണ്ടായിരിക്കണം. പുസ്തകേതര ഗ്രന്ഥങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്കേണ്ടത്. കാരണം അവ അറിവിന്റെ പ്രാഥമിക ആധാരഗ്രന്ഥങ്ങളാണ്. ഇവയില്‍ പലതും മൈക്രോഫിലിം, മൈക്രോഫിഷ്, മൈക്രോ കാര്‍ഡ്, കംപ്യൂട്ടര്‍ ടേപ്പ്, സി.ഡി.-റോം മുതലായ സൂക്ഷ്മമായ ബാഹ്യരൂപത്തിലായിരിക്കും. ഗ്രന്ഥശേഖരത്തിന്റെ സിംഹഭാഗവും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഗവേഷണറിപ്പോര്‍ട്ടുകളുമായിരിക്കും. കാരണം ഗവേഷകര്‍ക്കാവശ്യമായ പുതിയ ഗവേഷണഫലങ്ങള്‍ പ്രസരിപ്പിക്കുന്നതിനുള്ള മുഖ്യമാധ്യമങ്ങള്‍ അവയാണ്. ഗവേഷകര്‍ക്ക് അവരുടെ ഗവേഷണം ക്രിയാത്മകമായി നടത്തുന്നതിന് ആവശ്യമായതെല്ലാം തന്നെ ഒരു ഗവേഷണ ഗ്രന്ഥശാലയിലുണ്ടായിരിക്കേണ്ടതാണ്. പുതുതായി ഉണ്ടാകുന്ന വിജ്ഞാനം അപ്പപ്പോള്‍ എത്തിച്ചു കൊടുക്കാന്‍ ഇത്തരം ഗ്രന്ഥശാലകള്‍ക്കു കഴിയണം. ഗ്രന്ഥാന്വേഷണത്തിന്, അതായത് പ്രാഥമിക വിജ്ഞാനശകലങ്ങള്‍ കണ്ടുപിടിക്കുന്നതിന്, ഉപകരിക്കുന്ന ബിബ്ലിയോഗ്രാഫികള്‍, ഇന്‍ഡെക്സിങ് ജേര്‍ണലുകള്‍, അബ്സ്റ്റ്രാക്റ്റിങ് ജേര്‍ണലുകള്‍ മുതലായവയും ഒരു ഗവേഷണ ഗ്രന്ഥശാലയുടെ പ്രധാന ഭാഗമായിരിക്കേണ്ടതാണ്.
സ്പെഷ്യല്‍ ഗ്രന്ഥശാലയും മറ്റു ഗ്രന്ഥശാലകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ കാര്യത്തിലാണ്. മറ്റു ഗ്രന്ഥശാലകളില്‍ പുസ്തക സര്‍വീസിന് ഊന്നല്‍ കൊടുക്കുമ്പോള്‍ സ്പെഷ്യല്‍ ഗ്രന്ഥശാലയില്‍ ഊന്നല്‍ കൊടുക്കുന്നത് ഇന്‍ഫര്‍മേഷന്‍ സര്‍വീസിനാണ്.
ഒരു ഗവേഷകനാവശ്യമുള്ള വിജ്ഞാനം അനേകം പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടക്കുന്നു. അതു കണ്ടുപിടിച്ചുപയോഗിക്കുകയെന്നത് വളരെ ക്ലേശകരമായ കാര്യമാണ്. ഓരോ ഗവേഷകനും തിരഞ്ഞെടുത്ത ചുരുക്കം ചില ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിച്ചുനോക്കിയും ബിബ്ലിയോഗ്രാഫികള്‍ റഫര്‍ ചെയ്തും താത്പര്യമുള്ള വിജ്ഞാനത്തിന്റെ ഒരു ചുരുങ്ങിയ ഭാഗം ആര്‍ജിക്കുവാന്‍ ശ്രമിക്കുന്നു. പക്ഷേ പൂര്‍ണമായ ഒരു ഗ്രന്ഥാന്വേഷണം നടത്തുന്നതിന് അയാള്‍ക്ക് തീര്‍ച്ചയായും സമയമുണ്ടായിരിക്കുകയില്ല. അതിനാല്‍ ഓരോ ഗവേഷകനും ആവശ്യമായ ഗവേഷണ രേഖകളുടെ ഒരു നല്ല പങ്കും കണ്ടുപിടിച്ച് അയാളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ചുമതല ഗ്രന്ഥശാലാ ജീവനക്കാര്‍ക്കുണ്ട്. ഇതാണ് സ്പെഷ്യല്‍ ഗ്രന്ഥശാലാ സേവനത്തിന്റെ പ്രത്യേകതയും സങ്കീര്‍ണതയും.
