This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുജറാത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:09, 28 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഗുജറാത്ത്

ഇന്ത്യയുടെ പശ്ചിമതീരത്തു സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനം. വ. അക്ഷാ 20o07' മുതല്‍ 24o43' വരെയും കി. രേഖാ 68o07' മുതല്‍ 74o29' വരെയും വ്യാപിച്ചുകിടക്കുന്നു. ഗുജറാത്തിന്റെ പ. അറേബ്യന്‍ കടല്‍; വ.പ. പാകിസ്താന്‍; വടക്ക്, കിഴക്ക്, തെക്ക്, തെ. പടിഞ്ഞാറ് ഭാഗങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ദാമന്‍-ദിയു കേന്ദ്രഭരണ പ്രദേശവും അതിരുകള്‍ നിര്‍ണയിക്കുന്നു. സംസ്ഥാനത്തിന് 1290 കി.മീ. കടല്‍ത്തീരമുണ്ട്. കടലില്‍ നിന്ന് 160 കി.മീറ്ററിലേറെ അകലമുള്ള ഒരു പ്രദേശവും ഈ സംസ്ഥാനത്തിലില്ല. 1,96,024 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഗുജറാത്ത് ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 5.96 ശ.മാ. ഉള്‍ക്കൊള്ളുന്നു; വിസ്തൃതിയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ 9-ാം സ്ഥാനവുമാണുള്ളത്. ജനസംഖ്യ: 6,03,83628 (2011).

1960-ല്‍ ബോംബെ സംസ്ഥാനത്തിന്റെ ഭാഷാപരവിഭജനത്തിലൂടെ നിലവില്‍ വന്ന സംസ്ഥാനമാണു ഗുജറാത്ത്. വ്യവസായ കേന്ദ്രമായ അഹമ്മദാബാദ് ആയിരുന്നു മുന്‍ തലസ്ഥാനം. ഈ നഗരത്തിനു തൊട്ടുവടക്കായി വികസിപ്പിച്ചെടുത്ത ആയോജിതനഗരമായ ഗാന്ധിനഗര്‍ ആണ് ഇപ്പോഴത്തെ തലസ്ഥാനം. പ്രധാന ഭാഷ ഗുജറാത്തി.

ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂപ്രകൃതി

തികച്ചും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ഗുജറാത്തിന്റേത്. ദക്ഷിണ ഗുജറാത്ത് സാമാന്യം മഴ ലഭിക്കുന്നതും ഫലപുഷ്ടവുമായ തീരസമതലമാണ്. വടക്കരികിലെ കച്ച് പ്രദേശത്ത് മഴ നന്നേ കുറവാണ്. വരണ്ട ഉപ്പുപാടങ്ങളും ചതുപ്പുകളുമാണ് ഇവിടെയുള്ളത്. വരള്‍ച്ചയുടെ കാഠിന്യം വച്ച് കച്ച് പ്രദേശത്തെ മരുഭൂമി എന്നുതന്നെ വിശേഷിപ്പിക്കാം. കച്ച് ഉള്‍ക്കടലിനു വടക്കായി കിടക്കുന്ന ഭൂവിഭാഗത്തെ റാന്‍ ഒഫ് കച്ച് എന്നുവിളിക്കുന്നു. ഇന്ത്യയെ അയല്‍ രാജ്യമായ പാകിസ്താനില്‍ നിന്നു വേര്‍തിരിക്കുന്ന ഇതിന്റെ വിസ്തൃതി ഉദ്ദേശം 20,500 ച.കി.മീ. വരും. മഴക്കാലത്തു വിരളമായുണ്ടാകുന്ന പേമാരികളെത്തുടര്‍ന്ന് റാന്‍ ഓഫ് കച്ച് പ്രളയ ബാധിതമാവുന്നതോടെ കച്ച് മേഖല ഒരു ദ്വീപായി രൂപാന്തരപ്പെടുക പതിവാണ്. വരണ്ട കാലാവസ്ഥയിലാകട്ടെ ഈ മേഖല ഉപ്പളങ്ങളും മണല്‍പ്പരപ്പുകളുമായി മാറുന്നു. ഇക്കാലത്ത് ഇടയ്ക്കിടെ ശക്തമായ പൂഴിക്കൊടുങ്കാറ്റും (dust storm) അനുഭവപ്പെടാറുണ്ട്. കച്ച് ഉള്‍ക്കടലിനും, തെ. കാംബേ ഉള്‍ക്കടലിനും മധ്യേ കിടക്കുന്ന ഉപദ്വീപാണ് സൗരാഷ്ട്രം (കത്തിയവാഡ്). തീരസമതലം ക്രമേണ ചാഞ്ഞുയര്‍ന്ന് ഉപദ്വീപിന്റെ മധ്യോത്തരഭാഗത്ത് കുന്നുകളും മേടുകളും നിറഞ്ഞ് ഉന്നതതടമായി മാറുന്ന ഭൂപ്രകൃതിയാണ് സൗരാഷ്ട്രയില്‍ കാണുന്നത്. പൊതുവേ വരണ്ട കാലാവസ്ഥയുള്ള ഈ ഉപദ്വീപിലെ മണ്ണിനങ്ങള്‍ വളക്കൂറുള്ളവയാണ്.

സബര്‍മതി, മഹി, നര്‍മദ, തപ്തി എന്നീ നദികളുടെ താഴ്വാരങ്ങളെ ഉള്‍ക്കൊള്ളുന്ന വന്‍കരഭാഗമാണ് സംസ്ഥാനത്തെ മറ്റൊരു ഭൂവിഭാഗം. ഈ നാലുനദികളും പടിഞ്ഞാറേക്കൊഴുകി അറേബ്യന്‍ കടലില്‍ പതിക്കുന്നവയാണ്. വ.പാലന്‍പൂര്‍ മുതല്‍ കി. സാത്പുറ നിരകള്‍ വരെ ക്രമരഹിതമായും ഇടവിട്ടും നീളുന്ന കുന്നുകളാണ് വന്‍കരഭാഗത്തെ പ്രധാനഭൂദൃശ്യം. നര്‍മദ, തപ്തി എന്നീ നദികള്‍ക്കിടയിലെ ജലവിഭാഗമായി (water divide) വര്‍ത്തിക്കുന്നത് ഈ കുന്നിന്‍നിരകളാണ്. സൗരാഷ്ട്രാഉപദ്വീപ് വന്‍കര ഭാഗവുമായി ബന്ധിക്കുന്നയിടത്തും ഉയരം കുറഞ്ഞ കുന്നുകളുണ്ട്. മേല്‍സൂചിപ്പിച്ച കുന്നിന്‍നിരകളാല്‍ വലയം ചെയ്യപ്പെട്ട നിലയിലാണ് ഗുജറാത്തിലെ ഫലപുഷ്ടമായ എക്കല്‍ സമതലത്തിന്റെ കിടപ്പ്. പ്രധാന നദികളും അവയുടെ കൈവഴികളുംമൂലം വിഖണ്ഡിതമായിട്ടുള്ള സമതലപ്രദേശത്ത് അങ്ങിങ്ങായി മൊട്ടക്കുന്നുകള്‍ ഒറ്റയ്ക്കും കൂട്ടമായും എഴുന്നു കാണുന്നു. ദക്ഷിണ ഗുജറാത്തിലെ നീളം കുറഞ്ഞ നദികള്‍ പരസ്പരസമാന്തരമായൊഴുകി നേരിട്ടു കടലില്‍ ലയിക്കുന്നവയാണ്. സബര്‍മതി, മഹി എന്നിവയുടെ പതന സ്ഥലങ്ങള്‍ ചതുപ്പുനിലങ്ങളാകുന്നു. തീരസമതലം പൊതുവേ ഉപ്പു-ചതുപ്പുകളും മണല്‍പ്പുറങ്ങളുമാണ്; അങ്ങിങ്ങായി ചരല്‍പ്പരപ്പുകളും ഉപസ്ഥിതമായിരിക്കുന്നു.

ഉപദ്വീപിനെ ഉന്നതപ്രദേശം, ഉള്‍നാടന്‍ സമതലം, സൗരാഷ്ട്രതീരം എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ഉയരം കുറഞ്ഞ കുന്നിന്‍ നിരകളും അവയ്ക്കിടയ്ക്കായി വീതികുറഞ്ഞ എക്കല്‍ താഴ്വരകളും ഇടകലര്‍ന്ന, തികച്ചും നിമ്നോന്നതമായ ഭൂപ്രകൃതിയാണ് ഉന്നത പ്രദേശത്തുള്ളത്. ആരവല്ലിമലയുടെ പിരിവുകളായ ഇവയെക്കൂടാതെ ഉപദ്വീപിന്റെ മധ്യഭാഗത്ത് എടുത്തുപറയാവുന്ന ഏതാനും മലനിരകള്‍ കൂടി ഉണ്ട്. സൗരാഷ്ട്ര തീരത്തിലെ വിവിധയിനങ്ങളില്‍പ്പെട്ട ആധാരശിലാതലങ്ങള്‍ നിമ്നോന്നതമായി കാണപ്പെടുന്നു. എന്നാല്‍ ഉപരിതലം പ്രായേണ സമതലമാണ്. കച്ച് മേഖലയില്‍ കടലോരച്ചരിവ് തുലോം കുറവായതുമൂലം വേലിയേറ്റത്തിലൂടെ പ്രളയബാധ ഉണ്ടാവുന്നതു സാധാരണമാണ്.

