This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുജ്ജാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:53, 30 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗുജ്ജാര്‍

ഉത്തരേന്ത്യയിലെ ഒരു ജനവിഭാഗം. ഗുര്‍ജാര, ഗൂജാര്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നു. ഡല്‍ഹി, ജമ്മുകാശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് മുഖ്യമായും ഇവര്‍ നിവസിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലകളിലും പാകിസ്താനിലെ ഏതാനും പ്രവിശ്യകളിലും ഇവര്‍ നിവസിക്കുന്നുണ്ട്. പാകിസ്താനില്‍, പ്രത്യേകിച്ച് പാക്കധീന കാശ്മീരിലാണ് ഗുജ്ജാറുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. പാകിസ്താനിലെതന്നെ ഗുര്‍ജാന്‍വാല, ഗുജാര്‍ഖാന്‍, ഗോജ്റ തുടങ്ങിയ സ്ഥലങ്ങളിലും ഈ വിഭാഗക്കാര്‍ ധാരാളമായി ഉണ്ട്. ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി തുടങ്ങിയ നഗരങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ട്.

ഗുജ്ജാര്‍ യുവാവ്

ഗുജ്ജാറുകള്‍ പ്രധാനമായും ഹിന്ദു, സിഖ്, ഇസ്ലാം മതവിശ്വാസികളാണ്. ഹിന്ദു, സിഖ് മതവിശ്വാസികളായ ഗുജ്ജാറുകള്‍ ക്ഷത്രിയരാണെന്നു അവകാശപ്പെടുമ്പോള്‍ മുസ്ലിം ഗുജ്ജാറുകള്‍ പൊതുവേ സുന്നി വിഭാഗക്കാരാണ്. ഇവര്‍ പ്രധാനമായും കാശ്മീരി ഗോത്രജനവിഭാഗത്തിന്റെ പിന്‍ഗാമികളാകുന്നു.

പൊതുവേ നാടോടികളായ ഗുജ്ജാറുകളുടെ പൂര്‍വകാല ചരിത്രം തികച്ചും സങ്കീര്‍ണവും അവ്യക്തവുമാണ്. ഹൂണ വംശജരുടെ അധിനിവേശകാലത്താണ് ഗുജ്ജാറുകള്‍ ഇന്ത്യയില്‍ കുടിയേറിയതെന്നു അനുമാനിക്കുന്നു. ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങ്, തന്റെ സഞ്ചാരവിവരണങ്ങളില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ഗുജ്ജാറുകളുടേതായ ഒരു രാജ്യത്തെപ്പറ്റിസൂചന നല്‍കുന്നുണ്ട്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഗുജ്ജാറുകളുടെ ശക്തമായ ഇടപെടലുകളെപ്പറ്റി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1871-ല്‍ ബ്രിട്ടീഷുകാര്‍ രൂപകല്പന ചെയ്ത 'ക്രിമിനല്‍ ട്രൈബ്സ്' നിയമത്തിന്റെ (Criminal Tribes Act, 1871) പരിധിയില്‍ ഗുജ്ജാറുകളെയും ഉള്‍പ്പെടുത്തിയിരുന്നു (1952-ല്‍ ഈ നിയമം റദ്ദാക്കി).

വിവിധ ഗോത്രങ്ങളായാണ് ഗുജ്ജാറുകള്‍ നിവസിക്കുന്നത്. ഗോര്‍സി, കാല്‍സ്, മുണ്ടന്‍, ചാര്‍ച്ച്, ജിന്നര്‍, ചൗഹാന്‍, ചേച്ചി, റാവത്, തന്‍വാര്‍, മാവി, ഭാട്ടി തുടങ്ങിയവ ഇവര്‍ക്കിടയിലെ പ്രധാന ഗോത്രങ്ങളാകുന്നു. ഒരു കാലത്ത് ഇവര്‍ക്കിടയില്‍ ശൈശവ വിവാഹം വ്യാപകമായിരുന്നു. ചില ഗോത്രങ്ങള്‍ക്കിടയില്‍ അപൂര്‍വമായി ഇപ്പോഴും ശൈശവവിവാഹം നിലനില്‍ക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സാധാരണയായി 18 വയസ്സിനു മുമ്പ് സ്ത്രീകളും 25-ന് മുമ്പ് പുരുഷന്മാരും വിവാഹിതരാകുന്നു. ജനസംഖ്യയില്‍ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതലായതിനാല്‍ ഇപ്പോഴും ഇവര്‍ക്കിടയില്‍ ബഹുഭര്‍തൃത്വം നിലനില്‍ക്കുന്നുണ്ട്. ജനന സമയത്തും വിവാഹ വേളയിലുമെല്ലാം ഇവര്‍ സവിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാറുണ്ട്. മരിച്ചാല്‍ ശവം ദഹിപ്പിക്കുകയാണ് പതിവ്. മക്കത്തായ സമ്പ്രദായത്തിനാണ് ഇവര്‍ക്കിടയില്‍ പ്രാബല്യം.