ദേശീയ ഗ്രന്ഥശാല=
ദേശീയ പദവിയുള്ളതും പ്രവര്‍ത്തനമണ്ഡലം രാജ്യമൊട്ടാകെ വ്യാപിച്ചിട്ടുള്ളതുമായ ഗ്രന്ഥശാലകളാണിവ. ഇത്തരം ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതും നടത്തിപ്പിന്റെ ചുമതല വഹിക്കുന്നതും ദേശീയ ഗവണ്‍മെന്റുകളാണ്. അതിന്റെ സേവനം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമായിരിക്കുകയും വേണം. എല്ലാ ദേശീയ പ്രസിദ്ധീകരണങ്ങളും ദേശത്തെ സംബന്ധിച്ച വിദേശ പ്രസിദ്ധീകരണങ്ങളും അതിന്റെ ഗ്രന്ഥശേഖരത്തിലുണ്ടായിരിക്കണം. രാജ്യത്തെ പൗരന്മാരെപ്പറ്റിയുള്ള ഗ്രന്ഥങ്ങളും പൗരന്മാര്‍ രചിച്ച എല്ലാ ഗ്രന്ഥങ്ങളും ശേഖരിക്കുന്നതിനും ദേശീയ ഗ്രന്ഥശാല ചുമതലപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ ദേശീയ സംസ്കാര പാരമ്പര്യത്തിന്റെ ഒരു കലവറയായിരിക്കണം ദേശീയ ഗ്രന്ഥശാലകള്‍. പൗരന്മാരുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും ഗവേഷണപരവുമായ എല്ലാ പ്രയത്നങ്ങളെയും പരിപോഷിപ്പിക്കുന്നതിനുതകുന്ന വിദേശഗ്രന്ഥങ്ങളും ദേശീയഗ്രന്ഥശാലകളുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് നേരിട്ടു ഗ്രന്ഥശാല ഉപയോഗിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ദേശീയ ഗ്രന്ഥശാലയില്‍ ഉണ്ടായിരിക്കണം. ദേശീയ ഗ്രന്ഥശാലകള്‍ക്ക് സുപ്രധാനമായ പല ചുമതലകളും നിര്‍വഹിക്കാനുണ്ട്. അവയില്‍ യുണെസ്കോ നിര്‍ദേശിച്ചിട്ടുള്ള ചുമതലകളില്‍ ചിലതാണ് നാഷണല്‍ ബിബ്ലിയോഗ്രാഫി തയ്യാറാക്കി പ്രസിദ്ധീകരിക്കുക, ഒരു നാഷണല്‍ ബിബ്ലിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുക,പല ഗ്രന്ഥശാലകളുടെയും ഗ്രന്ഥശേഖരം ഉള്‍ക്കൊള്ളുന്ന യൂണിയന്‍ കാറ്റലോഗുകള്‍ തയ്യാറാക്കി സൂക്ഷിക്കുക, കഴിഞ്ഞ കാലത്തെ പ്രസിദ്ധീകരണങ്ങളുടെ ബിബ്ലിയോഗ്രാഫികള്‍ നിര്‍മിക്കുക എന്നിവ.
ദേശീയ ഗ്രന്ഥശാലയും മറ്റു ഗ്രന്ഥശാലകളുമായുള്ള ബന്ധം രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയെയും പാരമ്പര്യത്തെയുമാശ്രയിച്ചിരിക്കും,. സിങ്കപ്പൂര്‍ പോലെ യൂണിറ്ററി ഭരണഘടനയുള്ള ഒരു രാഷ്ട്രീയത്തില്‍ ദേശീയ ഗ്രന്ഥശാലയ്ക്ക് മറ്റു ഗ്രന്ഥശാലകളുടെ മേല്‍ ഭരണാധികാരമുണ്ടായിരിക്കും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം ഭരണാധികാരമുള്ള ഇന്ത്യയെപ്പോലെയുള്ള ഒരു ഫെഡറല്‍ രാഷ്ട്രത്തില്‍ അതിന്റെ ചുമതല സഹകരണവും ഏകീകരണ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും.
രാഷ്ട്രത്തില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും നിയമത്തിന്റെ പ്രാബല്യത്തോടെ നിക്ഷേപിക്കുന്ന ഒരു ഗ്രന്ഥശാലയായിരിക്കണം ദേശീയ ഗ്രന്ഥശാല. അപ്രകാരം പ്രസാധകരെ നിര്‍ബന്ധിക്കുന്ന നിയമമുണ്ടായിരിക്കണം. ഇന്ത്യയില്‍, 1954-ല്‍ പാസാക്കിയതും 1956-ല്‍ ഭേദഗതി ചെയ്തതുമായ ഡെലിവറി ഒഫ് ബുക്ക്സ് ആന്‍ഡ് ന്യൂസ്പേപ്പേഴ്സ് ആക്റ്റ് ആണ് ഇതുസംബന്ധിച്ച നിയമം. ഈ നിയമപ്രകാരം ഓരോ പ്രസിദ്ധീകരണത്തിന്റെയും ഓരോ പ്രതിവീതം കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറി, ചെന്നൈയിലെ കോണിമാറാ പബ്ലിക് ലൈബ്രറി, മുംബൈയിലെ സെന്‍ട്രല്‍ ലൈബ്രറി, ഡല്‍ഹിയിലെ ഡല്‍ഹി പബ്ലിക് ലൈബ്രറി എന്നിവിടങ്ങളില്‍ നിക്ഷേപിക്കണം.
ദേശീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കേണ്ട ഗ്രന്ഥശാലയെന്ന നിലയില്‍ മറ്റു പല ചുമതലകളും ദേശീയഗ്രന്ഥശാലയില്‍ നിക്ഷിപ്തമായിട്ടുണ്ട്. ലീഗല്‍ ഡെപ്പോസിറ്ററിയെന്ന നിലയില്‍ രാജ്യത്തുത്പാദിപ്പിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും ലഭിക്കുന്നതുകൊണ്ട് അവയുടെ വര്‍ഗീകരണവും കാറ്റലോഗിങ്ങും കേന്ദ്രീകൃതമായി ചെയ്യുവാന്‍ എളുപ്പമായിരിക്കും. എല്ലാ ദേശീയ പ്രസിദ്ധീകരണങ്ങളുടെയും ക്ലാസ്സിഫിക്കേഷനും കാറ്റലോഗിങ്ങും നടത്തി, രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റു ഗ്രന്ഥശാലകള്‍ക്ക് കാറ്റലോഗ് കാര്‍ഡുകള്‍ എത്തിച്ചുകൊടുക്കുവാന്‍ സാധിക്കും. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ലോകമെങ്ങും സ്വീകാര്യമായ മാനദണ്ഡമനുസരിച്ചായിരിക്കണം ഈ കൃത്യം നിര്‍വഹിക്കേണ്ടതെന്നതാണ്.
