This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗൃഹ്യസൂത്രങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗൃഹ്യസൂത്രങ്ങള്‍
വേദാംഗങ്ങളില്‍ ഒന്നായ കല്പത്തിന്റെ ഒരു വിഭാഗം. ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്പം എന്നിവയാണ് വേദാംഗങ്ങള്‍. ശ്രുതിയിലും സ്മൃതിയിലും വിധിക്കപ്പെട്ടിരിക്കുന്ന കര്‍മാണ് കല്പം. കല്പസൂത്രത്തിനു രണ്ടു വിഭാഗമുണ്ട്-ശ്രൗതസൂത്രം, സ്മാര്‍ത്തസൂത്രം. ശ്രൗതസൂത്രത്തില്‍ വിവിധങ്ങളായ യാഗങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. സ്മാര്‍ത്തസൂത്രത്തിനു രണ്ടു പിരിവുകള്‍ ഉണ്ട്: ധര്‍മസൂത്രവും ഗൃഹ്യസൂത്രവും. ധര്‍മസൂത്രത്തില്‍ വര്‍ണധര്‍മങ്ങളും ആശ്രമധര്‍മങ്ങളും ധര്‍മവിരുദ്ധങ്ങളായ അധര്‍മങ്ങളും അധര്‍മത്തിനുള്ള പ്രായശ്ചിത്തവും ശിക്ഷയും മറ്റും പ്രതിപാദിക്കുന്നു. ഗൃഹ്യസൂത്രത്തില്‍ ഗൃഹസ്ഥന്‍ ചെയ്യേണ്ട കര്‍മങ്ങളാണ് പ്രതിപാദ്യവിഷയം. ഗൃഹ്യകര്‍മങ്ങളില്‍ അഗ്നിയിലുള്ള ഹോമം സാധാരണമാകയാല്‍ അഗ്ന്യാധാനവിധി ഗൃഹ്യസൂത്രങ്ങളിലെല്ലാം പ്രതിപാദിക്കുന്നു. ചോറ്, പായസം, അപ്പം എന്നിവയാണ് പ്രധാന ഹോമദ്രവ്യങ്ങള്‍. മാംസവും ചിലപ്പോള്‍ ഹോമിക്കാറുണ്ട്. ഗൃഹ്യകര്‍മങ്ങളില്‍ വിവാഹം പ്രധാനമാകയാല്‍ മിക്ക ഗൃഹ്യസൂത്രങ്ങളിലും അതിനെ ആദ്യം വര്‍ണിച്ചിരിക്കുന്നു. തുടര്‍ന്ന് ഗര്‍ഭാധാനവും ഗര്‍ഭസംസ്കാരങ്ങളായ പുംസവനം, അനവലോഭനം, സീമന്തം, ക്ഷിപ്ര പ്രസവനം എന്നിവയും വര്‍ണിക്കപ്പെടുന്നു. ജനിച്ചകുട്ടിക്കു ചെയ്യേണ്ട ജാതകര്‍മം, മേധാജനനം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, കര്‍ണവേധം, ചൗളം, ഗോദാനം എന്നിവ തുടര്‍ന്നു വരുന്നു. വിദ്യാഭ്യാസം സംബന്ധിച്ച കര്‍മങ്ങളാണ് ഉപനയനം, ഉപാകര്‍മം, ഉത്സര്‍ജനം എന്നിവ. സമാവര്‍ത്തനം വിദ്യാഭ്യാസത്തിന്റെ അവസാനം കുറിക്കുന്നു. പഞ്ചമഹായജ്ഞങ്ങളും ഗൃഹസ്ഥന്‍ അവശ്യം ചെയ്യേണ്ട കര്‍മങ്ങളാണ്. ഓരോ വര്‍ഷവും ചില പ്രത്യേക അവസരങ്ങളില്‍ ചെയ്യേണ്ട കര്‍മങ്ങളാണ് ശ്രാവണീ, ആശ്വയുജീ, ആഗ്രഹായണീ, കൃഷികര്‍മം, ആഗ്രയണം, ശൂലഗവം എന്നിവ. തുടര്‍ന്ന് ശവസംസ്കാരവും മരിച്ചവരെ ഉദ്ദേശിച്ചുള്ള ശ്രാദ്ധകര്‍മങ്ങളും വര്‍ണിതങ്ങളായിട്ടുണ്ട്. പ്രാവും മൂങ്ങയും വീട് സ്പര്‍ശിക്കുക, ദുഃസ്വപ്നം കാണുക, അര്‍ധരാത്രി കാക്ക കരയുക, യൂപക്കുറ്റി കിളിര്‍ക്കുക, പാത്രങ്ങള്‍ ഉടയുക മുതലായ അശുഭശകുനങ്ങള്‍ക്കുള്ള ശാന്തികര്‍മങ്ങളും ഗൃഹ്യത്തില്‍ കാണുന്നുണ്ട്. അഥര്‍വവേദത്തിന്റെ കൗശിതകി ഗൃഹ്യസൂത്രത്തിലാകട്ടെ രോഗനിവാരണം, വിഷനാശനം, വശീകരണം, സപ്തനീജയം, സൗഭാഗ്യകരണം, പൗരുഷവര്‍ധനം, സ്വാപനം, മാരണം, ഉച്ചാടനം മുതലായ നാനാവിധങ്ങളായ ആഭിചാരകര്‍മങ്ങളും പ്രതിപാദിതങ്ങളായിട്ടുണ്ട്.
