This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുപ്തന്‍ നായര്‍, എസ്. (1919 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗുപ്തന്‍ നായര്‍, എസ്. (1919 - 2005)
മലയാള സാഹിത്യനിരൂപകനും ഉപന്യാസകാരനും. അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ്. സംസ്കൃത പണ്ഡിതനും പ്രസിദ്ധ ആയുര്‍വേദ വൈദ്യനുമായിരുന്ന ഒളശ്ശ പി. ശങ്കരപ്പിള്ളയുടെയും ശങ്കരിയമ്മയുടെയും പുത്രനായി 1919 ആഗ. 23- ന് ഓച്ചിറയില്‍ ജനിച്ചു. കായംകുളം സര്‍ക്കാര്‍ സ്കൂളിലും തിരുവനന്തപുരം സയന്‍സ് കോളജിലും ആര്‍ട്ട്സ് കോളജിലും വിദ്യാഭ്യാസം നടത്തി. 1941 -ല്‍ ബി.എ. ഓണേഴ്സ് (മലയാളം) ബിരുദം നേടി. കുറച്ചുനാള്‍ മലയാളി ദിനപത്രത്തിന്റെ പത്രാധിപരായിരുന്നശേഷം 1945-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ മലയാളം ലക്ചറര്‍ ആയി. തുടര്‍ന്ന് തലശ്ശേരി, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് കോളേജുകളില്‍ പ്രൊഫസറായും വകുപ്പധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നാലുവര്‍ഷക്കാലം (1970-74) കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളം പ്രൊഫസറായും (1975-78), കേരള സര്‍വകലാശാലയില്‍ യു.ജി.സി. പ്രൊഫസറായും (1978-81) ജോലിനോക്കി. 1978-ല്‍ അധ്യാപകവൃത്തിയില്‍നിന്നു വിരമിച്ചു. ഗ്രന്ഥാലോകം, വിജ്ഞാന കൈരളി, സന്നിധാനം എന്നീ മാസികകളുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് (1984), കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ (1984-87) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹൃദയത്വവും ഉള്‍ക്കാഴ്ചയും അപഗ്രഥന പാടവവും പ്രതിപാദനത്തിലെ ശൈലീസൗഭഗവും ഇദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനത്തിലെ വ്യക്തി മുദ്രകളാണ്. പാരമ്പര്യത്തെയും ആധുനികതയെയും സമനില പാലിച്ചുകൊണ്ട് സമന്വയിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ സാഹിത്യ വിമര്‍ശകസംസ്കാരം.
ആധുനിക സാഹിത്യം, സമാലോചന, ക്രാന്തദര്‍ശികള്‍, ഇസങ്ങള്‍ക്കപ്പുറം ,കാവ്യസ്വരൂപം, തിരയും ചുഴിയും, പുനരാലോചന, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്നിവയാണു മുഖ്യകൃതികള്‍. കണ്‍സൈസ് ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇദ്ദേഹത്തിന്റെ മറ്റൊരു വിലപ്പെട്ട സംഭാവനയാണ്. ഇസങ്ങള്‍ക്കപ്പുറം എന്ന കൃതിക്ക് 1967-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ക്ക് 1982-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 15 -ലേറെ കൃതികളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മനസാസ്മരാമിയാണ് ആത്മകഥ. 2005 സെപ്. 19-ന് അന്തരിച്ചു.