രാജ്യത്തിനകത്തും മറ്റു രാജ്യങ്ങളുമായും 'ഇന്റര്‍ ലൈബ്രറി ലോണ്‍' സംയോജിപ്പിച്ചു നടത്തുന്നതിന് ദേശീയതലത്തില്‍ ഒരു ഏജന്‍സി ആവശ്യമാണ്. ഇതിലേക്ക് ഏറ്റവും പറ്റിയ സ്ഥാപനം ദേശീയ ഗ്രന്ഥശാലയാണ്. ആധുനിക സാമഗ്രികളും സജ്ജീകരണങ്ങളുമുള്ള ഒരു റിപ്രോഗ്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ദേശീയ ഗ്രന്ഥശാലയിലുണ്ടായിരിക്കേണ്ടതത്യാവശ്യമാണ്. ദേശീയ ഗ്രന്ഥശാലയിലുള്ള പല ഗ്രന്ഥങ്ങളുടെയും സെറോക്സ് കോപ്പികള്‍ക്കും മൈക്രോഫിലിം കോപ്പികള്‍ക്കും ധാരാളം ആവശ്യമുണ്ടായിരിക്കും. ഈ ആവശ്യങ്ങള്‍ എത്രയും തൃപ്തികരമായി നിറവേറ്റിക്കൊടുക്കേണ്ട ചുമതല ദേശീയ ഗ്രന്ഥശാലകള്‍ക്കുണ്ട്.
രാഷ്ട്രാന്തരീയ ഗ്രന്ഥശാലാ സഹകരണം സംബന്ധിച്ച എല്ലാ കാര്യങ്ങളും ദേശീയതലത്തില്‍ സംയോജിപ്പിച്ചുകൊണ്ടുപോകേണ്ടത് ദേശീയ ഗ്രന്ഥശാലയാണ്. ഇന്ത്യയില്‍ ഗ്രന്ഥശാലാശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. എസ്.ആര്‍. രംഗനാഥന്‍ സൂചിപ്പിക്കുന്നതുപോലെ ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രാന്തരീയ ലൈബ്രറി ഉത്തരവാദിത്വം നിര്‍വഹിക്കുവാനുള്ള ഏജന്‍സിയായി ദേശീയ ഗ്രന്ഥശാല വര്‍ത്തിക്കണം. അന്താരാഷ്ട്രതലത്തില്‍ രൂപം കൊള്ളുന്ന ആശയങ്ങളും പദ്ധതികളും ദേശീയതലത്തില്‍ പ്രചരിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട ചുമതലയും ദേശീയ ഗ്രന്ഥശാലയ്ക്കുണ്ട്.
ദേശീയ ഗ്രന്ഥശാലയ്ക്കു പുറമേ ചില രാജ്യങ്ങളില്‍ വിഷയാടിസ്ഥാനത്തിലുള്ള ദേശീയ ഗ്രന്ഥശാലകളുമുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളാണ് നാഷണല്‍ ലൈബ്രറി ഒഫ് സയന്‍സ്, നാഷണല്‍ ലൈബ്രറി ഒഫ് മെഡിസിന്‍, നാഷണല്‍ ലൈബ്രറി ഒഫ് അഗ്രിക്കള്‍ച്ചര്‍, നാഷണല്‍ ലൈബ്രറി ഒഫ് സോഷ്യല്‍ സയന്‍സ് എന്നിവ. ഇവയുടെ ആസ്ഥാനം ഡല്‍ഹിയാണ്.
എല്ലാ വികസിത രാജ്യങ്ങളിലും ദേശീയ ഗ്രന്ഥശാലകളുണ്ട്. എല്ലാ രാജ്യങ്ങളിലും ഇവ സ്ഥാപിക്കണമെന്ന് യുണെസ്കോ നിഷ്കര്‍ഷിച്ചിട്ടുണ്ട്. വാഷിങ്ടണിലെ ലൈബ്രറി ഒഫ് കോണ്‍ഗ്രസും, മോസ്കോയിലെ ലെനില്‍ സ്റ്റേറ്റ് ലൈബ്രറിയുമാണ് ലോകത്തിലെ ഏറ്റവും വലിയ ദേശീയ ഗ്രന്ഥശാലകള്‍. ബ്രിട്ടനിലെ ബ്രിട്ടീഷ് ലൈബ്രറി, ഫ്രാന്‍സിലെ ബിബ്ലിയോത്തെക്കാ നാഷണല്‍ റഷ്യന്‍ സ്റ്റേറ്റ് ലൈബ്രറി എന്നിവ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന മറ്റു ദേശീയ ഗ്രന്ഥശാലകളാണ്.
ഇന്ത്യയിലെ ദേശീയ ഗ്രന്ഥശാല കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലൈബ്രറിയാണ്. 1835-ല്‍ സ്ഥാപിച്ച കല്‍ക്കത്താ പബ്ലിക് ലൈബ്രറി 1903-ല്‍ ഇംപീരിയല്‍ ലൈബ്രറി എന്നു നാമകരണം ചെയ്യപ്പെട്ടു. അന്നത്തെ വൈസ്രോയി ആയിരുന്ന കഴ്സണ്‍ പ്രഭുവാണ് ഈ കാര്യത്തില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചത്. ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയുടെ മാതൃക അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതു കൊണ്ടായിരിക്കണം അവിടത്തെ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ മാക്ഫര്‍ലെയ്നെ ആദ്യത്തെ ഇംപീരിയല്‍ ലൈബ്രേറിയനായി നിയമിച്ചത്. 1948 സെപ്. 2-നു പാര്‍ലമെന്റിന്റെ ഒരു ആക്റ്റനുസരിച്ച് ഈ ലൈബ്രറിയെ നാഷണല്‍ ലൈബ്രറി എന്നു നാമകരണം ചെയ്യുകയും 1948 സെപ്. 12 മുതല്‍ അതു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.