ഓരോ വേദത്തിനും അതിന്റേതായ സൂത്രഗ്രന്ഥങ്ങള്‍ ഉണ്ട്. ആശ്വലായനം, ശാംഖായനം, കൌശീതകി എന്നീ ഗൃഹ്യസൂത്രങ്ങള്‍ ഋഗ്വേദ സംബന്ധികളാണ്.
ബൗധായനം, മാനവം, ഭാരദ്വാജം, ആപസ്തംബം, കാംകം, ആഗ്നിവേശ്യം, ഹിരണ്യകേസി, വാരാഹം, വൈഖാനസം എന്നിവ കൃഷ്ണയജുര്‍വേദത്തിന്റെയും പാരസ്കരം ശുക്ലയജുര്‍വേദത്തിന്റെയും ഗൃഹ്യസൂത്രങ്ങളാണ്. സാമവേദത്തിനു ഗോഭിലം, കൗഥുമം, ഖാദിരം, ജൈമിനീയം എന്നിവയാണ് ഗൃഹ്യസൂത്രങ്ങള്‍. കൗശിക ഗൃഹ്യസൂത്രം അഥര്‍വവേദത്തോടു ബന്ധപ്പെട്ടതാണ്.
വിഭിന്നങ്ങളായ വേദങ്ങളിലെ ഗൃഹ്യസൂത്രങ്ങളിലും ഒരേ വേദത്തിന്റെ വിവിധ ഗൃഹ്യസൂത്രങ്ങളില്‍ത്തന്നെയും പല തരത്തിലുള്ള വ്യത്യാസങ്ങളും കാണാമെങ്കിലും ചില കാര്യങ്ങള്‍ എല്ലാ ഗൃഹ്യങ്ങളിലും അല്പം വ്യത്യാസത്തോടുകൂടിയാണെങ്കിലും പൊതുവേ വിവരിക്കപ്പെട്ടിട്ടുണ്ട്.
വിവാഹം. വിവാഹം സാമുദായികമോ വ്യക്തിഗതമോ ആയ ഒരാവശ്യമെന്നതിലുപരിയായി പിതൃക്കളോടുള്ള ഋണത്തില്‍നിന്നും മോചനം ലഭിക്കുവാനുള്ള ഒരു ഉപായം കൂടിയാണ്. പുത്രോത്പാദനം കടമയാണെന്നും പ്രജാതന്തുവിനെ വിച്ഛേദിക്കരുതെന്നും അനുശാസനമുണ്ട്. എട്ടുവിധത്തിലുള്ള വിവാഹം ഗൃഹ്യസൂത്രത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
1. ബ്രാഹ്മം. കന്യാപിതാവ് യോഗ്യനായ വരനെ സ്വയം വിളിച്ചു വസ്ത്രാഭരണങ്ങളാല്‍ അലങ്കൃതയായ കന്യകയെ ദാനം ചെയ്യുന്നതാണ് ബ്രാഹ്മവിവാഹം.
2. ദൈവം. യാഗം നടക്കുമ്പോള്‍ യോഗ്യനായ ഋത്വിക്കിനു കന്യകയെ നല്കുന്നതാണ് ദൈവവിവാഹം.
3. പ്രാജാപത്യം. നിങ്ങള്‍ ഒന്നിച്ചു ധര്‍മം ആചരിക്കുക എന്നു പറഞ്ഞു കന്യാദാനം ചെയ്യുന്നതു പ്രാജാപത്യം.
4. ആര്‍ഷം. ഒന്നോ രണ്ടോ ജോഡി ഗോക്കളെ കന്യാപിതാവിനു കൊടുത്തു സ്ത്രീയെ വേള്‍ക്കുന്നതു ആര്‍ഷം.
ബ്രാഹ്മ വിവാഹത്തില്‍ ജനിക്കുന്ന സന്താനം പിതൃവംശത്തിലെയും മാതൃവംശത്തിലെയും കഴിഞ്ഞ പന്ത്രണ്ടു തലമുറകളെയും, വരുന്ന പന്ത്രണ്ടു തലമുറകളെയും പവിത്രമാക്കുമത്രെ. ദൈവം, പ്രാജാപത്യം, ആര്‍ഷം എന്നീ വിവാഹങ്ങളിലുണ്ടാകുന്ന പ്രജകള്‍ യഥാക്രമം അതുപോലെ പത്തും എട്ടും ഏഴും തലമുറകളെ പവിത്രമാക്കും.
5. ഗാന്ധര്‍വം. സ്ത്രീപുരുഷന്മാര്‍ പരസ്പര സമ്മതപ്രകാരം ഒന്നിച്ചു ചേരുന്ന കാമപ്രധാനമായ വിവാഹമാണ് ഗാന്ധര്‍വം.
6. ആസുരം. ധനം കൊടുത്തു കന്യകയുടെ ബന്ധുക്കളെ തൃപ്തിപ്പെടുത്തി വധുവിനെ സ്വീകരിക്കുന്നത് ആസുരം. ഇത് ഒരു വിധത്തില്‍ കന്യാവിക്രയമാണ്.