മലനിരകള്‍

ഈ സംസ്ഥാനത്തിലെ മലനിരകള്‍ നൈസര്‍ഗിക സൗന്ദര്യത്തില്‍ മികച്ചു നില്‍ക്കുന്നു. അനുഷ്ഠാനപരവും ചരിത്രപരവുമായ വികസനത്തിന് വിലപ്പെട്ട സംഭാവന നല്കിട്ടുള്ളവയാണ് ഗുജറാത്തിലെ മലകള്‍. സംസ്ഥാനത്തിന്റെ വടക്കും കിഴക്കും അരികുകളില്‍ ആരവല്ലി, വിന്ധ്യ,സാത്പുറ,സഹ്യാദ്രി എന്നീ പര്‍വതങ്ങളുടെ പിരിവുകളായ മലനിരകള്‍ കാണാം. സൗരാഷ്ട്രയുടെ മധ്യഭാഗത്ത് ഏറെക്കുറെ സമാന്തരമായി നീളുന്ന രണ്ട് മലനിരകളുണ്ട്. കച്ച് മേഖലയ്ക്കു കുറുകെ മൂന്നു മലനിരകള്‍ എഴുന്നുകാണുന്നു.

ആരവല്ലിയുടെ ശാഖ മൗണ്ട് അബുവില്‍ ആരംഭിച്ച് പാവ്ഗഡ് വരെ നീണ്ട് വിന്ധ്യാനിരകളില്‍ ലയിക്കുന്നു. ഈ പ്രധാന നിരയ്ക്ക് തലങ്ങും വിലങ്ങും നീളുന്ന അനേകം പിരിവുകളുണ്ട്. സാത്പുറയുടെ തുടര്‍ച്ചയായ മലനിരയാണ് നര്‍മദ, തപ്തി എന്നീ നദികള്‍ക്കിടയിലെ ജലവിഭാഗമായി വര്‍ത്തിക്കുന്നത്. തപ്തിക്കു കുറുകെ നീളുന്ന സലേര്‍ മുലേര്‍, പാര്‍നര്‍ എന്നീ നിരകള്‍ സഹ്യാദ്രിയുടെ ശാഖകളാണ്. സൗരാഷ്ട്രയുടെ മധ്യഭാഗത്തുള്ളവ ഗിര്‍നാര്‍, ബര്‍ദോ എന്നീ നിരകളാണ്. ഗിര്‍നാര്‍ നിരകളിലെ ഗുരു ദത്താത്രേയ (1,145 മീ.)ആണ് ഗുജറാത്തിലെ ഉയരം കൂടിയ കൊടുമുടി. ഇതുകൂടാതെ ഗോരഖ്നാഥ്, അംബമാതാ, കലികമാതാ, ജാമിയര്‍ഷാ തുടങ്ങിയ അനവധി കൊടുമുടികളും ഈ നിരകളിലുണ്ട്. ജാമിയര്‍ഷാ മുസ്ലിം പുണ്യസ്ഥലമാണ്. പലിത്താനയ്ക്കു സമീപമുള്ള ശത്രുഞ്ജയ ജൈനവിശ്വാസികളുടെ അഞ്ചു പുണ്യമലകളിലൊന്നായി ആരാധിക്കപ്പെടുന്നു. തലേജ, ലോധ്, സന എന്നീ മലകളില്‍ ബൌദ്ധ ഗുഹകള്‍ ധാരാളമുണ്ട്. കച്ച് മേഖലയിലെ മൂന്നു മലനിരകളും സസ്യരഹിതങ്ങളാണ്. ഒരു മണല്‍പ്പരപ്പെന്നതിലുപരി കച്ച് നിരപ്പാര്‍ന്ന ഉപ്പുപാടമായി വിവക്ഷിക്കപ്പെടുന്നതിന് ഈ മലനിരകള്‍ സഹായകമായിരിക്കുന്നു.

ജലസമ്പത്ത്

ഉത്തര മേഖലയിലെ പ്രധാന നദികളായ ബനസ്, സരസ്വതി, രൂപണ്‍ എന്നിവയുടെ ഗതി മരുഭൂമിയിലേക്കാണ്. അകാലത്തില്‍ വറ്റിവരണ്ട് നഷ്ടപ്രായമാവുന്ന ഇവയില്‍ ബനസ് രാജസ്ഥാനില്‍ നിന്ന് ഒഴുകി എത്തുന്നതാണ്. രാജസ്ഥാനിലെ ധേബാര്‍ തടാകത്തില്‍ നിന്ന് ഉത്ഭവിച്ചൊഴുകി കാംബേ ഉള്‍ക്കടലില്‍ പതിക്കുന്ന സബര്‍മതിയെ ഗുജറാത്തിന്റെ ജീവധാരയായി കണക്കാക്കാം. കന്യാനദികളായി വ്യവഹരിക്കപ്പെടുന്ന സരസ്വതി, രൂപണ്‍ എന്നിവയും സബര്‍മതിയും ആരവല്ലിയുടെ പുത്രിമാരായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു. മധ്യപ്രദേശിലെ അംസാര തടാകത്തില്‍ നിന്നുള്ള മഹിയാണ് ഗുജറാത്തിനുള്ളിലൂടെ കൂടുതല്‍ ദൂരം ഒഴുകുന്ന നദി. മധ്യപ്രദേശിലെ അമര്‍ കാണ്ടക് നിരകളില്‍ നിന്ന് ഒഴുകിയെത്തുന്ന നര്‍മദ  ഗുജറാത്തിലെ ഏറ്റവും വലിയ നദിയാണ്; പോഷകനദിയായ കാര്‍ജന്‍ പ്രധാനപ്പെട്ട മറ്റൊരു ജലധാരയും. ചന്ദോദ്, കര്‍ണാലി വ്യാസ്, അനസൂയ, നാരീശ്വര്‍, ശുക്ളതീര്‍ഥം തുടങ്ങിയ പുണ്യസ്ഥലങ്ങളെ തഴുകി ഒഴുകുന്ന നര്‍മദ ഭറൂച് തുറമുഖത്തിന് 16 കി.മീ. അകലെ കാംബേ ഉള്‍ക്കടലില്‍ പതിക്കുന്നു. സൂര്യപുത്രിയായി ഗണിക്കപ്പെടുന്ന തപ്തി മധ്യപ്രദേശിലും മഹാരാഷ്ട്രയിലെ ഖാണ്ഡേശ് മേഖലയിലും ബഹുദൂരം ഒഴുകിയശേഷം കക്കരപാര്‍ എന്ന സ്ഥലത്തുവച്ച് ഗുജറാത്തില്‍ കടന്ന് പടിഞ്ഞാറേക്കൊഴുകി സൂറത്തിനടുത്ത് അറേബ്യന്‍ കടലില്‍ പതിക്കുന്നു. ദക്ഷിണ ഗുജറാത്തില്‍ സഹ്യാദ്രിയില്‍ നിന്നു പ്രഭവിക്കുന്ന ക്ഷിപ്രഗതികളായ ധാരാളം ചെറുനദികളുണ്ട്. ജലസമൃദ്ധിമൂലം ഇവ പ്രാധാന്യമര്‍ഹിക്കുന്നു. ഉപദ്വീപുഭാഗത്തെ സര്‍ധര്‍ താങ്ഗ, മാണ്ഡവ് എന്നീ മലകളില്‍ നിന്നുദ്ഭവിച്ച്, നാനാദിശകളിലേക്കൊഴുകി അറേബ്യന്‍ കടലിലും കാംബേ, കച്ച് എന്നീ ഉള്‍ക്കടലുകളിലും പതിക്കുന്ന ധാരാളം ചെറുനദികളുണ്ട്. ബധാര്‍, ഷത്രഞ്ജി, ഒസ്സത്, ദേമി, മച്ചു, ബംഭാന്‍, ഭഗാവോ, ഘേലോ, കാലുബാര്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രമുഖം. ഇവയില്‍ ഏറ്റവും നീളം കൂടിയത് പടിഞ്ഞാറോട്ടൊഴുകി അറേബ്യന്‍ കടലില്‍ വീഴുന്ന ബധാര്‍ ആണ്. സൗരാഷ്ട്രയിലും കച്ചിലും ഉള്ള ഒട്ടുമുക്കാല്‍ നദികളും മഴക്കാലം കഴിയുന്നതോടെ വറ്റിപ്പോകുന്നു.

