This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:05, 2 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗീതകം

ഒരു കാവ്യരൂപം. ഇംഗ്ലീഷിലെ സോണറ്റിനു (sonnet) പകരം മലയാളത്തില്‍ ഉപയോഗിക്കുന്ന പദം. ഏകാഗ്രത ഉണ്ടായിരിക്കുക എന്നതാണു ഗീതകത്തിന്റെ പ്രത്യേകത. ഒരൊറ്റ ആശയമേ അതിലൂണ്ടാകാവൂ. അത് വിചാരമോ സങ്കല്പമോ ആകാം. പ്രശാന്തമായി ആരംഭിച്ച് ക്രമമായി ഉയര്‍ന്നു ഉച്ചാവസ്ഥയിലെത്തി ശാന്തമായി പര്യവസാനിക്കുന്നു എന്നതാണ് ഗീതകത്തിന്റെ സവിശേഷത. ആശയത്തിന്റെ കേന്ദ്രീകരണം, പദങ്ങളുടെ പരസ്പരബന്ധം ഇതെല്ലാം മുഖ്യഘടകങ്ങളായുള്ള ഈ ഭാവാത്മക കവിത പതിന്നാലുവരിയില്‍ അവസാനിക്കണം എന്നു നിഷ്കര്‍ഷയുണ്ട്.

സോണറ്റിന്റെ ഉദ്ഭവം ഇറ്റാലിയന്‍ സാഹിത്യത്തിലാണ്. പതിമൂന്നാം ശ.-ത്തിന്റെ ആരംഭത്തില്‍ ജാക്കോപോദോലന്തിനോ എന്ന കവിയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. എന്നാല്‍ മറ്റൊരു ഇറ്റാലിയന്‍ കവിയായ പെട്രാര്‍ക്ക് ആണ് ഇതിനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയത്. ക്രമേണ സ്പാനിഷ്, ഫ്രഞ്ച് സാഹിത്യങ്ങളിലേക്കു വ്യാപിച്ചു. 16-ാം ശ.-ത്തോടെയാണ് ഈ കാവ്യരൂപം ഇംഗ്ലീഷ് സാഹിത്യത്തിലെത്തിയത്. 19-ാം ശ.-ത്തോടെ ഇന്ത്യയില്‍, വിശേഷിച്ച് ബംഗാളി സാഹിത്യത്തില്‍ സോണറ്റ് പ്രത്യക്ഷപ്പെട്ടു. രബീന്ദ്രനാഥടാഗൂറിന്റെ ഗീതകങ്ങള്‍ പ്രസിദ്ധങ്ങളാണ്.

ഇംഗ്ലീഷില്‍ ഷെയ്ക്സ്പിയര്‍, മില്‍ട്ടണ്‍, വേഡ്സ്വര്‍ത്ത്, ഷെല്ലി, കീറ്റ്സ് തുടങ്ങിയവര്‍ ഗീതക രചനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇംഗ്ലീഷിലെ ഗീതകങ്ങള്‍ രണ്ടുതരത്തിലാണ്. ചിലതില്‍ ഒന്നാം ഖണ്ഡം എട്ട് വരി; രണ്ടാം ഖണ്ഡം മൂന്ന് വരി-അങ്ങനെ രണ്ടുഭാഗം. മറ്റുചിലതില്‍ രണ്ടാം ഖണ്ഡം രണ്ടുവരികളുള്ള മൂന്ന് ഭാഗങ്ങള്‍. ഒന്നാം ഖണ്ഡത്തില്‍ ആശയം അവതരിപ്പിക്കുകയും രണ്ടാം ഖണ്ഡത്തില്‍ അത് വിശദീകരിക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ് സാഹിത്യവുമായുള്ള സമ്പര്‍ക്കം വഴിയാണ് ഗീതകങ്ങള്‍ മലയാളത്തില്‍ പ്രചാരത്തിലായത് (1930-കളില്‍). ജി. ശങ്കരക്കുറുപ്പ്, പി. ശങ്കരന്‍ നമ്പ്യാര്‍, വെണ്ണിക്കുളം തുടങ്ങിയവരാണ് ആദ്യകാല പ്രണേതാക്കള്‍. ചങ്ങമ്പുഴ, ഇടപ്പള്ളി, വൈലോപ്പിള്ളി, എം.പി. അപ്പന്‍ തുടങ്ങിയ പലരും ഈ കാവ്യരൂപത്തെ വിദഗ്ധമായി ഉപയോഗിച്ച് പ്രചരിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യ ശൈലിയെ കണ്ണുമടച്ച് അനുകരിച്ചല്ല മലയാള കവിതകള്‍ ഗീതകരചന നടത്തിയിട്ടുള്ളത്. ഒട്ടൊരു സ്വാതന്ത്ര്യത്തോടെ തനതായ ശൈലി അവര്‍ ആവിഷ്കരിക്കുകയുണ്ടായി.

അനുഭൂതിമണ്ഡലവും പ്രജ്ഞാമണ്ഡലവും തമ്മിലുള്ള വേഴ്ച ഗീതകത്തില്‍ ഒരു പ്രധാന ഘടകമാണ്. വികാരതീവ്രതയോടുകൂടി, ഏറ്റവും ചുരുക്കി, ഗാനാത്മകമായി ആശയം അവതരിപ്പിക്കലാണു ഗീതകം. പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാരുടെ പ്രസ്ഥാനത്രയം എന്ന പുസ്തകത്തില്‍ ഗീതകം എന്ന കാവ്യരൂപത്തിന്റെ സവിശേഷതകള്‍ ആധികാരികമായി വിലയിരുത്തിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%80%E0%B4%A4%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