This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുഡ് ഹോപ്പ് മുനമ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗുഡ് ഹോപ്പ് മുനമ്പ്
Cape of Good Hope
ആഫ്രിക്കയുടെ തെക്കു പടിഞ്ഞാറേ അറ്റം. വാണിജ്യ-നാവിക ചരിത്രത്തിലെ ഒരു നിര്‍ണായകസ്ഥാനമാണിവിടം. പോര്‍ച്ചുഗീസ് നാവികനായ ബര്‍ത്തലോമിയോ ഡയസ് 1487-ല്‍ ആദ്യമായി ഈ മുനമ്പില്‍ എത്തിച്ചേര്‍ന്നു. ഇവിടത്തെ കാറ്റിന്റെ ഭീകരത അതിന്റെ മുഴുവന്‍ ശക്തിയില്‍ അനുഭവിക്കാന്‍ ഇടയായ ഡയസ് ഈ മുനമ്പിന് കാബോ ടോര്‍മെന്റോസോ (cape of Torment or storms) എന്നു പേര് നല്കി. എന്നാല്‍ 1497-ല്‍ വാസ്കോ ദ ഗാമ ഈ മുനമ്പിനെ ചുറ്റി ഇന്ത്യയില്‍ വന്നു മടങ്ങുമ്പോള്‍ കൊണ്ടുചെന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ കണ്ട് പോര്‍ച്ചുഗല്‍ രാജാവായ ജോണ്‍ II അതീവ സന്തുഷ്ടനായി. ഇപ്രകാരം അളവറ്റ സമ്പത്തു ശേഖരിക്കാനിടയാക്കിയ യാത്ര സാധ്യമായത് ഈ മുനമ്പുണ്ടായിരുന്നതിനാലാണ് എന്നതിനാല്‍ രാജാവ് ഇതിന്റെ പേര് കാബോ ദ ബൊവാ എസ്പാറാന്‍സാ ( Cape of Good Hope - ശുഭപ്രതീക്ഷകളുടെ മുനമ്പ്) എന്നു മാറ്റി.
ശരിയായ മുനമ്പുഭാഗം ഉദ്ദേശം അഞ്ച് കി.മീ. നീളത്തില്‍ കടലിലേക്കുന്തി നില്ക്കുന്ന ഒരു പാറയാണ്. പ. അത് ലാന്തിക് സമുദ്രത്തിനും കി. ഫാള്‍സ് ബേയ്ക്കുമിടയ്ക്കാണ് ഗുഡ്ഹോപ്പ് മുനമ്പിന്റെ സ്ഥാനം. ആ മുനമ്പ് ചുറ്റുന്നതോടെ ആഫ്രിക്കയെ മുഴുവന്‍ ചുറ്റിയതായി പ്രാചീന നാവികര്‍ വിശ്വസിച്ചിരുന്നതിനാലാണ് ഈ ഉള്‍ക്കടല്‍ ഭാഗത്തിന് ഫാള്‍സ്ബേ എന്ന പേരുവന്നത്.
കേപ് പ്രവിശ്യ. തെക്കേ ആഫ്രിക്കയിലെ ഏറ്റവും വലിയ പ്രവിശ്യയ്ക്കും കേപ്ഒഫ് ഗുഡ് ഹോപ്പ് എന്നു തന്നെയാണ് പേര്‍. കേപ് പ്രോവിന്‍സ് എന്നും പറയും. പോര്‍ച്ചുഗീസ് നാവികന്‍ ആദ്യമായി കണ്ടുപിടിച്ചെങ്കിലും മുനമ്പിലെ പ്രഥമകുടിയേറ്റക്കാര്‍ ഡച്ചുകാരായിരുന്നു. ജാന് വാന്‍ റൈബീക്കിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഡച്ച് കോളനി മുനമ്പില്‍ ജന്മമെടുത്തു (1652). എന്നാല്‍ അധികകാലം ഈ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ഡച്ചുകാര്‍ക്കായില്ല. വളരെ പെട്ടെന്ന് ബ്രിട്ടീഷുകാര്‍ ഈ കോളനി സ്വന്തമാക്കി. 1910-വരെ ഇത് ബ്രിട്ടീഷ് കോളനിയായി തുടര്‍ന്നു. 1910-ല്‍ ദക്ഷിണാഫ്രിക്കന്‍ യൂണിയന്‍ രൂപീകൃതമായതോടെ ബ്രിട്ടീഷ് മേല്ക്കോയ്മ അവസാനിച്ചു.