ഗുജറാത്ത് തീരം തുറമുഖ സൗകര്യങ്ങളാല്‍ തികച്ചും സമ്പന്നമാണ്. കാണ്ട്ലയാണ് മുഖ്യതുറമുഖം. ഒന്നാംകിട തുറമുഖമാണ് കാണ്ട്ല. ഇതുകൂടാതെ വികസനസാധ്യതയുള്ള 10 തുറമുഖങ്ങളും 35 ഉപതുറമുഖങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ കാംബേ (സ്തംഭതീര്‍ഥം), ഘോഘ, സൂറത്ത് (സുവാലിയ), ഭറൂച്ച് (ഭൃഗുകച്ച്), ദ്വാരക, ജോദിയ എന്നിവ ചരിത്രാരംഭം മുതല്ക്കേ വ്യാപാരപ്രാധാന്യം ആര്‍ജിച്ചിട്ടുള്ളവയാണ്. ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് കറാച്ചിയിലുടെ നടന്നിരുന്ന കയറ്റിറക്കുമതികള്‍ നിര്‍വിഘ്നം തുടര്‍ന്നുപോകുന്നതിനായി വികസിപ്പിച്ചെടുത്ത മേജര്‍ തുറമുഖമാണ് കാണ്ട്ല. ഭറൂച്, സൂറത്ത് എന്നിവയും വന്‍കിട തുറമുഖങ്ങളായി വികസിച്ചുവരുന്നു.

കാലാവസ്ഥ

സംസ്ഥാനത്തിന്റെ ദക്ഷിണഭാഗത്ത് ആര്‍ദ്രവും (humid) ഉത്തരഭാഗത്ത് ശുഷ്കവും (dry) ആയ കാലാവസ്ഥയാണ് പൊതുവേ അനുഭവപ്പെടുന്നത്. അറേബ്യന്‍ കടല്‍, കാംബേ ഉള്‍ക്കടല്‍ എന്നിവയുടെ സാമീപ്യം ഉഷ്ണം കുറച്ച് കാലാവസ്ഥയില്‍ സമീകരണം സാധ്യമാക്കുന്നു; ന.-ഫെ. കാലത്ത് ശൈത്യവും മാ.-മേയ് കാലത്ത് ഗ്രീഷ്മവും ജൂലായ്-സെപ്. കാലത്ത് വര്‍ഷവും അനുഭവപ്പെടുന്നു; തെ.-പടിഞ്ഞാറന്‍ മണ്‍സൂണാണ് മഴ നല്കുന്നത്. എറ്റവും സുഖകരമായ കാലാവസ്ഥ ഒക്ടോബറില്‍ അനുഭവപ്പെടുന്നു.

ദക്ഷിണഗുജറാത്തില്‍ ശ.ശ. 76-152 സെ.മീ. മഴ ലഭിക്കുന്നു. ഡാങ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ (190 സെ.മീ.) കിട്ടുന്നത്. ഉത്തര ജില്ലകളില്‍ വര്‍ഷപാതം 51-102 സെ.മീ. ആയി കുറയുന്നു. സൗരാഷ്ട്രയുടെ ദക്ഷിണ ഭാഗത്തുള്ള ഉന്നതതടങ്ങളിലും കാംബേതീരത്തും ഉദ്ദേശം 63 സെ.മീ. മഴയേ പെയ്യുന്നുള്ളു. ഉപദ്വീപിലെ മറ്റിടങ്ങളില്‍ വാര്‍ഷിക ശ.ശ. ഇതിലും താഴെയാണ്. കച്ച് മേഖലയിലെ തോത് നന്നേ കുറവാണ്. അഹമ്മദാബാദ്, മെഹ്സാന, ബതസുന്ത, പഞ്ച്മഹല്‍സ്, സുരേന്ദ്രനഗര്‍, ജാംനഗര്‍ തുടങ്ങിയയിടങ്ങളില്‍ തുടര്‍ച്ചയായ മഴക്കുറവുമൂലം കടുത്ത ജലദൌര്‍ലഭ്യം അനുഭവപ്പെടുന്നത് അസാധാരണമല്ല.

സസ്യജാലം

ഗുജറാത്തിന്റെ കി.-ഉം തെ.-ഉം മേഖലകളില്‍ സാമാന്യമായ തോതില്‍ മഴ കിട്ടുന്നതിനാല്‍ വൈവിധ്യമാര്‍ന്ന സസ്യജാലമാണുള്ളത്. ഉത്തരമേഖല, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ വരള്‍ച്ചയുടെ പ്രഭാവംമൂലം പൊതുവേ കുറ്റിക്കാടുകളാണ്; ബാബുല്‍ ആണ് പ്രധാന വൃക്ഷം. വനസമ്പത്തിന്റെ കാര്യത്തില്‍ ഈ സംസ്ഥാനം തീരെ പിന്നാക്കമാണ്. അസന്തുലിതമായ അവസ്ഥിതി വനസമ്പത്തിലൂടെയുള്ള വരുമാനത്തില്‍ ഗണ്യമായ കുറവുവരുത്തുന്നു. ദക്ഷിണ ഗുജറാത്തിലെ ഡാങ് ആണ് വന വിസ്തൃതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈ ജില്ലയുടെ 54 ശ.മാ.-ത്തോളം വനങ്ങളാണ്. രണ്ടാംസ്ഥാനത്തുള്ള ജൂനഗഡ് ജില്ലയില്‍ 17.04 ശ.മാ. മാത്രമേ വനമുള്ളൂ. പ്രസിദ്ധങ്ങളായ ഗിര്‍നാര്‍, ഗിര്‍ എന്നീ വനങ്ങള്‍ ജൂനഗഡിലാണ്. ദക്ഷിണഗുജറാത്തിലെ വനങ്ങള്‍ തേക്ക്, ഈട്ടി, സിസാംഖേര്‍, മഞ്ഞക്കടമ്പ് തുടങ്ങി സമ്പദ്പ്രധാനമായ പലയിനം വൃക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ വനങ്ങളില്‍ നിന്ന് തടിയോടൊപ്പം മുള, വിറക്, തേന്‍, അരക്ക്, ചായക്കറകള്‍, ബീഡിയില തുടങ്ങിയ ഉത്പന്നങ്ങളും വന്‍തോതില്‍ ലഭിക്കുന്നുണ്ട്. ഔഷധസസ്യങ്ങളുടെ കാര്യത്തില്‍ അതീവ സമ്പന്നമാണ് ഇവിടം. ആസ്ത്മാ രോഗത്തിന് ഔഷധമായ അശ്വഗന്ധ ഗുജറാത്തില്‍ സര്‍വസാധാരണമായി ലഭിക്കുന്നു. ത്വഗ്രോഗങ്ങളെ അകറ്റുന്ന ആവല്‍, ഉമ്മം എന്നീ സസ്യങ്ങളും സമൃദ്ധമാണ്. പൊതുനിരത്തുകളില്‍ തണല്‍വൃക്ഷമായി സംരക്ഷിക്കപ്പെടുന്ന ആവല്‍ വൃക്ഷത്തിന്റെ കറ തുകല്‍ ഊറയ്ക്കിടുന്നതിനു പറ്റിയതാകുന്നു.

ജന്തുവര്‍ഗങ്ങള്‍

ഏഷ്യന്‍ സിംഹങ്ങള്‍ അവശേഷിച്ചിട്ടുള്ള ഏകവനാന്തരമാണ് ജൂനഗഡിലെ ഗിര്‍. സൗരാഷ്ട്ര, ഡാങ്, പഞ്ച്മഹല്‍സ് എന്നീ ജില്ലകളിലെ വനങ്ങളില്‍ കടുവ, പുള്ളിപ്പുലി, ചീറ്റ, ചെന്നായ് എന്നീ ഹിംസ്രമൃഗങ്ങളും കുറുനരി, മുള്ളന്‍പന്നി, മുയല്‍, പന്നിവാലന്‍ കുരങ്ങ്, ലാങ്ഗൂര്‍ കുരങ്ങ്, വെരുക്, നീലക്കാള തുടങ്ങിയ വന്യമൃഗങ്ങളും വിവിധയിനം ഹരിണങ്ങളും ധാരാളമായുണ്ട്. മറ്റിടങ്ങളിലെ വനങ്ങളും വന്യമൃഗങ്ങളുടെ കാര്യത്തില്‍ സമ്പന്നമാണ്. കച്ച് മേഖലയില്‍ ബഹുലമായുള്ള വിശേഷയിനമാണ് കാട്ടുകഴുത. കരിമുയല്‍, പുള്ളിമാന്‍, കരിമാന്‍ തുടങ്ങിയ മൃഗങ്ങളെയും സംസ്ഥാനത്തെ വനാന്തരങ്ങളില്‍ ധാരാളം കണ്ടെത്താം.

