This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദപ്പിള്ള, പി. (1926 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:27, 24 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോവിന്ദപ്പിള്ള, പി. (1926 - )

പി.ഗോവിന്ദപ്പിള്ള

മലയാള സാഹിത്യ വിമര്‍ശകന്‍. രാഷ്ട്രീയ നേതാവ്, ചിന്തകന്‍, പത്രാധിപര്‍, പ്രഭാഷകന്‍. പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയിലെ കാപ്പിള്ളി കുടുംബത്തില്‍ 1926 മാ. 25-ാം തീയതി എം.എന്‍. പരമേശ്വരന്‍പിള്ളയുടേയും കെ. പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പുല്ലുവഴി, കീഴില്ലം, കറുപ്പംപടി സ്കൂളുകളില്‍ നിന്നും വിദ്യാഭ്യാസം നേടി. 1939-41 കാലയളവില്‍ ബ്രഹ്മസൂത്രഭാഷ്യം പഠിക്കുന്നതിനായി കാലടി ശങ്കരാചാര്യാശ്രമത്തില്‍ ആഗമാനന്ദസ്വാമികളുടെ ശിഷ്യനായി ചേര്‍ന്നു. ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളജില്‍ വച്ച് വിശ്വസാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകളുമായി ബന്ധപ്പെട്ടു. പി.കെ. വാസുദേവന്‍നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം.എം. ചെറിയാന്‍ തുടങ്ങിവരുമൊത്തായിരുന്നു കലാലയകാലയളവിലെ പ്രവര്‍ത്തനം. 1941-42-ല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സില്‍ അംഗമായി ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു.

ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്കു തയ്യാറാകുവാന്‍ തിരുവനന്തപുരത്തും പിന്നീട് ചങ്ങനാശ്ശേരി എം.പി. കോളജിലും പോള്‍സ് കോളജിലും സമാന്തരവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ പ്രവേശനം നേടി. പുതിയ സാഹചര്യങ്ങള്‍ പി. ഗോവിന്ദപ്പിള്ളയെ തികഞ്ഞ ഇടതുപക്ഷക്കാരനാക്കി. ഓള്‍ ഇന്ത്യാ സ്റ്റുഡന്‍സ് ഫെഡറേഷന്റെ ഊര്‍ജസ്വലനായ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരവധി സമരങ്ങളില്‍ പങ്കുകൊണ്ടു. കമ്യൂണിസ്റ്റ് സമരങ്ങളില്‍ പങ്കുചേര്‍ന്ന് അറസ്റ്റിലാവുകയും ആര്‍തര്‍ റോഡ്, യര്‍വാദാ എന്നിവിടങ്ങളില്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 1951-ല്‍ ജയില്‍ മോചിതനാവുകയും പാര്‍ട്ടി നിര്‍ദേശപ്രകാരം കേരളത്തില്‍ തിരിച്ചെത്തി കര്‍ഷസംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ. ഓണേഴ്സുകാരനായ ഗോവിന്ദപ്പിള്ള 25-ാം വയസ്സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തിരു-കൊച്ചി നിയമസഭാംഗമായി. 1954-55-ല്‍ ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിദ്ധീകരണമായ ന്യൂ ഏജിന്റെ കറസ്പോണ്ടന്റായി പ്രവര്‍ത്തിച്ചു. 1957-ലെ ആദ്യ കേരളനിയമസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ സാമാജികനായി പെരുമ്പാവൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1957-ലും 1965-ലും 1967-ലും ഇതേ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് നിയമസഭാംഗമായി.

1953-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ 'പി.ജി.' 1954-ലും 1962-ലും സി.പി.ഐ. കേന്ദ്ര പ്രസിദ്ധീകരണ വകുപ്പില്‍ പ്രവര്‍ത്തിച്ചു. 1964-ലെ പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് സി.പി.ഐ.(എം)ല്‍ നിലകൊണ്ടു. 1964-65 കാലഘട്ടത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ പൊതുവേ 'ചൈനീസ് ചാരന്മാര്‍' എന്നു മുദ്രകുത്തപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ ഗോവിന്ദപ്പിള്ളയും തടങ്കലില്‍ അടയ്ക്കപ്പെട്ടു.