1953 ഫെ.-ല്‍ ആണ് കല്‍ക്കത്താ നാഷണല്‍ ലൈബ്രറി അതിന്റെ ഇന്നത്തെ ആസ്ഥാനമായ ബെല്‍വേഡിയറിലേക്കു മാറ്റിയത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന ആസാദ് ആയിരുന്നു ഇതു പൊതുജനങ്ങളുടെ ഉപയോഗത്തിനായി തുറന്നുകൊടുത്തത്.
സാങ്കേതിക സംവിധാനം
ഗ്രന്ഥശാലയുടെ മേന്മ അതിന്റെ സാങ്കേതിക സംവിധാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഗ്രന്ഥശാലയിലെ ഗ്രന്ഥശേഖരം എത്ര വിപുലമായാലും അതു അനായാസമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകില്ല. പുസ്തകങ്ങള്‍ അടുക്കിനും ചിട്ടയ്ക്കും ക്രമീകരിച്ചു വയ്ക്കുകയും അവയെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങളുണ്ടായിരിക്കുകയും വേണം. രണ്ടു കാര്യങ്ങളാണ് ഇതില്‍ പ്രധാനമായടങ്ങിയിരിക്കുന്നത്: പുസ്തകങ്ങളുടെ വര്‍ഗീകരണവും (classification) ഗ്രന്ഥസൂചി തയ്യാറാക്കലും (cataloguing). ഗ്രന്ഥശാലയില്‍ സംഭരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും വര്‍ഗീകരണവും ഗ്രന്ഥസൂചി തയ്യാറാക്കലും എത്രയുംവേഗം ചെയ്തിരിക്കണം; അതിനുശേഷം മാത്രമേ അവ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഒരു ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം ഒരു നമ്പറിലേക്കു തര്‍ജുമ ചെയ്യുന്ന പ്രക്രിയയ്ക്കാണ് വര്‍ഗീകരണമെന്നു പറയുന്നത്. ആ നമ്പറിന് ക്ലാസ്നമ്പര്‍ എന്നു പറയുന്നു. ഒരേ വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്ന പല പുസ്തകങ്ങള്‍ക്കും ഒരേ ക്ലാസ്നമ്പര്‍ ലഭിക്കുന്നു. ഷെല്‍ഫില്‍ അടുക്കി വയ്ക്കുന്നത് ക്ലാസ്നമ്പര്‍ അനുസരിച്ചാണ്. അതിനാല്‍ ഒരേ വിഷയത്തെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ഒരു സ്ഥലത്തുതന്നെ സ്വരൂപിക്കപ്പെടുന്നു. ഇതോടടുത്ത് വരത്തക്കരീതിയിലാണ് ബന്ധപ്പെട്ട വിഷയങ്ങളുടെ ക്ലാസ് നമ്പറുകള്‍ നിര്‍മിക്കപ്പെടുന്നത്. ഒരേ വിഷയത്തില്‍പ്പെട്ട പുസ്തകങ്ങള്‍ അവയുടെ ഗ്രൂപ്പില്‍ത്തന്നെ ക്രമീകരിക്കുന്നതിന് ഗ്രന്ഥകര്‍ത്താവിന്റെ പേരിന്റെ അടിസ്ഥാനത്തിലോ പ്രസിദ്ധീകരണവര്‍ഷത്തിന്റെ അടിസ്ഥാനത്തിലോ, ക്ലാസ്നമ്പറിനു പുറമേ ഒരു നമ്പര്‍കൂടി കൊടുക്കുന്നു. ഇതിനു ബുക്ക് നമ്പര്‍ എന്നു പറയുന്നു. ക്ലാസ്നമ്പറിനും ബുക്ക്നമ്പറിനുംകൂടി പൊതുവായ നാമം കോള്‍ നമ്പറെന്നാണ്. പുസ്തക ക്രമീകരണം നടത്തുന്നത് കോള്‍ നമ്പറനുസരിച്ചാണ്.
പലതരം വര്‍ഗീകരണ പദ്ധതികള്‍ ഉണ്ട്. അവയില്‍ ഏതെങ്കിലും ഒരു വര്‍ഗീകരണ പദ്ധതി അനുസരിച്ചായിരിക്കും വര്‍ഗീകരണം നടത്തുക. ഇന്ത്യയില്‍ പ്രചാരത്തിലിരിക്കുന്നവ ഡ്യൂയി ഡെസിമല്‍ ക്ലാസ്സിഫിക്കേഷന്‍ (Dewei Decimal Classification), കോളന്‍ ക്ലാസ്സിഫിക്കേഷന്‍ (Colon Classification), യൂണിവേഴ്സല്‍ ഡെസിമല്‍ ക്ലാസ്സിഫിക്കേഷന്‍ എന്നിവയാണ്. വിജ്ഞാനമണ്ഡലത്തിന്റെ വിവിധ ശാഖകളെ അഥവാ വിഷയങ്ങളെ അന്യോന്യ ബന്ധമനുസരിച്ച് വേര്‍തിരിച്ചുരേഖപ്പെടുത്തിയിട്ടുള്ള ഒരു ഭൂപടമായി വര്‍ഗീകരണ പദ്ധതിയെ വിശേഷിപ്പിക്കാം. ഒരു ലൈബ്രറിയില്‍ നടപ്പാക്കിയിരിക്കുന്ന പദ്ധതിയുടെ പിന്നിലുള്ള തത്ത്വങ്ങള്‍ അതിന്റെ ഘടന, വിവരണ രീതി മുതലായവയെ സംബന്ധിച്ചു പൂര്‍ണമായ അറിവ് ഗ്രന്ഥശാലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായിരിക്കണം.