ഡാങ് ജില്ലയിലെ നിബിഡ വനങ്ങള്‍ പക്ഷിസമ്പത്തില്‍ മികച്ചവയാണ്. പഞ്ചവര്‍ണക്കിളി, വേഴാമ്പല്‍, കുയില്‍, അടതുറപ്പന്‍ തുടങ്ങി വര്‍ണഭംഗിയുള്ള പക്ഷികളാണ് ഈ മേഖലയില്‍ അധികമുള്ളത്. വന്‍കരഭാഗത്ത് തത്ത, മൈന, വണ്ണാത്തിപ്പുള്ള്, കുരുവി തുടങ്ങിയവ സര്‍വസാധാരണമാണ്. കടല്‍ത്തീരമേഖകളില്‍ വാലുകുലുക്കിപക്ഷി, ഇരട്ടവാലന്‍, കുളക്കോഴി, നീര്‍ക്കോഴി, മരാളം, കടല്‍ക്കാക്ക തുടങ്ങിയവ സമൃദ്ധമായുണ്ട്. ശൈത്യകാലത്ത് ഗുജറാത്തിലേക്കു ചേക്കേറുന്ന പരശ്ശതം പക്ഷിവര്‍ഗങ്ങളില്‍ വിദൂരസ്ഥമായ സൈബീരിയയില്‍ നിന്നെത്തുന്ന വിശേഷയിനങ്ങളും ഉള്‍പ്പെടുന്നു. പഠനവിധേയമായിട്ടുള്ള 180-ലേറെ ഇനങ്ങളില്‍ പെലിക്കന്‍, വെള്ളക്കൊക്ക്, ബ്രാഹ്മണി, സുന്ദരിക്കൊക്ക്, നീര്‍ക്കോഴി, കടല്‍പ്പുള്ള്, ചണ്ടിക്കോഴി തുടങ്ങിയവയിലെ വര്‍ണഭംഗിയാര്‍ന്ന വിശേഷയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. റാന്‍ ഒഫ് കച്ച് പ്രദേശം ചകോരം, വാനമ്പാടി, രാപ്പാടി, വരയന്‍പ്പുള്ള്, കാട്ടുകോഴി തുടങ്ങിയവയുടെ വിഹാരരംഗമാണ്,. തലയുടെ പുരോഭാഗത്ത് പയര്‍മണിപോലെ അലങ്കാരമുള്ള കുക്കു ഗുജറാത്തിലേക്കു ചേക്കേറുന്ന മറ്റൊരു വിശേഷയിനമാണ്. ഇവ മണ്‍സൂണിന് തൊട്ടുമുമ്പ് കി. ആഫ്രിക്കയില്‍ നിന്ന് എത്തുന്നവയാണ്. അഹമദാബാദിന് 65 കി. മീ. അകലെ സ്ഥിതിചെയ്യുന്ന 'നല്‍സരോവര്‍' ശൈത്യകാലപക്ഷികളുടെ വിഹാരകേന്ദ്രമായി വര്‍ത്തിക്കുന്നു. ഷാമ, ശാരിക, ധായല്‍, വിവിധയിനം വാനമ്പാടികള്‍, മഞ്ഞക്കുരുവി, സുവര്‍ണമൈന, ബുള്‍ബുള്‍ തുടങ്ങി ഈണത്തില്‍പ്പാടുന്ന ധാരാളമിനം പക്ഷികള്‍ സുലഭമായുള്ള സംസ്ഥാനമാണു ഗുജറാത്ത്.

സുദീര്‍ഘമായ കടലോരവും എക്കാലവൂം നിറഞ്ഞൊഴുകുന്ന നദികളും തടാകങ്ങള്‍, കുളങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയവയും ചേര്‍ന്ന് വിപുലമായ മത്സ്യശേഖരത്തിനും കളമൊരുക്കിയിരിക്കുന്നു.

മണ്ണിനങ്ങള്‍

ഉത്തരഗുജറാത്തിലെ ജലോഢ തടാകങ്ങളും സൗരാഷ്ട്രയുടെ പശ്ചിമതീരവും ഒഴിച്ചുള്ള ഭാഗങ്ങളിലെ മാതൃശിലകള്‍ ഡക്കാണിന്റെ തുടര്‍ച്ചയായ ലാവാസമൂഹമാണ്. നദീതാഴ്വാരങ്ങളില്‍ പൊതുവേ എക്കല്‍ മണ്ണാണുള്ളത്. തീരസമതലത്തില്‍ മണല്‍പ്പരപ്പുകളും. നദീമുഖങ്ങളില്‍ ചെളിയും എക്കലും ഇടകലര്‍ന്ന് കാണപ്പെടുന്നു. ഉത്തരഗുജറാത്തില്‍ രാജസ്ഥാനോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ചുവന്ന പൊടിമണ്ണാണ്. ദക്ഷിണ ഗുജറാത്തിലെ ചിലയിടങ്ങളിലും ഈയിനം ചെമ്മണ്ണു കാണാം. കച്ച് പ്രദേശത്തു പല ഭാഗങ്ങളിലും ചുവന്ന നിറത്തിലുള്ള ചൊരിമണല്‍ വ്യാപിച്ചിരിക്കുന്നു. ജാംനഗര്‍, ജൂനഗഡ്, രാജ്കോട്ട്, കച്ച്, അമ്റേലി, സുരേന്ദ്രനഗര്‍ എന്നീ ജില്ലകളില്‍ ഒട്ടുമുക്കാലുമിടങ്ങളില്‍ കരിമണല്‍ കാണാം. സംസ്ഥാനത്തെ തെ.പ. ഭാഗത്തു മാത്രമാണ് ഫലപുഷ്ടിയാര്‍ന്ന കരിമണല്‍ ഉള്ളത്. സൗരാഷ്ട്ര ഉപദ്വീപില്‍ കരിമണ്ണും ചെമ്മണ്ണും കലര്‍ന്നു കാണപ്പെടുന്നു. സംസ്ഥാനത്തുടനീളം അവിടെവിടെയായി ലാറ്ററൈറ്റ് പ്രദേശങ്ങള്‍ അവസ്ഥിതമാണ്.

ജനങ്ങളും ജീവിതരീതിയും

ജനവിതരണം.

സബര്‍മതി, നര്‍മദ, തപ്തി എന്നീ നദികളുടെ തടപ്രദേശം ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ മേഖലയാണ് കൂടുതല്‍ ജനസാന്ദ്രം. പടിഞ്ഞാറേപ്പകുതിയില്‍ ജനവാസം താരതമ്യേന കുറവാണ്. നദീതടങ്ങളിലെ ജലലഭ്യതയും വളക്കൂറുള്ള മണ്ണും അധിവാസ പ്രവൃദ്ധിക്ക് പ്രേരകമായിരിക്കുന്നു. വനങ്ങളും മലനിരകളും അധികമായുള്ള തെ.പ. മേഖലയിലും ജനങ്ങള്‍ കുറവാണ്. പശ്ചിമ മേഖലയില്‍ത്തന്നെ മണ്ണിന്റെ ഉര്‍വരതയും വ്യവസായ അഭിവൃദ്ധിയും മൂലം തെ.ഭാഗത്തെ ജനസാന്ദ്രത വ.ഭാഗത്തേതിനെ അപേക്ഷിച്ച് തുലോം കൂടുതലാണ്. വ.ഭാഗത്ത് മെഹ്സാന ജില്ലയുടെ കിഴക്കായാണ് പറയത്തക്ക ജനസാന്ദ്രതയുള്ളത്. മെഹ്സാനയുടെ ഇതരഭാഗങ്ങള്‍, ബനസ്കന്ത, കച്ച് എന്നിവിടങ്ങളില്‍ ജനവാസം തീരെ കുറവാണ്.

ഗുജറാത്തിലെ ജനസാന്ദ്രത ഇന്ത്യയിലെ ശ.ശ തോതിനെ അപേക്ഷിച്ച് വളരെ താഴെയാണ്. ഏറ്റവും കൂടിയ സാന്ദ്രത അഹമദാബാദ് ജില്ലയിലാണ്. കച്ച് മേഖലയിലെ ജനസാന്ദ്രത 11 ആണ്. 50-ല്‍ താഴെ ശ.ശ ജനസാന്ദ്രതയുള്ള ഏഴു താലൂക്കുകള്‍ ഗുജറാത്തിലുണ്ട്. ജനങ്ങളില്‍ 72 ശ.മാ. പേര്‍ ഗ്രാമവാസികളാണ്. മൊത്തമുള്ള 184 താലൂക്കുകളില്‍ 41 എണ്ണത്തില്‍ പൂര്‍ണമായും ഗ്രാമവാസികളാണ്. മധ്യഗുജറാത്തിലെ അഹമദാബാദ്, ഖേഡ, വഡോദര (Baroda) എന്നീ ജില്ലകളിലാണ് നഗരാധിവാസം കൂടുതലായുള്ളത്. പ്രധാന നഗരത്തിന്റെ സ്വാധീനംമൂലം സമീപത്തുള്ള അധിവാസകേന്ദ്രങ്ങള്‍ രണ്ടാംകിട നഗരങ്ങളായി മാറുന്ന സ്ഥിതിയാണ് ഈ സംസ്ഥാനത്ത് കാണപ്പെടുന്നത്. അഹമദാബാദിനുതന്നെ പത്ത് ഉപനഗരങ്ങളുണ്ട്. സംസ്ഥാനത്ത് 25,000-ത്തിലേറെ ജനസംഖ്യയുള്ള 58 നഗരങ്ങളും 158 ചെറുകിടപ്പട്ടണങ്ങളുമാണുള്ളത്. അഹമദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ജാംനഗര്‍, ഭവ്നഗര്‍, നാഡിയാഡ്, ഗാന്ധിനഗര്‍ എന്നിവയാണ് പ്രധാന നഗരങ്ങള്‍. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരം അഹമദാബാദ് മാത്രമാണ്.