1964 മുതല്‍ 1983 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടെയും മുഖ്യപ്രത്രാധിപരായിരുന്നു. 1983-ല്‍ എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തിലേക്കു മാറി. 1980-83-ല്‍ കേരള പ്രസ് അക്കാദമി ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. 1987-ല്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി. ഈ കാലയളവിലാണ് കേരള സര്‍ക്കാര്‍ വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ നിയന്ത്രിത സിനിമാ തിയെറ്ററുകള്‍ ആരംഭിക്കുന്നത്. സെന്റര്‍ ഫോര്‍ ഇമേജിങ് ടെക്നോളജി(സി-ഡിറ്റ്)യുടെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ് ഗോവിന്ദപ്പിള്ള. തൊണ്ണൂറുകളില്‍ ഡല്‍ഹി ആസ്ഥാനമായി പ്രസിദ്ധീകരിച്ചിരുന്ന ആര്‍ട്ട് ആന്‍ഡ് ഐഡിയാസ് എന്ന മാസികയുടേയും ചിന്ത വാരികയുടെയും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു.

ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനായ പി.ജി. തിരു-കൊച്ചി ഗ്രന്ഥശാലാ സംഘത്തിന്റെയും കേരള ഗ്രന്ഥശാലാ സംഘത്തിന്റെയും ഭരണസമിതി അംഗമായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണസമിതികളിലും ബോര്‍ഡ് ഒഫ് സ്റ്റഡീസിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. നിലവില്‍ കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗമാണ്.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി അസംഖ്യം ലേഖനങ്ങളും വിവര്‍ത്തനങ്ങളും സംഭാവന ചെയ്തു. മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം; ഉദ്ഭവവും വളര്‍ച്ചയും- എന്ന കൃതിക്ക് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കേരളം ഇന്ത്യയിലെ ഒരധഃകൃത സംസ്ഥാനം (1968), വീരചരിതമായ വിയറ്റ്നാം (1969), ഇസങ്ങള്‍ക്കപ്പുറം (1975), വിപ്ലവപ്രതിഭ (1977), ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ (1980), സാഹിത്യവും രാഷ്ട്രീയവും (1982), ഭഗവദ്ഗീത, ബൈബിള്‍, മാര്‍ക്സിസം (1985), മാര്‍ക്സും മൂലധനവും (1987), സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത (1989), സാഹിത്യം: അധോഗതിയും പുരോഗതിയും (1992), ചരിത്രശാസ്ത്രം: പുതിയ മാനങ്ങള്‍ (1993), വിപ്ലവങ്ങളുടെ ചരിത്രം, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോള വത്കരണം-സംസ്കാരം-മാധ്യമം, കേരള നവോത്ഥാനം: മതാചാര്യര്‍-മതനിഷേധികള്‍, ഇ.എം.എസും മലയാള സാഹിത്യവും (2006), ഫ്രെഡ്രിക് എംഗല്‍സ് (2006), മാര്‍ ഗ്രിഗോറിയസിന്റെ മതവും മാര്‍ക്സിസവും, ഇ.എം.എസ്: ജീവചരിത്രം, മുല്‍ക്ക് രാജ് മുതല്‍ പവനന്‍ വരെ, വൈജ്ഞാനിക വിപ്ലവം; ഒരു സാംസ്കാരിക ചരിത്രം (2010) എന്നിവയാണ് ഇതര കൃതികള്‍. കാട്ടുകടന്നല്‍ (1975), ഭൂതകാലവും മുന്‍വിധിയും (1976), ഇന്ദിരാഗാന്ധി: തളര്‍ച്ചയും തകര്‍ച്ചയും (1978), ഇന്ത്യാചരിത്രവ്യാഖ്യാനം: മാര്‍ക്സിസ്റ്റ് സമീപനം (1991), ആര്യദ്രാവിഡവാദവും മതനിരപേക്ഷതയും എന്നിവ വിവര്‍ത്തനങ്ങളാണ്.

പ്രഗല്ഭനായ വാഗ്മി കൂടിയാണ് പി. ഗോവിന്ദപ്പിള്ള. ഏറെക്കാലം മലയാളം ദൃശ്യമാധ്യമങ്ങളിലൊന്നായ കൈരളി ചാനലില്‍ പി.ജി.യും ലോകവും എന്ന ആഗോള രാഷ്ട്രീയ വിശകലന പരമ്പര അവതരിപ്പിച്ചിരുന്നു.

സാഹിത്യ അക്കാദമി അവാര്‍ഡ്, സ്വദേശാഭിമാനി അവാര്‍ഡ്, ശങ്കരനാരായണന്‍ തമ്പി അവാര്‍ഡ്, പ്രസ് അക്കാദമി അവാര്‍ഡ്, സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം.ജെ. രാജമ്മയാണ് ഭാര്യ. മാധ്യമ പ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്‍, ആര്‍. പാര്‍വതി എന്നിവരാണ് മക്കള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