ഗ്രന്ഥസൂചി. ഒരു ഗ്രന്ഥശാലയിലെ ഗ്രന്ഥശേഖരത്തിന്റെ താക്കോലാണ് ഗന്ഥസൂചി. വായനക്കാര്‍ക്ക് ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ ഗ്രന്ഥശാലയില്‍ ലഭ്യമാണോ അല്ലയോയെന്ന് അവരെ അറിയിക്കുകയെന്നതാണ് അതിന്റെ പ്രധാന ചുമതല. ലഭ്യമാണെങ്കില്‍ അവ ഗ്രന്ഥശാലയില്‍ ഏതു കോള്‍ നമ്പര്‍ അനുസരിച്ചാണ് സൂക്ഷിച്ചിരിക്കുന്നതെന്ന വിവരവും നല്കണം. ഈ വിവരം ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ കണ്ടുപിടിക്കാനും ഉപയോഗിക്കാനും സഹായിക്കുന്നു. ഒരാള്‍ക്ക് ഒരു പ്രത്യേക ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകമാവശ്യമാണെങ്കില്‍ ആ ഗ്രന്ഥകര്‍ത്താവിന്റെ നാമത്തില്‍ കാറ്റലോഗില്‍ കൊടുത്തിരിക്കുന്ന രേഖ വേണ്ടതായ വിവരങ്ങള്‍ നല്കും. അപ്രകാരം ഗ്രന്ഥാന്വേഷണത്തിന് മറ്റേതൊരു സമീപനം വായനക്കാരനവലംബിച്ചാലും (സഹഗ്രന്ഥകര്‍ത്താവിന്റെയോ ശീര്‍ഷകത്തിന്റെയോ എഡിറ്ററുടെയോ സീരീസിന്റെയോ വിഷയത്തിന്റെയോ നാമം മുതലായവ പറഞ്ഞുകൊണ്ടുള്ള സമീപനം) അതു തൃപ്തികരമായി നിറവേറ്റേണ്ട ചുമതല കാറ്റലോഗിനുണ്ട്. രംഗനാഥന്റെ ക്ലാസ്സിഫൈഡ് കാറ്റലോഗ് കോഡ്, ആംഗ്ളോ അമേരിക്കന്‍ കാറ്റലോഗിങ് റൂള്‍സ് എന്നിവപോലുള്ള ഏതെങ്കിലും പദ്ധതിയനുസരിച്ചായിരിക്കണം ഗ്രന്ഥസൂചി നിര്‍മിക്കേണ്ടത്. ഓരോ പുസ്തകത്തിനും എത്ര രേഖകള്‍ നല്കണമെന്നും ഓരോ രേഖയിലും ഏതെല്ലാം വിവരങ്ങള്‍ നല്കണമെന്നും മറ്റും പ്രായോഗിക അനുഭവത്തില്‍ നിന്നും തീരുമാനിക്കുവാന്‍ ലൈബ്രേറിയനു കഴിയണം.
ഗ്രന്ഥശാലകളിലെ ഗ്രന്ഥസൂചി സമീപകാലം വരെ കാര്‍ഡുരൂപത്തിലാണ് സൂക്ഷിച്ചിരുന്നത്. ഒരു ഗ്രന്ഥത്തിനുവേണ്ടതായ രേഖകളിലോരോന്നും കാര്‍ഡ് രൂപത്തിലാക്കി കാര്‍ഡുകള്‍ സൗകര്യപ്രദമായ രീതിയില്‍ ഒരു കാബിനറ്റില്‍ അടുക്കി വയ്ക്കുന്നരീതിയാണിത്. എന്നാല്‍ സമീപകാലത്തായി ഗ്രന്ഥശാലകളില്‍ ഗ്രന്ഥസൂചി കംപ്യൂട്ടറില്‍ സൂക്ഷിക്കുന്ന സമ്പ്രദായം നടപ്പിലാക്കപ്പെട്ടു.
ഇന്‍ഫര്‍മേഷന്‍ സര്‍വീസ്
വിജ്ഞാനോത്പാദനവും തന്മൂലം, ഗ്രന്ഥങ്ങളുടെ എണ്ണവും പരിമിതമായിരുന്നപ്പോള്‍ ഒരു വ്യക്തിക്ക് അയാള്‍ക്കാവശ്യമായ ഗ്രന്ഥങ്ങള്‍ കണ്ടുപിടിക്കുന്നതിനും അവ വായിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ല. ഓരോരുത്തരുടെയും വിജ്ഞാന മേഖലയിലുള്ള പ്രധാന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്തെല്ലാമാണെന്നറിയുവാന്‍ കഴിഞ്ഞിരുന്നതിനാല്‍ അവ വായിക്കുക വഴി പുതുതായി ഉണ്ടാകുന്ന വിജ്ഞാനം ഏറെക്കുറെ കരസ്ഥമാക്കാന്‍ കഴിയുമെന്ന വിശ്വാസം അന്നുണ്ടായിരുന്നു. അതുപോലെതന്നെ അവശ്യം വായിക്കേണ്ട മറ്റു ഗ്രന്ഥങ്ങളെപ്പറ്റിയുള്ള വിവരം ലൈബ്രറി കാറ്റലോഗില്‍ നിന്നു ശേഖരിച്ച് കണ്ടുപിടിക്കാനും കഴിഞ്ഞിരുന്നു. ഈ കാലഘട്ടത്തില്‍ ലൈബ്രേറിയന്റെ മുഖ്യ ചുമതല പുസ്തക സംവിധാനമായിരുന്നു; ഓരോ ഗ്രന്ഥവും ശാസ്ത്രീയമായി സംവിധാനം ചെയ്ത് എളുപ്പത്തിലുപയോഗിക്കുന്നതിനായി തയ്യാറാക്കി വയ്ക്കുക. അതിനാല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം താരതമ്യേന അപ്രധാനമായിരുന്നുവെന്നുതന്നെ പറയാം. എന്നാല്‍ വിജ്ഞാന വിസ്ഫോടനത്തിന്റെ ഇന്നത്തെ യുഗത്തില്‍ പുസ്തക സംവിധാനം കൊണ്ടുമാത്രം ഗ്രന്ഥശാലകളുടെ ഉപയോഗം ഫലപ്രദമാകില്ല. അതിനാലാണ് ഇന്‍ഫര്‍മേഷന്‍ സംവിധാനം അവശ്യമായി വരുന്നത്. വിവിധ രൂപത്തിലുള്ള ഓരോ ഗ്രന്ഥത്തിലും ഉള്‍ക്കൊള്ളുന്ന വിജ്ഞാന ശകലങ്ങളുടെ സംവിധാനമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഉദാ. ഒരു ആനുകാലികപ്രസിദ്ധീകരണത്തിലുള്‍ക്കൊണ്ടിരിക്കുന്ന ഒരു ലേഖനം അതില്‍ തത്പരനായ ഒരുവന് അനായാസം കണ്ടുപിടിക്കുന്നതിനും വായിക്കുന്നതിനുമുള്ള സംവിധാനം. ഇന്‍ഡെക്സിങ്, അബ്സ്റ്റ്രാക്റ്റിങ് മുതലായ പ്രസിദ്ധീകരണങ്ങളുടെ ആവിര്‍ഭാവം ഈ ഉദ്ദേശ്യത്തോടെയാണ്. ഒരു വിജ്ഞാനമേഖലയിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയെല്ലാം ഉള്ളടക്കം എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചു കാലികമായി പ്രസിദ്ധീകരിക്കുന്ന ഒന്നാണ് ഇന്‍ഡെക്സിങ് ജേര്‍ണല്‍. അതില്‍നിന്നും അവരവര്‍ക്കാവശ്യമുള്ള ലേഖനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ഏതു പ്രസിദ്ധീകരണത്തിലാണ് അവ ഉള്‍പ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കുകയും ആ പ്രസിദ്ധീകരണം ലഭ്യമാക്കിയോ അല്ലെങ്കില്‍ ആവശ്യമുള്ള ലേഖനങ്ങളുടെ പ്രതികള്‍ വരുത്തിയോ അവ വായിക്കാവുന്നതാണ്.