വിദ്യാഭ്യാസം.

2011-ലെ കനേഷുമാരിപ്രകാരം സംസ്ഥാനജനസംഖ്യയുടെ 91.83 ശ.മാ. സാക്ഷരരാണ്. പ്രൈമറിതലം മുതല്‍ +2 വരെ വിദ്യാഭ്യാസം സൗജന്യമാണ്. +2-ന് മുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കിയിരിക്കുന്നു. 2002-03-ലെ കണക്കനുസരിച്ച് 41,339 പ്രൈമറി സ്കൂളുകളും 7308 സെക്കന്‍ഡറി സ്കൂളുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.

22 സര്‍വകലാശാലകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 1950-ല്‍ സ്ഥാപിതമായ ഗുജറാത്ത് സര്‍വകലാശാലയാണ് (അഹമദാബാദ്) സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വകലാശാല. വഡോദര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മഹാരാജ സയാജിറാവു സര്‍വകലാശാല (1949), സര്‍ദാര്‍പട്ടേല്‍ സര്‍വകലാശാല വല്ലഭ്-വിദ്യാനഗര്‍ (1955), സൗരാഷ്ട്രസര്‍വകലാശാല (രാജ്കോട്ട് 1968), സൗത് ഗുജറാത്ത് സര്‍വകലാശാല (സൂററ്റ് 1967), ഭവനഗര്‍സര്‍വകലാശാല (1978) നോര്‍ത് ഗുജറാത്ത് സര്‍വകലാശാല (1986), ഗുജറാത്ത് വിദ്യാപീഠ് /ഡീമ്ഡ് സര്‍വകലാശാല എന്നിവയാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇതര സര്‍വകലാശാലകള്‍. ഇവയ്ക്കു പുറമേ ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാല (ബനസ്കന്ധ) ഗുജറാത്ത് ആയുര്‍വേദസര്‍വകലാശാല (ജാംനഗര്‍), ഡോ. ബാബാസഹേബ് അംബേദ്കര്‍ ഓപ്പണ്‍ സര്‍വകലാശാല (അഹമദാബാദ്) എന്നിവയും സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കുന്നു.

ടെക്നിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 31 എന്‍ജിനീയറിങ് കോളജുകള്‍, 36 പോളിടെക്നിക്കുകള്‍, 50 മെഡിക്കല്‍ കോളജുകള്‍, ഒന്‍പത് കാര്‍ഷിക കോളജുകള്‍ എന്നിവയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അഹമദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ദേശീയതലത്തില്‍ മികവിന്റെ കേന്ദ്രമായി അറിയപ്പെടുന്നു. ഇവയ്ക്കുപുറമേ 339 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, 42 അധ്യാപക പരിശീലന കോളജുകള്‍, 31 ലാ-കോളജുകള്‍ എന്നിവയും സംസ്ഥാനത്തുണ്ട്.

മതവും  ഭാഷയും.

ഹിന്ദുക്കളാണ് ഗുജറാത്തിലെ പ്രബലമതവിഭാഗം. രണ്ടാംസ്ഥാനം ഇസ്ലാം മതത്തിനാണ്. നല്ലൊരു ശ.മാ. ജൈനരും, ക്രിസ്തുമതവിശ്വാസികളും സംസ്ഥാനത്ത് നിവസിക്കുന്നുണ്ട്. 2001-ലെ കാനേഷുമാരി പ്രകാരം സംസ്ഥാനത്തെ മതവിഭാഗങ്ങളുടെ ജനസംഖ്യ ഇപ്രകാരമാണ്. ഹിന്ദുക്കള്‍: 89.1%; മുസ്ലിങ്ങള്‍: 9.1%; ജൈനര്‍ 1.0%; ക്രിസ്ത്യാനികള്‍ 0.5%.

സംസ്ഥാനത്തെ ജനങ്ങളില്‍ 13.35 ശ.മാ.പട്ടികവര്‍ഗക്കാരാണ്. ഭാരതത്തിലെ മൊത്തം പട്ടികവര്‍ഗക്കാരിലെ 9.14 ശ.മാ.മാണ് ഇവര്‍. ജനസംഖ്യയുടെ 6.63 ശ.മാ. വരുന്ന പട്ടികജാതിക്കാരും ഈ സംസ്ഥാനത്തുണ്ട്. ഗുജറാത്തി, മറാഠി, ഹിന്ദി എന്നീഭാഷകള്‍ക്കാണ് മുന്‍തൂക്കം.

ഉത്സവങ്ങള്‍.

ഭാദ്രപദമാസത്തില്‍ (ആഗ./സെപ്) വെളുത്തപക്ഷത്തില്‍ ശിവനുവേണ്ടി ഘോഷിക്കുന്ന താര്‍നേതര്‍മേള താര്‍നേതര്‍ ഗ്രാമത്തില്‍ ആര്‍ഭാടപൂര്‍വം കൊണ്ടാടുന്നു. ഭഗവാന്‍ കൃഷ്ണന്‍ രുക്മിണിയുമായി ഓടിപ്പോയി വിവാഹിതരായ സംഭവത്തെ ഓര്‍മിക്കുന്നതിനായി നടത്തുന്നതാണ് മാധവറായ്മേള. ചൈത്രമാസത്തിലെ (മാ./ഏ) വെളുത്ത പക്ഷത്തിലുള്ള 9-ാം ദിവസം ഈ സംഭവം പുനരാവിഷ്കരിക്കപ്പെടുന്നു. പോര്‍ബന്തറിനടുത്തുള്ള മാധവ്പൂരിലാണ് ഈ ഉത്സവാഘോഷം. വടക്കന്‍ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലുള്ള അംബജി എന്ന തീര്‍ഥാടനകേന്ദ്രത്തില്‍ ദേവി അംബ(അമ്മ)യ്ക്ക് വേണ്ടി നടത്തപ്പെടുന്ന ഉത്സവമേളകള്‍ പലതുണ്ട്. ഭാദ്രപാദം, ആശ്വനം (സെപ്.ഒ.), കാര്‍ത്തിക(ന./ഡി.) ചൈത്രം (മാ./ഏ) എന്നീമാസങ്ങളിലെ വെളുത്ത പക്ഷത്തില്‍ 15-ാം നാളാണ് ഇവ ഘോഷിക്കപ്പെടുന്നത്. ജുനഗഡിനടുത്ത് ഗിര്‍നാര്‍ മലനിരകളുടെ താഴെയായി മാഘമാസത്തിലെ(ജനു./ഫെ.) കൃഷ്ണപക്ഷത്തില്‍ 14-ാം നാളില്‍ നടത്തുന്നതാണ് ഭാവനോത്സവം. സോമനാഥോത്സവം കാര്‍ത്തികപൂര്‍ണിമയ്ക്ക് (ന./ഡി.) കൊണ്ടാടുന്നു. മാര്‍ച്ചിലെ വസന്തോത്സവമായ ഹോളിക്ക് ഒരാഴ്ച്ച മുന്‍പ് ആദിവാസിഗോത്രക്കാര്‍ ഒത്തുചേര്‍ന്നു ഘോഷിക്കുന്ന ഡാങ്ഗി ദര്‍ബാര്‍ ഡാങ് ജില്ലയിലെ കാടുകളില്‍ ആഴി കൂട്ടുന്നതോടെ ആരംഭിക്കുന്നു. ഒരാഴ്ച അണയാതെ സൂക്ഷിക്കുന്ന ആഴി അണയ്ക്കുന്നതാണ് ഈ ആഘോഷത്തിന്റെ കലാശക്കളി. ഗുജറാത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമെന്നു പറയാവുന്നതാണ് ജന്മാഷ്ടമിയാഘോഷം (ദ്വാരകോത്സവം). ദ്വാരകയിലാണ് ഇതു നടക്കുന്നത്. ഷാംലാജിയിലെ വിഷ്ണുക്ഷേത്രത്തില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു മേള കാര്‍ത്തികപൂര്‍ണിമദിവസം ആരംഭിക്കുന്നു. ഇതാണ് ഷാംലാജിമേള. ജനു.-യിലെ മകരസംക്രാന്തിയും സെപ്./ഒ.-ലെ നവരാത്രിയും മറ്റു പ്രധാന ഉത്സവങ്ങളാണ്.

സമ്പദ്വ്യവസ്ഥ.

കൃഷി.