7. രാക്ഷസം. ബന്ധുക്കളെ ആക്രമിച്ചു വിലപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയെ അപഹരിച്ചു വേള്‍ക്കുന്നത് രാക്ഷസം.
8. പൈശാചം. ഉറക്കത്തിലോ ഉന്മാദാവസ്ഥയിലോ ഇരിക്കുന്ന സ്ത്രീയെ ബലാത്കാരമായി പ്രാപിക്കുന്നതാണ് പൈശാചം.
സ്ത്രീ സ്വയം ഭര്‍ത്താവിനെ വരിക്കുന്ന സ്വയംവര സമ്പ്രദായത്തിന്റെ സൂചന വേദത്തിലുണ്ടെങ്കിലും ഗൃഹ്യസൂത്രത്തില്‍ അത് കാണുന്നില്ല. ഋതുമതിയായി മൂന്നുമാസംവരെ കാത്തിരുന്നു പിന്നീട് സ്വയം ഭര്‍ത്താവിനെ തിരഞ്ഞെടുക്കുവാനുള്ള അവകാശം ചില സൂത്രകാരന്മാര്‍ സ്ത്രീക്കു നല്കുന്നുണ്ട്. ചിലര്‍ മൂന്നുമാസത്തിനു പകരം മൂന്നു വര്‍ഷമെന്നു പറയുന്നു. വിധവകള്‍ക്ക് പുനര്‍വിവാഹം ആകാമെന്നതിനും ഗൃഹ്യസൂത്രത്തില്‍ സൂചനയുണ്ട്. പില്ക്കാലത്തെ സ്മൃതികാരന്മാര്‍ കന്യകയുടെ വിവാഹ പ്രായത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഗൃഹ്യസൂത്രത്തില്‍ അത് വ്യക്തമല്ല. നഗ്നികാവസ്ഥയില്‍ വിവാഹം കഴിച്ചു കൊടുക്കണമെന്നു ചില ഗൃഹ്യസൂത്രകാരന്മാര്‍ പറയുന്നുണ്ട്. നഗ്നികാ എന്നതിനു ഋതുമതിയാകാത്തവള്‍ എന്നും മൈഥുനയോഗ്യ എന്നും വിരുദ്ധങ്ങളായ അര്‍ഥങ്ങള്‍ വ്യാഖ്യാതാക്കള്‍ നല്കുന്നു. വിവാഹത്തിന്റെ നാലാം ദിവസം രാത്രിയില്‍ അനുഷ്ഠിക്കുന്ന ചതുര്‍ഥീകര്‍മം ഗര്‍ഭാധാനസംസ്കാരം തന്നെയാണെങ്കില്‍ ഋതുമതിയായ ശേഷമാണ് വിവാഹം നടത്തിയിരുന്നതെന്നൂഹിക്കാം.
ശിശു ജനിച്ചാല്‍ മറ്റുള്ളവര്‍ സ്പര്‍ശിക്കുന്നതിനു മുമ്പ് പിതാവ് നെയ്യും തേനും സ്വര്‍ണം ഉരച്ചതുംകൂടി സ്വര്‍ണംകൊണ്ടുതന്നെ ശിശുവിനെ സേവിപ്പിക്കുന്നു. ഇതാണ് ജാതകര്‍മം. കുട്ടിയുടെ ചെവികള്‍ക്കടുത്ത് മേധാജനനമന്ത്രം ജപിച്ച് തോളുകള്‍ തൊട്ടു അശ്മാഭവ, പരശുര്‍ഭവ, ഹിരണ്യമസ്തൃതംഭവ, വേദോവൈ പുത്രനാമാനി എന്നു ജപിക്കുന്നു. ഈ സ്ഥലത്ത് മന്ത്രത്തിനു ഗുണമായി ഒരു കല്ലും മഴുവും സ്വര്‍ണവും വയ്ക്കുന്ന സമ്പ്രദായവും ഉണ്ട്. അനന്തരം മാതാവിന്റെ വലത്തെ മുല ഹിരണ്യജലം കൊണ്ടു കഴുകി മന്ത്രപൂര്‍വം കുട്ടിയെ കുടിപ്പിക്കുന്നു. കുട്ടിക്കു പേരിടുന്ന കര്‍മമാണ് നാമകരണം. രണ്ടു പേരിടണം. ഒന്നു മാതാപിതാക്കള്‍ക്ക് മാത്രം അറിയാവുന്ന രഹസ്യനാമവും, മറ്റേതു എല്ലാവര്‍ക്കും വിളിക്കാനുള്ള പരസ്യനാമവും ആണ്. ആണ്‍കുട്ടികള്‍ക്കു ഇരട്ടസംഖ്യയിലുള്ള അക്ഷരങ്ങള്‍കൊണ്ടും പെണ്‍കുട്ടികള്‍ക്ക് ഒറ്റസംഖ്യയിലുള്ള അക്ഷരങ്ങള്‍കൊണ്ടും പേരിടണം. നാലാം മാസത്തില്‍ കുട്ടിയെ വെളിയില്‍ കൊണ്ടുവന്ന് സൂര്യനെ കാണിക്കുന്നു. ഇതിനെ ആദിത്യദര്‍ശനം അഥവാ നിഷ്ക്രമണം എന്നു പറയുന്നു. ആറാംമാസത്തില്‍ തൈര്, തേന്‍, നെയ്യ് ഇവ ചേര്‍ത്തു ചോറൂണ് (അന്നപ്രാശനം) നടത്തുന്നു. മൂന്നാമത്തെ വയസ്സില്‍ നടത്തേണ്ടതാണ് ചൌളം. കുട്ടിയെ അമ്മയുടെ മടിയിലിരുത്തി തണുത്തവെള്ളം, ചൂടുവെള്ളം, നെയ്യ് എന്നിവകൊണ്ട് മുടി