This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍ബര്‍ട്ട്, വില്യം ഷ്വെങ്ക് (1836 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:35, 28 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗില്‍ബര്‍ട്ട്, വില്യം ഷ്വെങ്ക് (1836 - 1911)

Gilbert, William Schwenck

ബ്രിട്ടീഷ് നാടകകൃത്ത്. 1836 ന. 18-നു ലണ്ടനില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഗ്രേറ്റ് ഈലിങ് സ്കൂളില്‍. ലണ്ടനിലെ കിങ്സ് കോളജില്‍ ഉപരിപഠനം നടത്തി. ആദ്യം പട്ടാള ഉദ്യോഗസ്ഥനായി. പിന്നീട്, 1857-ല്‍ പ്രിവി കൗണ്‍സില്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഗുമസ്തനായി. 1863 മുതല്‍ കുറച്ചു കാലം വക്കീലായും ജോലി നോക്കി. 1861 മുതല്‍ ഹാസ്യകവിതകള്‍ രചിക്കാന്‍ തുടങ്ങി. ഫണ്‍, പഞ്ച് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായിരുന്നു ആദ്യരചനകള്‍ പുറത്തുവന്നത്. 'ബാബ്' എന്ന തൂലികാനാമത്തിലെഴുതിയിരുന്ന ഗില്‍ബര്‍ട്ടിന്റെ പ്രസിദ്ധ രചനയായ ബാബ് ബാലഡ്സ് 1869-ല്‍ പ്രസിദ്ധീകൃതമായി. 'യാണ്‍ ഒഫ് ദ നാന്‍സി ബെല്‍' എന്ന പേരില്‍ പഞ്ചിന് അയച്ചു കൊടുത്ത ഇതിലെ ഹാസ്യ കവിത ആദ്യം തിരസ്കരിക്കപ്പെട്ടിരുന്നു. 1866-ല്‍ ഡല്‍കമാറ എന്ന ഹാസ്യാനുകരണത്തിന്റെ വിജയത്തോടെ ഗില്‍ബര്‍ട്ട് നാടകരംഗത്തേക്കു കടന്നു. ദ് പാലസ് ഒഫ് ട്രൂത്ത് (1870), പിഗ്മാലിയന്‍ ആന്‍ഡ് ഗാലറ്റിയ (1871), സ്വീറ്റ് ഹാര്‍ട്ട്സ് (1874) തുടങ്ങിയവ ഇദ്ദേഹം രചിച്ച നാടകങ്ങളാണ്. ഫൊഗ്ഗര്‍ട്ടീസ് ഫെയറി ആന്‍ഡ് അദര്‍ സ്റ്റോറീസ് ഗില്‍ബര്‍ട്ടിന്റെ കഥാസംഗ്രഹ രചനയാണ്.

വില്യം ഷ്വെങ്ക് ഗില്‍ബര്‍ട്ട്

ഗില്‍ബര്‍ട്ടിന് കാര്യമായ അംഗീകാരം ലഭിച്ചതു സര്‍ ആര്‍തര്‍ സള്ളിവനു(1842-1900)മൊത്തു രചിച്ച ഹാസ്യ സംഗീത നാടകങ്ങളിലൂടെയാണ്. 1871 മുതലാണ് ഇംഗ്ലീഷ് ഓപ്പറ രംഗത്തു ചിരപ്രതിഷ്ഠനേടിയ ഈ പങ്കാളിത്തം നിലവില്‍ വന്നത്. കഥകള്‍ ഗാനങ്ങളായും നാടകരൂപേണയും ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണവര്‍ ചെയ്തത്. ബ്രിട്ടനിലും മറ്റും നിലനിന്നുപോന്ന ചില ചട്ടങ്ങളും ആചാരങ്ങളും ഹാസ്യാത്മകമായി ഇവര്‍ രംഗത്തവതരിപ്പിച്ചു. ഗില്‍ബര്‍ട്ടിന്റെ സാഹിത്യത്തിന് സള്ളിവനാണു സംഗീതം പകര്‍ന്നത്. ഇന്നും പ്രസക്തവും പ്രായേണ ആസ്വദിക്കപ്പെട്ടുപോരുന്നതുമായ പല ഓപ്പറകളും ഇവരുടേതായിട്ടുണ്ട്. ഇവരുടെ ഓപ്പറകള്‍ അവതരിപ്പിക്കാനായി റിച്ചാര്‍ഡ്സ് ഓയ്ലികാര്‍ട്ടെ ലണ്ടനില്‍ നിര്‍മിച്ചതാണു സവോയ് തിയെറ്റര്‍. ഓയ്ലികാര്‍ട്ടെ കമ്പനിയും സവൊയാര്‍ഡ്സ് എന്ന പേരിലറിയപ്പെടുന്ന ചില നാടകക്കമ്പനികളുമാണ് ഈ ഹാസ്യ സംഗീത നാടകങ്ങള്‍ രംഗത്തവതരിപ്പിച്ചത്.