സംസ്ഥാനത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഉത്പാദനക്ഷമതയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്തില്‍ മൊത്തം ഭൂമിയുടെ 52.4 ശ.മാ. കൃഷിയിടങ്ങളാണ്. ബജ്റയും ഗോതമ്പുമാണ് മുഖ്യവിളകള്‍. സംസ്ഥാനത്തിന്റെ ദക്ഷിണമേഖലയിലും വന്‍കരഭാഗത്തെ എക്കല്‍ താഴ്വാരങ്ങളിലും നെല്‍ക്കൃഷി അഭിവൃദ്ധികരമായി നടന്നുവരുന്നു. സാമാന്യം മഴലഭിക്കുന്ന പഞ്ച്മഹല്‍സ്, ഖേഡ, വല്‍സദ്, സൂറത്ത്, വഡോദര, അഹമ്മദാബാദ്, ഭറൂച് എന്നീ ജില്ലകളിലാണ് നെല്‍ക്കൃഷി കാര്യമായി നടക്കുന്നത്. നെല്‍ക്കൃഷിയില്‍ ഒന്നാം സ്ഥാനം പഞ്ച്മഹല്‍സിനാണ്. ശൈത്യകാലവിളയെന്നനിലയില്‍ മൊത്തം 70,000 ഹെക്ടറോളം ഭൂമിയില്‍ ഗോതമ്പു കൃഷി ചെയ്യപ്പെടുന്നു. ഗോതമ്പുത്പാദനത്തില്‍ ഒന്നാം സ്ഥാനം അഹമ്മദാബാദ് ജില്ലയ്ക്കാണ്. ഭക്ഷ്യവിളകളുടെ കൃഷിയുടെ കൂട്ടത്തില്‍ ചോളം, ജോവര്‍, ബജ്റ, റാഗി എന്നീ പരുക്കന്‍ ധാന്യങ്ങള്‍ക്കാണ് പ്രാമുഖ്യം. രാജ്യത്തിലെ ഗവ്യോത്പാദനത്തിന്റെ നാലിലൊന്നോളം നിര്‍വഹിക്കുന്ന ഈ സംസ്ഥാനത്ത് ജോവര്‍, ബജ്റ എന്നീ വിളകളിലെ നല്ലൊരുഭാഗം കാലിത്തീറ്റയായി ഉപയോഗിക്കപ്പെടുന്നു. സംസ്ഥാനത്തെ പടിഞ്ഞാറന്‍ ജില്ലകളിലാണ് പരുക്കന്‍ ധാന്യങ്ങള്‍ വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്നത്. ജാംനഗര്‍, രാജ്കോട്ട്, സുരേന്ദ്രനഗര്‍, ഭവ്നഗര്‍, കച്ച്, ബനസ്കന്ത, മെഹ്സാന, ഖേഡ എന്നീ ജില്ലകളില്ലോരോന്നിലും രണ്ടു ലക്ഷത്തിലേറെ ഹെക്ടറില്‍ പരുക്കന്‍ ധാന്യങ്ങള്‍ കൃഷി ചെയ്യപ്പെടുന്നു. ഗുജറാത്തില്‍ മൊത്തം 40 ലക്ഷം ഹെക്ടറിലാണ് ഇവ കൃഷിചെയ്യപ്പെടുന്നത്.

സംസ്ഥാനത്തെ വിളനിലങ്ങളില്‍ 40 ശ.മാ.വും പരുത്തി, എണ്ണക്കുരുക്കള്‍, പുകയില എന്നീ നാണ്യവിളകള്‍ കൈയടക്കിയിരിക്കുന്നു. ഈ മൂന്ന് വിളകളുടെ ഉത്പാദനത്തില്‍ ഗുജറാത്ത് നാലാം സ്ഥാനത്താണ്. ഗുണമേന്മയുള്ള പരുത്തിയാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. എണ്ണക്കുരുക്കളില്‍ നിലക്കടലയ്ക്കാണ് ഒന്നാം സ്ഥാനം. സൂര്യച്ചണം (sun hemp) തുടങ്ങി, വ്യാവസായിക പ്രാധാന്യമുള്ള നാരുചെടികളും ധാരാളമായി കൃഷിചെയ്യുന്നുണ്ട്. ഓഷധികളും ഫലവൃക്ഷങ്ങളും ചെറുകിടത്തോട്ടങ്ങളില്‍ കൃഷിചെയ്യുന്ന രീതി പുരോഗമിച്ചിരിക്കുന്നു. മാങ്ങ, സപ്പോട്ട, പേര, ജംബുര്‍ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്കാണ് ഇതില്‍ പ്രാമുഖ്യം. ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങളിലൂടെ ഉത്പാദനക്ഷമതയില്‍ ഗണ്യമായപുരോഗതി നേടിയിട്ടുണ്ട്. രാസവളം, മെച്ചപ്പെട്ട വിത്തിനങ്ങള്‍, സാങ്കേതികോപകരണങ്ങളും പ്രവിധികളും എന്നിവയുടെ പ്രയോഗത്തിലും മണ്ണുസംരക്ഷണത്തിലും ജലസേചനസൗകര്യങ്ങളിലും ഗുജറാത്തിലെ കര്‍ഷകര്‍ ഏറെ മുന്നേറിയിരിക്കുന്നു. കിണറുകളാണ് ജലസ്രോതസ്സുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്.

കന്നുകാലിവളര്‍ത്തല്‍.

കാലികള്‍, എരുമകള്‍, കുതിര, ഒട്ടകം, കഴുത, പന്നി എന്നീ ഇനങ്ങളിലായി മൊത്തം 150 ലക്ഷത്തിലധികം വളര്‍ത്തു മൃഗങ്ങള്‍ ഈ സംസ്ഥാനത്ത് പരിപാലിക്കപ്പെടുന്നു. കോഴി, താറാവ്, തുടങ്ങിയവയുടെ മൊത്ത സംഖ്യ 24 ലക്ഷത്തോളമാണ്. ഉത്തരഗുജറാത്തിലെ റബ്ഡി, ഭര്‍വാര്‍, സൗരാഷ്ട്രയിലെ മാല്‍ധാരി തുടങ്ങിയ പരമ്പരാഗത ഇടയവര്‍ഗങ്ങള്‍ കുലത്തൊഴിലെന്നനിലയില്‍ പരിപോഷിപ്പിച്ചിരുന്നതു നിമിത്തമാണ് സംസ്ഥാനത്തെ കാലിസമ്പത്തില്‍ വമ്പിച്ച വര്‍ധനവുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാല്‍ നല്‍കുന്ന മുന്തിയയിനം പശുക്കളുടെയും എരുമകളുടെയും മൂലസ്ഥാനം ഈ സംസ്ഥാനമാണ്. സഹകരണാടിസ്ഥാനത്തിലുള്ള ഗവ്യോത്പാദനത്തില്‍ ഈ സംസ്ഥാനം വളരെയേറെ മുന്നിലാണ്. ആനന്ദിലെ അമുല്‍, മെഹ്സാനയിലെ ദൂധ്സാഗര്‍, സൂറത്തിലെ സുമുല്‍ എന്നിവ രാജ്യാന്തരപ്രശസ്തിയാര്‍ജിച്ച സഹകരണസ്ഥാപനങ്ങളാണ്. അഹമദാബാദ്, വഡോദര, രാജ്കോട്ട്, ഭറൂച്, ജുനഗഡ്, ഭവ്നഗര്‍, ജാംനഗര്‍, ഹിമ്മത്നഗര്‍ എന്നിവിടങ്ങളിലും സഹകരണാടിസ്ഥാനത്തില്‍ ഗവ്യവ്യവസായം വികസിച്ച് വരുന്നു. ഗവ്യവസ്തുക്കളുടെ പ്രതിശീര്‍ഷോത്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത്, മുംബൈ, ദില്ലി എന്നീ വന്‍ നഗരങ്ങള്‍ക്ക് നിത്യോപയോഗത്തിനുള്ള പാല്‍ എത്തിച്ചു കൊടുക്കുന്നതോടൊപ്പം വെണ്ണ, നെയ്യ്, ചീസ്, ബേബിഫുഡ്, ടിന്‍പാല്‍, പാല്‍പ്പൊടി എന്നിവ വന്‍തോതില്‍ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുമുണ്ട്. ദിവസേന മൂന്ന് ദശലക്ഷംലിറ്റര്‍ ഉത്പാദനശേഷിയുള്ള 15 പാല്‍ സംസ്കരണശാലകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തുടനീളം വന്‍പ്രിയമുള്ള പോംഫ്രെറ്റ് (pomfret) മത്സ്യം ഇവിടെ നിന്നും ലഭിക്കുന്നു. കോഴിവളര്‍ത്തലില്‍ അഭൂതപൂര്‍വമായ വളര്‍ച്ച നേടിവരുന്നു.

രാജ്യത്തിലെ അതി സമ്പന്നമായ മത്സ്യക്കലവറയില്‍ ചിലത്് ഗുജറാത്ത് തീരത്താണ്. വേരാവല്‍ കേന്ദ്രമാക്കി ശാസ്ത്രീയമായി മത്സ്യബന്ധനം നടത്തുന്നു. ചെമ്മീന്‍പരിപ്പു തുടങ്ങിയ സമുദ്രോത്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നു. ദില്ലി തുടങ്ങിയ മറുനാടന്‍ നഗരങ്ങള്‍ക്ക് മത്സ്യം എത്തിച്ചുകൊടുക്കുന്നുമുണ്ട്.

ഖനിജങ്ങള്‍.