അത് ലാന്തിക്-ഇന്ത്യന്‍ സമുദ്രങ്ങള്‍ക്കിടയില്‍ കാണുന്ന ആഫ്രിക്കയുടെ തെക്കേയറ്റമാണ് കേപ് പ്രവിശ്യ. അനേകം ഉള്‍വളവുകളുള്ള ഒന്നാന്തരമൊരു കടല്‍ത്തീരമാണ് ഇതിനുള്ളത്. റ്റേബിള്‍ ബേ, ഫാള്‍സ് ബേ എന്നിവയെ വേര്‍തിരിക്കുന്ന കേപ് പെനിന്‍സുല, ഗുഡ് ഹോപ്പ് മുനമ്പായി അവസാനിക്കുന്നു. ഇന്ത്യാസമുദ്രത്തിലെ കേപ് അഗൂളാസ് ആണ് ആഫ്രിക്കയുടെ ഏറ്റവും തെക്കേയറ്റം.
'വെല്‍ഡ്'(Veld) എന്നറിയപ്പെടുന്ന ഉയര്‍ന്ന പീഠഭൂമിയിലാണ് കേപ് പ്രവിശ്യ സ്ഥിതിചെയ്യുന്നത്. പ്രവിശ്യയുടെ വിസ്തൃതി (വാല്‍വിസ് ഉള്‍ക്കടല്‍ ഒഴികെ) 7,12,870 ച.കി.മീ. ജനസംഖ്യ: 3,497,097 (2007). കേപ്ടൗണ്‍ (തലസ്ഥാനം), കിംബര്‍ലി, പോര്‍ട്ട് എലിസബത്ത്, ഈസ്റ്റ് ലണ്ടന്‍, പാള്‍, മോസല്‍ ബേ, കിങ് വില്യംസ് ടൗണ്‍, സൈമണ്‍സ് ടൗണ്‍, ക്വീന്‍സ് ടൗണ്‍ എന്നിവയാണ് പ്രധാന പട്ടണങ്ങള്‍. നേറ്റാള്‍ വരെയെത്തുന്ന ഡ്രക്കന്‍സ്ബര്‍ഗ് ആണ് ഏറ്റവും പ്രധാനപ്പെട്ട പര്‍വതനിര. പെതുവേ വരണ്ട കാലാവസ്ഥയാണെങ്കിലും അത്യുഷ്ണമോ അതിശൈത്യമോ അനുഭവപ്പെടുന്നില്ല. കൃഷി, ആടുവളര്‍ത്തല്‍, ഖനനം എന്നിവയാണ് ജനങ്ങളുടെ പ്രധാനതൊഴിലുകള്‍. ഓക്കീപ്പ് എന്നയിടത്തുനിന്നു കിട്ടുന്ന ചെമ്പും വിശ്രുതമായ കിംബര്‍ലി വൈരങ്ങളും സുപ്രധാന ഖനിജങ്ങളില്‍പ്പെടുന്നു. വൈരം മുറിക്കുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളൊഴിച്ചാല്‍ പ്രവിശ്യയിലേക്കാവശ്യമായ മറ്റെല്ലാകാര്യങ്ങള്‍ക്കും വേണ്ട സാധനങ്ങള്‍ ഇവിടത്തെ ഫാക്റ്ററികളില്‍ത്തന്നെ നിര്‍മിച്ചെടുക്കുന്ന ഒരു സ്വയംപര്യാപ്ത നാടാണിത്. ഭക്ഷണ സാധനങ്ങള്‍ സംസ്കരിച്ച് സൂക്ഷിക്കുന്ന ഫാക്റ്ററികള്‍, വാഹനങ്ങള്‍ ചേര്‍ത്തിണക്കുന്ന അസംബ്ളിങ് യൂണിറ്റുകള്‍, ടെക്സ്റ്റൈല്‍ മില്ലുകള്‍, തുകലുത്പന്ന-ഫാക്റ്ററികള്‍ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. മത്സ്യവ്യവസായം ഏറെ പുരോഗതി നേടിയിട്ടുണ്ട്. ലോബ്സ്റ്റര്‍ വ്യവസായമാണ് കൂട്ടത്തില്‍ പ്രധാനം.