അബ്സ്റ്റ്രാക്റ്റിങ് സര്‍വീസിന് ഇന്‍ഡെക്സിങ് സര്‍വീസില്‍ നിന്നുള്ള ഏക വ്യത്യാസം ഓരോ ലേഖനത്തിന്റെയും വളരെ സംക്ഷിപ്തമായ ഒരു വിവരണം നല്കുമെന്നതാണ്. ആ വിവരണത്തില്‍ നിന്നുതന്നെ ചിലപ്പോള്‍ നമുക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതാണ്. അതല്ല, മൂലലേഖനം അപ്പാടെ വായിക്കണമെന്നു തോന്നിയാല്‍ അതും ചെയ്യാവുന്നതാണ്.
വിജ്ഞാനവും അതുള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണങ്ങളും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്‍ഡെക്സിങ്, അബ്സ്റ്റ്രാക്റ്റിങ് മുതലായ സര്‍വീസുകള്‍ ഗവേഷണത്തിലും ഉന്നതവിദ്യാഭ്യാസത്തിലും ഒഴിച്ചു കൂടാനാവാത്ത ഉപകരണങ്ങളാണ്. ഓരോ വിഷയത്തെപ്പറ്റിയുമുള്ള വിജ്ഞാനത്തിന്റെ ആകെത്തുക എട്ടോ പത്തോ വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. തദനുസരണമായി പ്രസിദ്ധീകരണങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു.
ഇന്നത്തെ മറ്റൊരു സവിശേഷത ഒരു ഗവേഷണത്തിനാവശ്യമായ ലേഖനങ്ങള്‍ പലയിടത്തായി ചിന്നിച്ചിതറി കിടക്കുന്നുവെന്നതാണ്. ഇതു സംഭവിക്കുന്നത് പല വിഷയങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഗവേഷണങ്ങളുടെ ഫലമായാണ്. ഗവേഷകനാവശ്യമായ പ്രസിദ്ധീകരണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചു നല്കേണ്ടത് ഗ്രന്ഥശാലകളുടെ ഒരു പ്രധാന ചുമതലയായി തീര്‍ന്നിട്ടുണ്ട്.
ഒരു ഗ്രന്ഥശാലയില്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പലവിധത്തില്‍ സംഘടിപ്പിക്കാം. ആദ്യമായി ചെയ്യേണ്ടത് ആ ഗ്രന്ഥശാലയുടെ പരിധിയില്‍ വരുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഡെക്സിങ് ജേര്‍ണലുകള്‍ കഴിയുന്നതും വരുത്തി വായനക്കാര്‍ക്കു ലഭ്യമാക്കുകയെന്നതാണ്. കൂടാതെ ഓരോ വിഷയത്തെ സംബന്ധിച്ചും ഒരു കാലയളവിലുണ്ടാകുന്ന വികാസങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന റിവ്യൂഗ്രന്ഥങ്ങളും വരുത്തി വയ്ക്കണം. ഒരു ഗ്രന്ഥശാലയില്‍ വരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വിഷയാടിസ്ഥാനത്തിലുള്ള ഇന്‍ഡെക്സ് തയ്യാറാക്കുന്നത് അവയുടെ ഉള്ളടക്കം പെട്ടെന്നു കണ്ടുപിടിക്കുവാന്‍ സഹായകമായിരിക്കും. മറ്റു പല ഇന്‍ഫര്‍മേഷന്‍ സര്‍വീസുകളും ഒരു ഗ്രന്ഥശാലയില്‍ സംവിധാനം ചെയ്യുവാന്‍ സാധിക്കും. ഓരോരുത്തര്‍ക്കും പ്രത്യേകാവശ്യമനുസരിച്ച് ബിബ്ലിയോഗ്രാഫി തയ്യാറാക്കല്‍, ഗവേഷണപരമോ അല്ലെങ്കില്‍ വിദ്യാഭ്യാസപരമോ ആയ ഏതെങ്കിലും പദ്ധതി തുടങ്ങുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളുടെ ലിസ്റ്റു തയ്യാറാക്കല്‍ മുതലായവ ഇതിലുള്‍പ്പെടും. എപ്പോഴും ഓര്‍മിക്കേണ്ട ഒരു വസ്തുതയാണ് വിജ്ഞാനവിസ്ഫോടനത്തിന്റെയും വ്യാപനത്തിന്റെയും (dispersal) ഇന്നത്തെ സാഹചര്യത്തില്‍ ഗ്രന്ഥാന്വേഷണം അത്യന്തം ക്ലേശകരമായ ഒരു പ്രക്രിയയാണ് എന്നത്. ഈ രംഗത്തേക്ക് വിജ്ഞാനാന്വേഷികളെ തനിയെ വിട്ടാല്‍ വഴിതെറ്റുമെന്നുള്ളതു തീര്‍ച്ചയാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള ലൈബ്രേറിയന്മാരുടെ സഹായവും മാര്‍ഗനിര്‍ദേശവും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ഈ ആവശ്യത്തിനുവേണ്ട സാങ്കേതികസാമര്‍ഥ്യം ലൈബ്രേറിയന്റെ അറിവിന്റെ അനിവാര്യമായ ഒരു ഭാഗമായിത്തീരണം.