മാങ്ഗനീസ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല്, ജിപ്സം, ലിഗ്നൈറ്റ്, ഫ്ളര്‍സ്പാര്‍, ഡോളമൈറ്റ്, കണ്ണാടിമണല്‍ എന്നീ അലോഹധാതുക്കളുടെ സമൃദ്ധമായ നിക്ഷേപങ്ങള്‍ ഗുജറാത്തിലുണ്ട്. എന്നാല്‍ ലോഹധാതുക്കളുടെ കാര്യത്തില്‍ സമ്പന്നമല്ല. ലോകത്തിലെ ഏറ്റവും വലിയ ഫ്ളൂറൈറ്റ് നിക്ഷേപമാണ് ഈ സംസ്ഥാനത്തെ അംബദുംഗര്‍. കച്ച് മേഖലയില്‍ കനത്ത തോതില്‍ ലിഗ്നൈറ്റ് ഖനനം ചെയ്യപ്പെടുന്നു. ജൂനഗഡ്, ജാംനഗര്‍, കച്ച് എന്നീ കടലോരജില്ലകളിലും ഭവ്നഗര്‍, ഖൈരാ, ബുല്‍സാര്‍, സബര്‍കന്ത എന്നിവിടങ്ങളിലും ബോക്സൈറ്റ് ഗണ്യമായ അളവില്‍ ലഭ്യമാണ്. അമ്റേലി, ഭവ്നഗര്‍, രാജ്കോട്ട്, ജൂനഗഡ,് ജാംനഗര്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ കാല്‍സൈറ്റ് ഖനനം നടക്കുന്നു. ചുണ്ണാമ്പുകല്‍ നിക്ഷേപങ്ങള്‍ സൗരാഷ്ട്ര, കച്ച്, ഖൈര, സര്‍ബന്ത, ബനസ്കന്ത എന്നിവിടങ്ങളിലാണ്. ഇന്ത്യയിലെ മൊത്തം കറിയുപ്പുത്പാദനത്തിന്റെ പകുതിയിലേറെയും ഗുജറാത്തിലാണ്.

എണ്ണ-പ്രകൃതിവാതകങ്ങളുടെ ലഭ്യത സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിനു കാരണമായിരിക്കുന്നു. കാംബേ, അങ്കലേശ്വര്‍, നവ്ഗാം, കലോള്‍ എന്നിവിടങ്ങളിലാണ് എണ്ണപ്പാടങ്ങളുള്ളത്.

വ്യവസായം.

വ്യവസായ പുരോഗതിയില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മുന്തിയ വ്യവസായം തുണിനെയ്ത്താണ്. സംസ്ഥാനത്തെ വ്യവസായത്തൊഴിലാളികളില്‍ 60 ശ.മാ.വും ഈ രംഗത്ത് പണിയെടുക്കുന്നു. രാസദ്രവ്യങ്ങള്‍, ഔഷധങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, വാഹനങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, മെഷീന്‍ ടൂള്‍സ്, സിമെന്റ്, കണ്ണാടി, ആസ്ബെസ്റ്റോസ്, പഞ്ചസാര, സസ്യഎണ്ണകള്‍ തുടങ്ങിയവയുടെ ഉത്പാദനം ഏറെ പുരോഗമിച്ചിരിക്കുന്നു. എണ്ണ-പ്രകൃതി വാതകങ്ങളുടെ ഉത്പാദനം ക്രമപ്പെടുകയും കോയാലി എണ്ണശുദ്ധീകരണശാല പ്രവര്‍ത്തനനിരതമാവുകയും ചെയ്തതിനെത്തുടര്‍ന്ന് വഡോദര കേന്ദ്രമാക്കി ഒരു പെട്രോ-കെമിക്കല്‍ ശൃംഖല നിലവില്‍ വന്നിരിക്കുന്നു. ഈ സംരംഭത്തില്‍നിന്നുള്ള അവശിഷ്ട വസ്തുക്കളെ ഉപജീവിച്ച് നൈലോണ്‍, ടെറീന്‍, ആഴ്സിലിന്‍, പി.വി.സി പൈപ്പുകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, കീടനാശിനികള്‍ തുടങ്ങിയവയുടെ ഉത്പാദനം വന്‍തോതില്‍ ആരംഭിച്ചിട്ടുണ്ട്. വ്യാവസായിക പ്രാധാന്യത്തില്‍ അഹമദാബാദിനെ വഡോദര പിന്തള്ളുന്ന നിലവരെ ഈ വ്യവസായങ്ങള്‍ പുഷ്ടിപ്പെട്ടുവരുന്നു. അലുമിനിയം വസ്തുക്കളുടെ നിര്‍മാണമാണ് പ്രവൃദ്ധമായ മറ്റൊരു വ്യവസായം. വഡോദര, കണ്ട്ല, കലോള്‍, മിതാപൂര്‍ എന്നിവിടങ്ങളില്‍ വന്‍കിട രാസവളനിര്‍മാണശാലകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഈ സംസ്ഥാനം ഗണ്യമായ അളവില്‍ സോഡ ആഷ് ഉത്പാദിപ്പിക്കുന്നുണ്ട്. അനുകൂല സഹചര്യങ്ങള്‍ നിമിത്തം രാസ-ഔഷധ വ്യവസായങ്ങള്‍ വളരെയേറെ പുരോഗമിച്ചിരിക്കുന്നു.

ഘനവ്യവസായങ്ങള്‍ക്കൊപ്പംതന്നെ ചെറുകിട-കുടില്‍ വ്യവസായങ്ങളും വ്യാപകമായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. 1980-ലെ കണക്കനുസരിച്ച് 90,000-ത്തിലധികം ചെറുകിട വ്യവസായ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കൈത്തറിനെയ്ത്താണ് പ്രധാനം. തുകല്‍, അരക്ക്, തടി, കണ്ണാടി, അഗേറ്റ്, വെള്ളി തുടങ്ങിയവ ഉപയോഗിച്ചു ഉപഭോഗവസ്തുക്കളും മറ്റ് ആകര്‍ഷക സാമഗ്രികളും നിര്‍മിക്കുന്നത് വികാസം പ്രാപിച്ചിട്ടുള്ള ചെറുകിട കുടില്‍വ്യവസായമാണ്. ഖാദി-ഗ്രാമോദ്യോഗമേഖലയും വളരെയേറെ അഭിവൃദ്ധി നേടിയിരിക്കുന്നു. പര്യാപ്തമായ ബാങ്കിങ് സംവിധാനം വ്യവസായ പുരോഗതിക്കു ശക്തമായ പിന്തുണ നല്കുന്നു. 2004-ലെ പ്രത്യേക സാമ്പത്തിക മേഖല നിയമപ്രകാരം (SEZ Act, 2004) രാജ്യത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല നടപ്പിലാക്കിയത് ഗുജറാത്ത് സംസ്ഥാന സര്‍ക്കാരാണ്.

വിനോദസഞ്ചാരം.

തീര്‍ഥാടകകേന്ദ്രങ്ങളായ ദ്വാരക, സോമനാഥ്, വഡോദര, പലിത്താന, അഹമ്മദാബാദ്, പാവ്ഗഡ്, അംബാജി, ഭദ്രേശ്വര്‍, ഷാംലാജി, തരങ്ഗാ, ഗിര്‍നാര്‍, മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തര്‍; പുരാവസ്തു-വാസ്തുവിദ്യാവിസ്മയങ്ങളായ സ്മാരകങ്ങള്‍ നില്‍ക്കുന്ന പത്താന്‍, സിദ്ധപൂര്‍, ഘൂംലി, ദാഭോയ്, വദ്നഗര്‍, മധേര, ലോഥല്‍, അഹമ്മദ്പൂര്‍-മാണ്ഡവി, ചോര്‍വാഡ്, യൂഭരത്, തീഥല്‍ തുടങ്ങിയ മനോഹര കടല്‍ത്തീരങ്ങള്‍; സപുത്തറയിലെ ഗിരിസങ്കേതം; ഗിര്‍വനങ്ങളിലെ ലയണ്‍ സാങ്ച്വറി; ആഞ്ഞാര്‍ വൈല്‍ഡ് ആസ്സാങ്ച്വറി എന്നിവയാണ് ഗുജറാത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍.

ഗതാഗതം.

സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെ പരസ്പരവും രാജ്യത്തിലെ ഇതരകേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകളും റോഡുകളും നിലവിലുണ്ട്. ഗുജറാത്തിലെ തുറമുഖങ്ങളെയും കടല്‍ത്തീരനഗരങ്ങളെയും ബന്ധിപ്പിക്കുന്ന 680 കി.മീ. നീളത്തിലുള്ള തീരദേശറോഡ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. ബ്രോഡ്ഗേജ് റെയില്‍പ്പാത സംസ്ഥാനത്തെ ഇന്ത്യയുടെ വ. പടിഞ്ഞാറന്‍ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.

അഹമദാബാദ്, ഭവ്നഗര്‍, വഡോദര, ഭൂജ്, ജാംനഗര്‍, കേഷോദ്, രാജ്കോട്ട്, പോര്‍ബന്തര്‍, കാണ്ട്ല എന്നീ നഗരങ്ങളില്‍ വിമാനത്താവളങ്ങളുണ്ട്. ചെറുതും വലുതുമായ 39 തുറമുഖങ്ങളുടെ ശൃംഖല ഉള്‍പ്പെടുന്ന കാണ്ട്ലയാണ് സംസ്ഥാനത്തെ പ്രധാന അന്തര്‍ദേശീയ തുറമുഖം.