നനച്ചു വലത്തുവശത്തുനിന്നും ഇടത്തുവശത്തുനിന്നും നാലുപ്രാവശ്യം വീതം മന്ത്രപൂര്‍വകമായി ദര്‍ഭയും ചേര്‍ത്തു മുടി ഖണ്ഡിക്കുന്നു. അതിനുശേഷം ക്ഷുരകനെക്കൊണ്ടും കുലാചാര പ്രകാരമുള്ള ശിഖ-കുടുമ-വച്ചു ബാക്കി ഭാഗം വടിച്ചു കളയുന്നു. പതിനാറാമത്തെവയസ്സില്‍ ഇതുപോലെ നടത്തേണ്ട മറ്റൊരു കര്‍മമാണ് കേശാന്തം അഥവാ ഗോദാനം. ഇതില്‍ താടിയും മീശയും നഖവും ഖണ്ഡിക്കുന്നു. ഇതില്‍ ഒരു ജോടി ഗോക്കളെ ദാനം ചെയ്യുന്നതു കൊണ്ടാണ് ഗോദാനം എന്നു പറയുന്നതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ഗോശബ്ദത്തിനു കേശമെന്നും ദാനശബ്ദത്തിനു ഖണ്ഡനം എന്നും അര്‍ഥം സ്വീകരിച്ച് ഈ പേര് മറ്റു ചിലര്‍ വ്യാഖ്യാനിക്കുന്നു. ചൗളവും ഗോദാനവും ആണ്‍കുട്ടികള്‍ക്കുള്ള സംസ്കാരങ്ങളാണ്. വിദ്യാരംഭത്തിന്റെ മുന്നോടിയായി നടത്തുന്ന സംസ്കാരമാണ് ഉപനയനം. ഇത് വളരെ പ്രധാനമായ ഒരു കര്‍മമാണ്. ബ്രാഹ്മണന് ഏഴാമത്തെയോ എട്ടാമത്തെയോ വയസ്സിലും ക്ഷത്രിയന് പതിനൊന്നാം വയസ്സിലും വൈശ്യന് പന്ത്രണ്ടാം വയസ്സിലുമാണ് ഇത് നടത്തേണ്ടത്. ഇവര്‍ക്ക് യഥാക്രമം പതിനാറ്, ഇരുപത്തിരണ്ട്, ഇരുപത്തിനാല് വയസ്സുവരെ ഉപനയനം നടത്താവുന്നതാണ്. അത് കഴിഞ്ഞാല്‍ ഈ സംസ്കാരം ചെയ്യാത്തവര്‍ക്ക് പതിത്വം സംഭവിക്കുന്നു. പതിതനു വേദാധ്യയനത്തിനോ ഒന്നുംതന്നെ അധികാരമില്ല. ഉപനീതനായ ബാലനു ജാതിഭേദമനുസരിച്ച് വിഭിന്നങ്ങളായ നിറങ്ങളുള്ള വസ്ത്രവും മൃഗങ്ങളുടെ തോലും മേഖലയും ദണ്ഡും ധരിക്കേണ്ടതായിട്ടുണ്ട്. പൂണൂല്‍ ധരിക്കുന്ന കാര്യം പല ഗൃഹ്യസൂത്രങ്ങളിലും പറയുന്നില്ല. കേശ സംസ്കാരം ചെയ്തു അലങ്കരിച്ചു കോടി വസ്ത്രവും തോലും ധരിച്ച ബാലനെ ആചാര്യന്റെ സമീപത്തേക്ക് നയിക്കുന്നു. ആചാര്യന്‍ അഗ്നിയില്‍ ആഹൂതികള്‍ ഹോമിച്ചിട്ട് അഗ്നിയുടെ വടക്കുവശത്ത് കിഴക്കഭിമുഖമായി വടുവിനെ പടിഞ്ഞാറഭിമുഖമായി ഇരുത്തി അയാളുടെ കൈയ്ക്ക് പിടിച്ച് ചില മന്ത്രങ്ങള്‍ ചൊല്ലി 'സൂര്യ ഇത് അവിടത്തെ ബ്രഹ്മചാരിയാണ്. ഇവനെ രക്ഷിക്കുക' എന്നു പറഞ്ഞു സൂര്യനെ കാണിച്ച് അയാളുടെ ഹൃദയം സ്പര്‍ശിക്കുന്നു. വടക്കുഭാഗത്ത് അഗ്നികൂട്ടി ചമത ഹോമിച്ച് ആ അഗ്നിയുടെ തേജസ്സ് കൈക്കൊണ്ട് സ്വന്തം ശരീരം മൂന്നു പ്രാവശ്യം ഉഴിയുന്നു. അനന്തരം വടുവിനെ മുട്ടുകുത്തിയിരുത്തി ആശ്ലേഷിച്ചു 'സാവിത്രീ മന്ത്രം ചൊല്ലുക' എന്നു പറഞ്ഞ് വടുവിന്റെ കൈകള്‍ തന്റെ കൈക്കുള്ളിലാക്കി ഓരോ പാദമായിട്ടും പകുതിയായിട്ടും മുഴുവനായിട്ടും ഗായത്രീമന്ത്രം ഉപദേശിച്ചു ചൊല്ലിക്കുന്നു. അനന്തരം മേഖല ചുറ്റി ദണ്ഡു കൊടുത്തു ബ്രഹ്മചാരി ചെയ്യേണ്ട കാര്യങ്ങള്‍ ഉപദേശിക്കുന്നു. രാവിലെയും വൈകുന്നേരവും ഭിക്ഷാചരണവും അഗ്നിയില്‍ ചമത ഹോമിക്കലും അവശ്യം ചെയ്യണം. പന്ത്രണ്ടു വര്‍ഷമോ വേദാധ്യയനം തീരുന്നതുവരെയോ ബ്രഹ്മചര്യം അനുഷ്ഠിക്കണം.