പ്രവിശ്യയുടെ തലസ്ഥാനമായ കേപ്ടൗണ്‍ മുഖ്യതുറമുഖം കൂടിയാണ്. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനവും കേപ്ടൗണ്‍ തന്നെ. ലോകത്ത് ഏറ്റവും മനോഹരമായ പട്ടണങ്ങളില്‍ ഒന്നായ ഇത് ഒരു സാംസ്കാരിക-വാണിജ്യ കേന്ദ്രം കൂടിയാണ്. ഗുഡ്ഹോപ്പ് മുനമ്പില്‍ നിന്നു കഷ്ടിച്ചു 20 കി.മീ. വടക്കുമാറി ടേബിള്‍ പര്‍വതത്തിനുതാഴെ ടേബിള്‍ ബേയുടെ കരയിലാണ് ഇതിന്റെ സ്ഥാനം. കേപ്ടൗണിലെ പ്രധാനപാതയായ ആഡര്‍ലി സ്റ്റ്രീറ്റിന്റെ മുകളറ്റത്തായി പാര്‍ലമെന്റ് മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്നു. സിറ്റിഹാളിനടുത്തായിട്ട് തെ.ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയ കൊട്ടാരം കാണാം. 17-ാം ശ.-ത്തിലാണ് ഇതു നിര്‍മിച്ചത്. കേപ്ടൗണ്‍ സര്‍വകലാശാലാകേന്ദ്രം നഗരപ്രാന്തത്തിലായുള്ള റോണ്‍ഡിബോഷ് എന്ന സ്ഥലത്താണ്.
1652-ല്‍ ഡച്ചുകാര്‍ സ്ഥാപിച്ച കേപ്ടൗണ്‍ ദക്ഷിണാര്‍ധഗോളത്തിലെ തന്നെ ഏറ്റവും മുന്തിയ തുറമുഖങ്ങളിലൊന്നാകുന്നു. വൈരം, സ്വര്‍ണം, കമ്പിളി, തുകല്‍, ഉണക്കിയതും ടിന്നിലടച്ചതുമായ പഴങ്ങള്‍, വൈന്‍, ബ്രാന്‍ഡി, റോക്ക് ലോബ്സ്റ്റര്‍ എന്നിവയാണ് പ്രധാന കയറ്റുമതിയിനങ്ങള്‍. വാഹനഭാഗങ്ങളും യന്ത്രങ്ങളും പ്രധാന ഇറക്കുമതിയില്‍പ്പെടുന്നു.
കേപ് പ്രവിശ്യയുടെ തെ. കിഴക്കന്‍ തീരത്തുള്ള പോര്‍ട്ട് എലിസബത്തും ഈസ്റ്റ് ലണ്ടനും പ്രധാന ഉത്പാദനകേന്ദ്രങ്ങളാണ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നിയമിക്കുന്ന ഒരു അഡ്മിനിസ്റ്റ്രേറ്റര്‍ ആണ് പ്രവിശ്യയുടെ ഭരണാധികാരി. അഡ്മിനിസ്റ്റ്രേറ്റര്‍ ഒഴിച്ചുള്ള പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. കൗണ്‍സില്‍ പാസാക്കുന്ന നിയമങ്ങള്‍ ഓര്‍ഡിനന്‍സുകളാണ്. പ്രവിശ്യയുടെ ഭരണത്തിനും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടിവരുന്ന എല്ലാ നിയമങ്ങളും ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്നു.