ചരിത്രവും ഭരണകൂടവും

ചരിത്രം.

ഹൂണന്മാരിലെ അവാന്തര വിഭാഗമായ ഗുര്‍ജരന്മാരുടെ നാട് എന്ന നിലയില്‍ ഗുര്‍ജര്‍ രാഷ്ട്ര, ഗുര്‍ജരാറ്റ്ര, ഗുര്‍ജരാത്ത എന്നീ വിഭിന്ന പദപ്രയോഗങ്ങളിലൂടെ നിഷ്പന്നമായ പേരാണ് ഗുജറാത്ത്. ഈ മേഖലയിലൂടെ നിര്‍ഗമിക്കുന്ന സബര്‍മതി, മഹി എന്നീ നദികളുടെ തടപ്രദേശങ്ങളില്‍ ശിലായുഗകാലം മുതല്‍ തന്നെ ജനവാസം ഉണ്ടായിരുന്നുവെന്നതിനു രേഖകള്‍ ലഭ്യമാണ്. ചരിത്രകാലത്തിന്റെ ആരംഭം സിന്ധുതടസംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബി.സി. 3000-ത്തിനും 2000-ത്തിനുമിടയ്ക്ക് ഹാരപ്പ കേന്ദ്രീകരിച്ചുണ്ടായിരുന്ന ജനപദം ഗുജറാത്തിലെ സൗരാഷ്ട്രാ മേഖലയിലേക്കു വ്യാപിച്ചിരുന്നു. കത്തിയവാഡ് (സൗരാഷ്ട്രാ) ഉപദ്വീപിലെ ലൊഥല്‍, രാഗ്പൂര്‍, ആമ്റി, ലഖ്ബാവന്‍, റഷ്ദി എന്നിവിടങ്ങളില്‍ പ്രാചീന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൗര്യസാമ്രാജ്യത്തിന്റെ വ്യാപനത്തോടെയാണ് ഈ മേഖലയുടെ ലിഖിതചരിത്രം ആരംഭിക്കുന്നത്. അശോകചക്രവര്‍ത്തിയുടെ ശിലാലേഖനങ്ങളില്‍ (ബി.സി. 250) ഗുജറാത്ത് അധിനിവേശത്തെ സംബന്ധിച്ച സൂചനകളുണ്ട്. സൗരാഷ്ട്രയിലെ ഗിനാര്‍ (ഗിരിനഗര്‍) ശിലാസമൂഹങ്ങളില്‍ ഇവ ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. മൗര്യസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം ഗുജറാത്തിന്റെ ആധിപത്യം ശകന്മാരുടെ കൈയിലായി (എ.ഡി. 130-390). പശ്ചിമ ക്ഷത്രപര്‍ എന്നറിയപ്പെട്ട ശകരാജാക്കന്മാരില്‍ പ്രമുഖനായിരുന്ന മഹാക്ഷത്രപന്‍ മാള്‍വ, സൗരാഷ്ട്ര, കച്ച്, രാജസ്ഥാന്‍ എന്നിവിടങ്ങളുടെ മേല്‍ക്കോയ്മ വഹിച്ചിരുന്നു.

എ.ഡി. 4,5 ശ.-ങ്ങളില്‍ ഈ മേഖല ഗുപ്തസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്നുള്ള മൂന്നു ശതകങ്ങളില്‍ വലഭിരാജാവിനാല്‍ സ്ഥാപിതമായ മൈത്രകവംശത്തിന്റെ ഭരണത്തിലായി. ഇക്കാലത്തെ തലസ്ഥാനമായ വലഭിപുരം ഒരു വിദ്യാകേന്ദ്രമായി പരിലസിച്ചിരിക്കുന്നു. ജൈന-ബൌദ്ധ-വൈദിക സംസ്കാരങ്ങളുടെ തനതായ വികാസം ഈ നഗരത്തിലുണ്ടായിരുന്നതായിക്കാണാം. 8-ാം ശ.-ത്തിന്റെ ആരംഭത്തോടെ കനൌജിലെ ഗുര്‍ജരന്മാര്‍ ഈ മേഖല കൈയടക്കി. ഗുര്‍ജര-പ്രതിഹാരന്മാരുടെ രണ്ടു ശതകം നീണ്ട ഭരണത്തിന്റെ അന്ത്യത്തോടെ മേഖലയുടെ നിയന്ത്രണം സോളങ്കിവംശത്തിന്റെ കൈയിലായി. ഇക്കാലത്ത് ഗുജറാത്തിന്റെ വ്യാപ്തി വര്‍ധിക്കുകയും സാമ്പത്തിക-സാംസ്കാരിക രംഗങ്ങളില്‍ മികച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. വാഘലേ വംശമാണ് തുടര്‍ന്ന് അധികാരം കൈയേറ്റത്. ഈ വംശത്തിലെ കര്‍ണദേവനെ എ.ഡി. 1298-ല്‍ ദില്ലി സുല്‍ത്താനായിരുന്ന അലാവുദീന്‍ ഖില്‍ജി പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ മുസ്ലിം ആധിപത്യം ആരംഭിച്ചു. ആദ്യത്തെ സ്വതന്ത്ര മുസ്ലിം ഭരണാധികാരി അഹമ്മദിന്റെ ആവാസസ്ഥാനം (ആബാദ്) എന്ന നിലയ്ക്കാണ് തലസ്ഥാനനഗരത്തിന് അഹമ്മദാബാദ് എന്ന പേരു ലഭിച്ചത് (1411). 16-ാം ശ.-ത്തിന്റെ അന്ത്യം മുതല്‍ 18-ാം ശ.-ത്തിന്റെ മധ്യത്തോളം ഗുജറാത്തില്‍ മുഗളാധിപത്യം നിലനിന്നു. അതിനുശേഷം മറാത്തികള്‍ മുഗളരെ തോല്പിച്ച് ആധിപത്യം കൈക്കലാക്കി. 1818-ല്‍ ഇവിടം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണത്തിലായി. 1857-ലെ ഒന്നാം സ്വതന്ത്യ്ര സമരത്തെത്തുടര്‍ന്ന് ഗുജറാത്തിനു പ്രവിശ്യാപദവി കൈവന്നു. 16,000 ച.കി.മീ. വിസ്തൃതിയില്‍ അനേകം നാട്ടുരാജ്യങ്ങളെ ഉള്‍ക്കൊണ്ടിരുന്ന ഈ ബ്രിട്ടീഷ് പ്രവിശ്യയിലെ കച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളൊഴിച്ചുള്ള പ്രദേശങ്ങള്‍ ഇന്ത്യ സ്വതന്ത്രയായതോടെ മുംബൈ സംസ്ഥാനത്തിന്റെ ഭാഗമായി (1947). 1956-ല്‍ കച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളും ഈ സംസ്ഥാനത്തില്‍ ലയിപ്പിച്ചു. 1960-ലെ ഭാഷാപരമായ വിഭജനം ഇന്നത്തെ രൂപത്തിലുള്ള സംസ്ഥാനം നിലവില്‍ വരുത്തി. റാന്‍ ഒഫ് കച്ച് എന്നറിയപ്പെടുന്ന ചതുപ്പുമേഖലയെച്ചൊല്ലി ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവിലുണ്ടായിരുന്ന അധികാരത്തര്‍ക്കം 1968-ല്‍ അന്താരാഷ്ട്ര ട്രിബൂണലിന്റെ തീര്‍പ്പിലുടെ പരിഹൃതമായി; റാന്‍ ഒഫ് കച്ച് 90 ശ.മാ. ഭാഗം ഗുജറാത്തിന്റെ അധികാരപരിധിക്കുള്ളിലായി. 90-കളിലും 2002-ലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട ഗോദ്ര തീവണ്ടി ആക്രമണവും ആയിരങ്ങളുടെ ജീവന്‍ അപഹരിച്ച അഹമദാബാദ് കലാപവും രാജ്യത്തെ വര്‍ഗീയ കലാപങ്ങളുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായി. നോ: ഗുജറാത്ത് കലാപം

ഭരണകൂടം.

182 അംഗങ്ങളാണ് ഗുജറാത്ത് അസംബ്ലിയിലുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാരതീയ ജനതാ പാര്‍ട്ടി ഇവയാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. സംസ്ഥാന രൂപീകരണം മുതല്‍ 1995 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനായിരുന്നു സംസ്ഥാനത്തെ ഭരണം. എന്നാല്‍ 1995-ലെ തെരഞ്ഞെടുപ്പില്‍ കേശുഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തിലെത്തി. 1997-ല്‍ ഉണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെ നേതൃത്വമാറ്റമുണ്ടാവുകയും നരേന്ദ്രമോഡി മുഖ്യമന്ത്രിയാവുകയും ചെയ്തു. 2002-ലേയും 2007-ലേയും അസംബ്ലി തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന ഭരണം നിലനിര്‍ത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