ഉപനയനത്തിനുശേഷം മൂന്നുദിവസമോ പന്ത്രണ്ടു ദിവസമോ ക്ഷാരലവണങ്ങള്‍ വര്‍ജിച്ച് തറയില്‍ കിടന്നുറങ്ങി വ്രതമാചരിച്ച ശേഷം മേധാജനനസംസ്കാരം നടത്തുന്നു.
ഉപാകര്‍മവും ഉത്സര്‍ജനവും. ശ്രാവണ(ചിങ്ങ)മാസത്തില്‍ അഗ്നിയില്‍ ആഹൂതികള്‍ നല്കി വേദാധ്യയനം ആരംഭിക്കുന്നതാണ് ഉപാകര്‍മം. പൗഷമാസത്തില്‍ ഗ്രാമത്തിനു വെളിയില്‍ വേദാധ്യയനം അവസാനിപ്പിച്ച് വേദങ്ങളെ മോചിപ്പിക്കുന്നതാണ് ഉത്സര്‍ജനം. പിന്നീട് അടുത്ത ഉപകര്‍മംവരെ ശുക്ലപക്ഷത്തില്‍ പഠിച്ച വേദഭാഗം ഉരുവിട്ടുറപ്പിക്കുകയും കൃഷ്ണപക്ഷത്തില്‍ വേദാംഗങ്ങള്‍ പഠിക്കുകയും ചെയ്യുന്നു.
സമാവര്‍ത്തനം. ബ്രഹ്മചര്യത്തിന്റെ സമാപനമാണ് ഈ സംസ്കാരം. ബ്രാഹ്മണര്‍ക്ക് അന്നവും ഗോവും ദാനം ചെയ്തിട്ട്, കേശശ്മശ്രുക്കള്‍ വപനം ചെയ്ത് ചൂടുവെള്ളവും പച്ചവെള്ളവും ഉപയോഗിച്ച് തേച്ചുകുളിച്ച്, പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ്, കണ്ണില്‍ അഞ്ജനമെഴുതി, കാതില്‍ കടുക്കനിട്ട്, സുഗന്ധദ്രവ്യം പൂശി, മാലയണിഞ്ഞ്, കാലില്‍ ചെരിപ്പിട്ട്, കുട പിടിച്ച്, മുളങ്കോല്‍ ഏന്തി, കഴുത്തില്‍ മണിയണിഞ്ഞ്, തലപ്പാവ് കെട്ടിനിന്നുകൊണ്ട് അഗ്നിയില്‍ ഹോമിക്കുന്നു. സമാവര്‍ത്തനം കഴിഞ്ഞവനെയാണ് സ്നാതകന്‍ എന്നുപറയുന്നത്. സ്നാതകന്‍ വിവാഹത്തിനു യോഗ്യനാണ്. നഗ്നനായി കുളിക്കുക, നഗ്നനായി ഉറങ്ങുക, നഗ്നയായ സ്ത്രീയെ കാണുക, മഴയത്ത് ഓടുക, മരത്തില്‍ കയറുക, കിണറ്റില്‍ ഇറങ്ങുക, പുഴനീന്തിക്കടക്കുക ഇത്യാദി കാര്യങ്ങള്‍ സ്നാതകനു നിഷിദ്ധിങ്ങളാണ്. രാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ ഗൃഹസ്ഥന്‍ ചെയ്യേണ്ട കൃത്യങ്ങളെല്ലാം ഗൃഹ്യത്തില്‍ പ്രതിപാദിക്കുന്നു. സന്ധ്യാവന്ദനം തര്‍പ്പണം, പഞ്ചമഹായജ്ഞം ഇവ പ്രധാന കര്‍മങ്ങളാണ്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യയജ്ഞം ഇവയാണു അഞ്ചുമഹായജ്ഞങ്ങള്‍. വേദങ്ങള്‍, വേദാംഗങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയുടെ ഭാഗങ്ങള്‍ അധ്യയനം ചെയ്യുന്നതാണ് ബ്രഹ്മയജ്ഞം. അക്ഷരാര്‍ഥം പാകം ചെയ്യുന്ന അന്ന (സ്ഥാലീപാക)ത്തിന്റെ ഒരു ഭാഗം ദേവന്മാരെ ഉദ്ദേശിച്ചു ഹോമിക്കുന്നതാണു ദേവയജ്ഞം. ആ അന്നത്തിന്റെ ഒരു ഭാഗം പിതൃക്കളെ ഉദ്ദേശിച്ചു തെക്കുഭാഗത്തു നല്കുന്നതാണ് പിതൃയജ്ഞം. ഗൃഹദേവതകളെയും വാസ്തു ദേവതകളെയും ഉദ്ദേശിച്ചു നല്കുന്നതാണ് ഭൂതയജ്ഞം. അതിഥി സത്കാരമാണ് മനുഷ്യയജ്ഞം. അതിഥി സത്കാരത്തില്‍ മധുപര്‍ക്കം പ്രധാനമായ ഒരു ഘടകമാണ്. പൂജാംഗമായ ഷോഡശോപചാരങ്ങളില്‍ മധുപര്‍ക്കം അനുപേക്ഷണീയമാണ്. അതു നല്കുന്നതിനും സ്വീകരിക്കുന്നതിനും സേവിക്കുന്നതിനും മന്ത്രങ്ങളുണ്ട്. തൈര്, തേന്‍, നെയ്യ് എന്നിവയാണ് മധുപര്‍ക്കത്തിലെ പ്രധാന ഘടകങ്ങള്‍. വിവാഹത്തില്‍ വരനും യാഗത്തില്‍ ഋത്വിക്കുകള്‍ക്കുമെല്ലാം ഇത് നല്കേണ്ടതാണ്.
ഓരോ വര്‍ഷവും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ട കര്‍മങ്ങളില്‍ ഒന്നാണ് ശ്രാവണി അഥവാ സര്‍പ്പബലി. സര്‍പ്പങ്ങളില്‍ നിന്നും ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ ശ്രാവണമാസ പൌര്‍ണമി ദിവസം രാത്രി സര്‍പ്പങ്ങളെ ഉദ്ദേശിച്ചു ചെയ്യുന്ന ബലികര്‍മമാണിത്.
ആശ്വയുജി. ആശ്വയുജ(കന്നി)മാസം പൗര്‍ണമി ദിവസം കന്നുകാലികളുടെ രക്ഷയെ ഉദ്ദേശിച്ചു ചെയ്യുന്ന കര്‍മമാണ് ആശ്വയുജി. ശങ്കരന്‍-പശുപതിയാണ് ഇതിന്റെ പ്രധാന ദേവത.
ആഗ്രഹായണി അഥവാ പ്രത്യവരോഹണം. മാര്‍ഗ ശീര്‍ഷമാസം പൌര്‍ണമിനാള്‍ ചെയ്യുന്ന കര്‍മമാണിത്. മഴക്കാലത്തു ദ്രവിച്ചുപോയ തറയും ഭിത്തിയും പൂശി നേരെയാക്കി നേരത്തെ സര്‍പ്പഭയം കൊണ്ട് കട്ടിലില്‍ കിടന്നിരുന്നവര്‍ വീണ്ടും പായ് വിരിച്ചു താഴെ കിടക്കാന്‍ തുടങ്ങുന്നു.
കൃഷികര്‍മം. വയല്‍ ഉഴുതു തുടങ്ങുന്നതിനുമുന്‍പു ചെയ്യുന്ന കര്‍മമാണ് കൃഷികര്‍മം അഥവാ ലാംഗലയോജനം. കൃഷിയെ സംബന്ധിക്കുന്ന ഇന്ദ്രന്‍, പര്‍ജന്യന്‍, മരുത്തുകള്‍ മുതലായ ദേവന്മാര്‍ക്കു പുറമേ മൂഷകരാജനും ആഹൂതി നല്കണമെന്നു ചില ഗൃഹ്യങ്ങളില്‍ പറയുന്നു.
ആഗ്രയണം അഥവാ നവാന്നപ്രാശനം. കൊയ്ത്തു കഴിഞ്ഞതിനുശേഷം പുതിയ ധാന്യം പാകം ചെയ്തു ദേവന്മാര്‍ക്കു ഹോമിച്ചതിനുശേഷം ഭക്ഷിക്കുന്നതാണു ഇതില്‍ പ്രമേയം.