സൂര്യന്‍, പശു തുടങ്ങിയവയാണ് ഇവരുടെ ആരാധനാമൂര്‍ത്തികള്‍. വൈഷ്ണവദേവി, ജ്വാലാദേവി, കാളി, ദുര്‍ഗ തുടങ്ങിയ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങള്‍ ഇവര്‍ക്ക് പുണ്യസ്ഥലങ്ങളാണ്. ചാമര്‍, വാല്മീകി തുടങ്ങിയ സമുദായങ്ങളില്‍ നിന്ന് ഇവര്‍ ഭക്ഷണവും മറ്റും സ്വീകരിക്കാറില്ല.

കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് ഗുജ്ജാറുകളുടെ മുഖ്യജീവനോപാധികള്‍. പ്രധാനമായും ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. വനപ്രദേശങ്ങളിലും മറ്റും ജീവിച്ച് ഉപജീവനം നടത്തുന്ന ഗുജ്ജാറുകള്‍ 'വന്‍ ഗുജ്ജാര്‍' എന്നറിയപ്പെടുന്നു. ഒരു കാലത്ത് പൂര്‍ണമായും നിരക്ഷരരായിരുന്ന ഈ സമുദായം ഇപ്പോള്‍ ചെറിയ തോതിലെങ്കിലും സാക്ഷരത കൈവരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഉദ്യോഗരംഗങ്ങളിലും ഇപ്പോള്‍ ഇവരുടെ പ്രാതിനിധ്യം ഉണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലും ഗുജ്ജാര്‍ സമുദായക്കാരായ അംഗങ്ങള്‍ ഉണ്ട്. ഓരോ സംസ്ഥാനത്തിലും ഇവരുടെ സാമുദായികനില (Community Status) പലതാണ്. പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലുമെല്ലാം ഇവരെ മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി.) ആണുള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കാശ്മീരിലെയും മധ്യപ്രദേശിലെയും മുസ്ലിം ഗുജ്ജാറുകള്‍ക്ക് സര്‍ക്കാര്‍ പട്ടികവര്‍ഗ (എസ്.ടി.) പദവിയാണ് നല്കിയിരിക്കുന്നത്. ഇക്കാരണത്താല്‍ ഇവരുടെ സംവരണത്തെച്ചൊല്ലി പല വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. 2002-ല്‍ ഗുജ്ജാറുകള്‍ 'ഗുര്‍ജാരിസ്ഥാന്‍' എന്ന പേരില്‍ തങ്ങള്‍ക്കായി ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. 2008-ല്‍, രാജസ്ഥാനിലെ ഗുജ്ജാറുകള്‍, പട്ടികജാതിപദവി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരം അക്രമാസക്തമാകുകയും സംഘര്‍ഷത്തില്‍ നാല്പതോളംപേര്‍ കൊല്ലപ്പെടുകയുമുണ്ടായി. ആള്‍ ഇന്ത്യ ഗുജ്ജാര്‍ മഹാസഭ, ഗുജ്ജാര്‍ സമാജ് സുധാര്‍ സഭ, ഗുജ്ജാര്‍ വികാസ് പരിഷത്, ഇന്ത്യ ഗുജ്ജാര്‍ പരിഷത് തുടങ്ങിയ സംഘടനകള്‍ ഇവരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