This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീസിങ്, സുബാഷ് (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:03, 28 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗീസിങ്, സുബാഷ് (1936 - )

സുബാഷ് ഗീസിങ്

ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (GNLF) നേതാവും ഡാര്‍ജിലിങ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ പ്രഥമ അധ്യക്ഷനും. 1936 ജൂണ്‍ 2-നു ഡാര്‍ജിലിങ്ങില്‍ ബുധിമാന്‍ ഗീസിങ്ങിന്റെ മകനായി ജനിച്ചു. ഡാര്‍ജിലിങ്ങില്‍ ഒന്‍പതാം ക്ലാസുവരെ പഠിച്ചശേഷം സൈന്യത്തില്‍ ചേര്‍ന്നു. 1958-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ വിജയിച്ചു. 1960-ല്‍ സൈനിക  സേവനത്തില്‍ നിന്നും വിരമിച്ച ഗീസിങ് ഡാര്‍ജിലിങ്ങില്‍ തിരിച്ചെത്തി സ്കൂള്‍ അധ്യാപകനായി. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ഗീസിങ് ഗൂര്‍ഖാലീഗിന്റെ യുവജന വിഭാഗത്തില്‍ ചേര്‍ന്നു. ഡാര്‍ജിലിങ്ങിലെ തീവ്രവാദി വിഭാഗമായ 'തരുണ്‍സംഘി'ല്‍ അംഗമായിരിക്കെ 1966-ലെ ഭക്ഷ്യസമരത്തിന്റെ ഭാഗമായി ഏ. 7-ന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് നേപ്പാളി പാര്‍ട്ടിക്കും അതിനുശേഷം പ്രാന്തോസോങ് എന്ന കക്ഷിക്കും 1980-ല്‍ ഗൂര്‍ഖാ വിമോചന മുന്നണിക്കും ഇദ്ദേഹം രൂപം നല്‍കി. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനത്തിനുവേണ്ടിയുള്ള നിരവധി സമര പരിപാടികള്‍ക്ക് സുബാഷ് ഗീസിങ് നേതൃത്വം നല്‍കി. ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് എന്ന നിലയില്‍ ഗീസിങ്ങും കേന്ദ്ര-പശ്ചിമബംഗാള്‍ ഗവണ്‍മെന്റുകളും ചേര്‍ന്ന് 1988 ആഗ. 22-ന് ഒപ്പുവച്ച കരാര്‍ അനുസരിച്ച് ഡാര്‍ജിലിങ് ആസ്ഥാനമായി ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ രൂപവത്കൃതമായി. കൗണ്‍സിലിലേക്ക് 1988 ഡി. 15-നു നടന്ന തെരഞ്ഞെടുപ്പില്‍ ഗൂര്‍ഖാ വിമോചന മുന്നണി ഭൂരിപക്ഷം നേടി. കൗണ്‍സിലിന്റെ ആദ്യ അധ്യക്ഷനായി സുബാഷ് ഗീസിങ്ങിനെ തെരഞ്ഞെടുത്തു. 1994-ലെ തെരഞ്ഞെടുപ്പിലും മത്സരിച്ച് ജയിച്ച ഇദ്ദേഹം ഒരിക്കല്‍ക്കൂടി നാഷണല്‍ കൗണ്‍സിലിന്റെ അധ്യക്ഷനായി. അതേസമയം ജി.എന്‍.എല്‍.എഫില്‍ നിന്നും വിഭജിച്ച് പുതിയ സംഘടനയ്ക്ക് രൂപം നല്കിയ ചേതന്‍ ഷെര്‍പ 1995-ല്‍ ഇദ്ദേഹത്തിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു. പില്ക്കാലത്ത് ജനമുക്തി മോര്‍ച്ച എന്ന സംഘടനകൂടി രൂപീകൃതമായതോടെ ഒരു കാലത്ത് ഏക ശക്തിയായിരുന്ന ജെ.എന്‍.എല്‍.എഫിന്റെ അജയ്യ ശക്തി ചോദ്യംചെയ്യപ്പെട്ടു. എന്നിരുന്നാലും നാഗാലാന്‍ഡ്, മേഘാലയ, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചരിത്രത്തില്‍ സുബാഷ് ഗീസിങ് പ്രമുഖ ഘടകമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