This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ(അക്ഷരം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗ (അക്ഷരം)
മലയാള അക്ഷരമാലയിലെ മൂന്നാമത്തെ വ്യഞ്ജനം. ഇത് 'ക' വര്‍ഗത്തിലെ മൃദുവും, നാദിയായ അല്പപ്രാണവും കണ്ഠ്യവും ആകുന്നു. ('അകുഹ വിസര്‍ജനീയാനാം കണ്ഠഃ' എന്ന് അഷ്ടാധ്യായി). 'ഗ്' എന്നതിനോട് 'അ'കാരം ചേര്‍ന്ന് ലിപിയും ഉച്ചാരണവും (ഗ്+അ=ഗ) ഉണ്ടാകുന്നു.
ഖരോച്ചാരണത്തില്‍ കണ്ഠരന്ധ്രം തുറക്കുന്നു. 'ഗ' എന്ന മൃദുവിന്റെ ഉച്ചാരണത്തിലാകട്ടെ, കണ്ഠരന്ധ്രം ചുരുങ്ങുന്നു. സംസ്കൃതത്തില്‍നിന്നാണ് മറ്റു ഭാഷകള്‍ ഈ വ്യഞ്ജനം സ്വീകരിച്ചത്. തെലുഗു, കന്നഡ തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദി, കശ്മീരി, പഞ്ചാബി, ഗുജറാത്തി, അസമിയ, ബംഗാളി, ഉറുദു, ഒഡിയ എന്നീ ഉത്തരേന്ത്യന്‍ ഭാഷകളിലും ഈ അക്ഷരമുണ്ട്. ബ്രാഹ്മിയിലും 'ഗ' ഉണ്ട്. സിംഹളം, ബര്‍മീസ് തുടങ്ങിയ വിദേശഭാഷകളിലും 'ഗ' കാരം കാണാം. എന്നാല്‍ 'ഗ'യും 'ഗ' ചേര്‍ന്ന് സംയുക്താക്ഷരങ്ങളും ദ്രാവിഡഭാഷാപദങ്ങളില്‍ സാധാരണയായി കാണുന്നില്ല. മലയാളത്തില്‍ എഴുതുന്നത് 'ഗ' എന്നാണെങ്കിലും ഉച്ചരിക്കുമ്പോള്‍ 'എ'കാരച്ഛായ വരുന്നു. ഗന്ധം-ഗെന്ധം, ഗണപതി-ഗെണപതി. ഇങ്ങനെ 'അ'കാരം ദുഷിച്ച് 'എ'കാരച്ഛായയില്‍ വരുന്നതിന് 'താലവ്യാകാരം' എന്നു പറയാം.
സംഗീതശാസ്ത്രത്തില്‍ സപ്തസ്വരത്തിലെ 'ഗാന്ധാര'ത്തെയും വൃത്തശാസ്ത്രത്തില്‍ 'ഗുരു'വിനെയും സൂചിപ്പിക്കുന്ന ചുരുക്കെഴുത്താണ് 'ഗ'കാരം.