This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രൂണെവാള്‍ഡ്, മത്തിയാസ് (1475 - 1528)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗ്രൂണെവാള്‍ഡ്, മത്തിയാസ് (1475 - 1528)
Grunewald, Matthias
ജര്‍മന്‍ ചിത്രകാരനും ശില്പിയും. നവോത്ഥാനകാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ യഥാര്‍ഥപേര് മത്തിസ് നീതാര്‍ട്ഗോതാര്‍ട് എന്നാണ്. ചിത്രകലാചരിത്രകാരനായ ജൊവാക്കിം വൊണ്‍ സംഗ്രാത്താണ് ഗ്രൂണെവാള്‍ഡ് എന്ന പേരു നല്കിയത്. പില്‍ക്കാലത്ത് ആ പേര് ചിത്രകലാരംഗത്തു വളരെ പ്രസിദ്ധമായി. ഗ്രൂണെവാള്‍ഡിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. വുര്‍സ് ബര്‍ഗാണ് ജന്മസ്ഥലം.
മെയിന്‍സിലെ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാന ചിത്രകാരന്‍, ബ്രാന്‍ഡന്‍ബര്‍ഗ് കൊട്ടാരത്തിലെ ഔദ്യോഗിക ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ഇദ്ദേഹം വാസ്തുശില്പി എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1525-ലെ 'പെസന്റ് റിവോള്‍ഡി'ല്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഔദ്യോഗിക പദവികള്‍ ഗ്രൂണെവാള്‍ഡിന് നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെതായി 40 രേഖാചിത്രങ്ങളും 10 പെയിന്റിങ്ങുകളും ആണ് ലഭിച്ചിട്ടുള്ളത്. പ്രഥമചിത്രം 1503-ലെ മോക്കിങ് ഒഫ് ക്രൈസ്റ്റ് ആണ്. ഐസന്‍ഹിം അള്‍ത്താര്‍ പീസ് എന്ന വിശ്വപ്രസിദ്ധമായ രചനയാണ് മത്തിയാസിനെ അനശ്വരനാക്കിയത്. ജര്‍മന്‍ ചിത്രശില്പകലകളുടെ മികച്ച മാതൃകകളിലൊന്നായി ഗണിക്കപ്പെടുന്ന ഈ കലാരൂപത്തിന് സു.2.5മീ. ഉയരമുണ്ട്. ഉറപ്പിച്ചിട്ടുള്ള രണ്ടു ജോടി ചിറകുകളും ചലനക്ഷമമായ ഒരു ജോടി ചിറകുകളും ചേര്‍ന്ന് ഇത് രൂപകല്പന ചെയ്തിരിക്കുന്നു. ഓരോ ദിവസത്തെയും വിശേഷാല്‍ പ്രാര്‍ഥനയ്ക്ക് അനുയോജ്യമായ ചിത്രം പ്രദര്‍ശിപ്പിക്കത്തക്കവിധം ഈ ചിറകുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്നതാണ്. ഏറ്റവും ഉള്ളിലെ ശില്പം ക്രൂശാരോഹണമാണ്. വിശുദ്ധ അന്തോണി, അഗസ്റ്റിന്‍, ജെറോം എന്നിവരുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍, അറിയിപ്പ്, ഉയിര്‍ത്തെഴുന്നേല്പ്, മാതാവും പുത്രനും, സംഗീതാലാപനം നടത്തുന്ന മാലാഖമാര്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് ചിറകുകളില്‍ ആലേഖനം ചെയ്തിട്ടുള്ളത്. കോല്‍മാറിലെ മ്യൂസിയത്തില്‍ ഈ വിശ്വോത്തരരചന സൂക്ഷിച്ചിരിക്കുന്നു. നിറങ്ങളുടെ തിരഞ്ഞെടുക്കല്‍, വികാരങ്ങളുടെ പ്രകടനാത്മകത, സംഭവങ്ങളുടെ ഹൃദയദ്രവീകരണക്ഷമത എന്നീ ഘടകങ്ങളില്‍ ഐസന്‍ഹിം അള്‍ത്താര്‍ പീസ് ലോകചിത്രകലാരംഗത്തുതന്നെ അനന്യമായി നിലനില്‍ക്കുന്നു. മീറ്റീങ് ഒഫ് സെന്റ് എറാസ്മസ് ആന്‍ഡ് മൗറിസ് ഇദ്ദേഹത്തിന്റെ മറ്റൊരു ശ്രേഷ്ഠരചനയാണ്. ഗ്രൂണെവാള്‍ഡിന്റെ പില്ക്കാല രചനകളില്‍ ഇറ്റലിയിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വാധീനം പ്രകടമായി കാണാനുണ്ട്.
1528 ആഗ.-ല്‍ മത്തിയാസ് ഗ്രൂണെവാള്‍ഡ് ഹാലെയില്‍ അന്തരിച്ചു.