ആധുനിക വികാസങ്ങള്‍
ഗ്രന്ഥശാലാരംഗത്ത് ഇന്ന് അനവധി നൂതന വികാസങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഏറ്റവും പ്രധാനമായത് ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളില്‍ കംപ്യൂട്ടറിന്റെ ഉപയോഗമാണ്. ഇത് ഓരോ ഗ്രന്ഥശാലയുടെയും ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ടെലികമ്യൂണിക്കേഷന്‍ രംഗത്തു വന്നിട്ടുള്ള സാങ്കേതിക വളര്‍ച്ചയും ഇതിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ഒരു ഗ്രന്ഥശാലയില്‍ നിത്യേന ചെയ്യേണ്ട പല കാര്യങ്ങളും കംപ്യൂട്ടറുപയോഗിച്ചു ചെയ്യാവുന്നതാണ്. പുസ്തകങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും സംഭരണം, ലൈബ്രറി കാറ്റലോഗ് നിര്‍മാണം, പുസ്തക വിതരണ സ്ഥിതിവിവരക്കണക്കുകളുടെ സൂക്ഷിപ്പ് മുതലായവ കംപ്യൂട്ടറിന്റെ സഹായത്തോടെ കാര്യക്ഷമമായി നടത്താവുന്ന കാര്യങ്ങളാണ്. കൂടാതെ ഓരോ വിജ്ഞാനമേഖലയിലും അപ്പോഴപ്പോള്‍ ഉത്പാദിപ്പിക്കുന്ന അറിവിനെപ്പറ്റി വിജ്ഞാനാന്വേഷകരെ ബോധവാന്മാരാക്കുന്ന പ്രവര്‍ത്തനം (Current Awareness Service), ഓരോ വിഷയത്തിലും ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ള വിജ്ഞാനമുള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പട്ടിക തയ്യാറാക്കല്‍ (Selective Dissemination of information) തുടങ്ങിയവയും കംപ്യൂട്ടറുകള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയും. ഒരു സെന്‍ട്രല്‍ ലൈബ്രറിയും പല ഡിപ്പാര്‍ട്ടുമെന്റല്‍ ലൈബ്രറികളും ഉള്‍ക്കൊള്ളുന്ന ഒരു യൂണിവേഴ്സിറ്റി ലൈബ്രറി സിസ്റ്റത്തില്‍ യൂണിയന്‍ കാറ്റലോഗ് നിര്‍മാണം എന്ന ശ്രമകരമായ ജോലി കംപ്യൂട്ടറിനു സുഗമമായി നിര്‍വഹിക്കാന്‍ കഴിയും.
ഓരോ വിഷയത്തെ സംബന്ധിച്ച ഗ്രന്ഥങ്ങളുടെ വിവരങ്ങള്‍ നല്കുന്ന അനവധി ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. കംപ്യൂട്ടറിന്റെ സഹായത്തോടുകൂടിയാണ് ഇവ ക്രമീകരിച്ചിരിച്ചിട്ടുള്ളത്. ഒരു ഗവേഷകന് അദ്ദേഹത്തിന്റെ ആസ്ഥാനത്തിരുന്നുകൊണ്ടുതന്നെ വേണ്ടതായ ഗ്രന്ഥങ്ങളുടെ വിവരം ശേഖരിക്കുന്നതിനും ആവശ്യമുള്ളവയുടെ പകര്‍പ്പെടുക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. ഈ വികാസങ്ങള്‍ അറിവിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതോടൊപ്പം അറിവിന്റെ ഉപയോഗവും വര്‍ധിപ്പിക്കുന്നു.
ഗ്രന്ഥശാലാരംഗത്തുള്ള പല പ്രവര്‍ത്തനങ്ങള്‍ക്ക് ഐകരൂപ്യം നല്കുന്നതിനുള്ള നടപടികളുടെ പ്രാധാന്യം വളരെ വലുതാണ്. ഈ കാര്യം ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓരോ രാജ്യത്തുമുള്ള സ്റ്റാന്‍ഡേര്‍ഡ്സ് സ്ഥാപനങ്ങള്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ പ്രവര്‍ത്തനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്കു രൂപം കൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ബ്യൂറോ (Bureau of Indian Standards). ഈ രംഗത്തു പല സ്റ്റാന്‍ഡേര്‍ഡുകളും രൂപീകരിച്ചിട്ടുണ്ട്. ഇതിന് ആദ്യകാലങ്ങളില്‍ നേതൃത്വം കൊടുത്തിരുന്നത് ഡോ.എസ്.ആര്‍. രംഗനാഥനായിരുന്നു. ഇന്റര്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (International Standards Organisation) മുന്‍കൈയെടുത്തു നടപ്പിലാക്കിയിട്ടുള്ള പല സ്റ്റാന്‍ഡേര്‍ഡുകളുമുണ്ട്.