ശൂലഗവം. ഗൃഹ്യസൂത്രങ്ങള്‍ വളരെ പ്രാധാന്യം കൊടുത്തു വിധിച്ചിട്ടുള്ള ഒരു കര്‍മമാണ് ശൂലഗവം. വസന്തത്തിലോ ശരത്തിലോ തിരുവാതിര നക്ഷത്രത്തില്‍ ഗ്രാമത്തിനു വെളിയില്‍ ഏകാന്തമായ സ്ഥലത്ത് അര്‍ധരാത്രി സമയത്തു നടത്തേണ്ടതാണിത്. കൊച്ചുകുട്ടികള്‍ ഈ കര്‍മം ചെയ്യുന്ന സ്ഥലത്തുവരാന്‍ പാടില്ലെന്നാണ് നിയമം. കാളയുടെ മാംസം പാകം ചെയ്തതും മറ്റു ഹവിസ്സുകളുമാണ് ഹോമദ്രവ്യം. ഇതിന്റെ ഒരംശവും ഭക്ഷിക്കാനോ ഗ്രാമത്തിനുള്ളില്‍ കൊണ്ടുവരാനോ പാടില്ല. രുദ്രനാണ് ഇതിലെ പ്രധാന ദേവത. ധനം, ധാന്യം, സന്താനം, കന്നുകാലികള്‍, ആയുസ്സ്, യശ്ശസ്സ് എന്നിവയാണ് ഈ കര്‍മത്തിന്റെ ഫലം. കന്നുകാലികള്‍ക്ക് രോഗം ബാധിച്ചാല്‍ തൊഴുത്തില്‍ ഈ കര്‍മം നടത്താന്‍ വിധിയുണ്ട്. എന്നാല്‍ അതില്‍ മാംസമില്ല. മരണാനന്തരം ഗൃഹസ്ഥനു ചെയ്യേണ്ട കര്‍മങ്ങളെയും ഗൃഹ്യസൂത്രങ്ങള്‍ വിസ്തരിച്ചു പ്രതിപാദിക്കുന്നു. അഗ്ന്യാധാനം ചെയ്ത ഗൃഹസ്ഥനു രോഗം ബാധിക്കുകയാണെങ്കില്‍ ഗ്രാമത്തിനു വെളിയില്‍ ചെന്നു താമസിക്കണമെന്നു പറയുന്നു. അയാള്‍ തിരികെ വന്നാലുള്ള യാഗത്തെ പ്രതീക്ഷിച്ചു അഗ്നി രോഗവിമുക്തമാക്കുമെന്നുള്ള വിശ്വാസമാണ് ഇതിന്നാധാരം. മരിച്ചു പോകുകയാണെങ്കില്‍ അവിടെത്തന്നെ കുഴികുഴിച്ച് അതില്‍ ചിതയൊരുക്കി ദഹിപ്പിക്കണം. കൃഷ്ണപക്ഷത്തിലെ ദശമിക്കുശേഷം കാലുമുതല്‍ തലവരെയുള്ള എല്ലാ അസ്ഥികളും തള്ളവിരലും മോതിരവിരലും ഉപയോഗിച്ചു പെറുക്കിയെടുത്ത് ഒച്ച കേള്‍ക്കാത്തവിധം ഒരു മണ്‍കുടത്തില്‍ പതുക്കെവച്ചു അടപ്പുകൊണ്ടുമൂടി ഒരു കുഴിയില്‍ വച്ചു മണ്ണിട്ടു നികത്തുന്നു. ഇതാണ് സഞ്ചയനം. അനന്തരം ശ്രാദ്ധാദികര്‍മങ്ങള്‍ ചെയ്യുന്നു. അന്തരിച്ച പൂര്‍വികന്മാരെ ബഹുമാനിക്കാനും അവരുടെ അനുഗ്രഹാശിസ്സുകള്‍ നേടുവാനുമായി എല്ലായ്പ്പോഴും ശ്രമിച്ചിരുന്നു. ബ്രഹ്മയജ്ഞത്തിന്റെ ഭാഗമായി ദിവസവും മൂന്നു തലമുറയിലെ പിതൃക്കള്‍ക്കു തര്‍പ്പണം ചെയ്യുകയും പാകം ചെയ്ത ചോറില്‍ ഒരംശം പിതൃക്കള്‍ക്കു നല്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ പിതൃക്കളെ ഉദ്ദേശിച്ച് മറ്റ് അവസരങ്ങളില്‍ ചെയ്യുന്ന കര്‍മത്തിനാണ് ശ്രാദ്ധമെന്നു പറയുന്നത്. എല്ലാ അമാവാസി ദിവസവും പിതൃക്കള്‍ക്ക് ശ്രാദ്ധം ചെയ്യേണ്ടതാണ്. പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ മൂന്ന് പിതൃക്കള്‍, രണ്ടു വിശ്വദേവന്മാര്‍ എന്നിങ്ങനെ അഞ്ചുപേരെ ഉദ്ദേശിച്ചു പ്രത്യേകം ഒരോന്നോ അതിലധികമോ ബ്രാഹ്മണരെ ക്ഷണിച്ചുപചരിച്ച് അവരെ (പിത്രാദികളെ) അവരില്‍ ആവാഹിച്ച് ഭോജനം നല്കി മിച്ചം വരുന്ന ചോറുകൊണ്ട് പിണ്ഡം ഇടുന്നതാണ് ശ്രാദ്ധം. പര്‍വദിവസമായ കറുത്തവാവിന്‍നാള്‍ ചെയ്യുന്ന ശ്രാദ്ധത്തിന് പാര്‍വണശ്രാദ്ധമെന്നു