ട്രയല്‍ ബൈ ജൂറി, ദ് സോസെറര്‍, എച്ച്.എം. എസ്. പിനാഫോര്‍, ദ് പൈറേറ്റ്സ് ഒഫ് പെന്‍സാന്‍സ്, പേഷ്യന്‍സ്, അയൊലാന്തി, പ്രിന്‍സസ് ഐഡ ദ് മിക്കാഡോ, റഡിഗോര്‍, ദ് യോമന്‍ ഒഫ് ദ് ഗാര്‍ഡ്, ദ് ഗോണ്‍ഡലിയേര്‍സ് എന്നിവ ഗില്‍ബര്‍ട്ടിന്റെ രചനകളാണ്. എച്ച്.എം.എസ്. പിനാഫോര്‍ ബ്രിട്ടീഷ് നേവിയെ ആകപ്പാടെ പരിഹസിക്കുന്നതായിരുന്നു. (വിക്ടോറിയ രാജ്ഞിയെ ഇതു വല്ലാതെ ചൊടിപ്പിച്ചതായി പറയപ്പെടുന്നു. ഇതു കാരണം രാജ്ഞിയുടെ മരണശേഷം 1907-ലാണു ഗില്‍ബര്‍ട്ടിനു 'സര്‍' ബഹുമതി ലഭിച്ചത്. സള്ളിവന് 1882-ല്‍ത്തന്നെ രാജ്ഞി ഈ ബഹുമതി നല്കിയിരുന്നു.) സൗന്ദര്യാത്മക സിദ്ധാന്തത്തിന്റെ (ഈസ്തെറ്റിക് മൂവ്മെന്റ്) ഒരു ഹാസ്യാനുകരണമായിരുന്നു പേഷ്യന്‍സ്. ദ ഗോണ്‍ഡലിയേഴ്സിന്റെ അവതരണത്തിനുശേഷം 1890 മുതല്‍ ദീര്‍ഘകാലം ഗില്‍ബര്‍ട്ടും സള്ളിവനും പിണക്കത്തിലായിരുന്നു. ഇക്കാലത്താണ് ഉട്ടോപ്പിയ ലിമിറ്റഡ് (1893), ദ് ഗ്രാന്റ് ഡ്യൂക്ക് (1896) എന്നിവ അവതരിപ്പിക്കപ്പെട്ടത്. ഗില്‍ബര്‍ട്ട് സ്വന്തമായി പണിതതാണു ഗാരിക് തിയെറ്റര്‍. ജ്യോതിശ്ശാസ്ത്രത്തിലും തത്പരനായിരുന്ന ഇദ്ദേഹം ഹാരോയിലെ തന്റെ സൗധത്തില്‍ ഒരു മിനി ഒബ്സര്‍വേറ്ററിയും തയ്യാറാക്കിയിരുന്നു. വീട്ടിലെ തന്റെ ഓപ്പണ്‍ എയര്‍ സ്വിമ്മിങ് പൂളില്‍ വീണ ഒരു അതിഥിയെ രക്ഷിച്ചതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം 1911 മേയ് 29-നു ഗില്‍ബര്‍ട്ട് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