This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗീവര്‍ഗീസ് കത്തനാര് (ജോര്‍ജ് മാത്തന്) (1819 - 70)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗീവര്‍ഗീസ് കത്തനാര് (ജോര്‍ജ് മാത്തന്) (1819 - 70)
മലയാള സാഹിത്യകാരനും വൈയാകരണനും. മലയാണ്മയുടെ വ്യാകരണം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. 1819-ല്‍ ആറന്മുളയ്ക്കടുത്ത് കിടങ്ങന്നൂര്‍ ഗ്രാമത്തില്‍ യാക്കോബായ കുടുംബത്തില്‍ ഗീവര്‍ഗീസ് ജനിച്ചു. ചെങ്ങന്നൂരില്‍ പുത്തന്‍കാവില്‍ മാത്തന് തരകന്-അന്നാമ്മ എന്നിവരാണ് മാതാപിതാക്കള്‍. പില്ക്കാലത്ത് ജോര്‍ജ് മാത്തന് എന്നും മല്ലപ്പള്ളിലച്ചന് എന്നും ഗീവര്‍ഗീസ് അറിയപ്പെട്ടു. മല്ലപ്പള്ളിയില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. ബാല്യത്തില്‍ത്തന്നെ ഭാഷാപഠനത്തില്‍ തത്പരനായിരുന്നു ഗീവര്‍ഗീസ്. ഇംഗ്ലീഷ്, ഗ്രീക്, ഹീബ്രു, സുറിയാനി എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടി. സെമിനാരിയിലെ വിദ്യാഭ്യാസത്തിനുശേഷം മിഷന് സേവനത്തില്‍ ഏര്‍പ്പെട്ടു. ഉപരിപഠനത്തിനായി ഗീവര്‍ഗീസിനെ സെമിനാരി പ്രിന്‍സിപ്പല്‍ പീറ്റ് സായിപ്പ് ചെന്നൈയിലേക്ക് അയച്ചു. അവിടെ വച്ചു തമിഴും തെലുഗുവും ഹിന്ദുസ്ഥാനിയും പഠിച്ചു. അതോടൊപ്പം വ്യാകരണ സംബന്ധമായ അറിവും വര്‍ധിപ്പിച്ചു. 1844-ല്‍ ശെമ്മാശ പട്ടം സ്വീകരിച്ചു. 1845-ല്‍ മല്ലപ്പള്ളിയില്‍ ഈപ്പന് തരകന്റെ മകള്‍ മറിയാമ്മയെ വിവാഹം ചെയ്തു.
മലയാള ഭാഷയുടെ ശുദ്ധിയെയും ശക്തിയെയും കുറിച്ച് മാത്തന് ആത്മവിശ്വാസം ഉണ്ടായിരുന്നു. 'മലയാണ്മയുടെ ജാത്യം വിചാരിക്കുമ്പോള്‍ അതു ഭംഗിക്കും ശക്തിക്കും ഏതു ഭാഷയോടും നേരിടത്തക്കതായിരുന്നു' എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഗദ്യശാഖ പരിപുഷ്ടമാകാതെ ഒരു ഭാഷയിലെ സാഹിത്യവും പൂര്‍ണമായി വികസിക്കുകയില്ലെന്ന വിശ്വാസക്കാരനായിരുന്നു ഇദ്ദേഹം.
ജോര്‍ജ് മാത്തന്റെ കൃതികളില്‍ ആദ്യത്തേത് സത്യവാദഖേടം (1861) ആണ്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈ ഗ്രന്ഥത്തിനു സമ്മാനം നല്കി. മലയാണ്മയുടെ വ്യാകരണം (1863) ആണ് മുഖ്യകൃതി. ജോസഫ് ബട്ലറുടെ അനാളജി ഒഫ് റിലിജിയന്‍ എന്ന കൃതിയുടെ പരിഭാഷയാണ് മാത്തന്റെ വേദസംയുക്തി. വിദ്യാസംഗ്രഹം, ജ്ഞാനനിക്ഷേപം എന്നീ മാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്ന മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍, അദ്വൈതം, ആകാശത്തിലെ ഗോളങ്ങള്‍, അന്തരീക്ഷം, സാധാരണ ചികിത്സാശാല, കൊഴുമുതലായ്മ, മറുജന്മം, സ്ത്രീകളുടെ സാമൂഹികസ്ഥിതി തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മലയാള ഗദ്യശാഖയുടെ വളര്‍ച്ചയ്ക്ക് സഹായകമായി. ബാലാഭ്യസനം, കാശിയില്‍ ഗുരുദാസപണ്ഡിതരും ഒരു ഇംഗ്ലീഷ് ജഡ്ജിയുമായുണ്ടായ സംവാദം എന്നിവയാണ് ഇതര കൃതികള്‍. 1870 മാ. 4-നു ഗീവര്‍ഗീസ് കത്തനാര് നിര്യാതനായി.
(ഡോ. വിജയാലയം ജയകുമാര്‍)