ആവശ്യമുള്ള പ്രബന്ധങ്ങളുടെയും ലേഖനങ്ങളുടെയും കോപ്പി നിഷ്പ്രയാസമെടുത്ത് ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കേണ്ടത് ഒരു ഗ്രന്ഥശാലയുടെ പ്രധാന ചുമതലകളിലൊന്നാണ്. ഇതിനെപ്പറ്റിയുള്ള സാങ്കേതിക ജ്ഞാനം ഇന്നു വളരെ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്.
ഒരു പ്രബന്ധത്തിന്റെ കോപ്പി അപ്പാടെ നേരെ വായിക്കത്തക്കരീതിയില്‍ എടുക്കുന്നതിനാണ് റിപോഗ്രാഫിയെന്നു പറയുന്നത്. അതിന്റെ സൂക്ഷ്മമായ ഒരു പ്രതി ഫിലിമില്‍ പകര്‍ത്തുന്നതിനു മൈക്രോഗ്രാഫിയെന്നു പറയുന്നു. ഈ ഫിലിം നേരെ വായിക്കുവാന്‍ സാധിക്കുകയില്ല. അതിനെ വലുതാക്കി ഒരു റിസീവറിന്റെ സഹായത്തോടെ ഒരു സ്ക്രീനിലേക്കു പ്രക്ഷേപിച്ചുവേണം വായിക്കുവാന്‍. ഇതു സംബന്ധിച്ച സാങ്കേതിക വിദ്യ, അനേകായിരം അച്ചടി പേജുകളിലുള്ള കാര്യം ഒരു ചെറിയ മൈക്രോഫിഷില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ വളര്‍ന്നിട്ടുണ്ട്. ഈ രംഗത്തെ ഏറ്റവും പുതിയ വികാസം CD-ROM-ന്റെ ആവിര്‍ഭാവമാണ്. 4.75 വ്യാസമുള്ള ഒരു CD-ROM-ന് അച്ചടിച്ച 2,75,000 പേജുകള്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും.
ഓണ്‍ലൈന്‍ ഡേറ്റാബേസ് വ്യവസായം അന്താരാഷ്ട്രതലത്തില്‍ വ്യാപകമായി തുടങ്ങിയതോടെ കംപ്യൂട്ടറിന്റെയും വാര്‍ത്താവിനിമയ രംഗത്തുണ്ടായ സാങ്കേതിക വികാസങ്ങളുടെയും സഹായത്തോടെ നിരവധി സേവനങ്ങള്‍ ആധുനിക ഗ്രന്ഥശാലകള്‍ നല്കി വരുന്നു. നിരവധി ഡേറ്റാബേസുകള്‍ ഇന്റര്‍നെറ്റിലൂടെ ഇപ്പോള്‍ ലഭ്യമാണ്. വിജ്ഞാനകോശങ്ങള്‍, നിഘണ്ടുക്കള്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങിയവയൊക്കെ മള്‍ട്ടിമീഡിയയിലൂടെ സര്‍വസാധാരണം ആയിക്കൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ ഡേറ്റാബേസ്, ഗ്രന്ഥശാലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് സംവിധാനം, ഇന്റര്‍നെറ്റ് എന്നീ മാധ്യമങ്ങളിലൂടെ പുതിയ അറിവുകള്‍ വായനക്കാര്‍ക്ക് നല്കാന്‍ ഗ്രന്ഥശാലയ്ക്ക് കഴിയുന്നു. കംപ്യൂട്ടര്‍ വ്യാപകമായതോടെ വിജ്ഞാന സംഭരണവും വിതരണവും കൂടുതല്‍ എളുപ്പമായി. ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ ആധുനിക ലൈബ്രറികള്‍ 'ഡിജിറ്റല്‍ ലൈബ്രറി'കളായി അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ഇപ്രകാരമുള്ള വികാസങ്ങള്‍മൂലം ഗ്രന്ഥശാലകളുടെ പ്രാധാന്യം കുറയുകയോ അവ ഒരുപക്ഷേ അപ്രത്യക്ഷമാവുകയോ ചെയ്ത്, കടലാസിനെ ആശ്രയിക്കേണ്ടാത്ത ഒരു സമൂഹം ഉണ്ടായേക്കാമെന്ന് പ്രവചിക്കുന്നവരുണ്ട്. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അത്യന്തം പ്രയോജനപ്രദവും ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തവുമാണെന്ന് സമ്മതിക്കുന്നതോടൊപ്പം അതു ഗ്രന്ഥശാലയെ അപ്പാടെ ഗ്രസിക്കുന്ന ഒരു ഭൂതമായി മാറുമെന്നുള്ള ഭീതി അസ്ഥാനത്താണെന്നു പറയാതെ തരമില്ല. ഗ്രന്ഥശാല അതിന്റെ നാനാവിധ ചുമതലകള്‍ തുടര്‍ന്നും നിര്‍വഹിക്കുമെന്നും ഇന്നത്തെപ്പോലെതന്നെ സമൂഹത്തിന്റെ സാംസ്കാരികവും ബുദ്ധിപരവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്കു വേണ്ടതായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുമെന്നും വിശ്വസിക്കാം. നോ: ഡിജിറ്റല്‍ ലൈബ്രറി
(പ്രൊഫ. കെ.എ. ഐസക്, പി. വാസുദേവന്‍)