പറയുന്നു. ഹേമന്തശിശിരഋതുക്കളിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിതിഥികളില്‍ ചെയ്യുന്ന ശ്രാദ്ധമാണ് അഷ്ടകം. ഉപനയനം, വിവാഹം മുതലായ മംഗള കര്‍മങ്ങള്‍ക്കു മുന്‍പും പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ ശ്രാദ്ധം ചെയ്യുന്നു. ഇതിനെ ആദ്യുദയികം അഥവാ നാന്ദീശ്രാദ്ധമെന്നു പറയുന്നു. അന്തരിച്ച പൂര്‍വികന്മാരെ പിതൃക്കള്‍ എന്നാണു പറയുന്നത്. സാധാരണ മൂന്നു തലമുറയിലെ പിതൃക്കള്‍ക്കാണ് ശ്രാദ്ധമിടുന്നത്. എന്നാല്‍ അന്തരിച്ച വ്യക്തിക്ക് ഒരു വര്‍ഷം വരെ പിതൃസ്ഥാനമില്ല. ഒരു വര്‍ഷത്തിനുശേഷം സപീണ്ഡീകരണക്രിയ കൊണ്ടു മാത്രമേ പിതൃത്വം കിട്ടുകയുള്ളു. അതുവരെ പ്രേതനെന്നാണ് പറയുന്നത്. ഒരുവര്‍ഷം വരെ പ്രേതനെ ഉദ്ദേശിച്ചു പതിനാറു മാസിക ശ്രാദ്ധം നടത്തണം. പരേതനെ മാത്രം ഉദ്ദേശിച്ചു ചെയ്യുന്നതാകയാല്‍ ഇതിനെ ഏകോദ്ദിഷ്ടശ്രാദ്ധമെന്നു പറയുന്നു. ഇപ്രകാരം പിതൃകര്‍മങ്ങള്‍ ഗൃഹ്യസൂത്രത്തില്‍ വളരെ വിസ്തൃതമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ഗൃഹ്യങ്ങളിലെ സംസ്കാരങ്ങള്‍ മിക്കവാറും പുരുഷനെ ഉദ്ദേശിച്ചിട്ടുള്ളവയാണ്. ഗാര്‍ഗി, മൈത്രേയി മുതലായ ഒറ്റപ്പെട്ട വിദ്യാസമ്പന്നരായ സ്ത്രീകളെ കാണാമെങ്കിലും ഉപനയനം മുതലായ സംസ്കാരങ്ങള്‍ സ്ത്രീകള്‍ക്കു നടത്തിയിരുന്നില്ല. 'ഗര്‍ഭാഷ്ടമേ ബ്രാഹ്മണമുപനയീത' എന്നിടത്ത് ബ്രാഹ്മണം എന്ന പുല്ലിംഗം വിവക്ഷിതമാണെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് അതില്ലെന്നും വ്യാഖ്യാതക്കള്‍ പറയുന്നു. സ്ത്രീപ്രജകള്‍ക്കു ചെയ്യുന്ന സംസ്കാരങ്ങളില്‍ത്തന്നെ പലതും മന്ത്രമില്ലാതെ ചെയ്യണമെന്നു വിധിക്കുന്നുണ്ട്. വിവാഹാദികര്‍മങ്ങളില്‍ത്തന്നെ മന്ത്രമുച്ചരിക്കുന്നത് പുരുഷനാണ്. ക്രിയകള്‍ ചെയ്യുന്നതും പുരുഷന്‍തന്നെയാണ്. വിവാഹം എന്ന ക്രിയയ്ക്കു പുരുഷന്‍ കര്‍ത്താവും സ്ത്രീ കര്‍മവുമാണ്. രണ്ടുപേരും കര്‍ത്താക്കളല്ല. സംസ്കാരങ്ങളാണ് ഗൃഹ്യസൂത്രങ്ങളിലെ പ്രധാന പ്രതിപാദ്യങ്ങളെങ്കിലും ചില ഗൃഹ്യസൂത്രങ്ങളില്‍ ഗൃഹനിര്‍മാണം, രോഗനിവാരണത്തിനുള്ള പലവിധക്രിയകള്‍, ഉച്ചാടനം, മാരണം, വശീകരണം, വിഘ്നനാശനം പലവിധത്തിലുള്ള ദുശ്ശകുനങ്ങളും അവയുടെ പ്രായശ്ചിത്തവും എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ വിവരിക്കപ്പെട്ടിരിക്കുന്നു.
ഗൃഹ്യസൂത്രങ്ങളുടെ ആരംഭകാലം പാണിനിക്കു മുമ്പാണെന്നാണ് അഭിജ്ഞമതം. അതു കൊണ്ട് ആശ്വലായന ഗൃഹ്യസൂത്രം പോലെയുള്ള ആദ്യകാല സൂത്രങ്ങളുടെ കാലം ഏകദേശം ക്രിസ്തുവിനു മുമ്പ് ആയിരം വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്താക്കാന്‍ ഇടയില്ല. പ്രധാനപ്പെട്ട മിക്ക ഗൃഹ്യസൂത്രങ്ങളും പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്.
(പ്രൊഫ. വി. വെങ്കടരാജ ശര്‍മ)