This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗില്‍സണൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗില്‍സണൈറ്റ്
Gilsonite
ഇരുണ്ട, തിളക്കമുള്ള ഒരിനം ആസ്ഫാള്‍ട്ട് പദാര്‍ഥം. യു.എസ്സില്‍ കൊളറാഡോ-യൂട്ടാ അതിര്‍ത്തിയിലെ യൂയിന്റാ നദീതടത്തില്‍ നൈസര്‍ഗികമായി കാണപ്പെടുന്നു. ഇക്കാരണത്താല്‍ യൂയിന്റേറ്റ്, യൂയിന്റാഹൈറ്റ് എന്നീ പേരുകളിലാണ് കൂടുതലായി അറിയപ്പെടുന്നത്. ഇത് ആദ്യമായി കണ്ടുപിടിച്ചവരിലൊരാള്‍ ആയിരുന്നു എസ്.എച്ച്. ഗില്‍സണ്‍. ഇദ്ദേഹത്തിന്റെ പേരു ചേര്‍ത്താണ് ഗില്‍സണൈറ്റ് എന്ന പേരു വന്നത്. ശംഖാഭമായ വിദളനവും തവിട്ടുനിറത്തിലുള്ള ചൂര്‍ണാഭയും ഗില്‍സണൈറ്റിന്റെ പ്രത്യേകതകളാണ്. ആ.സാ. 1.03 മുതല്‍ 1.10 വരെ; കാര്‍ബണ്‍ഡൈസള്‍ഫൈഡില്‍(CS2) ലയിക്കുന്നു. ദ്രവണാങ്കം രാസഘടനയ്ക്കനുസൃതമായി 110oC മുതല്‍ 260oC വരെയാകാം.
കുറുകെയുള്ളതും സമാന്തരവുമായ ശിലാ വിള്ളലുകളില്‍ നിറഞ്ഞിരിക്കുന്ന സിരകളായിട്ടാണ് ഗില്‍സണൈറ്റ് നിക്ഷേപങ്ങള്‍ പ്രകൃതിയില്‍ കാണപ്പെടുന്നത്. വലിയ ശിലാസിരകള്‍ക്ക് അനേകം കി.മീ. നീളവും, ആയിരത്തിലേറെ മീറ്റര്‍ ആഴവും, ഏഴു മീറ്ററോളം കനവും ഉണ്ടാകും. 1950-നു മുന്‍പു വരെയുള്ള ഏറ്റവും കൂടിയ വാര്‍ഷികോത്പാദനം 75,000 ടണ്‍ ആയിരുന്നു. പെയിന്റും അതുപോലുള്ള മറ്റു 'കോട്ടിങ്' വസ്തുക്കളും ഉത്പാദിപ്പിക്കുന്നതിനാണ് ഗില്‍സണൈറ്റില്‍ ഏറിയപങ്കും ഉപയോഗിച്ചിരുന്നത്. 1957-നുശേഷം ഗില്‍സണൈറ്റുത്പാദനം വളരെ വര്‍ധിച്ചു. പരിഷ്കരിച്ച ഹൈഡ്രോളിക്-ഖനന രീതികളായിരുന്നു ഇതിനു കാരണം. ഇപ്രകാരം ലഭിച്ചിരുന്ന ഗില്‍സണൈറ്റ് വെള്ളവുമായി ചേര്‍ന്ന് കുഴമ്പുരൂപത്തിലുള്ളതായിരുന്നു. ഈ ദ്രാവകം പൈപ്പ് ലൈനുകള്‍വഴി റിഫൈനറികളിലെത്തിച്ച് കോക്കും ഗ്യാസലീനുമായി മാറ്റുകയാണ് ശുദ്ധീകരണരീതി.
യൂയിന്റാഹൈറ്റുമായി സാമ്യമുള്ള മറ്റൊരു ആസ്ഫാള്‍ട്ട് പദാര്‍ഥമാണ് വൂട്ട്സിലൈറ്റ്. എളുപ്പം ഉരുകാത്തതും എന്നാല്‍ കഷണങ്ങളായി മുറിക്കാവുന്നതുമായ കറുത്തിരുണ്ട, സംപുഞ്ജിത (Massive) പദാര്‍ഥമാണ് ഇത്. പൈറോബിറ്റ്യൂമന്‍ എന്നു വിശേഷിപ്പിക്കാവുന്ന വൂട്ട്സിലൈറ്റ് കാര്‍ബണ്‍ഡൈസള്‍ഫൈഡില്‍ ലയിക്കുന്നില്ല. പെട്രോളിയത്തിനു കായാന്തരണം സംഭവിച്ചാണ് ഈ പദാര്‍ഥം ഉരുത്തിരിയുന്നത്.