This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രെനാഡ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗ്രെനാഡ
Grenada
1. ദക്ഷിണ സ്പെയിനില്‍ മുന്‍പുണ്ടായിരുന്ന ഒരു മൂറിഷ് രാജ്യം. മാതള നാരകം എന്നര്‍ഥം വരുന്ന ഗ്രെനാഡ എന്ന സ്പാനിഷ് പദത്തില്‍ നിന്നാകണം ഈ പേരിന്റെ ഉദ്ഭവം. 'അപരിചിതരുടെ കുന്ന്' എന്നര്‍ഥം വരുന്ന കാര്‍നാട്ടാ എന്ന അറബിവാക്കില്‍നിന്ന് ഈ പേരുണ്ടായതാകാം എന്നും ഒരഭിപ്രായമുണ്ട്.
സ്പെയിനിന്റെ ദക്ഷിണതീരത്തായിരുന്ന ഗ്രെനാഡയുടെ വിസ്തീര്‍ണം ഉദ്ദേശം 31,100 ച.കി.മീ. വരും. എഴുനൂറുകളില്‍ 'മൂറു'കള്‍ ഗ്രെനാഡയും ദക്ഷിണ സ്പെയിനിലെ മറ്റു പ്രദേശങ്ങളും ആക്രമിച്ചു കീഴടക്കി. എന്നാല്‍ 1238 ആയപ്പോഴേക്കും ഗ്രെനാഡ ഒരു സ്വതന്ത്രരാജ്യമായിത്തീര്‍ന്നു. സ്പെയിനിലുള്ള മറ്റു മൂറിഷ് ശക്തികേന്ദ്രങ്ങളുടെ പതനത്തിനുശേഷവും ഗ്രെനാഡ ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മഹത്കേന്ദ്രമായി തുടര്‍ന്നു.
മൂറിഷ് ഭരണാധികാരികള്‍ പരസ്പരം കലഹിക്കാന്‍ തുടങ്ങിയതോടെ ഗ്രെനാഡയുടെ അധഃപതനവും ആരംഭിച്ചു. കത്തോലിക്കാ മതവിശ്വാസികളായിരുന്ന ഫെര്‍ഡിനന്‍ഡ്-ഇസബല്ലമാരുടെ സൈന്യങ്ങള്‍ 1492-ല്‍ ഈ രാജ്യം സ്വന്തമാക്കി. ഇക്കാലത്ത് യൂറോപ്പിലെ മൂറിഷ് ശക്തികേന്ദ്രങ്ങളില്‍ അവസാനത്തേതായിരുന്നു ഗ്രെനാഡ. യൂറോപ്യന്‍ നാവികന്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ ആഗമനത്തോടെ ഗ്രെനാഡ വിശാലമായ സ്പാനിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി. തുടര്‍ന്ന് ക്രിസ്തുമതത്തിലേക്ക് വ്യാപകമായ മതപരിവര്‍ത്തനം നടന്നു.
2. ആന്‍ഡലൂഷ്യയില്‍പ്പെടുന്ന ഒരു സ്പാനിഷ് പ്രവിശ്യയും അതിന്റെ ആസ്ഥാനനഗരവും. 1800-കളില്‍ മൂറിഷ് രാജ്യമായിരുന്ന ഗ്രെനാഡ മൂന്നു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. ഗ്രെനാഡ, മലാഗ, ആല്‍മേറിയ. വിസ്തീര്‍ണം. 12,530 ച.കി.മീ.
ജെനില്‍ നദിക്കരയില്‍, മാഡ്രിഡില്‍നിന്ന് 362 കി.മീ. തെക്കായിട്ടാണ് ഗ്രെനാഡ നഗരം സ്ഥതിചെയ്യുന്നത്. മൂര്‍വംശത്തിന്റെ സാംസ്കാരിക-വാണിജ്യകേന്ദ്രമായിരുന്നു ഈ ആസ്ഥാനനഗരം. ഇപ്പോള്‍ ഇതൊരു വ്യാവസായികനഗരമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. പ്രസിദ്ധമായ ആല്‍ഹാംബ്ര കൊട്ടാരത്തിന്റെയും കോട്ടയുടെയും സ്ഥാനവും ഇവിടെത്തന്നെ. ഗ്രെനാഡ കതീഡ്രലിന്റെ 'റോയല്‍ ചാപ്പലി'ലാണ് ഫെര്‍ഡിനന്‍ഡ് രാജാവിന്റെയും ഇസബല്ല രാജ്ഞിയുടെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഗ്രെനാഡയിലെ മുഖ്യോത്പന്നങ്ങള്‍ തുണിത്തരങ്ങള്‍, തുകല്‍, മക്രോണി, ചോക്ളേറ്റ് എന്നിവയാകുന്നു.
3. തെക്കുപടിഞ്ഞാറന്‍ നിക്കരാഗ്വയിലെ ഒരു സുപ്രധാന വാണിജ്യകേന്ദ്രവും നിക്കരാഗ്വ തടാകത്തിനടുത്തുള്ള ഒരു മുഖ്യ തുറമുഖവും. വസ്തീര്‍ണം: 1040 ച.കി.മീ. ജനസംഖ്യ: 1,10,322 (2003). പഞ്ചസാര, കാപ്പി, കൊക്കോ, ആല്‍ക്കഹോള്‍, തുകല്‍, പഞ്ഞി, നീലം തുടങ്ങിയവ ഇവിടെനിന്ന് പസിഫിക് തീരങ്ങളിലേക്കു കയറ്റി അയക്കുന്നതാണ് പ്രധാന കച്ചവടം. സമ്പന്നരായ നിക്കരാഗ്വന്‍ പ്രഭുക്കളില്‍ ഏറിയ പങ്കും ഗ്രെനാഡയിലാണ് കഴിയുന്നത്. 1524-ല്‍ സ്ഥാപിതമായ ഈ നഗരമാണ് നിക്കരാഗ്വയിലെ ഏറ്റവും പുരാതനനഗരം എന്നു പറയാം. 1856-ല്‍ വില്യം വാക്കര്‍ ഗ്രെനാഡയെ അഗ്നിക്കിരയാക്കിയെങ്കിലും, താമസംവിനാ നഗരം പുതുക്കിപ്പണിതു. കതീഡ്രലുള്‍പ്പെടെയുള്ള അനേകം രമ്യഹര്‍മ്യങ്ങള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്.